Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കടകം കടക്കാൻ...

karkkidakam

ജ്യോതി ശാസ്‌ത്ര പ്രകാരം സൂര്യൻ കർക്കടക രാശിയിൽ വരുമ്പോൾ: ചന്ദ്രന്റെ സ്വക്ഷേത്രമാണിത്. അവിടേക്കു സൂര്യൻ പ്രവേശിക്കുന്നതോടെ ചന്ദ്രന്റെ ബലം കുറയും. ജ്യോതി ശാസ്‌ത്രപരമായി ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കടകം പിറക്കുന്നതോടെ മനസിന്റെ ബലം കുറയുമെന്നാണ് സങ്കൽപം.ചന്ദ്രന്റെ ശക്‌തിക്ഷയം കാരണമാണിത്. അപ്പോൾ വ്യക്‌തികളുടെ സഹിഷ്‌ണുത, സഹന ശക്‌തി എന്നിവയിലും ചോർച്ച സംഭവിക്കും. ജഡരാശിയാണ് കർക്കടകം. ഇടവപ്പാതിക്കു കിളിർക്കുന്ന ഒരു ചെടിയും കർക്കടകത്തിൽ കിളിർക്കുകയില്ലെന്ന വിശ്വാസവുമുണ്ട്. ഇലച്ചെടികൾ സമൃദ്ധമായുണ്ടാകുമെങ്കിലും ഫലങ്ങളുണ്ടാവുകയില്ല. ഇടവം മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു; കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കർക്കടകം ധാരമുറിയാത്ത മഴയായിരുന്നു മുമ്പ് കർക്കടകത്തിന്റെ സവിശേഷത. സൂര്യനെ കാണാനേ കഴിയില്ല.

കൃഷിപ്പണികളൊന്നും സാധ്യമല്ല. രോഗങ്ങൾക്കും സാധ്യത ഏറെയാണ്. സൂര്യകിരണങ്ങൾക്കു ശക്‌തി കുറയുന്നതിനാൽ രോഗാണുക്കൾ പെരുകുന്നതാണതിനു കാരണം. ഉൽസവങ്ങളോ ആഘോഷങ്ങളോ ഇല്ല. ഇതൊക്കെക്കാരണമാണ് കർക്കടകത്തിന് പഞ്ഞ കർക്കിടകമെന്ന പേരുവന്നത്. രാമായണ മാസാചരണം ഈ അവസ്‌ഥകളിൽ മനസ്സിന് ശക്‌തി പകരാനുള്ള വഴിയാണ് ആത്മീയതം. മാസത്തിലെ 30 ദിവസവും ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പലവിധ പൂജകൾ പതിവുണ്ട്. വീടുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്. കേരളീയ ഗൃഹങ്ങളിൽ ഈ മാസം രാമായണ പാരായണമുണ്ടായിരുന്നെങ്കിലും രാമായണ മാസമായി ആചരിക്കാൻ തുടങ്ങിയത് ഏതാണ്ട് 20 കൊല്ലം മുൻപാണ്. അവതാര പുരുഷനായ രാമൻ തികഞ്ഞ മനുഷ്യനായാണ് ജീവിച്ചത്. രാമകഥ ആദ്യന്തം ദുഃഖം നിറഞ്ഞതാണ്. വാൽമീകി രാമായണം നമ്മൾ വായിക്കുമ്പോൾ അതിലെ ശോകഭാവം നാം ഉൾക്കൊള്ളുകയാണ്.

അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നിൽ സാധാരണ മനുഷ്യരുടെ ആകുലതകൾക്ക് എന്തു പ്രസക്‌തിയാണുള്ളത്? ഈ ചിന്തതന്നെ നമുക്ക് ആത്മീയ ബലം പകരും. രാമായണ പാരായണത്തിന്റെയും മാസാചരണത്തിന്റെയും ദൗത്യം ഈ ബലം ആർജിക്കുകതന്നെയാണ്. ദക്ഷിണായനം കർക്കടകം ദക്ഷിണായന കാലമാണ്. ഉത്തരായന പുണ്യകാലം അവസാനിക്കുന്നു. ഉത്തരധ്രുവം ദേവന്മാരുടെ വാസസ്‌ഥാനമാണെന്നും ദക്ഷിണ ധ്രുവം പിതൃക്കളുടെ കേന്ദ്രമാണെന്നുമാണു വിശ്വാസം.സൂര്യൻ ദേവന്മാരുടെ കേന്ദ്രത്തിൽനിന്നം പിതൃക്കളുടെ ആവാസ സ്‌ഥാനത്തേക്കു വരുന്നു. ദക്ഷിണധ്രുവത്തിലേക്കുള്ള സൂര്യന്റെ ഈ യാത്രയെ ദക്ഷിണായനമെന്നാണു വിശേഷിപ്പിക്കുന്നത്. പിതൃക്കൾക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കർക്കടകവാവും പിതൃതർപ്പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന ദിവസമാണത്.

മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. വർഷഋതുഎന്നും അതിനു പേരുണ്ട്. മാറിയ കാലം കാലം വളരെ മാറിയിരിക്കുന്നു. അതിനനുസരിച്ചുള്ള മാറ്റം ചുറ്റുപാടുകളിലും പ്രകടമാണ്. ഋതു സംക്രമത്തെപ്പോലും അതു സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. കാർഷിക സംസ്‌കാരം അന്യം നിന്നു തുടങ്ങി. ഓലയും ഓടുമൊക്കെ കോൺക്രീറ്റിനു വഴിമാറി. അതുകൊണ്ടുതന്നെ ധൃതിപിടിച്ചുള്ള അറ്റകുറ്റപ്പണികൾ അനിവാര്യമല്ല. പഴവും പച്ചക്കറികളുമൊക്കെ വിലകൊടുത്താൽ വാങ്ങാൻ കിട്ടുമെന്നിരിക്കെ ഒന്നും സംഭരിക്കേണ്ടതുമില്ല. പാചകത്തിന് വിറക് അവശ്യഘടകമേയല്ല. എല്ലാ വീടുകളിലും വാഹനങ്ങളുളളതിനാൽ മഴ യാത്രകളെ തടസ്സപ്പെടുത്താറില്ല. ധാരമുറിയാത്ത മഴയും ഇപ്പോൾ അന്യം നിന്നു തുടങ്ങിയിരിക്കുന്നു. എങ്കിലും ഓർക്കുക, കർക്കടകം ഒരു മാസം മാത്രമല്ല. അതൊരു സംസ്‌കാരമായിരുന്നു. ജീവിതചര്യയായിരുന്നു.

ഒരു വർഷത്തെ ഊർജം ആവാഹിക്കാനുള്ള അവസരമായിരുന്നു. ആത്മീയതയിലൂന്നിയ ലളിത ജീവിതചര്യയിലൂടെ മനസ്സിനും ശരീരത്തിനും ശക്‌തി സംഭരിക്കാനുള്ള വലിയൊരു പരിശ്രമമായിരുന്നു. മാറിയ കാലത്തിലും ഈ ജിവിതചര്യ നമുക്ക് മാതൃകയും വഴിവിളക്കുമാണ്. കർക്കടകക്കഞ്ഞി വരാനിരിക്കുന്ന ഒരു വർഷത്തേക്കു വേണ്ട ഊർജം ആവാഹിക്കുന്നത് കർക്കടകമാസത്തെ ദിനചര്യകളിലൂടെയാണ്. ആത്മീയതയിലൂടെ മാനസികമായ ശക്‌തി വർധിപ്പിക്കുന്നു. സുഖ ചികിൽസയിലൂടെ ശാരീരിക ശക്‌തി വീണ്ടെടുക്കുന്നു.പ്രത്യേക ഔഷധക്കൂട്ടുകൾ ചേർത്ത കഞ്ഞി, സുഖ ചികിൽസ എന്നിവയൊക്കെ ഇക്കാലത്തു പതിവുണ്ട്. കാലാവസ്‌ഥാമാറ്റത്തിനനുസരിച്ച് മിതമായ ഭക്ഷണം കഴിക്കണം. അതിന് കഞ്ഞിയാണ് ഏറ്റവും നല്ലത്. വിശ്രമമാണ് മറ്റൊന്ന്. പണ്ടൊക്കെ കർക്കടക മാസം പൂർണ വിശ്രമത്തിന്റെ കാലം തന്നെയായിരുന്നു. അതിനുള്ള അന്തരീക്ഷം പ്രകൃതിതന്നെ ഒരുക്കും. ആടിമാസത്തിലെ ധാര മുറിയാത്ത മഴയിലൂടെയാണ് അത് സാധിക്കുന്നത്.

ഇന്ന് കാലവും കാലാവസ്‌ഥയും ജീവിതചര്യകളുമൊക്കെ വളരെ മാറിക്കഴിഞ്ഞു. മുന്നൊരുക്കങ്ങൾ കർക്കടകത്തിന്റെ ദുർഘടം കടക്കാൻ പണ്ടൊക്കെ എല്ലാ വീടുകളിലും മുന്നൊരുക്കങ്ങൾ പതിവുണ്ട്. വിറക് ശേഖരിക്കണം കുമ്പളങ്ങ, ചേന, ചേമ്പ്, അരി, എന്നിവയൊക്കെ തയ്യാറാക്കിവയ്‌ക്കണം, കർക്കടകത്തിൽ വിളവെടുക്കാൻ പാകത്തിനുള്ള ചെടികൾ നേരത്തേ നടണം. തെങ്ങിന് തടമെടുക്കണം. വളമിടണം. ഈ മുന്നൊരുക്കങ്ങൾ നടത്തിയാലേ കർക്കടകത്തിലെ മഴ കഴിഞ്ഞാൽ മെച്ചപ്പെട്ട വിളവുണ്ടാവുകയുള്ളൂ. വീടിന്റെ അറ്റകുറ്റപ്പണികൾ, ഓല മേയൽ, ഓടുമാറ്റൽ എന്നിവയും മുൻകാലങ്ങളിലെ മുന്നൊരുക്കങ്ങളിൽപ്പെടും. ഇടവം, മിഥുനം മാസങ്ങൾ ഇതിനു വേണ്ടിയുള്ളതാണ്. രാമായണ പാരായണംഒരാമുഖം ആദികാവ്യമായ വാത്മീകി രാമായണത്തിൽ ഒരു രാജകുടുംബത്തിന്റെ ചരിത്രമാണു പ്രായോഗിക ധർമശാസ്‌ത്ര വിവരണത്തിന്നാധാരമാക്കിയിരിക്കുന്നത്. ത്രേതായുഗത്തിൽ സർവതും തികഞ്ഞ ു ജീവിച്ചിരുന്ന ധർമ്മിഷ്‌ഠനായ ചക്രവർത്തിയായ ദശരഥനിൽ നിന്നാരംഭിക്കുന്ന ധർമ്മശാസ്‌ത്രത്തിന്റെ തന്തുക്കൾ ഒരു രാജ്യത്തിന്റെ അതിർത്തികളും കടന്നു പോകുന്നു.

അതുകൊണ്ടുതന്നെ ഇതിൽ വ്യക്‌തികളെയും കുടുംബാംഗങ്ങളെയും സമൂഹാംഗങ്ങളെയും രാഷ്‌ട്രപൗരന്മാരെയും വ്യത്യസ്‌ത കർമമണ്ഡലത്തിൽ അവരിൽ നിക്ഷിപ്‌തമായിരിക്കുന്ന ധാർമിക ഉത്തരവാദിത്തങ്ങളുടെ അടിസ്‌ഥാനത്തിൽ ഈ ധർമ്മശാസ്‌ത്ര നിർദേശപ്രയോഗം വിവരിക്കുന്നു. സത്യം പറയണമെന്നു ധർമശാസ്‌ത്രം നിർദേശിക്കുമ്പോൾ, ആ നിർദേശം ഹരിശ്‌ചന്ദ്രൻ പാലിക്കുന്നതു ചരിത്രത്തിലൂടെയോ കഥയിലൂടെയോ ഉദാഹരണമായി വിവരിക്കുന്നതുപോലെയാണു രാമായണം. ഭാരതീയ കുടുംബങ്ങൾക്ക് ഉത്തമമായ മാതൃകയായി വിരൽ ചൂണ്ടാവുന്ന ഒരു ഗ്രന്ഥം കൂടിയാണു രാമായണം.

മാതൃപിതൃപുത്രസഹോദരഭാര്യാഭർതൃ ബന്ധങ്ങളുടെ ഉയർച്ചയും താഴ്‌ചയും ഇവിടെ പ്രായോഗിക തലത്തിൽ ഇതിൽ വിവരിക്കുന്നു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പ്രത്യേകതയെന്നത്; ഈ രണ്ട് ഇതിഹാസങ്ങൾ എഴുതിയവർ തന്നെ അതിനകത്തെ ചരിത്രപുരുഷന്മാരാണ്. വാത്മീകി രാമായണത്തിനകത്തുള്ള വ്യക്‌തിയാണു വാത്മീകി, ആദികവി. അതുകൊണ്ട് അദ്ദേഹത്തിന് രാമായണത്തിലെ ചരിത്ര പുരുഷന്മാരുമായി പ്രത്യക്ഷ ബന്ധവുമുണ്ട്. അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളാണെഴുതിയിരിക്കുന്നത്. അതിൽ നമ്മളുടേതും ഉൾപ്പെടുന്നു. നമ്മളിൽ പലരും രാമായണത്തിലെ ചരിത്ര പുരുഷന്മാരുടെ/ സ്‌ത്രീകളുടെ ഭാഗമായി ഇന്നു ജീവിക്കുന്നു. അവരെപോലെ ജീവിച്ചാൽ അവർക്കുണ്ടായ അനുഭവം നമുക്കുമുണ്ടാകും എന്നതാണു ലളിതമായ പാഠം.

ഭാരതീയ പൈതൃകഗ്രന്ഥങ്ങളിൽ വേദാംഗങ്ങളാറെണ്ണമാണ്. അതിൽ പ്രധാനപ്പെട്ടതാണ് അതി ബൃഹത്തായ കൽപശാസ്‌ത്രം. കൽപശാസ്‌ത്രത്തിലാകട്ടെ അതി ബൃഹത്തായ ശ്രൗതസൂത്രം, ഗൃഹസൂത്രം, ധർമസൂത്രം അഥവാ ധർമശാസ്‌ത്രം, പിതൃമേധസൂത്രം എന്നിവയടങ്ങുന്നു. ഭാരതീയ ജീവിതത്തെ അടിമുടി സ്വാധീനിക്കുന്ന ഗ്രന്ഥങ്ങളാണ് ഈ ധർമസൂത്രങ്ങൾ. ധർമത്തിന്റെ അടിസ്‌ഥാനത്തിൽ വ്യക്‌തിയും കുടുംബാംഗങ്ങളും സമൂഹവും രാഷ്‌ട്രവും നിലനിൽക്കുന്നതിന്നായുള്ള സന്ദേശങ്ങളും ഉപദേശങ്ങളുമാണു ധർമശാസ്‌ത്രത്തിലുള്ളത്. എല്ലാ കർമ മണ്ഡലത്തിലും പെടുന്ന മാനവരാശിക്കു ധന്യമായി ജീവിക്കാനുള്ള ധാർമിക നിർദേശം. ദേശവും കാലവും അനുസരിച്ച് ധർമശാസന രീതികൾക്കു മാറ്റമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.