Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദാംഗമാണു ജ്യോതിഷം

astro-importance

‘‘വേദസ്യ ചക്ഷുഃ കില ശാസ്ത്രമേതൽ പ്രധാനതാംഗേഷു തതോസ്യ യുക്താ അംഗൈർ‌യുതോന്യൈരപി പൂർണമൂർത്തി- ഷ്ചക്ഷുർവിനാ കഃ പുരുഷത്വമേതി’’

ജ്യോതിഷം വേദത്തിന്റെ കണ്ണാകുന്നു, അതുകൊണ്ടിതിനു മറ്റംഗങ്ങളിൽ വച്ച് പ്രാധാന്യമുണ്ട്. പൂർണശരീരമാണെങ്കിലും കണ്ണുകൾ ഇല്ലാതെ ആരും മനുഷ്യൻ എന്ന നിലയിൽ പൂർണത കൈവരിക്കുന്നില്ല.

വേദാംഗങ്ങളിൽ ഉൾപ്പെട്ട ശിക്ഷ, നിരുക്തം, വ്യാകരണം, ഛന്ദശ്ശാസ്ത്രം, കൽപശാസ്ത്രം, ജ്യോതിഷം എന്നിവയിൽ ആറാമത്തേതായി ജ്യോതിഷം വരുന്നു. ഭൂമിയിൽ ജനിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഗ്രഹങ്ങൾ ചെലുത്തുന്ന സ്വാധീനം എന്താണെന്നു പൗരാണിക ശാസ്ത്രജ്ഞന്മാർ ജ്യോതിഷത്തിലൂടെ വ്യക്തമാക്കുന്നു. സൗരമണ്ഡലത്തിലെ ഒരു ചെറുചലനം പോലും ഭൂമിയെയും അതിലെ സകലചരാചരങ്ങളെയും ബാധിച്ചുകൊണ്ടിരിക്കും. ഭാരതത്തിലെ മഹാജ്ഞാനികളായ മഹർഷീശ്വരന്മാർ വേദാരംഭകാലം മുതൽക്കേ തന്നെ അവരുടെ ജന്മസിദ്ധമായ ആധ്യാത്മിക ജ്ഞാനത്തിലൂടെ ജീവാത്മാവായും പ്രകൃതിയായും പഞ്ചഭൂതതന്മാത്രകളായും ശരീരികളായും സൗരമണ്ഡലത്തിൽ സൂഷ്മരൂപത്തിൽ സ്ഥിതിചെയ്യുന്ന ബലാബലങ്ങളുടെ പരിവർത്തന സ്ഥിതികളെ സൂക്ഷ്മദർശനം ചെയ്തിട്ടുള്ള ശാസ്ത്രമാണു ജ്യോതിശ്ശാസ്ത്രം.

ഭൂമി ഗോളാകൃതി ആണെന്നും ഗോളാകൃതിയായ ഭൂമി 24 ഡിഗ്രി കോണിൽ ചരിഞ്ഞു സ്ഥിതി ചെയ്യുകയാണെന്നും ഏകദേശം 2500 വർഷങ്ങൾക്കു മുൻപു തന്നെ ഭാരതത്തിലെ ജ്യോതിഷ ആചാര്യന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ കണക്കുകളുടെ കൃത്യമായ അനുപാതത്തിലാണ് ജ്യോതിഷത്തിലെ എല്ലാ കണക്കുകൂട്ടലുകളും നടത്തിയിരിക്കുന്നത്. ഇന്നത്തെ കണക്കുപ്രകാരം 23 ഡിഗ്രി 56 മിനിറ്റ് ചരിഞ്ഞാണു ഭൂമി കറങ്ങുന്നത്. "പ്രാണേനയതി കാലാംഭൂഹു ബ്രഹ്മയതി" ഭൂമി കറങ്ങുന്നതിന്റെ വേഗം ഭാരതത്തിലെ പൗരാണിക ശാസ്ത്രജ്ഞന്മാർ വളരെ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. ഒരു പ്രാവശ്യം ശ്വാസോച്ഛ്വാസം എടുക്കുന്ന സമയം കൊണ്ട് ഒരു ആങ്കുലർ മിനിറ്റ് ഭൂമി കറങ്ങുന്നു. അതായത് നാലു സെക്കൻഡു കൊണ്ട് ഭൂമി ഒരു ആങ്കുലർ മിനിറ്റ് കറങ്ങുന്നു. ഇപ്രകാരം ഒരു മിനിറ്റിൽ 16 പ്രാവശ്യമാണ് ഭൂമിയുടെ ചലനം.

59 ആങ്കുലർ മിനിറ്റ് 8 ആങ്കുലർ സെക്കൻഡ്‌ വെലോസിറ്റിയിലാണു ദിവസവും ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്‌. 23 ഡിഗ്രി 56 മിനിറ്റ് ചരിഞ്ഞു കറങ്ങുന്ന ഭൂമിയുടെ നോഡുകൾ ചേരുന്ന സ്ഥലത്ത് ഒരു ആങ്കിൾ ഉള്ളതുകൊണ്ട് തമ്മിൽ മുട്ടുന്ന പോയിന്റുകൾ ഉണ്ട്‌. ഈ പോയിന്റുകളാണ് രാഹു, കേതു എന്നീ ഗ്രഹങ്ങൾ.

