Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷത്തിൽ പറയുന്നതെല്ലാം സത്യമാണോ?

astro-news

ടെലിവിഷനിലെ പരിപാടിയുടെ ചിത്രീകരണം കഴി‍ഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു കുറേ നേരമായി രണ്ടു പേർ കാണാൻ നിൽക്കുന്നതായി സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞത്. ആകെ ക്ഷീണിച്ച് എങ്ങനെയെങ്കിലും റൂമിൽ എത്താം എന്ന ചിന്തയിലായിരുന്നു ഞാൻ. പക്ഷേ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഒരു അമ്മയും മകളും പുറത്ത് നിൽക്കുകയായിരുന്നു. അവർ 12 മുതൽ എന്നെ കാത്ത് അവിടെ നിൽക്കുകയാണ്. അപ്പോൾ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. ഇങ്ങിനെ നിന്ന് ജ്യോതിഷ കാര്യങ്ങളൊന്നും ഇന്നിനി പറയാൻ കഴിയില്ല എന്ന് ഞാൻ മുൻകൂർ ജാമ്യം എടുത്തു. ഒന്നും നോക്കാനല്ല ഒരു സംശയം ചോദിക്കാനാണെന്ന് ആ പെൺകുട്ടി പറഞ്ഞു. ചോദിച്ചോളൂ എന്ന് ഞാൻ പറഞ്ഞില്ലെങ്കിലും ആ കുട്ടി പറഞ്ഞു തുടങ്ങി. കുറേ നാളായി വിവാഹാലോചനകൾ നടന്നു വരികയായിരുന്നു. പക്ഷേ ഒന്നും ശരിയാകാതെ മാറി മാറി പോകുന്നു. ജാതകം ചേർന്നാൽ കൂടി അടുത്തുവരെ കാര്യങ്ങൾ വന്നിട്ട് അപ്രതീക്ഷിതമായി മാറി പോകുകയാണത്രേ.

ഒരിക്കൽ ഒരു ജ്യോതിഷ മാസികയിലേക്ക് ഈ കാര്യങ്ങളെല്ലാം വച്ച് ഒരു കത്തും അയച്ചിരുന്നു. മറുപടിക്കായി പിന്നീട് വന്ന ജ്യോതിഷ മാസികയൊക്കെ വാങ്ങിയെങ്കിലും ഈ കുട്ടിയുടെ കത്തിനു മാത്രം മറുപടി ലഭിച്ചില്ല. അതിനിടെ വളരെ പെട്ടെന്ന് ഒരു ആലോചന വന്ന് വിവാഹം ഉറപ്പിച്ചു.

പയ്യന് ദുബായിലാണ് ജോലി. നല്ല പയ്യൻ. കൂടെ കൊണ്ടുപോകാനും പറ്റുമത്രേ.

അങ്ങനെ നാലു മാസം മുമ്പ് ഈ കുട്ടിയുടെ വിവാഹവും നടന്നു.

അതുവരെ സംസാരിക്കാതെ നിന്നിരുന്ന അമ്മ പറഞ്ഞു... ‘നല്ല പയ്യനാണ് മോനേ.. സ്നേഹമുള്ള പയ്യൻ’

അതിനെ ആ പെൺകുട്ടി എതിർത്തതുമില്ല...

‘അവർക്കും പയ്യനും ഒരു കുഴപ്പവുമില്ല’.. പിന്നെ ഇതു കേട്ടിരിക്കുന്ന എനിക്കാണോ കുഴപ്പം. ‘എനിക്കും ഒരു കുഴപ്പവുമില്ല, ഓകെ’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

പക്ഷേ പിന്നീടാണ് യഥാർത്ഥ പ്രശ്നത്തിലേക്ക് അവര്‍ കടന്നത്.

വിവാഹമൊക്കെ കഴിഞ്ഞ് സന്തോഷകരമായ മധുവിധു നാളുകളായിരുന്നു.. മകനില്ലാത്ത ദുഃഖം സ്വന്തം അച്ഛനമ്മമാർ മറക്കുന്നത് ഈ കുട്ടി അറിയുകയായിരുന്നു. സന്തോഷകരമായി ഒന്നര മാസങ്ങൾ പിന്നിട്ടു. ഭർത്താവ് ദുബായിലും പോയി. ഇപ്പോൾ ഈ കുട്ടിയ്ക്കുള്ള വിസയും എത്തി. അടുത്ത ആഴ്ച പോവുകയും വേണമത്രേ...

ഞാൻ അക്ഷമനായി.

‘ധൈര്യമായി പൊയ്ക്കോളൂ കുട്ടീ,’ എന്ന് ഞാൻ പറഞ്ഞു. അതല്ല സാർ പ്രശ്നം എന്ന് പറഞ്ഞ് ആ പെൺകുട്ടി വീണ്ടും സംസാരിച്ചു തുടങ്ങി.. ‘ആ കത്തിന്റെ മറുപടി വന്നത് ഇപ്പോഴാണ്.’

നിങ്ങളിപ്പോൾ മനസ്സിൽ ചോദിച്ചില്ലേ. അതേ ചോദ്യമാണ് ഞാനും ആ പെൺകുട്ടിയോട് അപ്പോള്‍ ചോദിച്ചത്. ‘ഏത് കത്ത്..?’

എന്റെ വിവാഹകാര്യത്തിനായി മാസികയിലേക്ക് ഒരു കത്ത് അയച്ചില്ലേ സാർ. ആ കത്തിന്റെ മറുപടി മാസികയിൽ വന്നത് അഞ്ചു ദിവസം മുമ്പാണ്. ആ കത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

വിവാഹം നടക്കുന്നതിന് അനുകൂലമാണ് സമയം. നല്ല വിവാഹം നടക്കും. പക്ഷേ മൂന്നു സ്ത്രീകളുമായി അവിഹിതബന്ധമുള്ള ആളായിരിക്കും വരൻ. അതു വായിച്ചതോടെ ആ പെൺകുട്ടി തകർന്നു പോയി.

താൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഭർത്താവ് മുൻപ് മൂന്നു സ്ത്രീകളുമായി ബന്ധമുള്ള ആളാണെന്ന് ആ കുട്ടി മനസ്സിൽ ഉറപ്പിച്ചു. അയാളോട് ഫോണിൽ പോലും സംസാരിക്കുന്നത് എന്തോ അറപ്പു പോലെ തോന്നി ഈ കുട്ടിയ്ക്ക്. വിവരം അറിഞ്ഞ അമ്മയും അച്ഛനുമൊക്കെ ഈ പെൺകുട്ടിയെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ മാസികയിലെ വാചകങ്ങൾ ആരോ പറയുന്ന പോലെ കാതിൽ മുഴങ്ങുകയാണ്. എന്തു ചെയ്യണം എന്നറിയാത്ത സ്ഥിതി. ഒടുവിൽ എന്നോട് ഈ വിവരം സംസാരിക്കാം എന്ന് ചിന്തിച്ച് എത്തിയതാണവർ. ഞാൻ ആ പെൺകുട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്.

‘കുഞ്ഞേ.. ആ മാസികയിൽ വന്ന മറുപടി സത്യമാണെങ്കിൽ മോൾക്ക് ആരെയും വിവാഹം കഴിക്കാൻ പറ്റില്ല.’ കെട്ടുന്നത് ആരെ ആയാലും അവർക്ക് മുൻപ് അവിഹിത ബന്ധം ഉണ്ടാകണമല്ലോ.

മറ്റൊരു പെണ്ണിന്റെ മുഖത്തു പോലും നോക്കാത്തവൻ ആണെങ്കിലും മോൾ അങ്ങനെയേ കരുതൂ.. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ അത് ആ പയ്യന്റെ കുഴപ്പമല്ലല്ലോ. മോളുടെ ജാതക ദോഷം കൊണ്ടല്ലേ കല്യാണത്തിന് മുൻപ് ആണേലും അയാൾ അവിഹിതബന്ധത്തിൽ പെടുന്നത്.

പിന്നെ ഈ ജ്യോതിഷത്തിൽ പറയുന്നത് ഒന്നും 100% സത്യമല്ല. ഈ അവിഹിതബന്ധം എന്ന് ജ്യോതിഷത്തിൽ പറയുന്നത് ശാരീരിക ബന്ധം മാത്രമല്ല. ഇയാൾ അറിയാതെ മൂന്നു സ്ത്രീകൾക്ക് ഇയാളോട് ഇഷ്ടം തോന്നിയാലും, മൂന്നു സ്ത്രീകളോട് അവർ അറിയാതെ ഇയാൾക്ക് ഇഷ്ടം തോന്നിയാലും ഇത് പറയാം. അതുകൊണ്ട് അവിഹിതം എന്ന് മാസികയിൽ വന്നതിന് മോശമായ അർത്ഥം മാത്രം കൊടുക്കുന്നത് ശരിയല്ല.

ഞാൻ തുടർന്നു,

‘വെറുതേ ആ പയ്യനെ തെറ്റിദ്ധരിക്കരുത്. ഉള്ള ജീവിതം നശിപ്പിക്കാൻ നോക്കരുത്.’ പിന്നീട് അയാളുടെ ജാതകവും പരിശോധിച്ച് കുറേ കാര്യങ്ങൾ പറഞ്ഞു നൽകി. ഫോൺ നമ്പറും വാങ്ങിയാണ് അവർ പോയത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ആ അമ്മ വിളിച്ച് അവർ ഇരുവരും ദുബായിൽ സുഖമായി കഴിയുന്നു എന്ന് പറഞ്ഞു.

പോകാൻ അൽപം താമസിച്ചെങ്കിലും ഒരു കത്തിന്റെ മറുപടി കാരണം വെറുതെ തകരാൻ ഇരുന്ന ദാമ്പത്യജീവിതം സുഗമമാക്കിയതിന്റെ സംതൃപ്തിയിലായിരുന്നു ഞാൻ.

ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ലഭിക്കുന്ന അമൂല്യ സമ്മാനങ്ങളാണ്. ഞാനതിൽ സന്തോഷിക്കുന്നു.

ഹരി പത്തനാപുരത്തിന്റെ വിശ്വാസം അതല്ലേ എല്ലാം എന്ന പുസ്തകത്തിൽ നിന്ന്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.