Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യലബ്ധിക്ക് ഓരോ ദിവസവും ധരിക്കേണ്ട നിറങ്ങൾ

astro-colour

നിറങ്ങൾക്ക് നമ്മുടെ മനോഭാവത്തെ സ്വാധീനിക്കാൻ കഴിയും. ആഴ്ചയിലെ ഓരോ ദിവസവും നവഗ്രഹങ്ങളിലെ ആദ്യ ഏഴു സ്ഥിരഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. ഓരോ ദിനത്തിലും അതാത് ഗ്രഹത്തെ സ്വാധീനിക്കുന്ന നിറങ്ങൾ ധരിക്കുന്നതിലൂടെ ഭാഗ്യലബ്ധിയും ജീവിതപുരോഗതിയും ഉണ്ടാവും. കൂടാതെ ഓരോ ദിവസത്തിന്റെയും  ഗ്രഹാധിപന്മാരുടെ സ്തോത്രം ഭക്തിയോടെ ജപിക്കുന്നത് ഇരട്ടി ഫലം നൽകുമത്രേ.

ഞായർ

ഞായറിന്റെ അധിപൻ ആദിത്യനാണ്. അതിനാൽ അഗ്നിജ്വാലയുടെ നിറമായ ഓറഞ്ചു നിറത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് സൂര്യദേവനെ സ്മരിക്കുന്നത് ഉദ്ദിഷ്ടകാര്യലബ്ധിക്ക് ഉത്തമമാണ്.

∙സൂര്യസ്തോത്രം

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

തിങ്കൾ 

ചന്ദ്രാധിപത്യമുളള ദിനമാണ് തിങ്കൾ. ഒരു വ്യക്തിയുടെ മനസ്സിന്റെ ബലം പറയുന്നത് ജാതകത്തിലെ ചന്ദ്രന്റെ പക്ഷബലം അനുസരിച്ചാണ്. മനോവിചാരങ്ങളെ നിയന്ത്രിക്കുന്നത് ചന്ദ്രനാണെന്നാണ് വിശ്വാസം. വെളുപ്പ്, ചന്ദന നിറങ്ങളിലുളള വസ്ത്രം, ഡയമണ്ട്, പേൾ തുടങ്ങി വെളളനിറത്തിലുളള ആഭരണങ്ങൾ എന്നിവ ധരിക്കുന്നതും വെളുത്ത പുഷ്പങ്ങൾ (മന്ദാരം, നന്ത്യാർവട്ടം, മുല്ല) ചൂടുന്നതും ഉത്തമം.

∙ചന്ദ്രസ്തോത്രം

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ 

ചൊവ്വയുടെ അധിപൻ‌ കുജനാണ്. മനുഷ്യന്റെ ബലവും ശരീരശക്തിയും സൂചിപ്പിക്കുന്നത് കുജനാണ്. അതിനാൽ കുജപ്രീതിക്കായി ചുവപ്പ് നിറത്തിലുളള വസ്ത്രങ്ങളും പവിഴം, റൂബി എന്നിവ കൊണ്ടുളള ആഭരണങ്ങളും ധരിക്കാം. ഒരു വ്യക്തിയുടെ ജാതകത്തിൽ കുജൻ അനിഷ്ടസ്ഥിതിയിലാണെങ്കിൽ ബന്ധുക്കളുമായി കലഹം, ശത്രുദോഷം, അപകടസാധ്യത, രോഗപീഢ ഇവയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ചുവപ്പ് നിറമുളള വസ്ത്രം ധരിച്ച് സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കണം.

∙കുജസ്തോത്രം

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം  തം മംഗളം പ്രണമാമ്യഹം

ബുധൻ 

ഒരു വ്യക്തിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ബുധനാണ് ബുധനാഴ്ചയുടെ അധിപൻ. ബുധപ്രീതിക്കായി പച്ച നിറമുളള വസ്ത്രവും മരതകം, പെരിഡോട്ട് പോലുളള കല്ലുകളും ധരിക്കുക. ഏതു പുതിയ കാര്യവും തുടങ്ങാൻ ഉത്തമ ദിനമാണ് ബുധനാഴ്ച. എഴുത്തും വായനയും ശീലമാക്കുന്നത് ബുധപ്രീതികരമാണ്.

∙ബുധസ്തോത്രം

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം  തം ബുധം പ്രണമാമ്യഹം

വ്യാഴം 

ഗുരുവാണ് അധിപൻ, ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം. വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പുഷ്യരാഗം എന്നിവ അണിയുക . മഞ്ഞ കലർന്ന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ധരിക്കാവുന്നതാണ്.

∙ഗുരുസ്തോത്രം

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം  തം നമാമി ബൃഹസ്പതിം

വെളളി 

വെളളിയാഴ്ചയുടെ അധിപൻ ശുക്രനാണ്. ചുവപ്പ്, വെളള, പിങ്ക് നിറങ്ങള്‍ ഉത്തമം.

∙ശുക്രസ്തോത്രം

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി 

അധിപൻ ശനിയാണ്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. അതിനാൽ ശനിയാഴ്ച ശാസ്താക്ഷേത്ര ദർശനം ഉത്തമമാണ്. കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ഇന്ദ്രനീലം, സോഡാലൈറ്റ് എന്നീ നീലക്കല്ലുകളും അണിയാം.

∙ ശനിസ്തോത്രം

നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

ഞായർ   – ഓറഞ്ച്

തിങ്കൾ    – വെളുപ്പ്, ചന്ദനം (ക്രീം)

ചൊവ്വ    – ചുവപ്പ്

ബുധൻ    – പച്ച

വ്യാഴം    – മഞ്ഞ

വെളളി   – വെളുപ്പ്, ചുവപ്പ്, പിങ്ക്

ശനി       – കറുപ്പ്, നീല

Your Rating: