Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീ ലക്ഷണ ശാസ്ത്രം

Luck

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നോ ബസ്‌‌ സ്റ്റാൻഡിൽ നിന്നോ ബസ്സിൽ10 രൂപ മുടക്കിയാൽ തിരുവല്ലം പരശുരാമക്ഷേത്രത്തിലെത്താം. പരശുരാമൻ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ചു എന്നു കഥ. പരശുരാമൻ കേരളത്തിൽ വളരെയധികം പ്രതിഷ്ഠകൾ നടത്തിയതായും കേട്ടുകേൾവിയുണ്ട്.

പിതൃകടം എന്നാലെന്ത്?

ഒരു ആത്മാവ് ജന്മമെടുക്കുന്നതു പിതൃകടം, ദേവകടം, ഋഷികടം, മനുഷ്യകടം, ഭൂതകടം എന്നിവ മൂലമാണ്. ഒരു മനുഷ്യൻ മരിച്ചാൽ ആത്മാവിനു മോക്ഷം കിട്ടുന്നതിനുവേണ്ടിയുള്ള ക്രിയകളാണ്, അതിനുള്ള പരശുരാമന്റെ ഏക പ്രതിഷ്ഠയുള്ള സ്ഥലമാണു തിരുവല്ലം. കേരളത്തിൽ ജനിക്കുവാനും ദർശനം നടത്തുവാനും കഴിയുക എന്നതു ജന്മാന്തരസുകൃതം തന്നെയാണ്. ശ്രീ ശങ്കരാചാര്യർ ഇവിടെ എത്തി അമ്മയുടെ തർപ്പണാദികൾ നടത്തിയതായും അപ്പോൾ ഒരു മത്സ്യം വന്ന് ഈ ബലി സ്വീകരിച്ചതായും കഥ. എന്നിട്ട് പരശുരാമനെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ബലിതർപ്പണത്തെക്കുറിച്ച് ഓർക്കുമ്പോൾ ഈ ക്ഷേത്രമാണ് ഓർമ വരിക. നൂറുകണക്കിനു ഭക്തജനങ്ങൾ അവരവരുടെ പിതൃക്കൾക്കു മോക്ഷപ്രാപ്തിക്കായി ബലി, തിലഹോമം വിഷ്ണുപാദങ്ങളിലാണ് ഇവിടെ സമർപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശൈവ ചൈതന്യങ്ങളുടെ സാഗരസംഗമക്ഷേത്രമാണിവിടം. പരശുരാമരൂപത്തിൽ ശംഖ്, ചക്രം, ഗദ, മഴു എന്നിവ ധരിച്ച ചതുർബാഹുവായ വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്. അദ്ഭുതചൈതന്യത്തോടും നിറഞ്ഞുതുളുമ്പുന്ന തേജസ്സോടും ഭക്തർക്ക് അനുഗ്രഹമരുളുന്ന അവസ്ഥയിലാണ്. കിഴക്കുദർശനമായി ശിവലിംഗപ്രതിഷ്ഠയും ഇവിടെയുണ്ട്.

കരമനയാറും പാർവതീ പുത്തനാറും കിള്ളിയാറും ഒത്തുചേരുന്ന ത്രിവേണീ സംഗമത്തിനടുത്താണു പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. തറനിരപ്പിൽ നിന്ന്‌ ഏകദേശം 3– 4 അടി താഴോട്ടുള്ള പടവുകൾ ഇറങ്ങിവേണം ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിനകത്തു പ്രവേശിക്കാൻ. മുഖമണ്ഡപം കഴിഞ്ഞുള്ള കവാടം കടന്ന് ക്ഷേത്രമതിലിനകത്തു കയറിക്കഴിഞ്ഞാൽ പുറമെയുള്ള ശിവേലി പ്രദക്ഷിണത്തിൽ ആദ്യം വണങ്ങേണ്ടതു ഗണപതി ഭഗവാനെയാണ്. ഇവിടത്തെ ഗണപതി പടിഞ്ഞാറ് ദർശനമായാണ്. വടക്കുദർശനമായി ശ്രീകൃഷ്ണഭഗവാനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പുറംപ്രദക്ഷിണം പൂർത്തിയാക്കി വടക്കുഭാഗത്തെ കൊടിമരച്ചുവട്ടിലൂടെയാണു ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിക്കേണ്ടത്. അവിടെ പരശുരാമരൂപത്തിൽ വിഷ്ണുവും പരശുരാമന്റെ ഗുരുസ്ഥാനീയൻ മഹാദേവരും സ്രഷ്ടാവായ ബ്രഹ്മാവും. (ബ്രഹ്മാവിനു പൊതുവെ ക്ഷേത്രങ്ങളൊന്നുമില്ലെങ്കിലും ഇവിടെ പ്രതിഷ്ഠയുള്ളതൊരു പ്രത്യേകതയാണ്.) വടക്കു ദർശനമായാണു ബ്രഹ്മാവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവന്റെ ശ്രീകോവിലിനോടു ചേർന്നു വടക്കുപടിഞ്ഞാറ് ദർശനമായി മഹിഷാസുരമർദിനിയുടെ പ്രതിഷ്ഠയുമുണ്ട്. പടിഞ്ഞാറു ദർശനമായി മത്സ്യമൂർത്തി, വേദവ്യാസൻ, സുബ്രഹ്മണ്യൻ എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. (വേദവ്യാസനും മത്സ്യമൂർത്തിക്കും പ്രതിഷ്ഠകളില്ലായെന്നു പറയാം.) ഇത് ഇവിടത്തെ പ്രത്യേകതയാണ്.

പിതൃകടം തീർക്കുന്നതിനായി നൂറുകണക്കിനു ഭക്തർ തിലഹോമപുരയിൽ കാണാം. ഇവരെല്ലാം ഒരുമിച്ച് ജന്മാന്തര പിതൃകടം തീർത്ത് അനുഗ്രഹം ചൊരിയുന്നു. ഈ പുണ്യസങ്കേതത്തിലെത്തുന്ന അമൃതസ്വരൂപികളായ വിവിധ ദേശക്കാരും വിവിധ മതാചാരങ്ങൾ പിന്തുടരുന്നവരും ലോകത്തിന്റെ എല്ലാ കോണുകളിലും ഉള്ളവരും ഉൾപ്പെടുന്നു. ഈ ക്ഷേത്രത്തിൽ രണ്ടു കൊടിമരങ്ങളുണ്ട്. നാലമ്പലത്തിനു പുറത്തു കിഴക്കുദർശനമായി ധർമശാസ്താവിനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രപ്രദേശത്ത് നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്, ഉടയോൻ ക്ഷേത്രവും ഭഗവതി പ്രതിഷ്ഠയുമുണ്ട്. തുലാമാസത്തിലെ അത്തംനാളിൽ കൊടിയേറി ശ്രീപത്മനാഭനോടൊപ്പം തിരുവോണം നാളിൽ ശംഖുമുഖം കടപ്പുറത്ത് ആറാട്ടു നടത്തുന്നു. അദ്ദേഹം കുളിക്കുന്ന തീർഥം കുടിക്കാനുള്ള ഭാഗ്യം മത്സ്യങ്ങൾക്ക് ലഭിക്കുന്നു. ഇതിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് ഏറ്റവും വലിയ വിഴിഞ്ഞം പദ്ധതി വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന് അകത്തു കൂടി കടന്നുപോകാനുള്ള ഭാഗ്യം പരശുരാമനു ലഭിക്കുന്നു. എല്ലാവിധ ദുരിതങ്ങൾക്കും മോചനം ലഭിക്കുവാൻ ഈ ക്ഷേത്രദർശനത്തിലൂടെ കഴിയും എന്നാണു വിശ്വാസം.

21 തലമുറയ്ക്കു മോക്ഷം കിട്ടുന്ന ബലി തിലഹോമം

വിവാഹത്തിന്റെ മുഖ്യ ഉദ്ദേശ്യം തന്നെ സന്താനോത്പാദനത്തിലൂടെ വംശവർധനയാണ്. സന്താനങ്ങളിൽ കൂടി മാത്രമേ പിതൃപ്രീതി നേടാൻ സാധിക്കുകയുള്ളൂ. ബലി തിലഹോമാദികൾ പിതൃപ്രീതികരങ്ങളാണ്. എന്നാൽ അതിനുള്ള യോഗം സന്താനങ്ങളിലാണ് നിലകൊള്ളുന്നത്. ഇതു കണ്ടുപിടിക്കുന്നത് സ്ത്രീ പുരുഷന്മാരുടെ ജാതകചിന്തയിലും പ്രശ്നചിന്തയിലുമാണ്.

ഭാരതത്തിൽ ക്ഷേത്രത്തിനുള്ളിൽ ബലിതിലഹവനം നടത്തുന്ന ഒരേ ഒരു ക്ഷേത്രമാണ് പരശുരാമക്ഷേത്രം. മുഖം പരശുരാമന്റേതും ബാക്കി മഹാവിഷ്ണുവിന്റേതും. ശംഖ്, ചക്രം, ഗദ, താമരയ്ക്കു പകരം മഴുവുമാണ്. അച്ഛന്റെ ആവശ്യപ്രകാരം മാതാവിനെയും നാലു സഹോദരങ്ങളെയും വധിച്ച് പുനർജന്മം കൊടുത്തതിനാലും വിഷ്ണുവിന്റെ അവതാരമെന്ന നിലയിലുമാണ് പരശുരാമന് ഭക്തരെ രക്ഷിക്കുന്ന പിതൃകർമത്തിന് പ്രാധാന്യം വന്നത്.

കർക്കടകവാവിന്റെ പ്രത്യേകത

എല്ലാ മാസവും കറുത്തവാവുണ്ടെങ്കിലും ചന്ദ്രന്റെ സ്വക്ഷേത്രമായ കർക്കടകത്തിൽ മഹാദേവനും പാർവതീദേവിയുമായ സൂര്യചന്ദ്രന്മാർ ഒരുമിച്ചുവരുന്ന കർക്കടകവാവിനാണ് പ്രാധാന്യം. ബ്രാഹ്മണശ്രേഷ്ഠന്മാർ എല്ലാ അമാവാസിക്കും ശ്രാദ്ധപരിപാടികൾ നടത്തുന്നുണ്ടെങ്കിലും തിരുവോണം വരുന്ന ചിങ്ങമാസത്തിന്റെ തലേ മാസത്തിലെ കർക്കടകത്തിലെ കറുത്തവാവ് പിതൃക്കളുടെ തിരുവോണമായാണ് ആചരിക്കുന്നത്. അതുകൊണ്ടാണു ഗുരുപരമ്പരയിൽപെട്ട പിതൃക്കൾക്കു ശ്രാദ്ധം ഊട്ടാൻ കർക്കടകം തിര‍ഞ്ഞെടുത്തത്.

ബലിയിടുമ്പോൾ മോക്ഷം എങ്ങനെ?

പ്രഹ്ലാദന്റെ അച്ഛനെ നരസിംഹമൂർത്തിരൂപത്തിൽ മോക്ഷം കൊടുത്തസമയത്ത് ഭഗവാൻ നരസിംഹമൂർത്തി എന്തുവരം വേണമെന്ന് ചോദിക്കുകയും അച്ഛന് മോക്ഷപ്രാപ്തി കൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോൾ പ്രഹ്ലാദന്റെ ഭക്തിയിലൂടെ 21 തലമുറയ്ക്ക് മോക്ഷം നൽകിയതായി ഭാഗവതത്തിൽ നരസിംഹാവതാരത്തിൽ പറയുന്നു. അതനുസരിച്ച് തിലഹോമത്തിനോ ബലിക്കോ ചീട്ടാക്കുമ്പോൾ ഇല്ലത്തിന്റെ പേരു പറയുകയും ബലിയിടുന്ന ആളിന്റെ പേരു പറയുകയും വേണം. ഒരു രസീതെടുത്ത് ഇവ ചെയ്താൽ അതുവരെയുള്ള ജാതകന്റെ എല്ലാ പിതൃക്കൾക്കും മോക്ഷപ്രാപ്തി ലഭിക്കും. ഇവരുടെ പുണ്യപാപങ്ങളുടെ അംശമാണ് നമ്മുടെ ശരീരം.

രാമേശ്വരത്തു ബലിയിടുന്നതിന്റെ പ്രത്യേകത

ശ്രീരാമൻ ബലിയിട്ട സ്ഥലമാണിത്. ബലികർമം ആദ്യം തുടങ്ങിയത് അത്രിമഹർഷിയാണെന്നാണ് വിശ്വാസം. എന്നാൽ മനുവാണ് ആദ്യ ശ്രാദ്ധക്രിയ നടത്തിയതെന്നു മനുസ്മൃതിയിൽ പറയുന്നു. അതിനാലാണ് മനു ശ്രാദ്ധദേവനെന്നറിയപ്പെടുന്നത്.

*വിഷ്ണുവും ബലിയും പിതൃക്കളും *

ഹിന്ദുദേവതാ സങ്കൽപങ്ങളിൽ പൂർണപുരുഷോത്തമ സങ്കൽപമാണ് വിഷ്ണുചൈതന്യത്തിനു കൽപിച്ചിട്ടുള്ളത്. ലൗകികമായ ജീവിതോപാധിക്ക് സാധിക്കുന്ന അനുഗ്രഹങ്ങൾ നൽകുകയും ഒപ്പം പരമാത്മചൈതന്യമായ നാരായണബലിയിലൂടെ വിഷ്ണുവിലേക്കു തന്നെ പരേതാത്മാവിനെ ലയിപ്പിക്കുകയും ചെയ്യുകയാണ് വൈഷ്ണവ സങ്കൽപം. അതിനാലാണ് വിഷ്ണുപാദങ്ങളിൽ ഇവ നടത്തുന്നത്.

കർക്കടകവാവിന്റെ പ്രാധാന്യം?

ദക്ഷിണായനകാലം പിതൃക്കളുടെ പകലും ഉത്തരായനകാലം രാത്രിയുമാണ്. ദക്ഷിണായനത്തിലെ ആദ്യ കറുത്തവാവ് വരുന്നത് കർക്കടകവാവിനാണ്. അതുകൊണ്ടാണ് മനുഷ്യന്റെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമാണ്. ഒരു വർഷത്തെ ഉത്തരായനമെന്നും ദക്ഷിണായനമെന്നും തിരിച്ചിട്ടുണ്ട്. അങ്ങനെ വരുന്ന ആദ്യ പകൽ വാവാണ് കർക്കടകം. ആയതിനാലാണ് ആചരിക്കുന്നത്. വിഷു കഴിഞ്ഞു വരുന്ന മൂന്നു മാസം കഴിയുമ്പോഴാണ് കർക്കടകവാവ് വരുന്നത്. ദേവന്മാർക്കും പിതൃക്കൾക്കും വളരെയേറെ വിശേഷപ്പെട്ടതും ഇവർ ഉണർന്നിരിക്കുന്നതുമായ സമയമാണ്. ദേവസാന്നിധ്യത്തിൽ പിതൃബലി നടത്തുക എന്ന പുണ്യമാണ് കർക്കടകമാസത്തിലെ അമാവാസിക്കുള്ള പ്രാധാന്യം. ദേവലോകവും പിതൃലോകവും ആഹ്ലാദപൂർവം സ്വീകരിക്കുന്നു.

കാക്കയ്ക്കുള്ള പ്രാധാന്യം

പുരാണത്തിൽ രണ്ടു കഥ പറയുന്നുണ്ട്. ബ്രഹ്മാവിൽ നിന്നു വരബലം നേടിയ മഹിരാവണൻ എന്ന അസുരൻ ഒരു പ്രാവശ്യം യമധർമനെ ആക്രമിച്ചു. അസുരനെ തോൽപ്പിക്കാനാകാതെ ധർമരാജൻ തന്റെ ജീവൻ ഒരു കാക്കയുടെ ശരീരത്തിലേക്കു മാറ്റി രക്ഷപ്പെട്ടു. ഇങ്ങനെ തന്റെ ജീവനെ സംരക്ഷിക്കുവാൻ സഹായിച്ച കാക്കയ്ക്ക് ബലികർമങ്ങളിൽ പ്രാധാന്യം നൽകി യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതൽ ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾക്കു സ്വീകാര്യമായി എന്നു കരുതപ്പെടുന്നു. കാക്കയെ പിതൃക്കളായും സങ്കൽപ്പിക്കുന്നുണ്ട്. ഗണപതിയായും ശനീശ്വരന്റെ വാഹനമായും കരുതുന്നതിനാൽ നിത്യവും കാക്കയ്ക്ക് അന്നം കൊടുക്കുന്നതുകൊണ്ട് ദുരിതമോചനം ഉണ്ടാകും.

എള്ളിന്റെ പ്രാധാന്യം

കാക്കയ്ക്കും എള്ളിനും ഒരേ നിറമാണ്, കറുപ്പ്, ഈ നിറം ഇരുട്ടിന്റെ പ്രതീകമാണ്. എള്ളു വെള്ളത്തിൽ നൽകിയാൽ പിതൃക്കൾക്കും അഗ്നിയിൽ നൽകിയാൽ ദേവനും തൃപ്തിയുണ്ടാകുമെന്നു പറയുന്നു. എള്ളിൽ നിറഞ്ഞുനിൽക്കുന്ന എണ്ണ ശരീരത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രാണന്റെയും രക്തത്തിന്റെയും പ്രതീകമാണ്. കറുത്ത എള്ളാണ് ഉപയോഗിക്കേണ്ടത്. മനസാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളെയും നശിപ്പിക്കാൻ എള്ളിനു കഴിയുന്നു. ആത്മാവിന്റെ ദാഹത്തെയും പിണ്ഡം വിശപ്പിനെയും ഹനിക്കുന്നു.

നാരായണബലി

അപമൃത്യു സംഭവിക്കുന്നവർക്ക് സാധാരണയായി ബലിക്കു പകരം നാരായണബലിയാണിടേണ്ടത്. എല്ലാവർക്കും നാരായണബലി നടത്താവുന്നതാണ്. അപമൃത്യു സംഭവിക്കുന്നവർക്കു നാരായണബലിയിലൂടെ മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ എന്നാണു വിശ്വാസം. ഇതിലൂടെ ആത്മാവിനെ വിഷ്ണുവിൽ ലയിപ്പിക്കുന്നു.

പിതൃദോഷം എങ്ങനെ തിരിച്ചറിയാം?

പ്രശ്നവിചാരത്തിലൂടെ പിതൃദോഷം കണ്ടുപിടിക്കാം. ജ്യോതിഷപ്രകാരം സൂര്യചന്ദ്രന്മാരെ രാഹുവും കേതുവും മറയ്ക്കുമ്പോഴും പിതൃദോഷമുണ്ടാകുന്നു. രാഹു ശരീരനാശത്തിനും കേതു ശിരസ്സിന്റെ നാശത്തിനും കാരണമാകുന്നു. ജ്യോതിഷപ്രകാരം പിതൃദോഷം ഒരുതരത്തിലെ അനുഗ്രഹയോഗമാണ്. ജ്യോതിഷത്തിൽ സൂര്യൻ പിതാവിന്റെ അനുഗ്രഹമാണ് (9-ാം ഭാവകാരകൻ ഗുരുവും) 10-ാം ഭാവം പിതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം ജാതകന്റെ കർമവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവ അനുകൂലമല്ലാത്ത രീതിയിൽ വരുമ്പോൾ പിതൃദോഷമുണ്ടാകും. മാത്രവുമല്ല പിതൃദോഷമുണ്ടാകുന്നത് ഏതെങ്കിലും ഗ്രഹങ്ങളുടെ 6, 8, 12 ഭാവങ്ങളിൽ രാഹുവും കേതുവും വരുമ്പോഴാണ്. ബൃഹത്‌പരാശര ഹോരാശാസ്ത്രമനുസരിച്ചും മറ്റു പുരാതന ജ്യോതിഷ ഗ്രന്ഥമനുസരിച്ചും മുൻജന്മങ്ങളുടെ വിവിധ കാരണങ്ങളാൽ ഓരോ വ്യക്തികളുടെയും ജാതകത്തിലും പ്രശ്നത്തിലും കാണാൻ കഴിയും. പിതൃദോഷങ്ങൾ തിരിച്ചറിയാനുള്ള ലളിതമാർഗങ്ങളും കണക്കുകൂട്ടലും പരിഹാരങ്ങളും ജ്യോതിഷപ്രകാരമുണ്ട്. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവ കണ്ടെത്തുവാനോ പരിഹാരാദികൾ ചെയ്യുവാനോ ശ്രമിക്കാത്തതു കാരണം ദുരിതമാകുന്ന ആഴക്കടലിൽപ്പെട്ട് മരണമാകുന്ന ചക്രശ്വാസം വലിക്കുന്നു. കറുത്തപക്ഷത്തിലെ പ്രഥമ മുതൽ കറുത്തവാവു വരെ പിതൃക്കളാണ് നമ്മെ നയിക്കുന്നത്.

ബലിയിടുന്ന ക്ഷേത്രങ്ങൾ

തിരുവല്ലം, തിരുനെല്ലി, ആലുവ, തിരുനാവായ, വർക്കല പാപനാശിനി എന്നിവ കേരളത്തിലെ പ്രധാന ബലിതർപ്പണസ്ഥലങ്ങളാണ്. ബോധിഗയ (ബിഹാറിലെ ഫാൽഗുനി), നദിഗയ ക്ഷേത്രം (ഒറീസ്സയിലെ വൈദരണി നദിയിൽ), പാഡ്ഗയ ക്ഷേത്രം (ദക്ഷിണകാശി എന്നറിയപ്പെടുന്ന ആന്ധ്രയിലെ ഹഥാപുരത്തെ പാഡ്ഗയാ ക്ഷേത്രം), സിന്ധിപ്പൂർ ക്ഷേത്രം (ഇത് മാതൃഗയ ക്ഷേത്രമെന്നും അറിയപ്പെടും.) (ഗുജറാത്തിലെ മഹിസാന ജില്ലയിലാണ്, ഇത് പരശുരാമൻ അമ്മയ്ക്ക് ബലിതർപ്പണം ചെയ്ത ക്ഷേത്രമാണ്.) ബദരീനാഥിലെ ബ്രഹ്മകപാലി ഇതും ബലിക്കു പ്രസിദ്ധമാണ്. (പിതൃദോഷത്തിന് ശ്രാദ്ധം കൂടാതെ ചില പ്രത്യേക ആചാരവും ഇവിടെ ചെയ്യും.)

പരശുരാമനു തിരുവല്ലവുമായുള്ള ബന്ധം

മാതാപിതാക്കളെ കാർത്തവീര്യാർജുനൻ വധിച്ചതിൽ കോപിഷ്ഠനായ പരശുരാമൻ അതിനു കാരണക്കാരായ ക്ഷത്രിയരെ 21 തവണ ഭാരതം മുഴുവൻ സഞ്ചരിച്ച് ഉൻമൂലനാശം വരുത്തി. കോപശമനത്തിനു ശേഷം വീരഹത്യാപാപം തീർക്കുന്നതിനായി യുദ്ധം ചെയ്തു നേടിയ ഭൂമി മുഴുവനും ബ്രാഹ്മണർക്കു ദാനം ചെയ്തു. മാതാപിതാക്കളുടെ പിതൃതർപ്പണത്തിനും സ്വന്തം താമസത്തിനും ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള സമുദ്രത്തിനെ മഴുവെറിഞ്ഞ് ഭൂമിയാക്കി എടുത്തതാണത്രേ ഇന്നത്തെ കേരളം. പുതിയ ഭൂമിയിൽ മാതാപിതാക്കൾക്ക് പിതൃതർപ്പണം നടത്തുന്നതിന് തിരുവല്ലത്ത് എത്തുകയും ഒരു കർക്കടകമാസത്തിലെ കറുത്തവാവു ദിവസം പരശുരാമസ്വാമികൾ തിരുവല്ലം നദിയിൽ മുങ്ങിക്കുളിച്ച് ശരീരശുദ്ധി വരുത്തി പിതൃതർപ്പണം നടത്തിയെന്നും കഥ. ഇഷ്ടദേവനും ഗുരുവുമായ പരമശിവനെ കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിച്ചു. ശിവാരാധന നടത്തിയും ബലികർമങ്ങൾ നടത്തിയും വളരെക്കാലം തിരുവല്ലത്ത് താമസിച്ചതായും പറയുന്നു. ശ്രീപത്മനാഭനെയും അശ്വത്ഥാമാവ് ആഴ്ചയിലൊരിക്കൽ പൂജിച്ചതായും പറയപ്പെടുന്നു.

പരശുരാമനും അശ്വത്ഥാമാവുമായുള്ള ബന്ധം?

അശ്വത്ഥാമാവിന്റെ ഗുരുനാഥനാണ് പരശുരാമൻ. തിരുവല്ലം പരശുരാമക്ഷേത്രത്തിൽ പൂജാരി അമ്പലം അടച്ചുപോയിക്കഴിഞ്ഞാൽ രാത്രികാലങ്ങളിൽ, ശ്രീപത്മനാഭന്റെ അടുത്ത് അശ്വത്ഥാമാവിന്റെ പ്രതിഷ്ഠയുണ്ട്, എന്നാൽ രാത്രികാലങ്ങളിൽ ക്ഷേത്രത്തിനുള്ളിൽ മണിയടിയും സംസാരവും മറ്റുമുള്ളതായി പരിസരവാസികൾ പറയുകയും, പൂജാരി നടയടച്ചു പോകുമ്പോഴത്തെ അവസ്ഥയല്ല തുറക്കുന്ന സമയത്തു കാണുന്നത്. ആരോ പൂജാദികാര്യങ്ങൾ നടത്തിയതിന്റെ അവസ്ഥ കണ്ടുവരുന്നു, ഇത് അശ്വത്ഥാമാവ് ഗുരുപൂജ നടത്തുന്നതായാണ് അറിവ്.

അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പരശുരാമനോടൊപ്പം കഴിയുവാനും പഞ്ചകടദോഷങ്ങളും മറ്റും തീർക്കുവാനുള്ള ഏകസ്ഥലം പരശുരാമസന്നിധിയാണ്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.