Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഃഖമില്ലാതെ ജീവിക്കാൻ എന്തുചെയ്യണം?

Astrology

ദത്താത്രേയമഹർഷി തന്റെ ഗുരുക്കന്മാരെക്കുറിച്ചു പറയുന്നതാണ് ഈ ലേഖനത്തിനാസ്പദം. ഭാഗവതത്തിലാണ് ഈ വിവരണമുള്ളത്. യദു രാജാവിന്റെ ചോദ്യത്തിനു മറുപടിയായാണ് ഇതു പറയുന്നത്. സാധാരണ മനുഷ്യർ ആയുസ്സ്, യശസ്സ്, സമ്പത്ത്, സൗന്ദര്യം, ധനം, അധികാരം തുടങ്ങിയവയ്ക്കായി ജീവിതം ചെലവഴിക്കുമ്പോൾ, സമീപത്തുള്ള കാടിനു തീ പിടിച്ചാലും ഗംഗാജലം ചൂടാകാതെ ഒഴുകിക്കൊണ്ടിരിക്കുന്നതു പോലെ, അല്ലയോ ദത്താത്രേയമഹർഷേ, അങ്ങ് യാതൊരു ദുഃഖസ്പർശവുമില്ലാതെ ജീവിക്കുന്നത് എങ്ങനെ? 

അപ്പോൾ ദത്താത്രേയൻ പറഞ്ഞു: ഈ പ്രകൃതിയിലാണ് എന്റെ ശരിയായ ഗുരുക്കന്മാർ ഉള്ളത്. അവരാണ് എന്നെ ജീവിതം പഠിപ്പിച്ചത്. ഭൂമി, വായു, ആകാശം, ജലം, അഗ്നി, ചന്ദ്രൻ, സൂര്യൻ, മാടപ്പിറാവ്, പെരുമ്പാമ്പ്, സമുദ്രം, പക്ഷി, തേനീച്ച, ആന, തേൻ എടുക്കുന്നവൻ, മാൻ, മത്സ്യം, പിംഗള എന്ന വേശ്യ, കുരീൽ പക്ഷി, ബാലകന്‍, കുമാരി, അമ്പ് ഉണ്ടാക്കുന്നവൻ, സർപ്പം, എട്ടുകാലി, വേട്ടാളപ്പുഴു എന്നിവരെല്ലാം പ്രകൃതിയിലെ ഗുരുക്കന്മാരാണ്.

ഭൂമിയിൽനിന്നു പഠിച്ചത് ക്ഷമയും ധൈര്യവും. വായുവിന് എല്ലായിടവും ഒരുപോലെ; എവിടെയും പോകാം, എന്നാൽ ഒരിടവുമായും സ്ഥിരബന്ധമില്ല. ജലം സ്വച്ഛതയും മൃദുലതയും ശുദ്ധീകരണത്തിന്റെ മഹത്വവും പഠിപ്പിച്ചു. അഗ്നിയിൽനിന്നു തേജസ്സും ജ്യോതിസ്സും എന്താണെന്നു പഠിച്ചു. വൃദ്ധിക്ഷയം ശ്രദ്ധിക്കാതെ മുന്നോട്ടു പോകണമെന്നാണ് ചന്ദ്രനിൽനിന്നു പഠിച്ചത്. ലഭിക്കുന്നതിനെ ആഹാരമാക്കുന്നതാണ് പെരുമ്പാമ്പ്. സമുദ്രത്തിൽനിന്നു പഠിച്ചത് ഗാംഭീര്യവും പ്രസന്നതയുമാണ്.

ഈയാംപാറ്റയിൽനിന്നു പഠിച്ചത് ദ്രവ്യത്തിൽ മോഹിച്ചാൽ അതിലൂടെ നാശം വരുമെന്നാണ്. വണ്ടിൽനിന്നു പഠിച്ചത് അവനവന്റെ ദേഹം നിലനിൽക്കാനാവശ്യമായതു മാത്രം സ്വീകരിക്കുക, അതുപോലും സ്ഥിരമായി ഒന്നിനോടും ആസക്തി തോന്നിയാകരുത്. തേനീച്ചയിൽനിന്നു പഠിച്ചത് തൽക്കാലത്തെ കാര്യത്തിനല്ലാതെ എക്കാലത്തേക്കും വേണ്ടി ഒന്നും ശേഖരിക്കരുത്, എന്തെങ്കിലും തന്നിലൂടെ ഉണ്ടായാൽ അതു മറ്റുള്ളവർക്കു മധുരതരമായി പ്രയോജനപ്പെടുത്തണം. ആനയില്‍നിന്നു പഠിച്ചത് പിടിയാനയിൽ കമ്പം വന്ന കൊമ്പനാനയെ മറ്റാനകൾ ഉപദ്രവിച്ചു കീഴ്പ്പെടുത്തും. അതുപോലെ സ്ത്രീബന്ധം പല ആപത്തുകളും ഉണ്ടാക്കും. തേനെടുക്കുന്നവരിൽനിന്നു പഠിച്ചത് തേനീച്ച സൂക്ഷിച്ച തേൻ തേനെടുക്കുന്നവൻ അപഹരിക്കുന്നതുപോലെ, ഒരാൾ സൂക്ഷിച്ചു വയ്ക്കുന്ന സ്വത്ത് മറ്റാരെങ്കിലും കൈവശപ്പെടുത്തും. അവനവനു പ്രത്യക്ഷത്തിൽ ഗുണമില്ലതാനും. മനസ്സിനെ വശീകരിക്കുന്നതിൽ ശ്രദ്ധിക്കരുത്. മാൻ അപകടത്തിൽപെടുന്നത് മനസ്സിനു ഹരം തോന്നുന്നിടത്തു പോകുമ്പോഴാണ്. മത്സ്യത്തിൽനിന്നു പഠിച്ചത് ചൂണ്ടയിലെ ആഹാരപദാര്‍ഥത്തിനോടുള്ള കൊതി ജീവഹാനി പോലും വരുത്തും. മനസ്സിന്റെ കൊതി നിയന്ത്രിച്ചില്ലെങ്കിൽ താനറിയാതെ ആപത്തിൽപെടും.

പിംഗള എന്ന വേശ്യയിൽനിന്നു പഠിച്ചത് ഇതാണ്: മനുഷ്യൻ ആശയാകുന്ന കഴുമരത്തിൽ തൂങ്ങിക്കിടക്കുകയാണ്. ഇതിനു കാരണം ശരീരത്തോടുള്ള അമിത താൽപര്യമാണ്. പിംഗളയ്ക്ക് ശരീരത്തോടുള്ള താൽപര്യം മാറി ചിത്തം വൈരാഗ്യത്തിൽ ഉറച്ച് മുക്തി നേടിയതു പോലെ ബുദ്ധിമാൻ മമതയിൽനിന്നു മാറി മനസ്സിനെ വൈരാഗ്യത്തിൽ ഉറപ്പിക്കണം. എന്നാലേ ഈശ്വരപ്രാപ്തി ഉണ്ടാകൂ.

പ്രകൃതിയിലെ ഈ ഗുരുക്കന്മാരിൽനിന്നു ലഭിച്ച ഗുണപാഠമാണത്രേ സുഖദുഃഖങ്ങൾക്കതീതനായി ജീവിക്കാൻ ദത്താത്രേയമഹർഷിയെ പ്രാപ്തനാക്കിയത്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.