Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം 14ന്: കൂറുഫലം

effect-of-jupiter ഗ്രാഫിക്സ് : ജെയിൻ ഡേവിഡ്

2015 ജൂലൈ 14 വെളുപ്പിന് അതായത് 13 രാത്രി 14 പുലരുന്നതിന് മുൻപ് വെളുപ്പിന് 5.30 ന് ആണ് കർക്കടകം രാശിയിൽ നിന്നു ചിങ്ങം രാശിയിലേക്ക് വ്യാഴം മാറുന്നത്. 1190 മിഥുനം 29 ചൊവ്വാഴ്ചയും മകയിരവും ത്രയോദശിയും ഒത്തുചേർന്ന ദിവസമാണ് ഈ മാറ്റം. ഈ മാറ്റം ഓരോ കൂറുകാർക്കുമെങ്ങനെയെന്നു വിലയിരുത്തുന്നു.

മേടക്കൂറ് (അശ്വതി ഭരണി കാർത്തികയുടെ ആദ്യപാദം)

മേടക്കൂറുകാർക്ക് വ്യാഴം ആത്മസ്ഥാനത്ത് അഞ്ചിലേക്കാണ് എത്തുന്നത്. അഞ്ചിലെ വ്യാഴം പുണ്യദായകനാണ്. സൽകീർത്തിയും ഐശ്വര്യവും സന്താന ലാഭവും സന്താനങ്ങൾക്ക് ഐശ്വര്യവും സുഖവർധനയും മനസ്സമാധാനവും ധനവർധനയും എല്ലാം ഉണ്ടാകേണ്ടതാണ്. സ്ത്രീ-പുരുഷ ബന്ധം, ലാഭം, വസ്ത്ര ആഭരണലാഭം, വിദ്യാവിജയം, അവാർഡ് തുടങ്ങിയവയും ഗൃഹലാഭം, വാഹന ലാഭം എന്നിവയും ലഭിക്കും. സൽസ്ഥലങ്ങൾ, പുണ്യസ്ഥലങ്ങൾ എന്നിവ സന്ദർശിക്കും. സാത്വികനായ മനുഷ്യരുമായുള്ള ബന്ധം, ഈശ്വരീയ വർധന എല്ലാം അഞ്ചിലെ വ്യാഴനെക്കൊണ്ട് ചിന്തിക്കണം. അഞ്ചിലെ വ്യാഴം നഞ്ചിനേയും (വിഷം) നന്നാക്കുമെന്ന് നാടൻ മൊഴി. എന്നാൽ ഇവർക്ക് രാഹു ആറിലും കേതു പന്ത്രണ്ടിലും ഗതി അഷ്ടമത്തിലുമായതിനാൽ ഈ വിപരീതങ്ങൾക്കിടയിലും ഒരു പുരോഗതിയുടെ സുവർണരേഖ തെളിഞ്ഞുവരും.

ഇടവക്കൂറ് (കാർത്തികയുടെ ഒടുവിലത്തെ മുക്കാൽഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

ഇടവക്കൂറുകാർ വ്യാഴം നാലിലേക്കാണു വരുന്നത്. നാലിലെ വ്യാഴം നാറളം എന്നൊരു ചൊല്ലുണ്ട്. കഷ്ടപ്പാട്, യാത്രാക്ലേശം, രോഗം, ദുരിതം, കലഹം, സുഖക്കുറവ്, അലച്ചിൽ എന്നിവയും വരാം. ശനി കണ്ടകനായി ഏഴിലും രാഹു അഞ്ചിലും കേതു പതിനൊന്നിലുമാണ് വ്യാഴമാറ്റത്തോടെ ദോഷത്തിന്റെ അളവ് വർധിക്കുവാനാണ് സാധ്യത. അതിനാൽ 2016 ഓഗസ്റ്റ് വരെ എന്തിലും ഏതിലും അതീവ ജാഗ്രതയും ഔചിത്യവും കാണിക്കണം. ആവുംവിധം ഈശ്വരാധീനം വർധിപ്പിക്കണം. ഈ കാലയളവിൽ ഉറ്റവരും ഉടയവരും ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കും. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധിച്ചു ചെയ്യണം. ഈ രാശിയിൽ പിറന്ന രാഷ്ട്രീയക്കാർ കരുതലോടെ നീങ്ങണം. പാർട്ടിക്കകത്തും മുന്നണികളിലും ഉണ്ടാകുന്ന പിണക്കങ്ങളും ചരടുവലികളിലും പെട്ട് കെട്ടറ്റ ചങ്ങാടത്തിന്റെ ഏതു തടിയിൽ ചവിട്ടണമെന്നറിയാതെ കുഴഞ്ഞ അവസ്ഥ രൂപപ്പെടാം. കരുതലോടെ നീങ്ങിയാൽ കണ്ണിൽ കൊള്ളേണ്ടതു പുരികത്തൂടെ കടന്നുപോകാം.

മിഥുനക്കൂറ് (മകയിരത്തിന്റെ രണ്ടാം പകുതിയിലും തിരുവാതിരയും പുണർതത്തിന്റെ ആദ്യമുക്കാലും)

ഈ കൂറുകാർക്ക് വ്യാഴം മൂന്നിലേക്കാണു വരുന്നത്. മൂന്നിലെ വ്യാഴം ശുഭാശുഭം കലർന്ന് മിശ്രഫലമായിരിക്കും നൽകുന്നത്. തൊഴിൽ തടസ്സം, എല്ലാത്തിലും അല്ലറ ചില്ലറ തടസ്സങ്ങൾ, അശാന്തി, അനിഷ്ട സാഹചര്യം എന്നിവയാണ് മൂന്നിലെ അനുഭവങ്ങൾ. എന്നാൽ ഗതി ഇപ്പോൾ ദോഷമല്ലാതെ നിൽക്കുന്നതിനാൽ അത്തരം ബുദ്ധിമുട്ടുകളുടെ അളവ് കുറയാം. എന്നാൽ നാലിലെ രാഹുവും പത്തിലെ രാഹുവും അതീവ ശ്രദ്ധയോടെ നീങ്ങണമെന്ന് മുന്നറിയിപ്പ് തരുന്നു. നല്ല പദവികൾ വഹിക്കുന്നവരും അതാഗ്രഹിക്കുന്നവരും ജാഗ്രതയും ബുദ്ധിയും നിലനിർത്തണം. വൈകാരികവിക്ഷോഭം വരാതിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ എഴുത്തുകാർ, സാമൂഹികപ്രവർത്തകർ എന്നിവർക്ക് ഗുണകരവുമാകും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനപാദവും, പൂയം, ആയില്യവും)

ഈ കൂറുകാർക്കു വ്യാഴം രണ്ടിലേക്കാണു വരുന്നത്. വ്യാഴം രണ്ടിൽ വരുന്നത് അത്യന്തം ശുഭകരമാണ്. സർവ ഐശ്വര്യവും ദ്രവ്യലാഭം, ശത്രുക്കളുടെ നാശം, സ്ത്രീ-പുരുഷ സുഖം, കുടുംബസുഖം, ധനപുഷ്ടി, വാക് വൈഭവം തുടങ്ങിയവയും അനുഭവപ്പെടും. എല്ലാ മേഖലകളിലും ശുഭം വരാവുന്നതാണ്. ശനിയും രാഹുവും ഇപ്പോൾ അത്ര ദോഷമല്ലാത്ത ഒരു നിലയിലാണ്. കേതു മാത്രം അൽപം ദോഷകരം. എന്നാൽ സ്വന്തം ജാതകത്തിൽ വ്യാഴം ബലവാനല്ലാത്തവർക്കും, വ്യാഴം അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവർക്കും, പാപദശകളുടെ ദശ അനുഭവിക്കുന്നവർക്കും മേൽപറഞ്ഞ അത്രയും ഗുണം ലഭിക്കണമെന്നില്ല.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തിന്റെ ആദ്യപാദം)

ഇവർക്കു വ്യാഴം ജന്മരാശിയിലാണ് വരുന്നത്. ജന്മരാശിയിൽ വ്യാഴം നിൽക്കുമ്പോൾ ദ്രവ്യനാശവും ശരീരപീഡയും ബുദ്ധിമാന്ദ്യവും സ്ഥാനഭ്രംശവും കലഹവും കർമപ്പിശകും തൊഴിലിൽ പരാജയവും അനുഭവപ്പെടും. വിദ്യാഗുണം ഇല്ലാതെ പോകും. എങ്കിലും പിന്നീട് ഒക്കെ ഫലത്തിൽ വരും. ഈ കൂറുകാർക്ക് രണ്ടിൽ രാഹുവും കണ്ടകനായി നാലിൽ ശനിയും നിലനിൽക്കുന്നതിനാലും അഷ്ടമത്തിൽ കേതു ഉള്ളതിനാലും ഇവയുടെ ദോഷവും കൂടി ആകുമ്പോൾ ദോഷത്തിന്റെ അളവ് വർധിക്കാം. ജന്മരാശിയിൽ നിൽക്കുന്ന വ്യാഴം പലവിധ ബുദ്ധിമുട്ടുകൾ നൽകാം. കൂടുതൽ ജാഗ്രതയും ഈശ്വരാധീനവും വർധിപ്പിക്കുകയാണ് ഏകപോംവഴി.

കന്നിക്കൂറ് (ഉത്രത്തിന്റെ ഒടുവിലത്തെ മുക്കാൽ ഭാഗം,അത്തവും, ചിത്തിരയുടെ ആദ്യപകുതിയും)

കന്നിക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടിലേക്കാണ് എത്തുന്നത്. ചെലവ് വർധിക്കൽ, യാത്രാദുരിതം, താങ്ങാനാകാത്ത ദുഃഖസന്ദർഭങ്ങളും കടന്നുവരാം. സാധാരണയായി പന്ത്രണ്ടിലെ വ്യാഴം സുഖത്തെക്കാൾ ദുരിതമായിരിക്കും കൂടുതൽ നൽകുക. കന്നിക്കൂറുകാർക്ക് ജന്മരാശിയിൽ രാഹുവും ഏഴിൽ കേതുവും മൂന്നിൽ ശനിയുമാണ്. ഭാര്യാഭർതൃകലഹം, ശരീരത്തിനു പീഡ, കുടുംബങ്ങളിൽ വിപരീതാവസ്ഥ എന്നിവയും വരാം. അങ്ങനെ ഗുണദോഷസമ്മിശ്രമായ അനുഭവമായിരിക്കും വരുന്ന ഒരു വർഷക്കാലം. എന്നാൽ ഗ്രഹനിലയിൽ വ്യാഴം ബലവാനും ഭാഗ്യസ്ഥാനം ഉറച്ചതുമാണെങ്കിൽ ഈ ദോഷങ്ങൾ ഏശുകയില്ല. അതിനാൽ അങ്ങേയറ്റം ക്ഷമയും സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രതയും വേണം. ഈശ്വരാധീനം വർധിപ്പിക്കുകയും ചെയ്യുക.

തുലാക്കൂറ്(ചിത്തിരയുടെ രണ്ടാം പാദം, ചോതി വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽഭാഗം)

തുലാക്കൂറുകാർക്ക് വ്യാഴം പതിനൊന്നിലേക്ക് ആണ് വരുന്നത്. പതിനൊന്നിലെ വ്യാഴം സർവാഭീഷ്ടപ്രദായകമാണ്. മുടങ്ങിയ കർമമേഖലയും സഫലമാകാത്ത ആഗ്രഹവും, നെടുനാളായി ആഗ്രഹിക്കുന്ന സാമ്പത്തികപുഷ്ടിയും അധികാരവും പദവിയും വിവാഹാദികളായ മംഗളകാര്യങ്ങളും ഉണ്ടാകാം. ഗൃഹനിർമാണം, ഗൃഹപ്രവേശം, സന്താനങ്ങളുടെ വിവാഹം, ലോകാംഗീകാരം ഇവയെല്ലാം ഉണ്ടാകാം. എന്നാൽ ഏഴരശ്ശനി ഇനിയും രണ്ടു വർഷം കൂടി ഉള്ളതിനാലും, പന്ത്രണ്ടിൽ രാഹുവും ആറിൽ കേതുവും നിൽക്കുന്നതിനാലും ഗുണത്തിന്റെ അളവ് അൽപം കുറയുമെന്നു മാത്രം. കിട്ടാക്കടവും കുറേശ്ശെ കുറേശ്ശെ ലഭിച്ച് പൂർണമായും സ്വസ്ഥമാകും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ ഒടുവിലത്തെ പാദവും അനിഴവും കേട്ടയും) വൃശ്ചികക്കൂറുകാർക്കു വ്യാഴം പത്തിലേക്കാണ് എത്തുന്നത്. പത്തിലെ വ്യാഴം സ്ഥാനചലനം, ദ്രവ്യനാശം, കർമവൈകല്യം, ദൂരദേശവാസം എന്നിവ അനുഭവപ്പെടാം. അധിവസിക്കുന്ന ഗൃഹത്തിൽ നിന്നു മാറാനിടയുണ്ട്. ശത്രുക്കളുടെ ചെയ്തികളിൽ പരാജയം സംഭവിക്കുക എന്നിവയൊക്കെവരാം. വൃശ്ചികക്കൂറുകാർക്ക് ഇപ്പോൾ ശനി ഗോചരാൽ ജന്മത്തിലും കേതു അഞ്ചിലുമാണ്. വ്യാഴത്തിന് പുറമേ ഇതിന്റെ ദോഷവും ചേരുന്നതിനാൽ മനഃസംയമനവും ജാഗ്രതയും പാലിക്കണം. ആവശ്യമില്ലാത്തതിൽ ഇടപെടാതെയും സാമ്പത്തിക കാര്യങ്ങളിൽ ചെന്നുപെടാതെയും പരമാവധി ഈശ്വരാധീനം

വർധിപ്പിച്ചും മുന്നോട്ടു നീങ്ങുക.

ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യപാദം)

ധനുക്കൂറുകാർക്ക് വ്യാഴം ഭാഗ്യസ്ഥാനത്തേക്കാണു വരിക. ഇതു ശുഭപ്രദമാണ്. ഇത് ഒരു വർഷം നിലനിൽക്കും. ഒൻപതിലെ വ്യാഴം ഭാഗ്യം നൽകുന്നതോടെ ഭാര്യ-ഭർതൃസുഖം, കുടുംബസുഖം, ധനപുഷ്ടി, തൊഴിൽപുഷ്ടി, സന്താനസൗഖ്യം തുടങ്ങിയവ ഫലം. വിവാഹാദിമംഗള കാര്യങ്ങൾ നടക്കും. മക്കൾ, ചെറുമക്കൾ എന്നിവരുമായി സന്തോഷത്തോടെ ഇരിക്കാൻ സാധ്യതയുണ്ട്. ആഗ്രഹസാഫല്യം, കർമസാമർഥ്യം എന്നിവയും ഉണ്ടാകും. ആത്മീയ-ദൈവിക മേഖലകളിൽ നിൽക്കുന്നവർക്ക് ആചാര്യ പദവി അംഗീകാരം ലഭിക്കും. വിദ്യാർഥികൾക്ക് മികച്ച വിജയം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക, പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുക എന്നതും ഉണ്ടാകാം. ഈ കൂറിലെ രാഷ്ട്രീയക്കാർക്ക് ഭാഗ്യം കൊണ്ട് സർവാദരണീയ സ്ഥാനം ലഭിക്കും. എങ്കിലും ഏഴരശ്ശനിയും നാലിൽ കേതുവും പത്തിൽ രാഹുവുമായതിനാൽ സഞ്ചരിക്കുന്ന പാത സുഗമമാക്കാൻ പ്രത്യേക കരുതൽ വേണം.

മകരക്കൂറ് (ഉത്രാടത്തിന്റെ ഒടുവിലത്തെ മുക്കാൽ തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

മകരക്കൂറിൽപെട്ടവർക്കു വ്യാഴം അഷ്ടമത്തിലേക്ക് (എട്ടിൽ) ആണു വരുന്നത്. അഷ്ടമവ്യാഴം കഷ്ടപ്പാട് തരുമെന്നു വിശ്വാസം. എട്ടിലെ വ്യാഴം ഒരേസമയം തട്ടും തലോടും നൽകും. വ്യാധികൾ, ആധികൾ, ദുഃഖകരമായ സന്ദർഭങ്ങൾ, ബന്ധനം, കേസ്, വഴക്ക്, വിരഹം അസ്വസ്ഥത എന്നിവയ്ക്കൊക്കെ കാരണമാകാവുന്നതാണ്. അഷ്ടമ വ്യാഴം. എന്നാൽ ശനിയും രാഹുവും അനുകൂലമായതിനാലും കേതു അത്രത്തോളം ദോഷകരമല്ലാത്തതിനാലും വ്യാഴദോഷത്തിന്റെ അളവ് കുറയാം. എന്തായാലും ഏറെ ശ്രദ്ധയും ദൈവാധീനവും നിലനിർത്തണം ഈ കൂറുകാർ.

കുംഭക്കൂറ് (അവിട്ടത്തിന്റെ രണ്ടാം പകുതിയിലും ചതയവും പൂരുരുട്ടാതിയുടെ ആദ്യമുക്കാലും)

ഈ കൂറുകാർക്കു വ്യാഴം ഏഴിലേക്കാണു വരുന്നത്. ഏഴ് മംഗളപ്രദമാണ്. വീട്ടിൽ മംഗല്യം നടക്കുക, കുടുംബസുഖം വർധിക്കുക, സന്താനഗുണം ഉണ്ടാവുക, കാര്യസിദ്ധി ദ്രവ്യലാഭം, ജീവിത പുരോഗതി എന്നിവയാണ് ഉണ്ടാകാവുന്ന ഗുണങ്ങൾ. എന്നാൽ കുംഭക്കൂറുകാർക്ക് നിലവിൽ കണ്ടകനാധിപത്തിൽ ശനിയും അഷ്ടമത്തിൽ രാഹുവും രണ്ടിൽ കേതുവും നില്‍ക്കുകയാണ്. അങ്ങേയറ്റം ജാഗ്രതയും ഈശ്വരാധീനവും ഇല്ലാത്തവർക്ക് കടുത്ത തിരിച്ചടികൾ ഉണ്ടാവാനും അതിന് കടുത്ത വില നൽകേണ്ടതായും വരാം. പിതാവിൽ നിന്നും ഗുണം, പൈതൃകസ്വത്ത് ലഭിക്കുക, ഉദരത്തിന് അസുഖം, പരസ്ത്രീബന്ധംകൂടി ഈ ഗ്രഹമാറ്റത്തിൽ ഉണ്ടാകാവുന്നതാണ്. വിദേശ യാത്രയ്ക്കും സാധ്യതയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാന പാദവും ഉത്രട്ടാതിയും രേവതിയും)

മീനക്കൂറുകാർക്ക് വ്യാഴം ആറിലാണു വരുന്നത്. കടം, സാമ്പത്തിക പരാധീനത, അസുഖം, ശത്രുതാവർധന എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ കൂറുകാർക്കു ജന്മത്തിൽ കേതുവും ഏഴിൽ രാഹുവുമാണ്. ഭാര്യ–ഭർതൃബന്ധത്തിൽ ചെറിയ തോതിൽ പരസ്പര പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഭാഗ്യസ്ഥാനത്ത് ശനി ഉള്ളതിനാൽ ഈ പ്രശ്നങ്ങളെ അതീജീവിക്കാൻ സാധിക്കും. അപകീർത്തി, തോൽവി എന്നിവ വരാതെ ശ്രദ്ധിക്കണം. ചുരുക്കത്തിൽ ഗുണദോഷ സമ്മിശ്രമായിരിക്കും ഈ വർഷം അനുഭവത്തിൽ വരാവുന്നത്.

വ്യാഴത്തിന്റെ കൂറുഫലം – ഒറ്റനോട്ടത്തിൽ:

ജന്മരാശിയിൽ വ്യാഴം നിന്നാൽ- സ്ഥാനചലനം, ശത്രുത, ആപത്ശങ്ക, അശാന്തി.

ജന്മരാശിയിൽ നിന്നു രണ്ടിൽ വ്യാഴം നിന്നാൽ- ഗുണവർധന, ധനവർധന, സൗന്ദര്യവർധന, സുഖവർധന.

മൂന്നിൽ വ്യാഴം നിന്നാൽ- പരാജയം, നൊമ്പരം, തടസം, സ്ഥാനമാനനഷ്ടം.

നാലിൽ വ്യാഴം നിന്നാൽ- കഷ്ടനഷ്ടം, യാത്രയിൽ ദുരിതം, അമ്മയ്ക്കും സമാനമായവർക്കും മോശം.

അഞ്ചിൽ വ്യാഴം നിന്നാൽ- കീർത്തി വർധനവ്, ഐശ്വര്യ വർധനവ്, ധന വർധനവ്, സന്താനഭാഗ്യം.

ആറിൽ വ്യാഴം നിന്നാൽ- എതിർപ്പ്, ശത്രുക്കൾ നിമിത്തം പരാജയം, രോഗം, ദുഃഖം.

ഏഴിൽ വ്യാഴം നിന്നാൽ- മംഗളം വരിക, മംഗല്യം വരിക, ദാമ്പത്യസൗഖ്യം ലഭിക്കുക, കാര്യസമൃദ്ധി.

എട്ടിൽ വ്യാഴം നിന്നാൽ-കഠിനമായ വിപരീതാവസ്ഥ, ആയുർശങ്ക, കേസ്, ബന്ധനം.

ഒൻപതിൽ വ്യാഴം നിന്നാൽ-ഭാഗ്യവർധനവ്, ഈശ്വരാനുഗ്രഹം, പിതൃമാതൃഗുണം, സർവഗുണം.

പത്തിൽ വ്യാഴം നിന്നാൽ- തൊഴിൽ നഷ്ടം, തൊഴിൽ പരാജയം, പേരുദോഷം, വാസസ്ഥാനം മാറാൻ, ശത്രുക്കളുടെ വിജയം.

പതിനൊന്നിൽ വ്യാഴം നിന്നാൽ-സർവ്വകാര്യസിദ്ധി, ധനവർധനവ്, സ്ഥാനമാനാഭിവൃദ്ധി, സൽപേര്.

പന്ത്രണ്ടിൽ വ്യാഴം നിന്നാൽ- ഏകാന്തം അഥവാ പ്രവാസി ജീവിതം, വേർപാട്, ധനനാശം, അധികചെലവ്, സ്ഥാനനഷ്ടം.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരള

പിൻ 695541 ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.