Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യങ്ങൾ‌ നൽകുന്ന മണ്ണാറശാല

mannarasala

ഫെബ്രുവരി ഒന്നു മുതൽ ഓഗസ്റ്റ് 13 വരെയുളള വ്യാഴത്തിന്റെ ഗ്രഹണ യോഗത്തിനും (വ്യാഴരാഹു യോഗവും) ശനി ചൊവ്വാ യോഗം, ചൊവ്വാ കേതു ദൃഷ്ടി, ശനിയുടെ വ്യാഴം രാഹു ദൃഷ്ടി തുടങ്ങിയവയ്ക്കും പരിഹാരമായി ആശ്രയിക്കാവുന്ന മണ്ണാറശാല ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്....

ഭാരതത്തിലെ പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രമാണു മണ്ണാറശാല. മണ്ണാറശാല ഇല്ലക്കാരുടേതാണ് ഈ ക്ഷേത്രം. കിഴക്കോട്ടു ദർ‌ശനവും ശൈവ വൈഷ്ണവ സങ്കല്പവും ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ഇല്ലത്തെ നിലവറയിൽ‌. വിഷ്ണുസ്വരൂപമായ അനന്തൻ ചിരംജീവിയായി കുടികൊളളുന്നു. ഇല്ലത്തിലെ പൂർ‌വിക തലമുറയിലെ അമ്മയുടെ മകനായി പിറന്ന അഞ്ചു മുഖമുളള നാഗശിശുവാണു വിഷ്ണു സ്വരൂപമായ അനന്തൻ, ശാസ്താവ്, ഭദ്രകാളി, ശിവൻ, ഗണപതി, ദുർഗ എന്നിവർ‌ ഉപദേവതമാരായും കുടികൊളളുന്നു. പടിഞ്ഞാറായി ഒരു കൂവളത്തറയും കാവുകൾക്കുളളിൽ നിരവധി കുളങ്ങളുമുണ്ട്. വടക്കു കിഴക്കെ കുളത്തിൽ പൂജാ കർ‌മങ്ങൾ ചെയ്യുന്നവർ കുളിച്ചിട്ടു മാത്രമേ കയറാവൂ. പടിഞ്ഞാറെ നടയിൽ ഉളള കുളമാണു ഭക്തർക്കായി ഉളളത്. നാഗരാജാവിന്റെ അവതാരദിനമായി പ്രസിദ്ധമായി ആചരിക്കുന്നതു കന്നിമാസത്തിലെ ആയില്യമാണെങ്കിലും തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യമെന്ന പേരിൽ പ്രസിദ്ധമായത്.

ഇതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. തിരുവിതാംകൂർ മഹാരാജാവ് ഇവിടത്തെ കന്നിമാസത്തിലെ ആയില്യം ദിവസം തൊഴുക പതിവായിരുന്നു. ഒരിക്കൽ മഹാരാജാവിനു കന്നി മാസത്തിലെ ആയില്യം തൊഴാനും എഴുന്നളളത്തു ദർശിക്കാനും കഴിയാതെ വന്നുവത്രേ. തുലാം മാസത്തിലെ ആയില്യത്തിനാണ്‌ എത്തിയത്. അതു രാജകീയപ്രൗഢിയോടെ ആഘോഷിക്കുകയും ചെയ്തു. തുടർന്ന് കന്നി, തുലാം മാസങ്ങളിലെ ആയില്യങ്ങൾ തുല്യപ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. തുലാമാസത്തിലെ ആയില്യം കൂടുതൽ‌ പ്രസിദ്ധവുമായി. സ്ത്രീകളാണു മുഖ്യപൂജാരിണികൾ എന്നതാണ്‌ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത,

ക്ഷേത്ര ഐതിഹ്യം : കാർത്തവീര്യാർ‌ജുനനുമായി നടന്ന യുദ്ധത്തിൽ പരശുരാമൻ ക്ഷത്രിയവംശത്തെ ഉന്മൂലനം ചെയ്യാനായി അനവധി ക്ഷത്രിയരെ നിഗ്രഹിച്ചു. ഗോകർ‌ണത്തിൽ നിന്നു മഴുവെറിഞ്ഞു കന്യാകുമാരി വരെ സൃഷ്ടിച്ചു. ഇവിടെ ക്ഷാരാധിക്യത്താൽ വാസ യോഗ്യമല്ലായിരുന്നു. ശക്തമായ സർപ്പശല്യവും ശുദ്ധ ജല ലഭ്യതക്കുറവും ഉപ്പിന്റെ അംശവും ഉണ്ടായിരുന്നു. അതുകൊണ്ട്‌ ബ്രാഹ്മണർ ഇവിടം വിട്ടുപോകാൻ ഇടയായി. അപ്പോൾ പരമശിവന്റെ നിർദേശാനുസരണം പരശുരാമൻ നാഗരാജാവിനെ തപസ്സു ചെയ്തു. നാഗരാജാവ് പ്രത്യക്ഷമായി. വിഷജ്വാലകളാൽ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠമാക്കി. പൂമരങ്ങളും വൃക്ഷലതാതികളും നിറഞ്ഞ ഇവിടെ നാഗരാജാവിന്റെ നിത്യസാന്നിധ്യമുണ്ടാകുമെന്നും പറഞ്ഞു. അങ്ങനെയാണ് ഇവിടെ പ്രതിഷ്ഠ ഉണ്ടായത്. തന്റെ ശിഷ്യരിൽ പെട്ട ഒരു ഉത്തമ ബ്രാഹ്മണനെ പിൻഗാമിയാക്കി, എന്നാൽ ഒരു കന്നിമാസത്തിലെ പൂയം നാളിൽ പൂജാരിക്ക് അശുദ്ധിയുണ്ടാകുകയും പൂജ മുടങ്ങുകയും ചെയ്തു. അന്നു മുതൽ മണ്ണാറശാല ഇല്ലത്തിലെ അമ്മമാരാണു പ്രധാന പൂജകൾ ചെയ്യുന്നത്.

∙ മണ്ണാറശാലയിലെ പൂജാദി കർമങ്ങൾ നിർ‌വഹിക്കുന്നത് അന്തർ‌ജനങ്ങളാണ്. വലിയമ്മ എന്ന് ഇവരെ നാമകരണം ചെയ്യുന്നു. ഒരു കന്നി മാസത്തിലെ ആയില്യത്തിന് അവിടത്തെ പൂജാരിക്ക് അശുദ്ധി സംഭവിച്ചതിനാൽ പൂജ നടത്താൻ കഴിയാതെ പോയി. പൂജ മുടങ്ങാൻ‌ പാടില്ലായിരുന്നു. നാഗരാജാവിന്റെ കോപമുണ്ടാകും. അന്ന് ഇല്ലത്തിൽ‌ ഭക്തയും സാത്വികയുമായ ഒരു അന്തർജനം ഉണ്ടായിരുന്നു. അവർ ൈദവത്തെ ധ്യാനിച്ച് അപകടങ്ങളൊന്നും വരരുതെന്നു പ്രാർഥിച്ചു വന്നു കുളിച്ചു പൂജാദികർ‌മങ്ങൾ നിർ‌വഹിച്ചു. അപ്പോൾ ഒരു അശരീരി ഉണ്ടായി. ഉച്ചപൂജയും ആയില്യപൂജയും അന്തർജനം തന്നെ ഇനിമേൽ നടത്തണം എന്നായിരുന്നു ആ അശരീരിയുടെ പൊരുൾ‌. അതിനുശേഷം മുതൽ ഇല്ലത്തെ അന്തർജനം തന്നെയാണു പൂജകൾ നിർ‌വഹിക്കുന്നത്. മണ്ണാറശാല ഇല്ലത്തിൽ വധുവായി എത്തുന്ന ഏറ്റവും മുതിർന്ന സ്ത്രീയാണു മണ്ണാറശാല അമ്മയായി അവരോധിക്കപ്പെടുന്നത്. ഇവർക്കു ദിനചര്യകളിൽ ചിട്ടകളുണ്ട്. പുറംലോകമായും കുടുംബജീവിതവുമായും ഇവർക്കു വിലക്കുണ്ട്. തികച്ചും ബ്രഹ്മചര്യം നിർബന്ധമാണ്. മണ്ണാറശാലയിൽ ഉണ്ടായിരുന്ന അനവധി വല്യമ്മമാരിൽ‌ സാവിത്രി അന്തർജനം എന്ന വല്യമ്മ ഇവരിൽ മുഖ്യയായിരുന്നു. ഇവരുടെ സിദ്ധി വിശേഷങ്ങൾ അവർ‌ണനീയമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. ഒരു തപസ്വിനിയെ പോലെ ജീവിച്ചു പുണ്യമടഞ്ഞവരാണ്. ഇവർ പതിനാലാം വയസ്സിൽ അമ്മയായവരായിരുന്നു. 90നു ശേഷം ദിവംഗതയാകയും ചെയ്തു. ഇത്രയും കാലം അമ്മയാകാനുളള ഭാഗ്യം ലഭിച്ച ഇവരുടെ മടിയിൽ സർപ്പ ക്കുഞ്ഞുങ്ങൾ ഇഴയുമായിരുന്നു എന്നാണു കേൾവി. ഇവർ പ്രത്യക്ഷ ദേവതയായിരുന്നു എന്നും കേൾവിയുണ്ട്‌. ഇപ്പോൾ ഉമാദേവി അന്തർജനമാണ്. ഉമാദേവി അന്തർജനത്തിന്റെ നേതൃത്വത്തിലാണു മണ്ണാർശാലയിലെ പൂജാദികർ‌മങ്ങൾ.

മണ്ണാറശാല എന്ന പേര് വന്നതെങ്ങനെ?

ഒരിക്കൽ ഈ പ്രദേശം കാട്ടുതീയിലകപ്പെട്ടു. നാഗങ്ങൾ രക്ഷ തേടി അഗ്നി അകന്നുനിന്ന മണ്ണ് ആറിയ ഈ ഇല്ലത്തിൽ‌ അഭയം തേടി. അനപത്യതാ ദുഃഖത്തോടെ കഴിഞ്ഞിരുന്ന വാസുദേവനും ശ്രീദേവിയുമായിരുന്നു അവിടത്തെ നാഗോപാസകർ‌. പൊളളലേറ്റ് എത്തിയ സർപ്പങ്ങളെ ഇല്ലത്തിലുളളവർ വളരെ സ്നേഹത്തോടെ ശുശ്രൂഷിച്ചു. അപ്പോൾ നാഗരാജാവ് ദർ‌ശനം നൽകി. അമ്മയ്ക്കു മകനായി പിറക്കുമെന്നനുഗ്രഹിച്ചു. അങ്ങനെ ശ്രീദേവി ഗർഭിണിയായി. തേജസ്വികളായ രണ്ടു ശിശുക്കളെ പ്രസവിച്ചു. ഒരു മനുഷ്യശിശുവും അഞ്ചു ഫണങ്ങളോടു കൂടിയ ഒരു നാഗശിശുവും. കുറച്ചുകാലം കഴിഞ്ഞപ്പോൾ നാഗശിശു നിലവറയിൽ ഏകാന്തവാസം ആരംഭിച്ചു. മറ്റുളളവരിൽ നിന്ന് അകന്ന്. ഇന്നും ചിരംജീവിയായി നിലവറയിൽ വസിക്കുന്നുവത്രേ.

ആയില്യം എഴുന്നളളത്ത്

ആയില്യം നാളിൽ അമ്മ വാസുകിയെ ഇല്ലത്തേക്ക് എഴുന്നളളിക്കുന്ന അനുഷ്ഠാനമാണ് ആയില്യം എഴുന്നളളത്ത്. ഇളയമ്മ സർപ്പ യക്ഷിയുടെയും കാരണവന്മാർ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവരുടെ വിഗ്രഹങ്ങളുമായി അമ്മയെ അനുഗമിക്കാം. ഇവിടെ ദർശനം നടത്തിയാൽ സർ‌വ ദുരിതങ്ങളിൽ‌ നിന്നും മോചനവും സർ‌വ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണു വിശ്വാസം. ശിവരാത്രി നാളിൽ മാത്രമാണ് ഇവിടെ ദീപാരാധനയുളളത്. വലിയ അമ്മ തന്നെ സർപ്പബലി നടത്തും. പുലർച്ചെ വരെ ചടങ്ങുകൾ നീളും. നിലവറയിൽ ശിവരാത്രി പൂജയ്ക്കു മാത്രമേ പൂജയുളളൂ.

നാഗാരാധനയ്ക്ക് ഉത്തമം നാഗപഞ്ചമി

നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമം നാഗപഞ്ചമിയാണെന്നു വിശ്വസിക്കപ്പെടുന്നു. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ പഞ്ചമി (ശ്രാവണ പഞ്ചമി) യാണു നാഗപഞ്ചമി. ആസ്തികമുനി, നാഗരക്ഷ ചെയ്തതു നാഗപഞ്ചമിക്കാണെന്നും അതിനാൽ അന്നു പൂജ നടത്തിയാൽ നാഗങ്ങൾ അത്യധികം അഹ്ലാദിക്കുമെന്നും പറയപ്പെടുന്നു. ശ്രീകൃഷ്ണൻ കാളിയമർ‌ദനം നടത്തിയ ദിനമാണു നാഗപഞ്ചമി.

മണ്ണാറശാലയിൽ ഒരു ദിവസം

രാവിലെ 5 മണിക്ക് നടതുറക്കും. പളളിയുണർത്തൽ കഴിഞ്ഞ് നിർ‌മാല്യ ദർശനം, അഭിഷേകാദികൾ കഴിഞ്ഞും. ഉഷഃപൂജയും പാലും പഴവും നിവേദ്യം, മലർ നിവേദ്യം, ഉഷ പൂജ സമാപിച്ചാൽ നടയടച്ചു പൂജയാണ്. പിന്നെ ഉച്ചപൂജ, പായസം, വെണ്ണ, നിവേദ്യവും. ഉച്ചയ്ക്ക്‌ 12 മണിക്ക് നടയയ്ക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്കും. ചക്കപ്പഴം, കരിക്ക്, മലർ കദളിപ്പഴം, അപ്പം, ശർക്കര മധുരം തുടങ്ങിയവ നിവേദ്യം ഉച്ചയ്ക്കുണ്ട്. വൈകിട്ട് 5.30 ന് നട തുറക്കും. വിളക്കു കത്തിക്കും. മണ്ണാറശാല അമ്മ ഉമാദേവി അന്തർജനത്തിന്റെ തൊഴലിനു ശേഷം നടയടയ്ക്കും.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.