Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴത്തിന്റെ പ്രത്യേകത

Astrology

വ്യാഴം സർവ്വേശ്വരകാരകനാണ്. പ്രപഞ്ച ചൈതന്യത്തിന്റെ കേന്ദ്രഗ്രഹമാണ് വ്യാഴം. എല്ലാ ഗ്രഹങ്ങളുടേയും പ്രവർത്തനത്തിൽ ഒരു നിയന്ത്രണം വ്യാഴത്തിനുണ്ട്. ഒരു ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥിതിയും ബലവും മറ്റേതിനെക്കാളും സുപ്രധാനമാണ്. ഈശ്വാരാധീനത്തിന്റെ, അനുകൂലതയുടെ, ഭാഗ്യത്തിന്റെ, പുണ്യത്തിന്റെ നിയമകശക്തി വ്യാഴനാണ്. മറ്റുഗ്രഹങ്ങൾ ദുർബലമായാലും വിപരീതമായാലും വ്യാഴം പൂർണ്ണബലവാനും അനുകൂലനുമാണെങ്കിൽ ഈ ഒറ്റക്കാര്യം കൊണ്ട് തന്നെ ജീവിതം ഐശ്വര്യകരമാകും. ബാക്കി ഗ്രഹങ്ങളെല്ലാം ബലവത്തും വ്യാഴം നേരെമറിച്ചുമായാൽ കഷ്ടപ്പാടും ദുരിതവും ഒരു തീരാപ്രശ്നമായി നിലനിൽക്കും. “ലക്ഷം ഹന്തി ഗുരു” എന്ന പ്രമാണവും മറ്റും സൂചിപ്പിക്കുന്നതുമറ്റൊന്നല്ല. ലക്ഷം ദോഷം പോലും ബലവാനായ വ്യാഴത്തിന്റെ അനുകൂല നില കൊണ്ടോ നോട്ടം കൊണ്ടോ മാറും എന്നത് പരമാർത്ഥമാണ്. ഇത്രയും പ്രാധാന്യമാണ് ഗുരു എന്ന വ്യാഴത്തിന് ജാതകത്തിലുള്ളത്.

ഗോചരം ഗ്രഹങ്ങൾ സദാ സഞ്ചരിക്കുന്നവയാണ്. ഈ സഞ്ചാരവേളയിൽ നക്ഷത്രങ്ങൾ കടന്നു, രാശിയും കടന്ന് മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും.. അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങളും, മേടം മുതൽ മീനം വരെ 12 രാശികളുമാണ് ഉള്ളത്. അശ്വതിയിൽ ആരംഭിച്ച യാത്ര ഭരണിയും കാർത്തികയുടെ ആദ്യ പാദവും വരെ മേടക്കൂറിലായിരിക്കും. ഇങ്ങനെ നക്ഷത്രങ്ങൾ താണ്ടി രാശി താണ്ടി ഒടുവിൽ വീണ്ടും ആദ്യ രാശിയിൽ എത്തും. അവിടുന്നു മുന്നോട്ട് ചക്രത്തിന്മേൽ എന്റെ കറക്കം എന്ന രീതിയിൽ ഗ്രഹങ്ങൾ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ സഞ്ചരിക്കുന്ന ഓരോ ഗ്രഹത്തിനും ഓരോ രാശി കടക്കാൻ വ്യത്യസ്ത കാലയളവാണ്. ശനിയ്ക്ക് ഒരു രാശി കടക്കാൻ 2½ വർഷം. ഇങ്ങനെ 12 രാശികളും ചുറ്റി ആദ്യരാശിയിൽ എത്താൻ 30 വർഷം വേണം. വ്യാഴത്തിന് ഒരു രാശി കടക്കാൻ ഒരു വർഷം. 12 രാശിയും കടക്കാൻ 12 വർഷം. വ്യാഴം ഇങ്ങനെ ഒരുവട്ടം പൂർത്തിയാക്കുന്നതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്. വർഷത്തിലൊരിക്കൽ വ്യാഴം രാശി മാറുമെന്നർത്ഥം..

അവരവരുടെ ജന്മരാശി (കൂറ്) അതായത് നക്ഷത്രം നിൽക്കുന്ന രാശിയുടെ ഏത് ഭാഗത്ത് ഗ്രഹം നിൽക്കുന്നുവോ അതാണ് ഗോചരസ്ഥിതി. അശ്വതി നക്ഷത്രം മേടം രാശിയിലാണല്ലോ അതിനാൽ അശ്വതിയുടെ കൂറ് മേടം. ഈ മേടത്തിൽനിന്നും അഞ്ചാംരാശിയിലാണ് 2015 ജൂലൈ 14 വെളുപ്പിന് വ്യാഴം മാറിവരുന്നത്. അതായത് ചിങ്ങം രാശിയിൽഅപ്പോൾ മേടക്കൂറുകാർക്ക് ഇപ്പോൾ രാഹു ആറിലും ശനി എട്ടിലും കേതു പന്ത്രണ്ടിലും, ജൂലൈ 14 മുതൽ വ്യാഴം അഞ്ചിലുമായിരിക്കും. ഇപ്രകാരം ഓരോ നക്ഷത്രത്തിന്റേയും ജന്മരാശിയിൽ (കൂറ്) നിന്ന് എവിടെ ഗ്രഹം നിൽക്കുന്നുവെന്ന് മനസ്സിലാക്കി അതിന്റെ ഫലവ്യത - ഫലം തരാനുള്ള ശേഷി - വിലയിരുത്തുന്നതാണ് ഗോചരഫലം.

ഗോചരഫലത്തിന്റെ ഫലപ്രാപ്തി

സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങൾ രാശികളിൽ നിന്നും രാശികളിലേക്ക് മുന്നേറിക്കൊണ്ടേയിരിക്കും. പുനരവി ജനനം പുനരവി മരണം എന്നതുപോലെ. നിന്ന രാശിയിൽ തന്നെ വീണ്ടും അതേഗ്രഹം വരും. മുപ്പതുവർഷത്തിലൊരിക്കൽ ശനിയും പന്ത്രണ്ട് വർഷത്തിലൊരിക്കൽ വ്യാഴവും നിന്ന രാശിയിൽ തന്നെ വരും. ഇതിനിടയ്ക്ക് മറ്റ് രാശികളിൽ ചന്ദ്രനെ കേന്ദ്രീകരിച്ചാണ് ഗോചരഫലം എന്നതിനാൽ ചന്ദ്രൻ നിൽക്കുന്ന രാശി ഒന്നാം രാശി. അവിടുന്ന് ക്ലോക്ക് വൈസിൽ വലത്തോട്ട് രണ്ട് മൂന്ന് എന്നിങ്ങനെ പോയി 12 രാശി.

വ്യാഴം ചന്ദ്രനിൽനിന്നും എത്രാമത്തെ രാശിയിലാണോ അതാണ് വ്യാഴരാശി. ഉദാഹരണത്തിന് അശ്വതിയുടെ ചന്ദ്രൻ നിൽക്കുന്നത് മേടത്തിലാണ്. അതിനാൽ അശ്വതിയുടെ കൂറ് മേടമാണ്. മേടത്തിൽ നിന്നും അഞ്ചാം രാശിയാണ് ചിങ്ങം. ഈ ചിങ്ങം രാശിയിലേക്കാണ് 2015 ജൂലൈ 14-ാം തീയതി അതായത് പതിമൂന്ന് അസ്തമനം കഴി‍ഞ്ഞു പതിനാല് പുലർച്ചയ്ക്ക് മുൻപ് 5.30ന് മിഥുനമാസം 29ന് ചൊവ്വാഴ്ച മകയിരം നക്ഷത്രത്തിലാണ് ത്രയോദശി തിഥിയിൽ കർക്കടകരാശിയിൽ നിന്നും വ്യാഴം ചിങ്ങം രാശിയിലേക്ക് കടക്കുന്നത്.

അശ്വതിക്ക് വ്യാഴം അഞ്ചിൽ വരുന്നതുപോലെ ഓരോ കൂറുകാർക്കും വ്യാഴം എവിടെവരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.തമിഴ് പഞ്ചാംഗമനുസരിച്ച് വ്യാഴം ജൂലൈ 5-ാം തീയതിയാണ് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത്. ഗോചരാൽ വ്യാഴം നല്ല സ്ഥാനത്ത് വരുന്നത് കൊണ്ട് സമ്പൂർണ്ണമായും നല്ല ഫലം വരുമെന്നും മോശപ്പെട്ട സ്ഥാനത്തായതിനാൽ സമ്പൂർണ്ണനാശവും വരുമെന്നും ധരിക്കരുത്.

ഫലം പല ഘടകങ്ങളെ ആശ്രയിച്ചാണ്. ലോകത്ത് ഓരോ നക്ഷത്രത്തിൽ കോടിക്കണക്കിന് ജനമുണ്ട്. എല്ലാവർക്കും ഒരു ഫലമല്ലല്ലോ. അതായത് നക്ഷത്രത്തിന്റെ ഫലത്തോടൊപ്പം ജനിച്ച സമയത്തെ ഗ്രഹങ്ങളുടെ നിലയും ബലവും. ജാതകത്തിലെ ദൈവാധീനത്തിന്റെയും ഭാഗ്യത്തിന്റെയും സ്ഥിതി. മറ്റു ഗ്രഹങ്ങളുടെ നില ഇതെല്ലാം ഫലം അനുകൂലവും പ്രതികൂലവും ആവുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്.

ഉദാഹരണത്തിന് അശ്വതിക്ക് വ്യാഴം അഞ്ചിൽ ഗുണമാണെങ്കിലും അഷ്ടമത്തിൽ ശനി നിൽക്കുകയാണ്. ആറിൽ രാഹുവും, പന്ത്രണ്ടിൽ കേതുവും. ശനിയും രാഹു കേതുക്കളും ദോഷത്തിന്റെ അൽപമെങ്കിലും അനുഭവിച്ചല്ലേ കഴിയൂ. അതിനു പുറമേ അശ്വതി നക്ഷത്രക്കാർക്ക് നാൽപ്പത്തഞ്ച് വയസ്സിനുമേൽ എപ്പോൾ വേണമെങ്കിലും സർപ്പദശ വരാം. ഇത് അറുപത് വയസ്സിനുമേൽ ഉണ്ടായിരിക്കും. പതിനെട്ട് വർഷം നീണ്ടുനിൽക്കുന്ന സർപ്പദശ ബലവാനല്ലെങ്കിൽ ജീവിതത്തിൽ ഉണ്ടാക്കാവുന്ന അശാന്തി അനുഭവിക്കാതെ വിടാൻ കഴിയുമോ. ഇല്ല. അപ്പോൾ സർപ്പദശയും ഗോചരഫലപ്രാപ്തിയിൽ നിർണ്ണായകമാണ്. സർവ്വതും ദോഷമെങ്കിൽ സർവ്വനാശവും, കുറെ ഗുണവും കുറെ മോശവുമാണെങ്കിൽ മിശ്രഫലവും, സർവ്വതും ബലവത്താണെങ്കിൽ ജീവിതപുരോഗതിയുമായിരിക്കും ഫലമെന്നറിയുക.

അനുഭവഫലം സമഗ്രമായ ഒരു കാര്യമാണ്. ഒരു മരത്തിന്റെ വേര് മുതൽ ഇല വരെ എല്ലാത്തിനേയും ആശ്രയിച്ചായിരിക്കും അതിലെ നല്ല ഫലത്തിന്റെ സ്ഥിതി. നിറച്ചു പൂത്തു എന്നതുകൊണ്ട്, നിറച്ചു കായ്ക്കണമെന്നോ, കായ്ച്ചാൽതന്നെ മൊത്തം വിളവെത്തുമെന്നോ, വിളഞ്ഞാൽതന്നെ എല്ലാം പുഴുക്കുത്തില്ലാതെ ലഭിക്കുമെന്നോ പറയാനാവില്ല. ഇതുപോലെയാണ് സമഗ്ര അനുഭവമാണ് ഗ്രഹഫലം.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരള

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.