Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനവും ജ്യോതിഷവും

divorce

വിവാഹമോചനവും സന്തോഷകരമായിട്ടുളള വിവാഹാനന്തര ജീവിതം ഇല്ലാതെ വരികയും ചെയ്യുന്നത് അടുത്ത കാലത്ത് നമ്മുടെയിടയിൽ കൂടുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്തായിരിക്കാം അതിന്റെ കാരണങ്ങൾ?  ഇതു ജ്യോതിഷത്തിൽ കൂടി പരിഹരിക്കുവാൻ സാധിക്കുമോ?  

മനുഷ്യ സമുദായത്തിൽ പലതരം ധർമകർമങ്ങളുണ്ടെങ്കിലും അവയിൽ പ്രധാനമായിട്ടുളളത് വിവാഹമാണ്. എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യനെ സംബന്ധിച്ച് ബ്രഹ്മചാരി,  ഗൃഹസ്ഥൻ,  വാനപ്രസ്ഥൻ, സന്യാസി  ഇങ്ങനെ വിവിധ സ്ഥാനങ്ങളുണ്ട്. കൂടാതെ മറ്റൊരു വഴിക്കു നോക്കിയാൽ ചക്രവർത്തി, രാജാവ്, മന്ത്രി, സൈന്യാധിപൻ മുതലായ സ്ഥാനങ്ങളും നിലനിൽക്കുന്നുണ്ട്. മേൽപ്പറഞ്ഞ സ്ഥാനങ്ങൾക്കെല്ലാം ആധാരമായിട്ടുളളതു ശരീരമാണ്. ഇത്ര വിലയേറിയ ശരീരത്തിന്റെ ഉദ്ഭവം സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും കൂടിയുളളതുമാണ്. തന്നിമിത്തം വിവാഹകര്‍മം മനുഷ്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാകുന്നു. 

വിവാഹമെന്നത് ഓരോ കാലത്തിന്റെയും ദേശത്തിന്റെയും അവസ്ഥയ്ക്കനുസരിച്ചും പ്രത്യേകിച്ച് ധാർമ്മികത നോക്കിയും നിശ്ചയിക്കേണ്ട ഒന്നാകുന്നു. വധൂവരന്‍മാരുടെ വ്യക്തിത്വം, വിദ്യാഭ്യാസം, ജോലി, കുടുംബ പശ്ചാത്തലം എന്നീ കാര്യങ്ങൾ വ്യക്തമായി മുൻകൂട്ടി അറിഞ്ഞിരിക്കുന്നതും വിവാഹാനന്തരമുളള ജീവിതം സന്തോഷകരമാക്കുവാൻ സഹായിക്കുന്നു. 

കാലം ചെല്ലുന്തോറും നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹകാര്യങ്ങൾക്കും ഇതു ബാധിച്ചുകാണുന്നു. ഒരു വിഭാഗം ആളുകൾ പരമ്പരാഗത ആചാരങ്ങളും ധാർമികതയും കൈവിട്ട് പുതിയ രീതി അവലംബിക്കുകയാണു ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ അതിൽ അധർമം വരുകയും തന്മൂലം ഭാവിയിലേക്കു ദോഷഫലങ്ങൾ ഉണ്ടാകുകയും പിന്നീടു വിവാഹമോചനത്തിൽ ചെന്ന് അവസാനിക്കുകയും ചെയ്യുന്നു. മിശ്രവിവാഹം,  പ്രേമ വിവാഹം,  ആഡംബരവിവാഹം,  ശരിയായ രീതിയിൽ ജാതകം നോക്കാതെയുളള വിവാഹം  എന്നിവയെല്ലാംഇതിൽ പെടുന്നു. 

മനുഷ്യ ജീവിതത്തിന്റെ പുരോഗതി തന്നെ ധർമത്തിനെ അനുസരിച്ചാണു നിലനിൽക്കുന്നത്. മനുഷ്യനന്മയ്ക്കായി ഋഷീശ്വരന്മാർ രൂപപ്പെടുത്തിയതാണു ജ്യോതിശാസ്ത്രം. ശാസ്ത്രീയതയെയും യുക്തിയെയും ചോദ്യം ചെയ്യാതെ  ശാസ്ത്രത്തെ  ധർമത്തിന്റെ അടിസ്ഥാനത്തിലാണു കാണേണ്ടത്. ജാതകം നോക്കുന്നതും പൊരുത്തം നോക്കുന്നതും നല്ല ദിവസം നോക്കി വിവാഹം കഴിക്കുന്നതും എല്ലാം ധർമത്തിന്റെ ഭാഗമാണ്. കാരണം വളരെ കാലം മുതൽക്കുതന്നെ പൂർവികന്മാർ ചെയ്തുപോരുന്ന സമ്പ്രദായമാണല്ലോ! ഒരു ദേശത്തിന്റെ സംസ്കാരവും  തന്മൂലം ഒരു പരിധിവരെ ഈ ശാസ്ത്രം കൊണ്ട് വിവാഹാനന്തര ജീവിതം സന്തുഷ്ടമാക്കുവാന്‍ സാധിക്കുന്നു. 

ലോകത്തിൽ ശാസ്ത്രങ്ങളുടെ  പ്രവൃത്തിയും പ്രയോജനവും  എന്താണെന്നു നോക്കുമ്പോഴാണു നമുക്ക് അവയെക്കുറിച്ച് പൂർവാധികമായ ബഹുമാനാദരങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ജ്ഞാനവി‌‍‍ജ്ഞാന മഹാരത്നങ്ങളെ സൂക്ഷിച്ചുവച്ചിരിക്കുന്ന നിധികുംഭങ്ങളത്രേ ശാസ്ത്രങ്ങൾ; അവ ശാരീരികമായോ മാനസികമായോ ആത്മീയമായോ നമുക്ക് പ്രയോജനപ്പെടുന്നു. അതുമൂലം നമുക്ക് ജീവിതയാത്രയിൽ പല പ്രശ്നങ്ങളും പരിഹരിക്കുവാൻ സാധിക്കുന്നു. 

നമ്മൾ ഓരോരുത്തരും ധാർമികതയോടു കൂടി ഒരു കാര്യം ചെയ്യുമ്പോൾ അതിൽ കൂടി ഒരു നന്മയുണ്ടാകുന്നു. അങ്ങനെ നോക്കുമ്പോൾ സ്ത്രീപുരുഷൻമാരുടെ നക്ഷത്രങ്ങൾ തമ്മിൽ പൊരുത്തം നോക്കുന്നതും ജാതകവശാലുളള ചിന്തയ്ക്കും വളരെയധികം പ്രാധാന്യമുണ്ട്. ഓരോ പൊരുത്തങ്ങളും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓരോ കാര്യങ്ങളെയാണ് സൂചിപ്പിച്ചിരിക്കുന്നത്. 10 പൊരുത്തങ്ങളിൽ ചില പൊരുത്തങ്ങളെക്കുറിച്ചു നോക്കാം. ദിനപ്പൊരുത്തം കൊണ്ടു ദീർഘായുസ്സും മാഹേന്ദ്രപ്പൊരുത്തം കൊണ്ട് പുത്രസമ്പത്തും  സ്ത്രീദീര്‍ഘ പൊരുത്തം കൊണ്ട് നെടുമാംഗല്യവും  യോനിപ്പൊരുത്തം കൊണ്ട് സ്ഥിരമായ സമ്പത്തും  ഗണപ്പൊരുത്തം കൊണ്ട്  പരസ്പരം അനുരാഗവും കിട്ടുന്നു. 

ഏഴാം ഭാവം കൊണ്ടാണ് വിവാഹജീവിതത്തെ കുറിച്ച് ചിന്തിക്കണമെന്ന് പറഞ്ഞിട്ടുളളത്. സ്ത്രീ–പുരുഷ ജാതക ങ്ങൾ തമ്മിൽ വിവാഹസമയത്ത് സാധാരണ നോക്കാറുളള പാപസാമ്യതയ്ക്ക് പുറമെ രണ്ട് ജാതകങ്ങളുടെയും  ഏഴാംഭാവവും വിശദമായി ചിന്തിക്കണം. 

‘‘ദ്യൂനതന്നാഥതദ്രഷ്ടൃ

തദ്യുക്തഭൃഗുജാദയഃ 

ഇഹസാധനഭൂതാനി 

ഗുണദോഷനിരൂപണം’’  (പ്രശ്നമാർഗം)‌ 

ഈ പ്രമാണമനുസരിച്ച് സ്ത്രീ– പുരുഷ ജാതകത്തിലെ ഏഴാം ഭാവം, ഏഴാം ഭാവാധിപൻ,  ഏഴാം ഭാവത്തിലേക്ക് നോക്കുന്ന ഗ്രഹങ്ങൾ,  അവിടെ നിൽക്കുന്ന ഗ്രഹങ്ങൾ,  കാരകഗ്രഹമായ ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സ്ത്രീജാതകത്തിൽ ചിന്തിക്കേണ്ട പ്രത്യേക നിയമം പറയുന്നുണ്ട്. 

‘‘വൈധവ്യം നിധനേ ചിന്ത്യം 

ശരീരം ജന്മലഗ്നയോഃ 

സപ്തമേ പതിസൗഭാഗ്യം 

പഞ്ചമേ (നവമേ) പ്രസവസ്തഥാ’’    (സാരാവലി) 

സ്ത്രീജാതകത്തിൽ അഷ്ടമഭാവം കൊണ്ട് വൈധവ്യത്തെയും (ഭര്‍ത്താവിന്റെ ആയുസ്സ്) ചന്ദ്രനെ കൊണ്ടും ലഗ്നത്തെ കൊണ്ടും ശരീരത്തെയും ഏഴാം ഭാവം കൊണ്ട് ഭർത്തൃ സൗഭാഗ്യത്തെ യും  അഞ്ചാംഭാവം കൊണ്ട് സ്ത്രീ സന്താനത്തെയും ഒമ്പതാം ഭാവം കൊണ്ട്  പുരുഷ സന്താനത്തെയും നിരൂപിക്കണം. 

അതുപോലെ രണ്ട് ജാതകത്തിലെയും ലഗ്നവും  ഒമ്പതാം ഭാവവും  അഞ്ചാം ഭാവവും പ്രത്യേകം ചിന്തിക്കേണ്ടതുമാണ്. പന്ത്രണ്ടു ഭാവങ്ങളിലും പ്രധാനപ്പെട്ട ഭാവങ്ങളും ഇതു തന്നെ. 

‘‘ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷോ 

ധർമാത്മജൗ തത്സമൌ...” (പ്രശ്നമാർഗ്ഗം) എന്ന് പ്രമാണം.

ലഗ്നഭാവം കൊണ്ട് വ്യക്തിത്വത്തെയും ഒമ്പതാം ഭാവം കൊണ്ട് ഭാഗ്യത്തെയും അഞ്ചാംഭാവം കൊണ്ട് ബുദ്ധിയെയും വിവേകത്തേയും കാര്യാലോചനയ്ക്കുളള ശക്തിയെയും സന്താനത്തെയുമാണ് ചിന്തിക്കുന്നത്. ഈ ഭാവങ്ങളുടെയും ഭാവാധിപന്മാരുടെയും ബലാബലവും പ്രധാനപ്പെട്ടതാകുന്നു. ഇത്രയും കാര്യങ്ങൾ വിവാഹസമയത്ത് ജാതകവശാൽ ചിന്തിക്കണം. സന്തോഷകരമായിട്ടുളള കുടുംബ ജീവിതത്തിന് ഇത് അത്യാവശ്യമാണ്. 

ചാണക്യന്റെ നീതിശാസ്ത്രത്തിലെ ഒരു തത്വം നോക്കാം- 

‘‘ദീപോ ഭക്ഷയതേ ധ്വാന്തം 

കജ്ജലം ച പ്രസൂയതേ 

യദന്നം ഭക്ഷയേന്നിത്യം 

ജായതേ താദൃശീ പ്രജാ’’ 

നിലവിളക്കിൽ സാധാരണ രീതിയിലുളള എണ്ണ ഒഴിച്ച് കത്തിക്കുന്നു. അപ്പോൾ‌ അതിൽ നിന്ന് കറുത്തതും എണ്ണമ യമുളളതുമായ മഷി ഉത്ഭവിക്കുന്നു. നേരേ മറിച്ച് നെയ്യ് നിറച്ചാണ് കത്തിക്കുന്നതെങ്കിൽ മഷി ഉണ്ടാകുകയുമില്ല ജ്വാലയ്ക്ക് നല്ല തെളിവ് ഉണ്ടാകുകയും ചെയ്യും. അതു പോലെ ഏതൊന്നാണോ നമ്മുടെ ഭക്ഷണം അതിന് യോജിച്ചതേ അതിൽ നിന്നുണ്ടാകൂ. ഇവിടെ ഭക്ഷണം എന്നതിന് നമ്മൾ കഴിക്കുന്ന ആഹാരം മാത്രമല്ല,  മനസ്സാ–വാചാ–കർമ്മണാ മുതലായ എല്ലാ കാര്യങ്ങളും ഇതിൽപ്പെട്ടിരിക്കുന്നു. എന്നു വച്ചാൽ നമ്മൾ ഒരു കാര്യം ഏത് ഉദ്ദേശത്തോട് കൂടി ചെയ്യുന്നു അതിന്റെ ശുദ്ധി, ധർമ്മം, നീതി എന്നീ കാര്യങ്ങൾക്കനുസരിച്ചാണ് ഗുണവും ദോഷവും നമുക്ക് ലഭിക്കുന്നത്. 

ലേഖകന്റെ വിലാസം -

A.S. REMESH PANICKER 

Kalarickel, Chittanjoor. P.O. 

Kunnamkulam, Thrissur-Dist. 

Resi:04885-220886, Mob: 9847966177 

Email: remeshpanicker17@gmail.com 

Your Rating: