Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം ഉലയ്ക്കുന്ന ജ്യോതിഷ വിശ്വാസികൾ

ജ്യോതിഷം

വിശ്വാസം, അത് ഏതായാലും ജീവിതം നന്നാക്കുകയും നശിപ്പിക്കുകയും ചെയ്യാം. മതവിശ്വാസം യുക്തി ഭദ്രമല്ലെങ്കിൽ, രാഷ്ട്രീയ വിശ്വാസം  സഹിഷ്ണുതാപരമല്ലെങ്കിൽ, യുക്തിവാദം യുക്തിസഹമല്ലെങ്കിൽ അത്തരം വിശ്വാസം സമൂഹത്തിനു ദോഷമേ ചെയ്യൂ.

ഇതുപോലെ ജ്യോതിഷ വിശ്വാസത്തിനും യുക്തിയുടെ ഒരു നേർരേഖ വേണം. അന്ധമായ വിശ്വാസം ജീവിതംതന്നെ തകർക്കും. ജാതകത്തെക്കുറിച്ചു ഭൂരിപക്ഷത്തിനും തെറ്റായ ധാരണയാണുള്ളത്. ജാതകം ജീവിതത്തിന്റെ സമഗ്രമായൊരു രോഖാചിത്രമാണെന്നും അതിൽ യാതൊരു വ്യത്യാസവും വരില്ലെന്നും പലരും വിശ്വസിക്കുന്നു. ജാതക വിധിക്കപ്പുറമൊരു ജീവിതം അവനവനില്ലെന്നും അവർ ധരിച്ചു വച്ചിരിക്കുന്നു.

തങ്ങളുടെ ചുമതലകളിലും കർത്തവ്യങ്ങളിലുംനിന്ന് ഒളിച്ചോടാനും ദൗർബല്യങ്ങൾ മറച്ചുവയ്ക്കാനും ഇത്തരക്കാർ ജാതകത്തെ കൂട്ടുപിടിക്കുന്നു. എനിക്കു പണമുണ്ടാവില്ലെന്നു ജാതകത്തിൽ പറഞ്ഞിട്ടുണ്ട്, ഭർത്താവ് വാഴില്ലെന്നു ജാതകത്തിലുണ്ട് എന്നിങ്ങനെ സ്വന്തം പിഴവുകളെ വെള്ള പൂശാനും ജാതകത്തെ ഉപയോഗിക്കുന്നു.

എന്താണ് ജാതകം? ജനനമരണങ്ങളുടെ ആവർത്തനങ്ങളിലൂടെയുള്ള നീണ്ട സഞ്ചാരത്തിനിടെയാണ് മനുഷ്യജന്മം ലഭിക്കുന്നത്.  

അങ്ങനെ മനുഷ്യജന്മം കിട്ടിയ നിമിഷം ജാതകത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. പ്രസവസമയത്തു കുഞ്ഞ് ഭൂസ്പർശം നടത്തുന്ന സമയമാണ് ജാതകമെഴുതാൻ സ്വീകരിക്കുന്നത്. അതായത് അമ്മയുടെ ഗർഭപാത്രത്തിൽനിന്നു വേറിട്ട് ഭൂമിയെ തൊടുന്ന സമയം. 

അപ്പോഴത്തെ നവഗ്രഹസ്ഥിതിയും ഗുളിക സ്ഥിതിയും അംശകസ്ഥിതിയും ഭാവ സ്ഥിതിയും അഷ്ടവർഗ്ഗസ്ഥിതിയും നക്ഷത്രവും തിഥിയും ഋതുവും കരണവും നിത്യയോഗവുമെല്ലാം സമഗ്രമായി വിലയിരുത്തിയാണ് ജാതകഫലം രചിക്കുന്നത്. 

അതിൽ, ഇത്ര കാലം വരെ ഇന്ന ദശയെന്നും അതെങ്ങനെയാകുമെന്നും അതുകഴിഞ്ഞുള്ള ദശയും അതിന്റെ ഫലവും എങ്ങനെയാകുമെന്നുമുണ്ടാകും. കൂടാതെ ഗോചരാൽ ഫലവും ഇടകലർത്തി വരുംവരായ്കകളും വരവും കടവും സമ്പത്തും വിപത്തും ആരോഗ്യവും ആയുസ്സും കുടുംബവും വിവാഹജീവിതവും വിദ്യാഭ്യാസവും ഭാഗ്യവും നിർഭാഗ്യവും അതിൽ സൂചിപ്പിക്കും

ഇങ്ങനെ എഴുതുന്ന ജാതകത്തിൽ കുറേക്കാര്യങ്ങൾ അതുപോലെതന്നെയാകും. ചിലതൊക്കെ ഏറെക്കുറെ അതുപോലെ. ചിലതാകട്ടെ അനുഭവത്തിൽ കാണാതെയും പോകാം. പലപ്പോഴും ജാതക നിഗമനം അസ്ഥാനത്തിലാക്കിക്കൊണ്ടായിരിക്കും ജീവിതം. ജാതക രചനയുടെ ഈ ഘടനാപരമായ സ്വരൂപത്തിനും ഫല നിർണയത്തിനും തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും പിൻബലവും കുറെയൊക്കെയുണ്ട്.എന്നാൽ പലപ്പോഴും ജാതകം എഴുതുന്ന വ്യക്തിയുടെ മനോവിലാസവും കുറവുകളും ഇതിൽ കടന്നുകൂടാം. ഇത്തരം ജാതകത്തെ പൂർണമായി വിശ്വസിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. തികച്ചും ഒരു ഗൈഡ്‌ലൈൻ മാത്രമായേ ജാതകത്തെ സ്വീകരിക്കാവൂ. കെട്ടിടം വയ്ക്കുന്നവർ പ്ലാൻ വരയ്ക്കാറുണ്ട്. എന്നാൽ പ്ലാനല്ലല്ലോ കെട്ടിടം. എന്നാൽ കെട്ടിടത്തിനു പ്ലാനുമായി ഒരു അഭേദ്യ ബന്ധമുണ്ടുതാനും. അതുപോലെയാണു ജാതകവും ജീവിതവും.

മറ്റൊന്ന്, ജാതകം ഭാഗ്യത്തിലേക്കുള്ള ഒരു ചൂണ്ടുപലകയല്ല. ഭാഗ്യവും ഒപ്പം അപകടവും അനിഷ്ടങ്ങളും കൂടി സൂചിപ്പിക്കുന്നതാണത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും അതു പറയും. ജാതകത്തിലെ മേന്മയെ സ്വീകരിക്കുന്നതോടൊപ്പം അതിലെ വിപരീത സൂചനകളിൽ നാം ജാഗ്രത കാണിക്കുകയും വേണം. അവ മാറ്റിയെടുക്കുന്നതിൽ ശ്രദ്ധയുമുണ്ടാവണം.

ബാങ്ക് അക്കൗണ്ടിലെ ബാലൻസ് ഷീറ്റിൽ നമ്മുടെ നിക്ഷേപവിവരവും നാം ബാങ്കിനു നൽകാനുള്ളതിന്റെ വിവരവുമുണ്ടാകും. നൽകാനും കിട്ടാനുമുളളതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിലേ ബാങ്ക് അക്കൗണ്ട് ശരിയായി മുന്നോട്ടു പോകൂ. ഇതുപോലെ ജന്മജന്മാന്തര സുകൃത ദുഷ്കൃതങ്ങളുടെ ബാലൻസ് ഷീറ്റാണ് ജാതകം. ഇതിൽ ദുഷ്കരം കുറിച്ചെടുത്ത് ജാഗ്രതയോടെ ജീവിക്കേണ്ടത് ജാതകനാണ്. അല്ലാതെ ജാതകത്തെ പഴിച്ചിട്ടു കാര്യമില്ല.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: