Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണം നക്ഷത്രവും ദേവത വിഷ്ണുവും

Lord Vishnu

പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവും രക്ഷിക്കുന്നത് വിഷ്ണുവും സംഹരിക്കുന്നത് പരമശിവനുമാണെന്ന് പുരാണങ്ങൾ പറയുന്നു. സൃഷ്ടി സ്ഥിതി സംഹാര മൂർത്തികളിലെ വിഷ്ണുവാണ് തിരുവോണം നക്ഷത്രത്തിന്റെ ദേവത . വിഷ്ണുവിന്റെ നക്ഷത്രം തിരുവോണമാണെന്നും പറയപ്പെടുന്നു. എല്ലാ പുരാണങ്ങളിലെയും പ്രധാന കഥാപാത്രങ്ങളിലൊന്ന് എപ്പോഴും വിഷ്ണുവായിരിക്കും. അതിനാൽ വിഷ്ണുവിന്റെ കഥകൾ മുഴുവൻ പ്രതിപാദിക്കുക എളുപ്പമല്ല. തിരുവോണവുമായി ബന്ധപ്പെടുന്ന വാമനന്റെ കഥ എത്രമാത്രം ഈ നാളുകാരുമായി ബന്ധപ്പെടുമെന്ന് പരിശോധിക്കാം.

വിഷ്ണു എന്ന പദത്തിന് എല്ലായിടവും നിറഞ്ഞവൻ എന്നാണ് അർഥം. ഋഗ്വേദത്തിലെ പരാമർശം ഇങ്ങനെ: മഹാപ്രളയത്തിൽ സർവതും നശിച്ച ശേഷം നൂറ്റയിരുപത് ബ്രഹ്മവർഷക്കാലം പ്രപഞ്ചം ശൂന്യമായി അവശേഷിക്കാം. ആ മഹാശൂന്യതയ്ക്കൊടുവിൽ വിസ്തൃതമായ ജലപ്പരപ്പിൽ മഹാവിഷ്ണു ഒരു പേരാലിന്റെ ഇലയിൽ പള്ളി കൊള്ളുന്നതായി കാണപ്പെടുമെന്നും അങ്ങനെയാണ് അടുത്ത മഹായുഗം ആരംഭിക്കുന്നതെന്നും കരുതുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്നും സൃഷ്ടി നാഥനായ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭൂമധ്യത്തിൽ നിന്നും സംഹാര നാഥനായ ശിവനുമുണ്ടായി. പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി വിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ വിഷ്ണുവിന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും വിഷ്ണുവിന്റെ പൂർണാവതാരമാണ്.

തിരുവോണം മുഴക്കാലുപോലെ എന്നാണു പാനയിയിൽ പറയുന്നത്. മഹാബലിയിൽ നിന്നു സ്വർഗവും ഭൂമിയും അളെന്നെടുത്ത വാമനന്റെ കാൽപാടുകളാണ് തിരുവോണ നക്ഷത്രമെന്നും വിശ്വസിക്കപ്പെടുന്നു. കശ്യപ പ്രജാപതിക്ക് അദിതി എന്ന ഭാര്യയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ മഹാബലി തുടങ്ങിയ ദൈത്യൻമാരും ജനിച്ചു.

ബúദ്ധവൈരികളായ ദൈത്യന്മാർ ദേവകളെ ദ്രോഹിച്ചുകൊണ്ടിരുന്നു. മക്കളുടെ ദയനീയാവസ്ഥ കണ്ട ദേവമാതാവ് അദിതി ഭർത്താവിന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി പയോവ്രതം അനുഷ്ഠിച്ചു. വ്രതാവസാനത്തിൽ മഹാവിഷ്ണു പ്രത്യക്ഷനായി ‘‘ ഭവതിയുടെ ഗർഭത്തിൽ പ്രവേശിച്ച് പുത്രനായി പിറന്ന് ദേവകളെ രക്ഷിച്ചു കൊള്ളാം.’’ എന്ന് അരുൾ ചെയ്തു. അതുപ്രകാരം അദിതി ഗർഭിണിയായി, ഭാദ്രപദമാസത്തിൽ തിരുവോണം നക്ഷത്രദിവസം വാമനൻ ജനിച്ചു. ജനന സമയത്ത് ചതുർബാഹുവായിരുന്ന ശിശു മാതാപിതാക്കൾ നോക്കിനിൽക്കേ തന്നെ അവസ്ഥാന്തരത്തെ പ്രാപിച്ച് വാമനനായ ഒരു വടു മാത്രമായി അവശേഷിച്ചു. ശിശുവിന് ദേവകൾ സമ്മാനങ്ങൾ നൽകി.. സൂര്യൻ സാവിത്രിമന്ത്രത്തെ ഉപദേശിച്ചു. ബൃഹസ്പതി ഉപവീതം സമർപ്പിച്ചു. കശ്യപൻ അരഞ്ഞാണം നൽകി. ഭൂമി കൃഷ്ണാജിനത്തെ, വനസ്പതിയായ സോമൻ ദണ്ഡത്തെ, അദിതി കൗപീനത്തെ, ആകാശം ഛത്രത്തെ, സപ്തർഷികൾ കുശപ്പുല്ലിനെ, ബ്രഹ്മാവ് കമണ്ഡലവും, സരസ്വതി അക്ഷമാലയും, കുബേരൻ പാത്രികയെയും വാമനനു സമ്മാനിച്ചു.

ശക്തിമാനായ മഹാബലി അന്ന് സ്വർഗം, ഭൂമി, പാതാളങ്ങൾ കയ്യടക്കി ഭരിച്ചുകൊണ്ടിരുന്നു. ബലി ഒരു അശ്വമേധം നടത്തിയശേഷം അതിന്റെ പരിസമാപ്തിയുടെ ഭാഗമായി ഒരു മഹായാഗത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഛത്രം, ദണ്ഡം, കമണ്ഡലു എന്നിവ ധരിച്ച് തേജോരൂപിയായ വാമനൻ യാഗസ്ഥലത്തേക്കു കടന്നുവരുന്നത്. മഹാബലി വാമനനെ ബഹുമാനപുരസ്സരം സ്വാഗതം ചെയ്ത് എന്തു ദാനമാണ് വേണ്ടതെന്ന് ചോദിച്ചു. ഞാൻ എന്റെ കാലു കൊണ്ട് അളന്ന് കാണിക്കുന്ന മൂന്ന് ചുവട് ഭൂമിയെ അങ്ങ് എനിക്കായി ദാനം ചെയ്യുക. അസുരഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശം അവഗണിച്ച് സത്യത്തിൽ നിന്നു വ്യതിചലിക്കാതെ മഹാബലി അത് സമ്മതിച്ചു. വാമനന്റെ രൂപം വളർന്ന് വലുതായി.

മഹാബലിയുടെ സർവാധികാരസീമയായ ഭൂമിയെ ഒരു പാദം കൊണ്ട് ചവിട്ടി, ആകാശത്തെ ശരീരം കൊണ്ട് നിറച്ച് ദിക്കുകളെ കൈകൾ കൊണ്ട് അളന്ന് നിന്നു. രണ്ടാമത്തെ അടി മഹിർലോകം, തപോലോകം എന്നിവയിൽ സമൃദ്ധമായ സ്വർഗലോകത്തെ അതിക്രമിച്ചു നിന്നു. മൂന്നാമത്തെ അടിക്കായി മഹാബലി സ്വന്തം ശിരസ്സു കാണിച്ചു. വാമനൻ തന്റെ പാദത്തെ മഹാബലിയുടെ ശിരസിൽ വച്ച് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. ആ ദിവസം തിരുവോണം നാളായിരുന്നുവെന്നും എല്ലാ വർഷവും ആ ദിവസം മഹാബലിക്കു ഭൂമിയിൽ വന്ന് പ്രജകളെ കാണാമെന്ന ഒരു വരവും നൽകിയെന്ന് വാമൊഴികളിലൂടെ വിശ്വസിക്കപ്പെടുന്നു.

വാമനൻ എന്നാൽ വിഷ്ണുവാണ്. അതിനാൽ വിഷ്ണുവിന്റെ നക്ഷത്രം തിരുവോണമാകുന്നു. വർഷം തോറും ഹിന്ദുക്കൾ പിതൃക്കൾക്ക് വേണ്ടി കർക്കടക മാസത്തിൽ വാവ് ദിവസം ബലിയിടാറുണ്ട്. കർക്കടകം മാസത്തിൽ ബലിയിടാൻ കഴിയാത്തവർക്കും വേണ്ടപ്പെട്ടവരുടെ മരിച്ച ദിവസത്തെ നക്ഷത്രം അറിയാത്തവർക്കും പിതൃക്കളുടെ നാഥനായ വിഷ്ണുവിന്റെ നാളായ തിരുവോണദിവസം ബലി അർപ്പിക്കാമെന്ന് പറയപ്പെടുന്നു.

ദേവഗണത്തിൽപ്പെടുന്ന പുരുഷ നക്ഷത്രമായ തിരുവോണത്തിന്റെ മൃഗം വാനരനാകുന്നു. ഭക്തിയുടെയും അന്തസ്സിന്റെയും ധൈര്യത്തിന്റെയും സാഹസികതയുടെയും പ്രതീകങ്ങളായ വാനരശ്രേഷ്ഠൻമാരായ ഹനുമാൻ, ജാംബവൻ തുടങ്ങിയവർ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ കഥയുമായി ബന്ധപ്പെട്ടവരാണ്. ആചാര്യൻ ഈ നാളുകാർക്ക് നൽകിയ പക്ഷിയാണ് സാധുവും മനുഷ്യന്റെ പ്രകൃതി സുഹൃത്തുമായ കോഴി. തിരുവോണം നാളുകാർ അതുകൊണ്ടുതന്നെ സൗമ്യതയുടെ പ്രതീകങ്ങളാണ് എന്നു പറയാം. കൂടാതെ പക്ഷിമൃഗാദികളെ സ്നേഹിക്കുന്നവരും.

തിരുവോണം ഊൺ നക്ഷത്രമായതിനാൽ ശുഭകാര്യങ്ങൾ തുടങ്ങുന്നതിനായി മുഹൂർത്ത വിഷയങ്ങളിൽ പരിഗണിക്കപ്പെടുന്ന നാളാണ് ഇത്. തിരുവോണത്തിന്റെ രാശിനാഥൻ ശനിയും നക്ഷത്രനാഥൻ സൗന്ദര്യം, ജലം, മനസ്, ദേഹം തുടങ്ങിയവയുടെ കാരകനായ ചന്ദ്രനുമാകുന്നു. ശനി പാരമ്പര്യത്തെയും രോഗങ്ങളെയും സ്ഥിരതയെയും കഠിനമായ അധ്വാനത്തെയും ആത്മീയത്തെയും പ്രകൃതിസ്നേഹത്തെയും സൂചിപ്പിക്കുന്നു.

മഹാബലി, വിഷ്ണു, വാമനൻ, വാനരൻ, ചന്ദ്രൻ, മനസ് എന്നിവയെല്ലാം കൂട്ടി ഇവരുടെ സ്വഭാവം ഒന്നു ചിന്തിച്ചു നോക്കൂ. വിഷ്ണുവിന്റെ കുലീനതയും അന്യരെ ഉപദേശിക്കലും മഹാബലിയുടെ ദാനശീലവും സത്യസന്ധതയും അച്ചടക്കവും ന്യായമായ പ്രവർത്തനങ്ങളും ശനിയുടെ നിരന്തര പ്രയത്നശീലവും ആചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വാസവും പിശുക്കും ചന്ദ്രന്റെ മനസ്സും നല്ല സംഭാഷണവും ഇവരുടെ പ്രത്യേകതകളാണ്. പലപ്പോഴും യാദൃച്ഛിക സംഭവങ്ങളിൽ കൂടി ഇവർക്ക് പുരോഗതിയുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ശനിയുടെ സ്വാധീനത്താൽ പ്രതിസന്ധികളെ അതിജീവിച്ച് ഇവർ മുന്നേറുന്നവരാണ് എന്നു മാത്രമല്ല നല്ല നാളേക്കു വേണ്ടി കാത്തിരിക്കാനും തയാറുള്ളവരാണ്.

തിരുവോണം നക്ഷത്രത്തിന്റെ പ്രത്യേകതകൾ: ഗണം— ദേവഗണം യോനി— പുരുഷൻ ഭൂതം— വായു മൃഗം— വാനരൻ പക്ഷി— കോഴി വൃക്ഷം— എരുക്ക് രജ്ജു— കണ്ഠം അക്ഷരം— ‘ എ’ മന്ത്രം— ‘ വാ’

ഈ നാളുകാർ ശുഭഫലപ്രാപ്തിക്കായി പതിവായി ചന്ദ്രനെയും ശാസ്താവിനെയും ഭജനം നടത്തുന്നത് ഉത്തമമായിരിക്കും. തിങ്കളാഴ്ചയും തിരുവോണം നക്ഷത്രവും അഥവാ പൗർണമിയും തിരുവോണവും ചേർന്നു വരുന്ന ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ വ്രതം, മറ്റു ദോഷ പരിഹാരകർമങ്ങൾ തുടങ്ങിയവ അനുഷ്ഠിക്കുന്നതു നന്ന്. പൗർണമിയിൽ ദുർഗാദേവി ക്ഷേത്രദർശനവും അമാവാസിയിൽ ഭദ്രകാളി ക്ഷേത്രദർശനവും നടത്തുന്നതു ശുഭഫലപ്രാപ്തിക്ക് ഉത്തമമാണ്.

ലേഖകൻ ശിവറാം ബാബു കുമാർ പ്രശാന്തി, പേരൂർക്കട, തിരുവനന്തപുരം ഫോൺ: 0471 2430207, 9847187116 ഇമെയിൽ:sivarambabu@hotmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.