Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതം വിതയ്ക്കുന്ന ഗുളികൻ

ജ്യോതിഷം

തെക്കേ ഇന്ത്യയിൽ ജാതകഗണിതത്തിലും, ദേവപ്രശ്നം , അഷ്ടമംഗല പ്രശ്നം, രാശിപ്രശ്നം എന്നിവയിൽ ഒഴിവാക്കാൻ കഴിയാത്ത ജ്യോതിഷ ഘടകമാണ് ഗുളികൻ. ഇത് ഒരു ഗ്രഹമല്ല. ശനിയുടെ ഉപഗ്രഹമാണ്. ശാസ്ത്രീയ ജ്യോതിഷ പ്രകാരം പ്രഭാവ ജനകബിന്ദുക്കൾ എന്ന് പറയാം. ഗുളികൻ രാശിയിൽ ഒറ്റയ്ക്ക് നിന്നോ മറ്റ് ഗ്രഹങ്ങളോട് കൂടിയോ രാശിപ്രശ്നത്തിലും, ജാതകത്തിലും മുഹൂർത്തത്തിലും പ്രഭാവം ചെലുത്തി ശുഭ ഫലങ്ങളെ വ്യതിചലിപ്പിച്ച് ദുരിതം വരുത്തുന്നു. എന്നാൽ 11ാം രാശിയിൽ നിൽക്കുന്ന ഗുളികൻ ശുഭ ഫലങ്ങളെ നൽകുന്നു

ഗുളികനെ ജാതകത്തിൽ (മാ) മാന്ദി, 7 എന്നിങ്ങനെ അടയാളപ്പെടുത്തുന്നു. ഗുളികന്റെ ജനനവുമായി ബന്ധപ്പെട്ട് നാരദമഹർഷിയുമായും, രാവണനുമായും ബന്ധപ്പെട്ട് രണ്ട് കഥകൾ പ്രചാരത്തിൽ ഉണ്ട്.

ഗുളികന് ഓരോ രാശികളിൽ ഏത് സമയത്ത് ഉദിക്കണം എന്ന് ആജ്ഞ നൽകിയത് ഭഗവാൻ മഹാവിഷ്ണുവാണ്. പരാശരഹോര എന്ന ജ്യോതിഷഗ്രന്ഥത്തിൽ ഗുളികനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. രാത്രിയും പകലും ഗുളികൻ വ്യത്യസ്ത രാശികളിൽ ഉദിച്ച് അസ്തമിക്കുന്നു. ഉത്തരേന്ത്യയിൽ ഗുളികനെ കൂലികൻ, കൂളികൻ എന്ന് വിളിക്കുന്നു. തെക്കേ ഇന്ത്യയിൽ ആണ് ഗുളികന് ജ്യോതിഷത്തിൽ ഏറ്റവും അധികം പ്രാധാന്യം കാണുന്നത്. രാശിപ്രശ്നങ്ങളുടെ ആരംഭത്തിൽ ആദ്യം എടുക്കുന്നത് ഗുളികസ്ഫുടം ആണ്. പ്രശ്നമാർഗം, പ്രശ്നാനുഷ്ഠാന പദ്ധതി എന്നീ ജ്യോതിഷ ഗ്രന്ഥങ്ങളിൽ ഗുളികന്റെ പ്രമാണങ്ങളും പ്രയോഗങ്ങളും കാണാം.