മഹാഭാരത്തിൽ ഭീഷ്മോപദേശത്തിൽ ഭൂഗോള വർണനയെക്കുറിച്ചു വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഭൂമിയുടെ സ്ഥിതിക്കും വികാസപരിണാമത്തിനും കാരണമായ ഗ്രഹം സൂര്യനാണ്. സൂര്യൻ ഒരു രാശിയിൽ നിന്നു മറ്റൊരു രാശിയിലേക്കു കടക്കുന്നതിന് 30 ദിവസം വേണം. ഇങ്ങനെ ഗ്രഹചക്രവിഭാഗങ്ങളെ ക്രമമായി കടന്ന് 365 1/4 ദിവസംകൊണ്ട് ഗതി പൂർത്തിയാക്കുന്നു. ഭൂമി 24 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിന്മേൽ ഒരു പ്രാവശ്യം കറങ്ങുന്നു. ഇതേ സമയം രാശിചക്രത്തിലെ പന്ത്രണ്ടു സമകോണുകളായ മേടം മുതൽ മീനം വരെയുള്ള രാശികൾ ഭൂഗോളത്തിൽ മേലൂടെ യഥാക്രമം കടന്നു പോകുന്നു.

ജ്യോതിശ്ചക്രത്തിന്റെ മുകളിലായി നക്ഷത്രങ്ങളും തൊട്ടുതാഴെയായി ക്രമേണ ശനി, വ്യാഴം, ചൊവ്വ, സൂര്യൻ‌, ശുക്രൻ, ബുധൻ, ചന്ദ്രൻ പിന്നെ ഇവയ്ക്കെല്ലാം താഴെയായി ഭൂമിയും സ്ഥിതിചെയ്യുന്നു. എല്ലാ ഗ്രഹങ്ങളും രാശിചക്രത്തിലൂടെ കിഴക്കോട്ടു പരിവർത്തനം ചെയ്തു കൊണ്ടിരിക്കുന്നു. സൂര്യൻ ഉപരിഭാഗത്തു കൂടി കിഴക്കോട്ടു സഞ്ചരിച്ച് ഒരു രാശി കടക്കുന്നതുവരെ മുപ്പതു പ്രാവശ്യം കറങ്ങുന്നു. ആ ക്രമമനുസരിച്ച് മുപ്പതു ഉദയവും അസ്തമയവും ഉണ്ടാരുന്നു. മുപ്പത് ദിവസം സൂര്യൻ ഏതു രാശിയിൽ നിൽക്കുന്നുവോ ആ രാശിയുടെ പേരുകൊണ്ട് അതാതു മാസങ്ങളെ കണക്കാക്കുന്നു. ഉദാഹരണത്തിനു സൂര്യൻ മേടം രാശിയിൽ സഞ്ചരിക്കുന്ന കാലം മേടമാസമെന്നും ഇടവത്തിൽ പ്രവേശിക്കുമ്പോൾ ഇടവമാസമെന്നും മിഥുനം രാശിയിൽ പ്രവേശിക്കുമ്പോൾ മിഥുമാസമെന്നും അറിയപ്പെടുന്നു. ഇപ്രകാരം സൂര്യസംക്രമണം വഴി മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് മലയാള മാസങ്ങൾ നമുക്കു ലഭിക്കുന്നു.

ഭൂമിയോടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ചന്ദ്രന് ഒരു രാശി കടക്കാൻ രണ്ടേകാൽ ദിവസം മതി. ചന്ദ്രൻ ജ്യോതിശ്ചക്രത്തിൽ നക്ഷത്രങ്ങളെ ആശ്രയിച്ചാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളിലാണ് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളും അടങ്ങിയിരിക്കുന്നത്.108 നക്ഷത്രപാദങ്ങളടങ്ങിയ കാലചക്രത്തെ ഒരു പ്രാവശ്യം ചന്ദ്രൻ ചുറ്റുന്നതിനെ ഒരു ചാന്ദ്രമാസം എന്നു പറയുന്നു. ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രൻ മേടം രാശിയുടെ ഉദയം മുതൽ ഒൻപതു നക്ഷത്രപാദങ്ങളടങ്ങിയ ഈ രാശിയുടെ നാലുപാദം വരെ സഞ്ചരിക്കുമ്പോൾ അശ്വതിയെന്നും എട്ടുഭാഗം വരെ സഞ്ചരിക്കുമ്പോൾ ഭരണിയെന്നും അന്ത്യപാദമായ ഒൻപതാം പാദത്തിലേക്കു കടക്കുമ്പോൾ കാർത്തിക നക്ഷത്രമെന്നും ക്രമേണ നക്ഷത്രങ്ങളെ കണക്കാക്കുന്നു. പ്രദക്ഷിണ വഴിയിൽ ചന്ദ്രൻ സ്ഥിരമായി സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളിൽ ഏതിന്റെ നേർക്കു വരുന്നുവോ ആ ദിവസം ആ നക്ഷത്രത്തിന്റെ പേരിലും ചന്ദ്രനഭിമുഖമായി വരുന്ന രാശിക്ക് ചന്ദ്രക്കൂറ് അഥവാ രാശിയുടെ പേരുകൊണ്ടു അറിയപ്പെടുന്നു. അതാതു നക്ഷത്രങ്ങളെ അന്നേ ദിവസം ആകാശത്തേക്ക് അതിസൂഷ്മദ‌ൃഷ്ട്യാ നോക്കിയാൽ ഗ്രഹിക്കാവുന്നതാണ്. സൂര്യാദിഗ്രഹങ്ങൾ കിഴക്കോട്ടു ഭ്രമണം ചെയ്യുമ്പോൾ പടിഞ്ഞാറോട്ടു പോകുന്നതായി തോന്നുവാൻ കാരണം അതിവേഗത്തിൽ കാലചക്രഗതിക്കു വിപരീതമായി ഗ്രഹങ്ങൾ കറങ്ങിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ്.

ജ്യോതിശ്ശാസ്ത്രത്തിനു ജാതകം, ഗോളം, പ്രശ്നം, നിമിത്തം, മുഹൂർത്തം ഇങ്ങനെ ആറു വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ജാതകം, പ്രശ്നം ഇതു രണ്ടുമാണു മനുഷ്യന്റെ ഗുണദോഷ ഫലങ്ങളെ ചിന്തിക്കാനുള്ള മാർഗങ്ങൾ. നവഗ്രഹങ്ങളായ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയുടെ ആത്മീയ ശക്തിക്കനുസരിച്ചായിരിക്കും ഓരോ വ്യക്തിയുടെയും ആയുർബലവും മറ്റു ഭാഗ്യാദികളും.

ഏതു പ്രവൃത്തിയും ശുഭമുഹൂർത്തത്തിൽ തുടങ്ങണം എന്നതിന്റെ തത്വത്തിനു പ്രസക്തിയുണ്ട്‌. ശുഭമുഹൂർത്തമെന്നാൽ നവഗ്രഹങ്ങൾ ശുഭസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന സമയം എന്നാണ്‌ അർഥം. ശൂഭമുഹൂർത്തം ഒരു പ്രവൃത്തിയുടെ വിജയത്തിനു വഴികാട്ടിയാകുന്നു.

ഒരു കുട്ടി ജനിക്കുന്ന നിമിഷത്തിൽ ഉദിച്ചു നിൽക്കുന്ന രാശി ഏതാണെന്നും സൂര്യാദിഗ്രഹങ്ങൾ രാശിചക്രത്തിന്റെ ഏതെല്ലാം രാശികളിലാണ് അപ്പോൾ സ്ഥിതിചെയ്യുന്നതെന്നും കണ്ടുപിടിച്ചു രേഖപ്പെടുത്തുന്നതിനെ ജാതകം എന്നു പറയുന്നു. ആകാശത്തു സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി സൂക്ഷ്മരൂപത്തിൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശിച്ചു പൂർവജന്മങ്ങളിൽ ചെയ്തിട്ടുള്ള പുണ്യപാപങ്ങളുടെ തോതനുസരിച്ചു ജനനം മുതൽ മരണം വരെ അനുഭവിക്കുന്ന ഫലങ്ങളെ അറിയുന്നതിനുള്ള ഉപാധിയായി ജാതകത്തെ ആശ്രയിക്കുന്നു. ഇപ്പോൾ അനുഭവിക്കുന്ന നന്മതിന്മകൾ ഏതിന്റെ ഫലമാണെന്നും ഈ ജന്മത്തിൽ പുണ്യപാപങ്ങളിൽ ഏതാണു ചെയ്തതെന്നും, ചെയ്യുന്നതെന്നും മറ്റു അറിയുന്നതിനായി ഗ്രഹങ്ങളുടെ തത്ക്കാലാവസ്ഥയെ കണ്ടുപിടിച്ച് വിശകലനം ചെയ്യാനുപയോഗിക്കുന്നതിനു പ്രശ്നം എന്ന ഉപാധിയെയും ആശ്രയിക്കുന്നു.

ശുഭകർമമാണെങ്കിലും ശുഭമുഹൂർത്തത്തിൽ തന്നെ ചെയ്യണം. എങ്കിൽ മാത്രമേ ഗുണാനുഭവം ലഭിക്കുകയുള്ളൂ. ആ ഫലം ജന്മാന്തരത്തിലും അവരവരുടെ വംശത്തിനു തന്നെയും ശ്രേയസ്സു ലഭിക്കുവാൻ സംഗതിയാകുന്നു. ഒരു വ്യക്തിയുടെ ജീവിതയാത്രയെ തടസ്സമില്ലാതെ മുന്നോട്ടു നയിക്കാൻ ഇരുട്ടിൽ വസ്തുക്കളെ ദീപം എന്നതുപോലെ ജ്യോതിശ്ശാസ്ത്രം സ്പഷ്ടമാക്കിത്തരുന്നു.

Leeja S leeja.astro@gmail.com Bahrain - 00973 33286915

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.