Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണപതിയും മഹാഭാരതവും

ഗണപതി ഗണപതി

എല്ലാ വേദങ്ങളുടെയും ഉടമസ്ഥൻ ബ്രഹ്മാവാണ്. ബ്രഹ്മാവിന്റേതല്ലാത്ത ഒരു രചനയും ലോകത്ത് ഇല്ല. ബ്രഹ്മാവ് വ്യാസനോടു മഹാഭാരതമെഴുതാൻ അപേക്ഷിച്ചു. ഒാലയിൽ കുത്തിക്കുറിക്കുകയെന്നത് എളുപ്പമല്ല. ഇൗ പ്രയാസം മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവ് പറഞ്ഞു, ചൊല്ലിക്കൊടുത്താൽ എഴുതാൻ കഴിവുള്ള ഒരു മിടുക്കനെ തരാം എന്ന്. വ്യാസനു സന്തോഷമായി. പിറ്റേദിവസം പ്രഭാതത്തിൽ ഒരു പയ്യൻ വന്നു വാതിലിൽ തട്ടി. പയ്യനെ കണ്ട മാത്രയിൽ വ്യാസനു സന്തോഷമായി. ആനയുടെ മുഖവും കുടവയറുമുണ്ട്. വന്നിരിക്കുന്നത് എലിയുടെ പുറത്തും. അപ്പോൾ പയ്യൻ ചില്ലറക്കാരനല്ല . അതും ബ്രഹ്മാവ് പറഞ്ഞുവിട്ടയാൾ. ഗണപതിയുടെ അനുഗ്രഹമില്ലാതെ ഭാവിയിൽ ഒന്നും നടക്കില്ല. മനുഷ്യന്റെ മൂലാധാരത്തിൽ കുടികൊള്ളുന്ന അനശ്വരശക്തിയാണിത്. ഇൗ ശക്തി വിശേഷം ഉണരാതെ ഒരാൾക്കും ചലിക്കാനാവില്ല. മൊട്ടുസൂചിയും മരത്തടിയും ഒരുപോലെ കാണുന്നയാളാണു മഹാഗണപതി. ആത്മജ്ഞാനമാണു വയറിനകത്ത്. ചപലമോഹങ്ങളെ കീഴടക്കിയവനാണ്. മനസ്സിനെ കരണ്ടുതിന്നുന്ന വികാരങ്ങളെയാണ് എലി പ്രതിനിധീകരിക്കുന്നത്. അത്യന്തം സൂഷ്മമായ രീതിയിലാണ് എലി കരണ്ടുതിന്നുക.

വേദവ്യാസൻ ഗണപതിയോടു ചോദിച്ചു എഴുതാൻ തയ്യാറായാണോ വന്നത് ?‍ അതേ, ഒരു വ്യവസ്ഥയുണ്ട്, എഴുതിക്കൊണ്ടേയിരിക്കും, നിർത്താതെ തുടർച്ചയായി നദിയുടെ ഒഴുക്കുമാതിരി പറഞ്ഞുകൊണ്ടേയിരിക്കണം. ‌‌ ഗണപതി നിസ്സാരക്കാരനല്ലന്നു വ്യാസനു മനസ്സിലായി. രണ്ടു കൊമ്പുകളിൽ ഒന്ന് മുറിഞ്ഞിരിക്കുന്നു. മുറിഞ്ഞ കൊമ്പുകൊണ്ടാണ് എഴുതി എടുക്കുന്നത്. ദ്വൈതമാണ് രണ്ടു കൊമ്പുകൾ .ഒന്ന് മുറിഞ്ഞ സ്ഥിതിയ്ക്ക് അദ്വൈതഭാവത്തിലാണു തയാറെടുപ്പ്. വ്യാസൻ ചോദിച്ചു: അർഥം മനസ്സിലാക്കിയേ എഴുതാവൂ, സമ്മതിച്ചോ? ഗണപതി പറഞ്ഞു: സമ്മതിച്ചു. അങ്ങനെ മഹാഭാരതം എഴുതിത്തീർത്തു.

ഏതു ഭാവത്തിലെ ഗണപതിയെയാണു വീട്ടിൽ പ്രാർഥിക്കേണ്ടത്?

പ്രസന്നഭാവത്തിലുള്ളതിനെയാണു പ്രാർഥിക്കേണ്ടത്.

ഗണപതി മോദകപ്രിയനായതെങ്ങനെ?

മോദകം എന്നാൽ മോദിപ്പിക്കുന്നത്, സന്തോഷിപ്പിക്കുന്നത് എന്നർഥം, ആത്മബോധത്തിന്, സത് ചിന്ത, ആനന്ദം (സത്തും, ചിത്തും, ആനന്ദവും) എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ഗണപതിയുടെ ഭാര്യമാരുടെ പേര്?

സിദ്ധിയും ബുദ്ധിയുമാണു ഭാര്യമാർ. ഇവരെ ഗണതി മടിയിൽ വച്ചിട്ടുള്ള പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളുണ്ട്. പക്ഷേ മനുഷ്യനിൽ തന്നെയുള്ള രണ്ടു വാസനകളാണിവ.

പട്ടാളക്കാർ ഗണപതിയെത്തന്നെ പൂജിക്കുന്നതെന്തുകൊണ്ട്?

ഏതുകാര്യം തുടങ്ങുമ്പോഴും ഗണപതിയെ പൂജിക്കുകയാണ് പതിവ്, പട്ടാളക്കാർ തന്റെ കർമം ഭംഗിയായി നിർവഹിക്കാനും ശരീരനാശം വരാതിരിക്കാനും പ്രാർഥിക്കുന്നു.

ജ്യോതിഷത്തിൽ ഗണേശന്റ സ്ഥാനം എന്താണ് ?

നവഗ്രഹ ശാസ്ത്രഞ്ജന്‍മാര്‍ കവടി വയ്ക്കും മുന്‍പ് ഗുരുനാഥൻ മഹഗണപതി, വേദവ്യാസൻ, ദക്ഷിണമൂർത്തി, വാക്ദേവതയായ സരസ്വതി, നവഗ്രഹങ്ങൾ, ഇഷ്ടദേവത, ഉപാസനാമൂർത്തി, മരിച്ചുപോയ യോഗീശ്വരൻ, മന്ത്രമൂർത്തി എന്നിവരെ പൂജിക്കുകയും തന്നെ കാണാൻ വരുന്ന അമൃത സ്വരൂപികളായ ആത്മാക്കളോട് താൻ പറയുന്ന വാണികൾ തെറ്റാതെ ശരിയാക്കി തരണമേയെന്നു പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. ഇവരെ പ്രതിനിധീകരിച്ച് പ്രത്യേക വലുപ്പമുള്ള കവടികൾ വയ്ക്കുകയും പതിവാണ്.

ഗണപതിയുെട വാഹനം?‍‍‌

എലിയാണു ഗണപതിയുടെ വാഹനം എങ്കിലും വക്രതുണ്ഡഭാവത്തിൽ സിംഹമാണു വാഹനം. വികടഭാവത്തിൽ മയിലും വിഘ്നരാജ ഭാവത്തിൽ സർപ്പവും ആണ്. ഭഗവാൻ ശ്രീകൃഷണൻ വിനായകചതുർഥി ദിവസം ചന്ദ്രനെ കണ്ടതുകൊണ്ടാണ് സ്യമന്തകമണിയുടെ അപവാദത്തിൽ പെട്ടെന്നും കഥയുണ്ട്. പാർവതീദേവിയും ധർമപുത്രനും നളനും രുക്മിണീ ദേവിയും ശ്രീകൃഷണനും ഹനുമാനും ഹരിശ്ചന്ദ്രന്‍ മുതലായ ഒട്ടേറെ പ്രധാനാത്മാക്കളും വിനായകചതുർഥി അനുഷ്ഠിച്ചതായി പറയുന്നു. ‌‌ ഗണപതി എന്ന പേരു വരാൻ കാരണം?

ഭൂമിയും ജലവും വായുവും അഗ്നിയും ആകാശവും ചേർന്ന പഞ്ചഭൂതങ്ങളാണു മനുഷ്യശരീരം. ഇവയെ ഗണം എന്നും പറയും. ഇൗ ഗണങ്ങളുടെ നാഥനായതുകൊണ്ട് ഗണപതിയെന്നും ഗണേശനെന്നും പേരുണ്ടായത്. വാക്കുകളാകുന്ന ഗണത്തിന്റെ അധിപതിയായതിനാലും ഗണപതി എന്ന പറയുന്നു. സർ‌വ വിഘ്നങ്ങളെയും നശിപ്പിക്കുന്നതിനാൽ വിഘ്നേശ്വരനെന്നു പറയുന്നു. ആനയുടെ മുഖമുള്ളതോടു കൂടിയവനായതിനാൽ ഗജാനനൻ. വലിയ ഉദരത്തോടു കൂടിയവനായതിനാൽ ലംബോദരൻ. വിശിഷ്ടനായ നായകനായതിനാൽ വിനായകൻ. എപ്പോഴും ശിവസന്നിധിയിൽ കുടികൊള്ളുന്നതിനാൽ ഹേരംബനെന്നും വിളിക്കുന്നു. പ്രാണമായ കോശങ്ങളുമായി ചേർന്നു ജീവനായിത്തീരുന്നതും പഞ്ചഭൂതങ്ങളുടെ കൂട്ടായ്മയെയാണ് ഗണം എന്നു പറയുന്നത്. പഞ്ചഭൂതങ്ങളിൽ പ്രാധാനി അഗ്നിയാണ്. ജീവന്റെ അഗ്നി നഷ്ടപ്പെട്ടാൽ ശരീരം മൃതമാകും. തണുക്കും. ജീവന്റെ തുടിപ്പ് നിലനിർത്തുന്ന ആഗ്നേയതത്വം കൂടിയാണു ഗണപതി. സർവവും ഭക്ഷിച്ചാലും വിശപ്പു മാറാത്തവനെന്ന വിശേഷവുമുണ്ട്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.