Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃദംഗശൈലത്തിലെ നാദദേവി

മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം

‘ദൂരെ നിന്നു നോക്കിയാൽ മൃദംഗം പോലെ തോന്നിക്കും. സംഗീതത്തിന്റെ ദേവതയാണ് അവിടത്തെ പരദേവത. മൃദംഗശൈലേശ്വരി എന്നു പറഞ്ഞാൽ സംഗീതത്തിന്റെ ദേവതയെന്നാണ് വിശ്വാസം. മുഴക്കുന്ന് എന്നു പറഞ്ഞാൽ ദേവതയുടെ സംഗീതം കൊണ്ടു മുഴങ്ങിയിരുന്ന ഒരു പ്രദേശം എന്നാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒരു പഞ്ചലോഹ വിഗ്രഹമാണ്. ഒന്ന്–ഒന്നര കോടിയോളം രൂപ വിലമതിക്കും. ഈ ക്ഷേത്രം അസാധ്യകാര്യങ്ങളുടെ ഒരു ക്ഷേത്രമാണ്. പ്രാർഥിച്ചാൽ എന്തു കാര്യവും നടക്കും എന്നാണ് വിശ്വാസം.’ മുഴക്കുന്ന് മൃദംഗശൈലേശ്വരി (ദുർഗ) ക്ഷേത്രത്തെപ്പറ്റി കേരള പൊലീസിൽ ഡിജിപിയും ചരിത്രാന്വേഷകനുമായ ഡോ. അലക്സാണ്ടർ ജേക്കബ്ബിന്റെ വാക്കുകളാണിത്. 

നന്മയും പ്രതീക്ഷയും പകരുന്നതും സത്യവുമായ കാര്യങ്ങൾ പറയുമ്പോൾ നാട്ടിൻപുറത്തുകാർ പറയുന്ന ഒരു ആശിസ്സുണ്ട്. ‘നിങ്ങളുടെ നാക്ക് പൊന്നാവട്ടെ’ എന്ന്. ദക്ഷിണ ഭാരതത്തിലെ ക്ഷേത്രസ്ഥാനങ്ങളിൽ അതി പ്രധാനപ്പെട്ടതായിട്ടും അത്രത്തോളം തന്നെ അവഗണന നേരിട്ടിരുന്നിടത്ത് ഡോ. അലക്സാണ്ടർ ജേക്കബ്ബിന്റെ വാക്കുകൾ അക്ഷരാർഥത്തിൽ പൊന്നായിരിക്കുകയാണ്. ടിവി പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തെപ്പറ്റി പറഞ്ഞത്. 

സമൂഹമാധ്യമങ്ങളിൽ പ്രഭാഷണം വൈറലായതോടെ മൂന്നാഴ്ചയ്ക്കിടെ ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനെത്തിയത്. ഇതിൽ സ്വദേശികൾക്കൊപ്പം വിദേശികളും ഉൾപ്പെടും. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാന മന്ത്രിമാരും സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും സന്ദർശനത്തിന് താൽപര്യം അറിയിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും ക്ഷേത്രത്തിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലുമാണ് നാട്ടുകാരും വിശ്വാസികളും കമ്മിറ്റിക്കാരും ക്ഷേത്രം അധികൃതരും.

മൃദംഗശൈലേശ്വരി ക്ഷേത്രം മൃദംഗശൈലേശ്വരി ക്ഷേത്രം

ഫയലുകൾ ഉറങ്ങുന്നു

23 വർഷം മുൻപാണ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിർദേശപ്രകാരം മുഴക്കുന്ന് മൃദംഗശൈലേശ്വരി ദുർഗാ ക്ഷേത്രത്തെ ദേശീയ ക്ഷേത്രമാക്കുന്നതിനു കേന്ദ്രത്തിലേക്ക് സമർപ്പിക്കാൻ ഡോ. അലക്സാണ്ടർ ജേക്കബ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ 1993ൽ നൽകിയ ഈ റിപ്പോർട്ട് ഇപ്പോഴും ചുവപ്പുനാട തരണം ചെയ്തിട്ടില്ല. 

പരാജയപ്പെട്ട മോഷണങ്ങൾ

ക്ഷേത്രത്തിലെ ശക്തിക്കു മുന്നിൽ വിഗ്രഹം കവർച്ചക്കാർ പരാജയപ്പെട്ടതിനെപ്പറ്റി അദ്ദേഹം പ്രഭാഷണത്തിൽ സാക്ഷ്യപ്പെടുത്തുന്നതിങ്ങനെയാണ്. ‘ഞാൻ കണ്ണൂരിൽ എഎസ്പി ആയിരുന്നപ്പോൾ അവിടെ ഗാർഡിനെ ഇടാമെന്നു പറഞ്ഞിരുന്നു. കമ്മിറ്റിക്കാരും നാട്ടുകാരും അതു വേണ്ടെന്നു പറഞ്ഞു. വിഗ്രഹം ആർക്കും കൊണ്ടുപോകാൻ കഴിയില്ലെന്നും പറഞ്ഞു. ഈ വിശ്വാസം ശരിവച്ച സംഭവങ്ങളും പിന്നീടുണ്ടായി. മൂന്നു തവണ മോഷണം നടന്നെങ്കിലും കവർച്ചക്കാർക്കു വിഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനോ മറിച്ചു വിൽക്കാനോ സാധിച്ചില്ല. 

ആദ്യതവണ പാലക്കാട്ട് റോഡിൽ ഉപേക്ഷിച്ച നിലയിൽ ഈ വിഗ്രഹം മുഴക്കുന്ന് ക്ഷേത്രത്തിലേതാണെന്നും അവിടെ എത്തിക്കണമെന്നുമുള്ള കത്തോടെയും രണ്ടാം തവണ ക്ഷേത്രപരിസരത്തു നിന്നു 300 മീറ്റർ മാറിയും മൂന്നാം തവണ വയനാട് വരെ എത്തിയെങ്കിലും കൽപറ്റയിലെ ലോഡ്ജിൽ വച്ച ശേഷം പൊലീസിനെ വിളിച്ച് അറിയിച്ച നിലയിലും ഈ പ്രതിഷ്ഠ കണ്ടെത്തി. 

പിന്നീട് മോഷണം നടത്തിയ ഈ കള്ളൻമാരെ മറൊരു കേസിൽ പൊലീസിനു കിട്ടി. അവർ പറഞ്ഞതിങ്ങനെയാണ്. മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ വിഗ്രഹം എടുത്താൽ ഉടൻ അവർക്ക് ദിക്കുകളെ കുറിച്ചുള്ള അറിവ് നഷ്ടപ്പെടും. എങ്ങോട്ടാണ് പോകേണ്ടതെന്നു മനസ്സിലാവാതെ വരും. ശാരീരിക അവസ്ഥകളിൻമേലുള്ള നിയന്ത്രണവും നഷ്ടപ്പെടും. അതിനാൽ മലമൂത്ര വിസർജനം ഉൾപ്പെടെ തൽക്ഷണം തനിയെ സംഭവിക്കും. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശരിവയ്ക്കുന്ന സംഭവങ്ങൾ മുൻ കവർച്ചാ സംഭവങ്ങളിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഈ പ്രശ്നങ്ങളാലാണ് വിഗ്രഹം സ്ഥലത്തു  തന്നെയോ വഴിക്കോ ഉപേക്ഷിച്ച് കവർച്ചക്കാർ സ്ഥലംവിട്ടത്.’

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടത് പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ദുർഗാ ക്ഷേത്രങ്ങളിൽ അതിമഹത്വം ഉദ്ഘോഷിക്കുന്നതാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമെന്നാണ് വിശ്വാസം. മനമുരുകി പ്രാർഥിച്ചാൽ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ ശത്രുസംഹാരരൂപിയായ മഹാദേവിയുടേതാണ് ചൈതന്യ സാന്നിധ്യം.

രാജാക്കൻമാരുമായി ചേർന്ന ചരിത്രം

കോട്ടയം രാജവംശം ആയിരുന്നു ക്ഷേത്രം ഊരാളൻമാർ. ഈ രാജവംശത്തിന്റെ കാലത്താണ് ഇന്നു കാണുന്ന നിർമിതിയിലേക്ക്(ഇന്ന് കാണുന്ന ശ്രീകോവിലും ചുറ്റമ്പലവും) മാറുന്നത്. പുല്ലു മേഞ്ഞിടത്ത് എട്ടര പതിറ്റാണ്ടു മുൻപ് ഓടിട്ടെന്നു മാത്രം. പഴശ്ശി തമ്പുരാന്റെ ഉപാസനാ മൂർത്തിയാണ് ഇവിടത്തെ ദേവത. അദ്ദേഹം ഈ ദേവതയെ ശ്രീപോർക്കലിയുടെ ഭാവത്തിൽ പൂജിച്ച ശേഷമാണ് യുദ്ധത്തിനു പോയിരുന്നതെന്നാണ് ചരിത്രം പറയുന്നത്. ഇതിനായി ക്ഷേത്രത്തിനു സമീപം ശ്രീപോർക്കലിക്കു പ്രത്യേകം സ്ഥാനവും നിർമിച്ചിട്ടുണ്ട്. ഇന്നും ഇതിന്റെ അവശിഷ്ടങ്ങൾ കാണാം. കേരളത്തിൽ പല ഭാഗത്തും ഉള്ള ശ്രീപോർക്കലി ക്ഷേത്രങ്ങളുടെ ആരൂഢസ്ഥാനവും മുഴക്കുന്നാണ്.

കഥകളിപ്പെരുമ പാരമ്പര്യം

കോട്ടയം തമ്പുരാൻ കഥകളിക്കു രംഗഭാഷ്യം ഒരുക്കാൻ കഥകളിയിലെ സ്ത്രീ രൂപം ചിട്ടപ്പെടുത്താൻ പറ്റാതെ വന്നപ്പോൾ ഇവിടെ ദേവിയെ ധ്യാനിച്ചിരിക്കുകയും അദ്ദേഹത്തിനു ക്ഷേത്രക്കുളത്തിൽ കഥകളിയിലെ സ്ത്രീരൂപം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്നും ഐതിഹ്യമുണ്ട്.  ഈ കുളം കഴിഞ്ഞ വർഷം 76.5ലക്ഷം രൂപ മുടക്കി സഹസ്ര സരോവർ പദ്ധതിയിൽ പെടുത്തി സർക്കാർ നവീകരിച്ചിരുന്നു.

കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടു കോട്ടയം തമ്പുരാൻ കഥകളി സൃഷ്ടിച്ചതും ഈ ക്ഷേത്രസന്നിധിയിൽ നിന്നാണെന്നു വിശ്വാസമുണ്ട്. ബകവധം, കിർമീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധം എന്നീ ആട്ടക്കഥകൾ രചിച്ചതും ഈ ക്ഷേത്രത്തിൽ വച്ചാണെന്നു പറയപ്പെടുന്നുണ്ട്. 

ദക്ഷിണാമൂർത്തിയുടെ  പേരക്കുട്ടിക്ക് അരങ്ങേറ്റം

സംഗീത ചക്രവർത്തി ദക്ഷിണാമൂർത്തിസ്വാമിയുടെ പേരക്കുട്ടിക്കു മൃദംഗത്തിൽ അരങ്ങേറ്റത്തിനു വേദിയായത് മൃദംഗശൈലേശ്വരി ക്ഷേത്രസന്നിധിയാണ്. ദക്ഷിണാമൂർത്തിയും ഇവിടെ വന്നിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ, കേരള പൊലീസ് ചീഫുമാരായ ജയറാം പടിക്കൽ, മധുസൂദനൻ എന്നിവർ ഉൾപ്പെടെ അഭീഷ്ടസിദ്ധിക്കായി ഈ ക്ഷേത്രത്തിലെത്തിയവരും ആഗ്രഹസഫലീകരണം നേടിയവരുമാണെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കുന്നു.

മുഴങ്ങിയ കുന്നും മിഴാവ് കുന്നും

വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അറിയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തു നിന്നു പിറന്നുവീണ ശൈലമത്രെ മൃദംഗശൈലം. മൃദംഗരൂപത്തിൽ മഹാദേവി സ്വയംഭൂവായി ഉയർന്നുവന്നെന്നും ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നും വിശ്വാസം. 

സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങിയ കുന്നായതിനാൽ ഈ പ്രദേശം മുഴങ്ങിയ കുന്നെന്നും അതു ലോപിച്ച് മുഴക്കുന്നായെന്നും പറയപ്പെടുന്നു. മൃദംഗശൈലം എന്ന വാക്കിന്റെ മലയാളപദം മിഴാവ്കുന്ന് എന്നാണ്. മിഴാവ്കുന്ന് ലോപിച്ചു മുഴക്കുന്നായെന്നും വിശ്വാസമുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്താണ് ദേവി മിഴാവ് രൂപത്തിൽ സ്വയംഭൂവായ സ്ഥാനം. പുരളീരാജാക്കൻമാരുടെ കുലദേവതാ ക്ഷേത്രം എന്ന നിലയിൽ കോകില സന്ദേശകാവ്യത്തിലും മറ്റും ഈ ക്ഷേത്രത്തെപ്പറ്റി ഉദ്ഘോഷിക്കുന്നുണ്ട്.  

വേണ്ടത് സമഗ്ര വികസന പദ്ധതികൾ

മൂന്നര ഏക്കർ സ്ഥലവും രാജവംശ കാലത്തെ നിർമിതിയിലുള്ള ഇന്നു കാണുന്ന ക്ഷേത്രവും നവീകരണ കമ്മിറ്റി നിർമിച്ച മിനി ഓഡിറ്റോറിയവും സഹസ്രസരോവർ പദ്ധതിയിൽ പെടുത്തി നവീകരിച്ച കുളവും മാത്രമാണുള്ളത്. ഓഫിസ് കെട്ടിടം, വഴിപാട് കൗണ്ടർ, സത്രം(ഗെസ്റ്റ്ഹൗസ്), ക്ഷേത്രമതിൽ, കാവുകളുടെ സംരക്ഷണം, മൂന്നു ഗോപുരങ്ങൾ, ശ്രീപോർക്കലിയുടെ ഉൾപ്പെടെ ദേവസ്ഥാനങ്ങളുടെ പുനർനിർമാണം, പാർക്കിങ്, നടപ്പന്തൽ, പഴശ്ശി–കോട്ടയം രാജവംശങ്ങളുടെ ചരിത്രമ്യൂസിയം, തീർഥാടക ടൂറിസം സാഹചര്യങ്ങൾ എന്നിവയൊക്കെ ഏർപ്പെടുത്തേണ്ടതുണ്ട്.

പ്രധാന വഴിപാടുകൾ

വിശേഷാൽ നിറമാല, ശാശ്വതപൂജ, ത്രികാലപൂജ, നെയ്‌വിളക്ക്, ദുരിതഹര പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, കുങ്കുമാർച്ചന, സാരസ്വത പുഷ്പാഞ്ജലി, ഉദയാസ്തമന പൂജ.

ദർശന സമയം

രാവിലെ അഞ്ചു മുതൽ 12 വരെ. വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

∙കണ്ണൂർ–മട്ടന്നൂർ–ഉളിയിൽ–തില്ലങ്കേരി

–മുഴക്കുന്ന് (40 കി.മീ) 

∙തളിപ്പറമ്പ്–ഇരിക്കൂർ–ഇരിട്ടി–കാക്കയങ്ങാട്

–മുഴക്കുന്ന്( 56 കി.മീ)

∙തലശേരി–കൂത്തുപറമ്പ്–ഉരുവച്ചാൽ–തില്ലങ്കേരി

–മുഴക്കുന്ന്(40 കി.മീ)

∙കൊട്ടിയൂർ–പേരാവൂർ–കാക്കയങ്ങാട്

–മുഴക്കുന്ന്(24കി.മീ)

ഭാരവാഹികൾ

എ.വി.അശോകൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ

(മലബാർ ദേവസ്വം ബോർഡ്), ഫോൺ: 8301031501.

വി.വി.രാധാകൃഷ്ണൻ, പ്രസിഡന്റ് (നവീകരണ കമ്മിറ്റി)

ഫോൺ: 9961457205.

ടി.വി.ശ്രീധരൻ, ജനറൽ സെക്രട്ടറി (നവീകരണ കമ്മിറ്റി)

ഫോൺ: 8547455344

ഹരി വെളിയത്ത്, നവീകരണ പ്രോജക്ട് കോഓർഡിനേറ്റർ

ഫോൺ: 9048418029.

Your Rating: