Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ ?

lalitha-sahasranama

ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്ര ഗ്രന്ഥമാണ് ലളിതസഹസ്രനാമം.ശ്രീമാതാ എന്ന് തുടങ്ങി ലളിതാംബിക എന്ന നാമത്തിൽ പൂർണമാവുന്നു. ദിവസവും ലളിതസഹസ്രനാമം പാരായണം ചെയ്യുന്നതിലൂടെ കുടുംബൈശ്വര്യം വർദ്ധിക്കുകയും രോഗദുരിതങ്ങൾ അകലുകയും ചെയ്യും.കൂടാതെ ജാതകദോഷം,ഗ്രഹപ്പിഴ എന്നിവയൊന്നും അലട്ടുകയുമില്ല. ഉത്തമസന്താനസൗഭാഗ്യത്തിനും ,സന്താനപുരോഗതിക്കും ,വൈധവ്യദോഷനാശനത്തിനും ,ദീർഘായുസ്സുണ്ടാവാനും ലളിതസഹസ്രനാമജപം ഉത്തമമാണ്.നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം ,ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം .മാതൃരൂപിണിയാണ് ദേവി.മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു.മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു ലളിതസഹസ്രനാമം ചൊല്ലിയാൽ ഫലം ഉറപ്പ്.

ലളിതസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ?രാവിലെ ചൊല്ലാൻ സാധിച്ചില്ല അതിനാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇടക്ക് വച്ച് നിർത്തേണ്ടി വന്നാൽ ദോഷമാകുമോ? ഗുരുമുഖത്തു നിന്നു പഠിക്കാതെ ചൊല്ലാൻ സാധിക്കുമോ? എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ സാധാരണക്കാർക്ക് ഉണ്ടാകാറുണ്ട്. അമ്മയെ സ്നേഹിക്കുന്നതിനു സമയമോ കാലമോ നോക്കേണ്ടതില്ല ,അതുപോലെ ഭഗവതിയെ മാതൃസ്വരൂപമായി കരുതി എപ്പോൾ വേണമെങ്കിലും ധ്യാനിക്കാം. എപ്പോൾ അല്ലെങ്കിൽ എത്ര തവണ ചൊല്ലുന്നു എന്നതിലല്ല, എങ്ങനെ ചൊല്ലുന്നു എന്നതിലാണ് പ്രാധാന്യം. "മരാ മരാ" എന്ന് ചൊല്ലി കാട്ടാളൻ വാല്മീകി മുനിയായതും പിന്നീട് രാമായണം രചിച്ച കഥ ഏവർക്കും അറിവുള്ളതാണല്ലോ ,അതുപോലെ ലളിതസഹസ്രനാമം ജപിക്കുമ്പോൾ അറിയാതെ വരുന്ന അക്ഷരതെറ്റുകൾ ഭക്തിയുടെ മുന്നിൽ നിർവീര്യമാകും.നിത്യവും ജപിച്ചാൽ മനസ്സ് ശാന്തമാവുകയും ഏതു പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും .അർത്ഥം അറിഞ്ഞു ജപിക്കുന്നത്‌ ഇരട്ടി ഫലം നൽകുമത്രേ. ജീവിത തിരക്കിനിടയിൽ അരമണിക്കൂർ ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.ദേവീകടാക്ഷവും ഭാഗ്യവും ഉണ്ടെങ്കിൽ മാത്രമേ നിത്യവും ലളിതസഹസ്രനാമ പരായണം സാധ്യമാകൂ.

ശരീരശുദ്ധിയോടെ നിലവിളക്ക്കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം.രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്.മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിർത്താൻ ശ്രദ്ധിക്കണം .നാമം ചൊല്ലുന്നതിനു മുന്നിലായി ഭഗവതിയുടെ ഫോട്ടോ,കുങ്കുമം,ഏതെങ്കിലും പുഷ്പം എന്നിവ വയ്ക്കുക.ശ്രദ്ധ പതറാതിരിക്കാനും,ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു നിൽക്കാനും ഇതുമൂലം സാധിക്കും.നാമപാരായണ ശേഷം ഭഗവതിക്ക് മുന്നിൽ നമസ്ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സിൽ ചൂടുന്നതും ഉത്തമം . മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പുഷ്പമായി ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും നന്ന്.നിത്യവും ചൊല്ലാൻ സാധിക്കാത്ത പക്ഷം പൗർണ്ണമി,അമാവാസി,വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ചൊല്ലാൻ ശ്രമിക്കുക.

ലളിതാസഹസ്രനാമ ധ്യാനം

ഓം

സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം

മാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീ-

മാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂർണ്ണരത്നചഷകം

രക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം

ധ്യായേത് പരാമംബികാം.

∙∙∙

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം

പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത്

ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം സതതമഭയദാം

ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം

സർവ്വസമ്പത്പ്രദാത്രീം.

∙∙∙

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

∙∙∙

അരുണാം കരുണാതരംഗിതാക്ഷീം

ധൃതപാശാങ്കുശപുഷ്പബാണചാപാം

അണിമാദിഭിരാവൃതാം മയൂഖൈ-

രഹമിത്യേവ വിഭാവയേ ഭവാനീം!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.