Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഡീ ജ്യോതിഷം സത്യത്തിൽ ഉള്ളതാണോ ?

vatteluttu-nadi-astrology

ജ്യോതിഷ്യത്തിനോട് താൽപര്യമുള്ളവരെ എന്താണ് നാഡീജോതിഷ്യമെന്ന് ചിന്തിപ്പിച്ച ഒരു മലയാള ചിത്രം ഈയിടെ ഇറങ്ങുകയുണ്ടായി. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ കഥയെ മുന്നിലേക്ക് കൊണ്ടുപോകുന്നത് നാഡീജ്യോതിഷിയുടെ വാക്കുകളിലൂടെ ചന്ദ്രേട്ടൻ (ദിലീപ്) എന്ന കഥാപാത്രത്തിന്റെ മനസ്സിൽ ഉണ്ടായ സങ്കീർണമായ ചിന്തകളാണ്. സിനിമയിൽ ചന്ദ്രേട്ടനും കുടുംബവും തഞ്ചാവൂരിൽ ടൂറിന് പോകുകയും അവിടുത്ത കേൾവികേട്ട വൈത്തീശ്വരം കോവിലിലെ നാഡീജ്യോതിഷി ആയിരം കൊല്ലം പഴക്കമുള്ള പോയ ജന്മത്തിന്റെ കഥ അയാൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്യുന്നു. ആ ജന്മത്തിലയാൾ ചോളരാജാവിന്റെ ആസ്ഥാന കവിയായ വേൽക്കൊഴു കൊട്ടുവനായിരുന്നെന്നും രാജ നർത്തകിയായ വസന്തമല്ലികയെ കാമിച്ചതിനു ചോളരാജാവ് യുദ്ധത്തിനയച്ചു കൊന്നുവെന്നും കഥ. വസന്തമല്ലിക ആയിരം കൊല്ലമിപ്പുറം തന്റെ കാമുകനെ തേടിവരുമെന്നും പറയുന്നു ജ്യോതിഷി. എന്തായാലും പറയുന്നത് പോലെയൊക്കെ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതോടെ പ്രേക്ഷകരിൽ ചിലർക്ക് സംശയം. നാഡീ ജ്യോതിഷം സത്യത്തിൽ ഉള്ളതാണോ?

നാഡീജ്യോതിഷം ഇപ്പോൾ ഏറെ പേരുടെ വിശ്വാസം ആർജിച്ചുകഴിഞ്ഞ ജ്യോതിഷശാഖയാണ്. ഓരോ വ്യക്തിയുടെയും ഫലങ്ങൾ മുഴുവൻ കുറിച്ചുവച്ചിട്ടുള്ള ഓല നോക്കി ഭൂതവും വർത്തമാനവും ഭാവിയുമെല്ലാം പറയുന്ന രീതിയാണിത്. തമിഴ്നാട്ടിൽ തഞ്ചാവൂരിനടുത്ത് വൈത്തീശ്വരൻ കോവിലിനു പരിസരമാണ് നാഡീജ്യോതിഷക്കാരുടെ പ്രധാന കേന്ദ്രം. തമിഴ്നാട്ടിൽ പലയിടങ്ങളിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും നാഡീജ്യോതിഷം നോക്കുന്നവർ ഉണ്ട്.

അഗസ്ത്യമുനിയാണ് നാഡീജ്യോതിഷത്തിന്റെ ആചാര്യൻ എന്നാണ് അറിയപ്പെടുന്നത്. തമിഴ് വട്ടെഴുത്തിലാണ് ഇതുമായ ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്. ഓരോ രാശിക്കും 150 നാഡികളാണുള്ളത്. ഇങ്ങനെ 12 രാശിക്ക് 1800 നാഡികൾ. ഓരോ നാഡിക്കും ഓരോ പേരുണ്ട്. രാശികൾ ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെ മൂന്നു തരത്തിലാണുള്ളത്. ഇതിൽ ചരരാശികൾക്കെല്ലാം നാഡികളുടെ പേര് ഒരുപോലെത്തന്നെ. എന്നാൽ ഇത് സ്ഥിരരാശിയിലെയും ഉഭയരാശികളിലെയും നാഡികളിലേതിൽ നിന്നുവ്യത്യസ്തമായിരിക്കും. അതുപോലെ സ്ഥിരരാശിയിലെയും ഉഭയരാശിയിലെയും നാഡികളുടെ കാര്യവും.

പന്ത്രണ്ടു രാശികളിലെയും എല്ലാ നാഡികളുടെയും ഭൂത, വർത്തമാന, ഭാവിഫലങ്ങൾ അഗസ്ത്യമഹർഷിയാൽ രചിക്കപ്പെട്ട് ഓലകളിൽ കുറിച്ചുവച്ചിരിക്കുകയാണത്രേ. ഫലം അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ യഥാർഥ ഓല കണ്ടെത്തിക്കഴിഞ്ഞാൽ അതിൽ ആ വ്യക്തിയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും എന്നാണു വിശ്വാസം.

നാഡീജ്യോതിഷവുമായി ബന്ധപ്പെട്ട് സംസ്കൃതത്തിലും തമിഴിലുമൊക്കെ ധാരാളം ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. ബൃഹത് പരാശരഹോരയും ഭൃഗുസംഹിതയുമൊക്കെ ഇതുസംബന്ധിച്ച പുരാണഗ്രന്ഥങ്ങളിൽ ചിലവയാണ്. ഇതിനു പുറമെ, ഗുരുനാഡി, ശുക്രനാഡി തുടങ്ങി ഗ്രഹങ്ങളുടെ പേരുമായിചേർത്ത് അറിയപ്പെടുന്നപുരാതന നാഡീഗ്രന്ഥങ്ങളുമുണ്ട്.

അഗസ്ത്യമഹർഷി രചിച്ചത് എന്നു കരുതുന്ന പുരാതന ഗ്രന്ഥങ്ങളുടെ പകർപ്പുകളാണ് ഇപ്പോൾ തഞ്ചാവൂരിലും പരിസരങ്ങളിലുമുള്ളവർ ഉപയോഗിക്കുന്നത്. ഏതായാലും കേരളീയപാരമ്പര്യ ജ്യോതിഷത്തിൽ നിന്നു തികച്ചും വ്യത്യസ്മാണു നാഡീജ്യോതിഷം. യുക്തിബോധത്തെക്കാളുപരി വിശ്വാസമാണു പലപ്പോഴും പല വ്യക്തികളെയും നാഡീജ്യോതിഷത്തിലേക്കു നയിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.