Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃകർമ സന്ദേശം

Karkkidaka Vavu -

ഭാരതീയ പൈത്യകത്തിന്റെയും അത്യുജ്വലമായ പ്രായോഗികജീവിതത്തിന്റെയും സന്ദേശമാണ് സുദൃഢമായ കുടുംബബന്ധങ്ങൾ. കര്‍ക്കടക മാസത്തിലെ
വാവുബലി അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആചാര്യന്‍മാരുടെ ഉപദേശപ്രകാരം പാരമ്പര്യമായി ആചരിക്കുന്ന ഇൗ അനുഷ്ഠാനത്തിന്റെ പ്രായോഗിക വശങ്ങള്‍ ചിന്തിക്കുന്നത് വളരെ അഭിമാനം തോന്നുന്ന സംഗതിയാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഭാരതത്തിൽ നില നിൽക്കുന്ന പല ആചാരങ്ങളിലും മനുഷ്യ നന്‍മയ്ക്കാധാരമായ പല അർഥങ്ങളും പ്രായോഗികവശങ്ങളും ദർശിക്കാൻ കഴിയും.

ബന്ധങ്ങൾ, കുടുംബം, മാതാവ്, പാരമ്പര്യം, മനസ്സ് എന്നിവയുടെ രാശിയായ കർക്കടകത്തിൽ സൂര്യചന്ദ്രൻമാർ ഒരുമിച്ചു വരുന്ന അമാവാസി നാളിലാണു വാവുബലിയിടുന്നത്. ചന്ദ്രമണ്ഡലത്തിൽ നിന്ന്‌ ഇൗ ദിവസം നമ്മുടെ പിതൃക്കൾ അവരുടെ തലമുറകളെ വീക്ഷിക്കുന്നുവത്രേ. മക്കൾ അവരെ ഒാർമിക്കുന്നുണ്ടോ എന്നായിരിക്കും അവർ ചിന്തിക്കുന്നത്. അന്നു കേരളയീയർ വളരെ അഭിമാനത്തോടെയാണു ബലിയിടാൻ പോകുന്നത്. അവര്‍ അവരുടെ

പിതൃകർമങ്ങൾ അനുഷ്ഠിച്ചു പിതൃക്കളുടെ അനുഗ്രഹം വാങ്ങുന്ന ദിനമാണ്. അവരെ സ്മരിച്ച്, ‘ഞാൻ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണം’ എന്ന് അപേക്ഷിക്കുന്ന ദിനമാണ്. ബലി ഇട്ടു കഴിഞ്ഞാൽ ലഭിക്കുന്ന ആ ദിവ്യാനുഭവം
അഥവാ ആശ്വാസം അഥവാ കടമ നിർവഹിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അതിൽ നിന്നു ലഭിക്കുന്ന ആത്മവിശ്വാസം മാത്രം മതി ആ വർഷം ധന്യമാകാൻ.

കൊടുക്കുന്നതു മാത്രമേ തിരിച്ചു കിട്ടുകയുള്ളൂയെന്നതാണ് ഇൗ കലികാലത്തിന്റെ പ്രത്യേകത. സ്വന്തം മാതാപിതാക്കളോടു നാം എപ്രകാരം പെരുമാറിയിട്ടുണ്ടോ അതേ പോലെയായിരിക്കും നമ്മുടെ മക്കൾ നമ്മോടു പെരുമാറുന്നത്. മാതാപിതാക്കളോടു സ്വയം നൻമ നിറഞ്ഞ ധർമം അനുഷ്ഠിക്കാത്തവന്, മക്കളിൽ നിന്നും അതു പ്രതീക്ഷിക്കുവാൻ സാധ്യമല്ലല്ലോ, അതു പ്രതീക്ഷിച്ചാലും ലഭിക്കുകയുമില്ല. ജീവിച്ചിരിക്കുമ്പോഴും അതിനു ശേഷവും മാതാപിതാക്കളോട് നാം അനുവർത്തിക്കുന്ന മാനസികബന്ധം, കർമബന്ധം, അു മക്കള്‍ കണ്ടറിയുന്നതിലാണു പിതൃകർമം ഉൾക്കൊള്ളുന്നത്. തനിക്കു ജന്മം നൽകി, ഭക്ഷണം നൽകി, കൈപിടിച്ചു പിച്ച നടത്തിച്ച്, കരഞ്ഞപ്പോള്‍ സമാധാനിപ്പിച്ച്, വളർച്ചയിൽ ആനന്ദം കണ്ടെത്തി, വിദ്യാഭ്യാസം നൽകി, ലോകത്തെ പരിചയപ്പെടുത്തി സ്വയം സഹിച്ച ത്യാഗത്തിന് ഒരിക്കലും കണക്കു പറയാത്ത അച്ഛനമ്മമാരുടെ അനുഗ്രഹമാണു ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹം.

അവരെ വേദനിപ്പിക്കുമ്പോൾ (അവർ ഒരിക്കലും മക്കളെ ശപിക്കില്ല ) നീറിപ്പുകയുന്ന മനസ്സിൽ നിന്നു പുറത്തുവരുന്ന തരംഗങ്ങളാണ് (വാക്കുകൾ വേണമെന്നില്ല) മക്കൾ‌ക്കു ലഭിക്കുന്ന ഏറ്റവും ഭയാനകമായ ശാപം . ജീവിതത്തിലെന്നും ഇൗ അനുഗ്രഹം അല്ലെങ്കിൽ ശാപം അവരെ പിന്തുടരും.

ജീവിതാന്ത്യത്തിൽ തന്നെ കൈപിടിച്ചു വളർത്തിയ മാതാപിതാക്കളെ , കൈപിടിച്ചു നടത്തിച്ച് ആശ്വസിപ്പിച്ച് മരണം എന്ന ശാശ്വത സത്യത്തിന്റെ അടുത്തെത്തുമ്പോൾ ‘ അച്ഛാ അഥവാ അമ്മേ ഞാനുണ്ട് കൂടെ ’ എന്ന തലോടിക്കൊണ്ട് പറയുവാൻ സാധിക്കുമ്പോഴാണു മക്കൾ മക്കളാവുന്നത്. വളർന്നുവരുന്ന തലമുറ ഇതു കാണുകയാണ്. അവരുടെ മാതാപിതാക്കള്‍ അനുഷ്ഠിക്കുന്നതു കണ്ട് അവരും ഇതു ചെയ്യണം. നമുക്കും നമ്മുടെ മക്കളില്‍ നിന്നും അവസാനകാലത്തു സ്നേഹവും പരിചരണവും ലഭിക്കണമെങ്കിൽ അവർ നമ്മള്‍ അനുഷ്ഠിക്കുന്നതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി വാവുബലിക്കു പ്രാധാന്യം നൽകണം.

അവിഹിതകര്‍മങ്ങള്‍, അസത്യം, അധർമം, അനീതി, അന്യായം എന്നീ മാർഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ മാതാപിതാക്കളുടെ മുമ്പിൽ അർപ്പിച്ചതെന്തോ (ബലി) അത് മനസ്സിൽ വച്ചുകൊണ്ട് സത്യം, ധർമം, നീതി, ന്യായം എന്നീ പന്ഥാവിലേക്കു മാറാൻ ഇൗ ദിവസം മുതൽ സാധിക്കണം. ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് , തിന്‍മയിൽ നിന്നു നൻമയിലേക്ക് ഞങ്ങളുടെ മക്കൾ മാറുന്നൂയെന്നു നമ്മുടെ മരിച്ചുപോയ മാതാപിതാക്കൾ സന്തോഷിക്കുന്ന ദിവസമാകട്ടെ, ഞങ്ങളുടെ മക്കൾ മാറുന്നൂയെന്ന് നമ്മുടെ മരിച്ചുപോയ മാതാപിതാക്കൾ സന്തോഷിക്കുന്ന ദിവസമാകട്ടെ, ഇൗ പിതൃകർമദിനം, പിതൃകർമസന്ദേശം.

ലേഖകൻ

ശിവറാം ബാബുകുമാർ,

പ്രശാന്തി, നെടുമ്പ്രം ലെയിൻ,

പേരൂർക്കട,

തിരുവനന്തപുരം

ഫോൺ:- 0471 2430207, 9847187116.

Email: sivarambabu@hotmail.com

sivaram.babu@yahoo.com

Your Rating: