കൈകള്‍ക്ക് മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പ്രസക്തിയെക്കുറിച്ച് പറയേണ്ട കാര്യമില്ല. കൈകളിലാണ് എല്ലാത്തിന്റെയും ആരംഭം കുറിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു കൈത്താങ്ങ് സഹായം പോലുള്ള പ്രയോഗങ്ങളും വന്നുചേര്‍ന്നത്. കൈകള്‍ നമുക്ക് എങ്ങനെ ഐശ്വര്യത്തിന്റെ പ്രതീകമായി മാറ്റാം എന്ന് ഭാരതത്തിലെ പ്രാചീന ഗ്രന്ഥങ്ങള്‍ പറഞ്ഞു തരുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കരദര്ശനമന്ത്രം. വൈദിക സംസ്കാരമനുസരിച്ച് ഒരാളുടെ ദിവസം തുടങ്ങുന്നത് തന്നെ കരദര്ശനമന്ത്രം
ചൊല്ലിയാണ്. അതായത് എണീറ്റാല്‍ ആദ്യം തന്നെ ചൊല്ലേണ്ട മന്ത്രം ഇതാണെന്ന് ഋഷിമാര്‍ പറയുന്നു. ഉണർന്നെഴുന്നേൽക്കുന്നതു കിടക്കയിലോ നിലത്തോ ആണെങ്കിലും ഇരുകയ്യും ചേര്‍ത്ത് തുറന്നുപിടിച്ച് ഈ മന്ത്രം ചൊല്ലുക:
‘‘ഓം അയം മേ ഹസ്തോ ഭഗവാനയം മേ ഭഗവത്തരഃ
അയം മേ വിശ്വഭേഷജോയം ശിവാഭിമര്ശന’’
ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തിലെ 60-ാം സൂക്തത്തിലെ പന്ത്രണ്ടാമത് മന്ത്രമാണ് കരദര്‍ശനം. നമ്മുടെ കൈ ഐശ്വര്യപൂർണമാണെന്നും കയ്യില്‍ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും ചികിത്സയുമുണ്ടെന്നും സ്വയം ബോധ്യപ്പെടുത്തുകയാണ് ഓരോ തവണ മന്ത്രം ചൊല്ലുമ്പോഴും നാം ചെയ്യുന്നത്.
കൈകളിലാണു സകല കാര്യങ്ങളുമടങ്ങിയിട്ടുള്ളത്. മഹത്തായ ജീവിതത്തിനുള്ള ആഹ്വാനമാണു കൈകളിലൂടെ ലഭിക്കുന്നത്. കൂടുതല്‍ ക്രിയാത്മകമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ അടിസ്ഥാനം കൈകളാണ്. ശക്തിയാണു കൈകള്‍,. ശക്തിയുടെ വന്‍സ്രോതസ്സാണ്, ഉറവിടമാണ്-ഇതാണ് ഈ മന്ത്രത്തിലൂടെ നാം സ്വായത്തമാക്കുന്നത്. ആത്മവിശ്വാസം ലഭിക്കാനും സ്വയം ശാക്തീകരിക്കപ്പെടാനും മികവുറ്റ രീതിയില്‍ ഒരു ദിവസത്തെ മുഴുവന്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും ഈ മന്ത്രം ദിവസം ചൊല്ലുന്നതിലൂടെ സാധിക്കും.
തന്നിലര്‍പ്പിക്കപ്പെട്ട കർമങ്ങള്‍ ചെയ്തുതീര്ക്കുകയെന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചും പരമപ്രധാനമായ കാര്യമാണ്. കർമത്തിന്റെ മൂലസ്ഥാനം തന്നെ കൈകളാണെന്നാണ വിലയിരുത്തപ്പെടുന്നത്. ശാന്തമായ സ്പര്‍ശനത്തിലൂടെ മറ്റൊരാൾക്കു സ്നേഹം നല്കുന്നതു
മുതല്‍ രോഗാതുര അവസ്ഥയില്‍ നവ ഊര്‍ജ്ജം നല്‍കാനും കൈകള്‍ക്ക് സാധിക്കുന്നു.
കൈകളുടെ ഈ സവിശേഷത ഓർമിപ്പിക്കുകയും പുറത്തുകൊണ്ടുവരുകയും ചെയ്യുന്നതാണ് ഈ മന്ത്രം. ദിവസവും എണീറ്റ് രാവിലെ ആദ്യം ചെയ്യുന്ന കാര്യം കരദര്ശനമാകട്ടെ. അതിനുശേഷം മാത്രം കിടക്കയിൽ നിന്നിറങ്ങിയാല്‍ മതി. ആത്മവിശ്വാസത്തോടെ, കരുത്തോടെ, സ്നേഹത്തോടെയുള്ള ഒരു പുതുജീവിതത്തിലേക്ക് കരദര്‍ശനം നമ്മെ നയിക്കും, തീര്‍ച്ച.