മനുഷ്യ സങ്കൽപത്തിലെ ഗുളികന്റെ രൂപ ഭാവങ്ങൾ ശനിയുടെ പുത്രൻ,കറുകറുത്ത ശരീരത്തോട് കൂടിയവൻ, അതീവ പാപത്വം ഉള്ളവൻ സർപ്പ സ്വരൂപത്തോട് കൂടിയവൻ, തീവ്രവാദ സ്വഭാവം ഉള്ളവൻ, ലോകം നശിപ്പിക്കാൻ ആയി ജനിച്ചവൻ, ക്രൂര കർമ്മി, സർവ്വത്ര വിഷമയൻ, നിൽക്കുന്ന സ്ഥലവും നോക്കുന്ന സ്ഥലവും നശിപ്പിക്കുന്നവൻ, മഷിയിൽ കുളിച്ചവൻ, കറുത്ത ചെറിയ മുഷിഞ്ഞ വസ്ത്രം ധരിച്ചവൻ മരണത്തിന് കാരണമാകുന്നവൻ... പോരേപൂരം.

ഗുളികന്റെ കാരക വസ്തുക്കൾ

എള്ള്, കറുക, പുല്ല്, വിറക്, കോടിവസ്ത്രം, അഗ്നി, തൈര്, ചെറുളക്ക പ്രേതാലങ്കാര വസ്തുക്കൾ, മരണാനന്തര കർമ്മ വസ്തുക്കൾ, ക്ഷുദ്ര മാരണയന്ത്രങ്ങൾ, ദുർമ്മന്ത്രവാദം, പൂച്ചത്തല, പാമ്പിൻ തല, തലയോട്ടികൾ, നീച പ്രേതങ്ങൾ, നീചഭൂതങ്ങൾ ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടങ്ങൾ, നീചന്മാരുടെ വാസസ്ഥലം, എച്ചിൽ, മലമൂത്രങ്ങൾ, മുള്ള്, വള്ളികൾ, ചൊറിയുന്ന വസ്തുക്കൾ, ചവറുകൂനകൾ, അഴുക്ക് ചാലുകൾ, കുപ്പത്തൊട്ടികൾ, എലി, ചേര, പെരുച്ചാഴി, അണ്ണാൻ, തേൾ, പൊട്ടക്കുളം, പൊട്ടക്കിണർ, ദുർഗ്ഗന്ധ പുഷ്പങ്ങൾ, വിഷ പുഷ്പങ്ങൾ, മദ്യം, മാംസം, മത്സ്യം എന്നിവയുടെ വിൽപനശാലകൾ, പ്രേതമന്ത്രങ്ങൾ, പ്രേത ബിംബങ്ങൾ, ശവങ്ങൾ ശവഗന്ധം, ശവനിർമ്മാല്യം, ശവം ദഹിപ്പിക്കുന്ന സ്ഥലങ്ങൾ, ശ്മശാന ഭസ്മം, അസ്ഥികൾ, ശവഭൂതപിശാചുക്കൾ, എല്ലാം ഗുളികനുമായി ബന്ധപ്പെട്ടവയാണ്.

ഗുളികന് മൂന്ന് നേത്രങ്ങൾ ഉണ്ട്. വലത് കണ്ണിനാൽ ഗുളികൻ നിൽക്കുന്ന രാശിയുടെ 2ാം ഭാവത്തെയും ഇടത് കണ്ണിനാൽ 12ാം ഭാവത്തെയും മധ്യദൃഷ്ടിയിൽ 7ാം ഭാവത്തെയും വീക്ഷിക്കുന്നു. ഗുളിക വീക്ഷണം ലഭിക്കുന്ന രാശികളുടെ ഗുണങ്ങൾ നശിച്ച് ദോഷഫലം ലഭിക്കുന്നു. കൂടാതെ ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപനും ദോഷപ്രദനാകും. ഉദാഹരണം കർക്കടകം രാശിയിൽ ഗുളികൻ നിന്നാൽ ഗുളിക ഭവനാധിപൻ ചന്ദ്രൻ.

ഗുരുവിനോടൊപ്പം ഗുളികൻ നിന്നാൽ ഗുളികന്റെ ശക്തി ക്ഷയിക്കും. എന്നാൽ ധനു, മീനം രാശികളിൽ ഗുളികൻ നിന്നാൽ ഗുരുവിന് ഗുളിക ഭവനാധിപത്യം വരും. ഗുരു മാരകനാകും. ജാതകൻ പേപ്പട്ടിയെപ്പോലെ പെരുമാറും. ഫലദീപിക, ജാതക പരിജാതം, പ്രശ്നമാർഗം എന്നീ ഗ്രന്ഥങ്ങളിൽ ഗുളികന്റെ ഫലങ്ങൾ വിവരിക്കുന്നു.

ജാതകത്തിലെ ഗുളികന്റെ ഫലങ്ങൾ

∙ ലഗ്നത്തിൽ ഗുളികൻ നിന്നാൽ, രോഗി, മന്ദബുദ്ധി, വഞ്ചനാസ്വഭാവം, കാമശീലം, ദുരാചാരം, രാജയോഗം എന്നും അഭിപ്രായം ഉണ്ട്.

∙ രണ്ടാം ഭാവം-യാത്രാശീലം, വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കുക, വിഷയ സുഖതാൽപര്യം, ഗുളികനോടൊപ്പം ശനി, ചൊവ്വ, രാഹു, കേതു എന്നീ പാപഗ്രഹങ്ങൾ 2ാം ഭാവത്തിൽ യോഗം ചെയ്താൽ ധനദുർവ്യയം, വിദ്യാഹീനത്വം, മൂഢത്വം എന്നിവ ഫലം.

∙ മൂന്നാം ഭാവം- വിരഹദുഃഖം, അഹങ്കാരം, കോപിഷ്ഠൻ, ധനാർത്തി മൂത്തവൻ, യാതൊരു ദുഃഖവും പ്രകടിപ്പിക്കാത്തവൻ, സഹോദര നാശമോ, സഹോദര ശത്രുതയോ അനുഭവിക്കുന്നവൻ.

∙ നാലാം ഭാവം- വിദ്യാഹീനത്വം, ധനനാശം, ബന്ധുഗുണക്കുറവ്, ബന്ധുക്കളുടെ ദ്രോഹം, ഗൃഹസൗഖ്യക്കുറവ്, ശയ്യാസുഖക്കുറവ്, അതിസംസാര ശീലം, വാഹന നാശം, മാതൃദുരിതം, മാതൃദ്രോഹം എന്നിവ ഫലം

∙ അഞ്ചാം ഭാവം- മദ്യാസക്തി, മയക്ക് മരുന്ന് ശീലങ്ങൾ, സർവ്വത്ര ദുരിതങ്ങൾ, ചണ്ഡാല സ്വഭാവം, അൽപായുസ്, ദുർമ്മരണം, സന്താനദുരിതം, സന്താനദ്രോഹം, സാമൂഹ്യവിരുദ്ധ സ്വഭാവങ്ങൾ

∙ആറാം ഭാവം- ശത്രുനാശത്തിന് വേണ്ടി പരക്കം പാച്ചിൽ, ഭൂതപ്രേത പിശാചുക്കളാൽ താൽപര്യം, ദുർമ്മന്ത്രവാദം, അതിശൗര്യം, അതിനീചസ്വഭാവം, ആവശ്യമില്ലാതെ ശത്രുക്കളെ ഉണ്ടാക്കുന്ന സ്വഭാവം, വീരശൂരനാണ് എന്ന മേനി പറയൽ

∙ഏഴാം ഭാവം-കലഹ സ്വഭാവം, ദാമ്പത്യക്ലേശം, ദുഷ്ടയായ ഭാര്യ/ഭർത്താവ്, സർവ്വത്ര വിരോധി, നന്ദിയില്ലായ്മയുടെ ആൾരൂപം, തൊഴിൽ നാശം, പരസ്ത്രീ-പരപുരുഷ പ്രണയങ്ങൾ, തന്മൂലം നാശം

∙ എട്ടാം ഭാവം-നേത്രരോഗം, കോങ്കണ്ണ്, വികലമായ മുഖം, പൊക്കം കുറഞ്ഞ ശരീരം, വികലാംഗത്വം, അൽപായുസ്, ദുർമ്മരണ സാധ്യത

∙ഒൻപതാം ഭാവം- പരസ്യമായ ഗുരുനിന്ദ, പിതൃദ്രോഹം, അവസര നഷ്ടം, നീചക്രൂര കർമ്മങ്ങൾ, രാജ്യദ്രോഹം, കള്ളക്കടത്ത്, ഭീകര പ്രവർത്തനം, മതനിന്ദ, പരസ്യമായി മറ്റുള്ളവരെ നിന്ദിക്കൽ

∙ പത്താം ഭാവം-അശുഭ കർമ്മങ്ങൾ, സ്വഭാവനാശം, കുലാചാരം, മതാചാരം, ദേശാചാരം എന്നിവയെ എതിർക്കുന്നവൻ, യുക്തിവാദസ്വഭാവം, വിചിത്രമായ വേഷം. പെരുമാറ്റം എന്നിവ. തൊഴിലിൽ ഉറച്ചു നിൽക്കാതെ അലഞ്ഞ് തിരിയൽ മടി, മന്ദത, അലസത

∙ പതിനൊന്നാം ഭാവം- ധനവാൻ, സുഖിമാൻ, രാഷ്ട്രീയ പ്രവർത്തനത്തിൽ ഉന്നതി, നല്ലതേജസ്സുള്ള മുഖം, രൂപ സൗകുമാര്യം, അഴകിയ രാവണൻ എന്ന് പറയാം. ഭാവഭേദം വരാതെ സംസാരിക്കാനുള്ള കഴിവ്, ജ്യേഷ്ഠന് നാശമോ, വിരോധമോ, അവിചാരിതമായി അധികാര കസേരകൾ ലഭ്യമാകുന്ന അവസ്ഥ, വാഗ്ദാനം നൽകാനുള്ള അപാരമായ കഴിവ്

∙ പന്ത്രണ്ടാം ഭാവം-മെച്ചപ്പെട്ട ജീവിതസൗകര്യത്തിന് ഉള്ള വരുമാനം ഉണ്ടായാലും, നല്ല രീതിയിൽ ജീവിക്കാതെ നടക്കുക, മുഷിഞ്ഞ വേഷം ധരിക്കുക, സംസാരത്തിൽ ദൈന്യത, വിവാഹ താൽപര്യം ഇല്ലായ്മ, വിരക്തി നിറഞ്ഞ ജീവിതം, നഷ്ടം വന്ന ധനത്തെ ഓർത്ത് വിലപിച്ച് നടക്കുക. മുൻകാല ജീവിതത്തിലെ ദാരിദ്ര്യാവസ്ഥ പരസ്യമായി പറഞ്ഞു നടക്കുക. പൊതു ജീവിതത്തിന് പറ്റാത്ത ജീവിത പ്രമാണങ്ങൾ, അമിതമായ തീവ്ര ഇടത്പക്ഷ വിശ്വാസങ്ങൾ എന്നിവ ഫലം.

ഗുളിക ദോഷത്തിൽ നിന്നു മുക്തി നേടാൻ-ഓം ഗുളികായ നമഃ-എന്ന് 16 തവണ ജപിക്കുക. സൗകര്യപ്പെട്ടാൽ 108 സംഖ്യ ജപിക്കുക. ഗുളികൻ പ്രസാദിച്ചാൽ സർവ്വ പിതൃക്കളും പ്രസാദിക്കും.

ലേഖനം തയ്യാറാക്കിയത് 

R.Sanjeev Kumar P.G.A Jyothis Astrological Research Centrre Lulu Appartments, 

Opp. Thycaud Police Ground Thycaud P.O. Trivandrum-14 

Phone: 0471-2324553, Mob: 9526480571, 9447251087 

E-mail: jyothisgems@gmail.com

Your Rating: