Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തെ അതിജീവിക്കാൻ

Mahabharatham

മഹാഭാരതത്തിൽ ഒരു കൊച്ചു സന്ദർഭമുണ്ട്. ധർമപുത്രരുടെ സമീപത്ത് ഒരാവശ്യത്തിന് ഒരുവൻ വന്നു. ധർമപുത്രർ അദ്ദേ ഹത്തോട് പറഞ്ഞു “ നിങ്ങൾ നാളെ വരുവിൻ ”. ധർമപുത്രരുടെ വാക്കുകൾ കേട്ട് തൊട്ടടുത്തു നിന്ന ഭീമസേനൻ ഉറക്കെ പൊട്ടിച്ചിരിച്ചു. അപ്പോൾ എന്തോ പന്തികേടുണ്ട് എന്ന് തോന്നിയ ധർമ പുത്രർ ഭീമനോട് ചോദിച്ചു. “ നീ ഇങ്ങനെ ഇപ്പോൾ ചിരിച്ചെതെന്തിനായിരുന്നു ? ”. അപ്പോൾ ഭീമസേനൻ പറഞ്ഞു, “ നാളെ ജ്യേഷ്ഠനും അയാളും കാണുമെന്ന് എന്താണ് ഉറപ്പ് ”. അവനവനു തീരുമാനിക്കാൻ പറ്റാത്ത കാര്യത്തിൽ ഉറപ്പു നൽകുന്നത് ധർമമോ അധർമമോ ?

ധർമപുത്രർ ശരിക്കും കുഴഞ്ഞു. എന്നിട്ടു പറഞ്ഞു “ ശരിയാണ് മരണം എപ്പോഴെത്തുമെന്ന് ആർക്കും പറയാനാവില്ല. അതിനാൽ അപ്പപ്പോൾ ചെയ്യേണ്ടത് അപ്പപ്പോൾ തന്നെ ചെയ്യുന്നതാണു ശരി.”മറ്റൊരു സന്ദർഭത്തിൽ ഭീമസേനനോട് ഒരാൾ ചോദിച്ചു. “അങ്ങയെ ഏറ്റവും അദ്ഭുതം കൊള്ളിക്കുന്നത് എന്താണ് ? ” ഭീമൻ മറുപടിയായി പറഞ്ഞു “എത്രയോ മരണം ഓരോരുത്തരും കാണുന്നു ; എന്നിട്ടും ആർക്കും താനും മരിക്കുമെന്ന ധാരണ ഉറയ്ക്കാത്തതാണ് എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്നത് ”.ആധുനിക കാലത്താണ് ഭീമസേനൻ ജീവിച്ചിരുന്നതെങ്കിൽ ഇങ്ങനെയായിരിക്കാം പറയുന്നത് “ നമുടെ ലോകത്ത് ഇത്രയും വാഹനാപകടവും, മറ്റപകടങ്ങളും മൂലം അനേകായിരം പേർ ദിവസവും മരിച്ചുകൊണ്ടിരിക്കുമ്പോഴും, ആരും തന്നെ തങ്ങളും മരണത്തിന്റെ പടി വാതിക്കലാണെന്ന് ചിന്തിക്കുന്നില്ലല്ലോ”.

ഇക്കാലത്ത് എക്കാലത്തെക്കാളും അപകടമരണം വർധിച്ചു വരിക യാണ്. ഇതിനെതിരെ ശാസ്ത്രീയമായ സുരക്ഷാ വഴികളും ചികിത്സാ രീതിയും പലപ്പോഴും നിസ്സഹായമോ, പ്രയോജനശൂന്യമോ, ആയിത്തീരുമ്പോൾ, ഇനി എന്ത് എന്ന മനുഷ്യരുടെ ചോദ്യത്തിനുത്തരമായെത്തുന്നത് ‘ ഈശ്വരാധീനം എന്ന ഒറ്റ രക്ഷോപായമാണ്. മരണത്തെ അതിജീവിക്കാനും, അകറ്റാനും പ്രാചീനകാലം മുതൽ ഋഷീശ്വരൻമാർ മുതൽ ഗൃഹസ്ഥാശ്രമി വരെ ഉപയോഗിച്ചു ഗുണമറിഞ്ഞു പോന്ന ഒരു ദിവ്യാമന്ത്രൗഷധമാണ് മഹാമൃത്യുഞ്ജയ മന്ത്രം. മൃത്യുവിനെ— മരണത്തെ, ജയിക്കാൻ — അതിജീവിക്കാൻ ഉള്ള മന്ത്രമാണ് മൃത്യുഞ്ജയം. “ഓം ത്രയംബകം യജാമഹേ സുഗന്ധീം പുഷ്ടിവർധനം ഉർവാരുക മിവ ബന്ധനാ മൃത്യോർ മുക്ഷീയ മാമൃതാത് ”

ഇതാണ് മൃത്യുഞ്ജയ മന്ത്രം. ഇതിന്റെ അർഥം: സത്വാസത്വ ബുദ്ധിയായ, സുഗന്ധിയായ, കരുണാമയനായ, പുഷ്ടിവർധകനായ ത്രയംബകനെ (കാലന്റെ കാലനെ) ഞാൻ അതീവ വിനയത്തോടെ പൂജിക്കുകയും നമിക്കുകയും ചെയ്യുന്നു. വെള്ളരിക്ക അതിന്റെ തണ്ടിൽ നിന്നും സ്വയം ഊർന്ന് മാറുന്നതുപോലെ, എന്നെ മരണത്തിന്റെ പിടിയിൽ നിന്നു സദാ രക്ഷിക്കേണമേ. കരുണാമയനേ അതിനും പുറമേ എന്റെ ജീവിതം ധർമമോക്ഷ മാർഗ്ഗത്തിൽ നിന്നും മാറിപ്പോകാതിരിക്കാനും സദാ കൃപ ചൊരിയേണമേ. ഈ ജന്മം പൂർത്തിയാകുന്ന മുറയ്ക്ക് എന്നെ അങ്ങയുടെ പരമ ചൈതന്യമായ അമൃതത്വത്തിൽ എത്തിക്കാനും സദാ സഹായിക്കണമേ.

ഈ മന്ത്രം ആയുർദായകമാണ്. മോക്ഷദായകവുമാണ്. തീവണ്ടി, വിമാനം, ബോംബ്, എയിഡ്സ്, മറ്റു മാറാരോഗങ്ങൾ, വിഷം കൊണ്ടുള്ള മരണങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എല്ലാം വർധിച്ചു വരുന്ന ഇക്കാലത്ത് മനുഷ്യന്റെ ശാസ്ത്രീയമായ പ്രതിവിധിയെ ഇന്നും അതിശയിക്കുന്നവിധം, മരണരക്ഷോപായമായി അറിവുള്ളവർ മൃത്യുഞ്ജയം ജപിക്കുന്നുണ്ട്. എല്ലാവരും ആവുംവിധം ഈ മന്ത്രജപം ദിവസം 21, 41, 108 എന്നീക്രമത്തിൽ സൗകര്യം പോലെ ദിവസം തോറും ജപിച്ചു മൂന്ന് കോടി പൂർത്തിയാക്കിയാൽ തീയുടെ നടുവിലും മരണം മാറി നിൽക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.