Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ വ്രതാനുഷ്ഠാനത്തിൽ മൂന്നു ദേവതകളുടെ അനുഗ്രഹം

കൊല്ലൂർ മൂകാംബികാ ക്ഷേത്രം കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ശീവേലി എഴുന്നള്ളത്ത്. ചിത്രം: ഫഹദ് മുനീർ

മനസ്സ്, അസ്വസ്ഥതകളുടെ മഹാമേരുക്കൾ കടന്ന് അനശ്വരമായ ശാന്തിയുടെ സന്നിധിയിലേക്കണയുകയാണ്. കൂട്ട്, അനുഭവിച്ച് മാത്രം അറിയാനാവുന്ന അനാദിയായ പ്രകൃതിയുടെ സാമീപ്യം. വരദായിനിയും സർവമംഗല്യകാരിണിയുമായ ദേവിയെ തൊഴുത് പുതിയ വഴികളിലൂടെ ജീവിതയാത്ര തുടരാൻ തയാറെടുക്കുന്നവർക്ക് ഇത് പുണ്യങ്ങളുടെ കാലം. 

തപസ്യയാക്കി അഭ്യസിച്ച കലയുടെ ആദ്യ ചുവടുകളും സ്വരങ്ങളും ദേവിക്കു മുന്നിൽ സമർപ്പിച്ച് ഐശ്വര്യസമൃദ്ധിക്കായി വണങ്ങുന്നവർ. നാവിൽ സ്വർണം കൊണ്ട്ചെറുനോവിനൊപ്പം എഴുതിച്ചേർക്കുന്ന ആദ്യാക്ഷരം എന്നെന്നും കരുത്താകാൻ പ്രാർഥിക്കുന്ന കുരുന്നുകൾ. എല്ലാവരുടേയും യാത്രകൾ അവസാനിക്കുന്ന ഇടം എന്നും കൊല്ലൂർ മൂകാംബികാ ക്ഷേത്രസന്നിധിയാണ്. കാടിന്റെ ഗരിമയ്ക്കുള്ളിൽ നിശ്ശബ്ദതയിലാണ്ടുകിടക്കുന്ന കൊല്ലൂരിന്, നിറദീപക്കാഴ്ചകളുടെ പ്രഭാപൂരമൊരുക്കുകയാണ് നവരാത്രി ഉത്സവം. 

പുണ്യമായി നവരാത്രി

ഹൈന്ദവ വിശ്വാസമനുസരിച്ച് വ്രതങ്ങളിൽ ഏറ്റവും ഉത്തമമെന്നു വിശ്വസിക്കുന്നതിൽ പ്രധാനമാണു നവരാത്രി വ്രതം. ഒരേ വ്രതാനുഷ്ഠാനത്തിൽ മൂന്നു ദേവതകളുടെ അനുഗ്രഹം നേടാനാവുന്നതാണ് കാരണം. അതു കൊണ്ടു തന്നെ ദേവീ ആരാധനയ്ക്ക് സവിശേഷമാണു നവരാത്രിക്കാലം എന്നും കരുതുന്നു.ആശ്വിന മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയാണു നവരാത്രി.

ദശമി നാളിൽ വിജയ ദശമി (വിജയോത്സവം) ആഘോഷിക്കുന്നു. നവരാത്രി ദിനങ്ങളിൽ ആദ്യത്തെ മൂന്നു ദിവസം ദുർഗാപൂജ, തുടർന്നു മൂന്നു ദിവസം ലക്ഷ്മീ പൂജ, അവസാനത്തെ മൂന്നു ദിവസം സരസ്വതി പൂജ എന്നിങ്ങനെയാണു പ്രാധാന്യം കൽപിക്കുന്നത്. 

ആദ്യ മൂന്നു ദിവസത്തെ ദുർഗാപൂജയിലുടെ ദുഷ്ചിന്തകളെ ഇല്ലാതാക്കുകയും തുടർന്ന് ലക്ഷ്മീ പൂജയിലൂടെ സമ്പത്തു കൈവരിക്കുകയും അതു നിലനിർത്താനുള്ള അറിവു നേടാനായി അവസാന ദിവസങ്ങളിൽ ലക്ഷ്മീ പൂജയും എന്നാണു വിശ്വാസം. 

ആദ്യാക്ഷര മധുരം

മഹാരഥോത്സവവും നവരാത്രി ആഘോഷവുമാണ് കൊല്ലൂരിലെ പ്രധാന ഉത്സവങ്ങൾ. എങ്കിലും ഏറ്റവും കൂടുതൽ ഭക്തർ കൊല്ലൂരിലെത്തുന്നത് നവരാത്രി ഉത്സവ കാലത്താണ്. ഒരു ലക്ഷത്തിലേറെ ഭക്തർ നവരാത്രി നാളുകളിൽ കൊല്ലൂരിൽ എത്തുന്നുണ്ട്. ഇതിൽ ഏറെയും മലയാളികളുമാണ്. മൂവായിരത്തോളം കുരുന്നുകളാണ് വിജയദശമി ദിനത്തിൽ മാത്രം ഇവിടെ വിദ്യാരംഭം കുറിക്കാനെത്തുന്നത്.വാഗ്‌ദേവതാ സന്നിധിയിൽ വിദ്യാരംഭം ഒരുക്കലും മുടങ്ങാറില്ല.

മഹാനവമി ദിനത്തിലടക്കം വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. എല്ലാ ദിവസവും രാവിലെ അഞ്ചിനു നട തുറക്കുന്നതോടെ വിദ്യാരംഭവും തുടങ്ങും. ഉച്ചയ്ക്ക് നടയടയ്ക്കുന്നതു വരെ ഇതു തുടരുകയും ചെയ്യും. മുൻപൊക്കെ സരസ്വതീ മണ്ഡപത്തിലാണ് വിദ്യാരംഭ ചടങ്ങ് നടന്നിരുന്നത്. 

എന്നാൽ, ഓരോ വർഷവും വിദ്യാരംഭത്തിനെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ഇപ്പോൾ സരസ്വതീ മണ്ഡപത്തിനു പുറത്തും പലയിടത്തായി വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നുണ്ട്. 

സൗപർണിക, ഒഴുകാനേറെ

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ആദ്യമായെത്തുന്നവർ സൗപർണികയിൽ സ്‌നാനം ചെയ്തു വേണം ക്ഷേത്രത്തിലെത്താൻ എന്നാണു വിശ്വാസം. ക്ഷേത്രം ശാന്തിക്കാരനൊപ്പം അരക്കിലോമീറ്റർ അകലെയുള്ള സൗപർണികയിലെ സ്‌നാനഘട്ടത്തിലെത്തി, ശാന്തിക്കാരൻ ചൊല്ലിത്തരുന്ന മന്ത്രം ഏറ്റു ചൊല്ലിയാണു സ്‌നാനം ചെയ്യേണ്ടത്. 

തുടർന്നു താലത്തിൽ കുങ്കുമം, പൂവ്, പഴം മുതലായവയുമായി ക്ഷേത്രത്തിലെത്തി ഇതു തൃപ്പടിയിൽ വച്ചാണു ദേവിയെ വന്ദിക്കേണ്ടത്.ഇതിനായി സൗപർണികയിൽ സ്‌നാനഘട്ടമൊരുക്കിയിട്ടുണ്ട്. നദിയിൽ വെള്ളം കുറവായാൽ തടയണ കെട്ടി കുളിക്കാനുള്ള വെള്ളം സംഭരിക്കും. 

എന്നാൽ, പുഴ വരളുന്നതോടെ സൗപർണികയിൽ സ്‌നാനം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതോടെ, കുടത്തിൽ വെള്ളം കൊണ്ടു വന്ന് ക്ഷേത്ര നടയിൽ നിന്നു ദേഹത്തൊഴിച്ച് സങ്കൽപ സ്‌നാനം നടത്തുകയാണ് ഇപ്പോൾ ഏറെ പേരും. 

ചരിത്രമായി സലാം മംഗളാരതി

മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുന്ന പുതിയ കാലത്ത് സൗഹാർദത്തിന്റെ മഹനീയ മാതൃകയാണ് അറിവിൻ തിരുവങ്ങായ കൊല്ലൂരിൽ ആയിരക്കണക്കിനു വർഷങ്ങളായി തുടരുന്ന സലാം മംഗളാരതി. ടിപ്പു സുൽത്താൻ ക്ഷേത്രത്തിലെത്തിയതിന്റെ സ്മരണ നിലനിർത്താനാണു സലാം മംഗളാരതി നടത്തുന്നത്.ക്ഷേത്രത്തിലെ പ്രദോഷ പൂജയാണു സലാം മംഗളാരതി എന്ന പേരിൽ അറിയപ്പെടുന്നത്. 

ക്ഷേത്രത്തിലെത്തിയ ടിപ്പു സുൽത്താനെ അന്നു ക്ഷേത്രം നടത്തിപ്പുകാർ രാജകീയ ബഹുമതിയോടെ ആനയിച്ചു കൊണ്ടു വന്നതിന്റെ ഓർമയ്ക്കായാണു പൂജയ്ക്ക് സലാം മംഗളാരതി എന്നു പേരു നൽകിയതെന്നാണു വിശ്വാസം. രാത്രി ഏഴരയോടെയാണ് ഇതു നടക്കുന്നത്. പ്രധാന വ്യക്തികൾ ക്ഷേത്രത്തിലെത്തുമ്പോൾ ജീവനക്കാർ വാദ്യമേളങ്ങളും ദീപശിഖയുമായി ആനയിക്കുന്നതും ഇവരുടെ സാന്നിധ്യത്തിൽ മംഗളാരതി നടത്തുന്നതും പതിവാണ്. 

ഇത്തരത്തിൽ ടിപ്പു സുൽത്താൻ ക്ഷേത്രത്തിൽ എത്തിയപ്പോഴും മംഗളാരതി നടത്തിക്കാണുമെന്നും അതു പിന്നീട് സലാം മംഗളാരതി എന്ന പേരിൽ അറിയപ്പെട്ടതാകാമെന്നുമാണ് ചരിത്രകാരൻമാരുടെ നിഗമനം.ടിപ്പു സുൽത്താൻ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തിയതിന് രേഖപ്പെടുത്തിയ തെളിവുകളൊന്നും ലഭ്യമല്ല. എന്നാൽ, 10 കിലോമീറ്റർ അകലെ ശങ്കരനാരായണ ക്ഷേത്രത്തിൽ ടിപ്പു സന്ദർശിച്ചതു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊട്ടടുത്ത മൂകാംബികാ ക്ഷേത്രത്തിലും അദ്ദേഹം സന്ദർശിച്ചിട്ടുണ്ടാകും എന്നു തന്നെയാണു നിഗമനം. 

പുരാണം, കഥയിങ്ങനെ

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തെക്കുറിച്ചുള്ള പുരാണം ഇപ്രകാരമാണ്. അസുര ചക്രവർത്തിയായ മഹിഷാസുരൻ ത്രിലോകങ്ങളും കീഴടക്കിയപ്പോൾ സ്ഥാനഭ്രഷ്ടരായ ദേവൻമാർ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് പരമശിവനെയും കൂട്ടി പാലാഴിയിലെത്തി ശ്രീ നാരായണനെ അഭയം പ്രാപിച്ചു. ശ്രീ നാരായണൻ അരുളിച്ചെയ്തതു പ്രകാരം, പുരുഷന്മാരാൽ നിഗ്രഹിക്കാനാവാത്ത മഹിഷനെ നിഗ്രഹിക്കാൻ കുടജാദ്രിയിലെത്തി കോലമഹർഷിയെയും കൂട്ടി ആദിപരാശക്തിയെ കണ്ട് അപേക്ഷിച്ചു.

ഇവരുടെ അപേക്ഷ പ്രകാരം ദേവി മഹിഷാസുരനെ വധിച്ച് തേജോരൂപിണിയായി വാനിൽ തിളങ്ങി നിന്നു. ഈ സമയം ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് ഇന്നു കാണുന്ന ക്ഷേത്ര കേന്ദ്രത്തിൽ ജ്യോതിർമയിയായ ശ്രീചക്രം ഉണ്ടാക്കി ഭൂമിയുടെ രക്ഷാർഥം ദേവിയെ പ്രതിഷ്ഠിച്ചെന്നാണു വിശ്വാസം.ദേവലോകം നശിപ്പിക്കാൻ ശക്തിനേടാനായി കംഹാസുരൻ തപസ്സ് ചെയ്യുന്നതിൽ പരിഭ്രാന്തരായ ദേവന്മാർ ദേവിയെ വീണ്ടും അഭയം പ്രാപിച്ചു. തപസ്സിൽ പ്രീതനായി ബ്രഹ്മാവു പ്രത്യക്ഷപ്പെട്ടപ്പോൾ, കംഹാസുരന്റെ നാവിൽ കുടിയേറിയ ദേവി ഇയാളെ മൂകനാക്കിയത്രെ.

മൂകനായ കംഹൻ വരമൊന്നും ചോദിക്കാതെ വന്നപ്പോൾ ബ്രഹ്മാവ് മടങ്ങി. ഇങ്ങനെ കംഹനെ മൂകനാക്കിയതിനാലാണു ദേവിക്കു മൂകാംബിക എന്ന പേരു വന്നതെന്നാണു വിശ്വാസം. കംഹൻ അതിനു ശേഷം മൂകാസുരൻ എന്നും അറിയപ്പെട്ടത്രെ.തപോലക്ഷ്യത്തിനു വിഘ്‌നം നേരിട്ടതോടെ കോപിതനായ മൂകാസുരൻ ദേവലോകം ആക്രമിച്ചു. പിന്നീട് ദേവി, എല്ലാ ശക്തിയുമാർജിച്ച ശരീരം ധരിച്ച് മൂകാസുര നിഗ്രഹം നടത്തുകയായിരുന്നു. തുടർന്ന് ത്രിമൂർത്തികൾ ഈ ഭാവത്തിൽ ദേവിയെ കുടിയിരുത്തുകയും ചെയ്തു.

ഇങ്ങനെ ത്രിമൂർത്തികൾ പ്രതിഷ്ഠിച്ചതാണത്രെ ഇന്നു കാണുന്ന സകല ദേവതാ സ്വരൂപമായ മൂർത്തീ പ്രതിഷ്ഠ.പിന്നീട്, ശ്രീശങ്കരാചാര്യർ ഇവിടെയെത്തി തപസ്സു ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹം കണ്ട സ്വരൂപത്തിൽ ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന നാലു കരങ്ങളോടു കൂടിയ വിഗ്രഹം എന്നാണു വിശ്വാസം. അതിനു മുമ്പ് സ്വയംഭൂ ലിംഗം മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ഇന്നു നിലനിൽക്കുന്ന ആരാധനാ സമ്പ്രദായങ്ങളുമെല്ലാം ശ്രീശങ്കരാചാര്യർ ഉണ്ടാക്കിയതാണത്രെ. 

വരും, വീണ്ടും ഇവിടെ

ദേവീ സന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം എന്ന വിശ്വാസം തെക്കൻ കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രെ. പാതിയിൽ മുടങ്ങിയ, ഇനിയും നടക്കാത്ത കൊല്ലൂർ യാത്രകളുടെ അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്.

ഇഷ്ടദേവതയെ തൊഴുത്, കുടജാദ്രിയുടെ നെറുകയിലേക്കാവും മറ്റു ചില യാത്രകൾ. കൊല്ലൂരും കുടജാദ്രിയും ചിത്രമൂലയും പിന്നിട്ട് അലയൊടുങ്ങിയ മനസ്സുമായി സ്വന്തം ഇടങ്ങളിലേക്ക് മടങ്ങുമ്പോഴേക്കും അടുത്ത വരവിന്റെ തയാറെടുപ്പിലാവും അവർ.  

Your Rating: