Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 തവണ മുടങ്ങാതെ ആയില്യപൂജനടത്തിയാൽ സർവൈശ്വര്യം

naga-worship

കന്നി, തുലാം മാസങ്ങൾ സർപ്പദൈവങ്ങളുടെ പിറന്നാൾ മാസങ്ങളാണ്. ആയില്യവ്രതം ആചരിച്ചുതുടങ്ങേണ്ട മാസവും കന്നിമാസമാണ്. ആയില്യവ്രതം ഏകാദശിവ്രതമായിട്ടും ഒരിക്കലായിട്ടും നൊയമ്പായിട്ടും ആചരിക്കാവുന്നതാണ്. ശൈവവും വൈഷ്‌ണവവുമായിട്ടുള്ള സകല നാമങ്ങളും ആയില്യവ്രതത്തിനു ജപിക്കാവുന്നതാണ്.

ആയില്യ വ്രതമനുഷ്‌ഠിക്കുന്നതും അന്ന് ക്ഷേത്ര ദർശനം നടത്തുന്നതും വളരെ ശ്രേഷ്‌ഠമാണ്. മൂന്നു വർഷത്തേക്ക് മുടങ്ങാതെ ആയില്യ വ്രതമനുഷ്‌ഠിച്ചാൽ മുക്കോടി ദേവകളും അനുഗ്രഹിക്കുമെന്നാണ് വ്രതസാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാ മാസവും ആയില്യം നാളിൽ പാമ്പാടി ശ്രീ പാമ്പുംകാവിൽ ആയില്യം പൂജയും മറ്റു വിശേഷാൽ പൂജകളും നടക്കുന്നു. മൂന്നുതവണ മുടങ്ങാതെ (വർഷത്തിൽ ഒന്ന്) ആയില്യപൂജ നടത്തുന്നത് സർവൈശ്വര്യത്തിനും ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാകുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്‌ഠിക്കുമ്പോൾ സർവ വിഘ്‌നങ്ങളും തീർന്ന് ഗുണപ്രാപ്‌തി കൈവരുമെന്നാണ് കണ്ടിരിക്കുന്നത്. കന്നിമാസത്തിലെ ആയില്യം നാൾ ക്ഷേത്രത്തിൽ ‘ആയില്യ മഹോൽസവ’മായി കൊണ്ടാടുന്നു.

നാഗദൈവങ്ങൾ

നാഗദൈവങ്ങൾ അനുഗ്രഹദാതാക്കൾ. കേരളത്തിലെ പ്രശസ്‌തമായ നാഗരാജ ക്ഷേത്രമാണ് പാമ്പാടി ശ്രീ പാമ്പുംകാവ്. നാഗദൈവങ്ങളെ വഴിപാടുകൾ നടത്തി സംപ്രീതരാക്കുവാൻ നിത്യവും ഈ ദേവസ്‌ഥാനം തേടിയെത്തുന്ന ഭക്‌തന്മാർ നിരവധി. പാമ്പുംകാവിൽ എത്തുന്ന ഭക്‌തജനങ്ങൾക്ക് ആതിഥ്യമരുളുന്ന പാമ്പുംകാവ് മുത്തശ്ശി ഈ ക്ഷേത്രത്തിന്റെ എല്ലാമെല്ലാമാണ്. നാഗദൈവങ്ങൾക്കുള്ള വഴിപാടുകളെപ്പറ്റി മുത്തശ്ശിയുടെ വാക്കുകൾ ഭക്‌തന്മാർ ആദരവോടെ കാതോർക്കുന്നു. നാഗദൈവങ്ങൾക്ക് പുരാണങ്ങളിലുള്ള സ്‌ഥാനത്തെപ്പറ്റിയും മുത്തശ്ശി ഓർമിപ്പിക്കുന്നു. നാഗദൈവങ്ങൾ ‘സന്താനങ്ങൾക്കും സമ്പത്തിനും’ എന്നാണ് നാഗപുരാണത്തിൽ പറയുന്നത്. നാഗഗണങ്ങളെ ആരാധിക്കുന്നത് സന്താനങ്ങൾക്കും സമ്പത്തിനുമാണത്രേ ഗുണം ചെയ്യുന്നത്. നാഗങ്ങളെ അവഗണിക്കുന്നത് ദോഷം ചെയ്യുന്നു. അത്യുന്നതങ്ങളിലേക്ക് എത്തിക്കുന്നതിനും അധഃപതനങ്ങളിലേക്കു നയിച്ച് കുടുംബം ശിഥിലമാക്കുന്നതിനും നാഗങ്ങൾ കാരണമാണ്.

പ്രപഞ്ചത്തിൽ നാഗങ്ങളുടെ പ്രാധാന്യം അറിയേണ്ടതുതന്നെയാണ്. ഭൂമിയെ താങ്ങിനിൽക്കുന്നതുതന്നെ നാഗദൈവങ്ങളാണ്. സർപ്പങ്ങളെ ദേവന്മാരും അസുരന്മാരും ഒരുപോലെ ശിരസാ നമിക്കുന്നു. ദേവന്മാരെയും അസുരന്മാരെയും ഒരുപോലെ നിയന്ത്രിക്കാനുള്ള കഴിവ് നാഗദേവതകൾക്കുണ്ട്. ലോകം മുഴുവൻ ഒന്നായി നമിക്കുന്ന അദ്‌ഭുതശക്‌തിയായ നാഗദേവതകൾക്ക് നമ്മുടെ കേരളക്കരയിൽ മറ്റെവിടത്തേക്കാൾ പ്രാധാന്യമുണ്ട്. ഇതിന് കാരണമെന്തെന്നാൽ ആദിയിൽ കേരളക്കര നാഗദേവതകളുടെ സ്വന്തം ഭൂമിയായിരുന്നു എന്നതാണ്. ശ്രീമദ് ഭാഗവതത്തിലും മഹാഭാരതത്തിലും നാഗങ്ങളുടെ പ്രാധാന്യം വ്യക്‌തമാണ്.

എല്ലാ ദേവതകൾക്കും സർപ്പങ്ങൾ ഭൂഷണമാണ്. ജഗതീശ്വരനായ പരമശിവന്റെ ജടാഭാരത്തിലും നീലകണ്‌ഠത്തിലും കൈത്തണ്ടയിലും കാൽത്തളയിലും ശ്രേഷ്‌ഠ സർപ്പങ്ങൾ ആഭരണമായി വിളങ്ങുന്നു. പ്രപഞ്ചപുരുഷനായ മഹാവിഷ്‌ണു അനന്തശയ്യയിൽ യോഗനിദ്രചെയ്യുന്നു. അനാദിശക്‌തിയായ ദേവിയുടെ ഉത്തമമകുടത്തിൽ ഉഗ്രസർപ്പം ഫണം വിടർത്തി നിൽക്കുന്നു. ശ്രീ മഹാഗണപതിയുടെ ഉദരത്തിൽ പ്രപഞ്ചത്തെ രക്ഷിക്കുന്ന സങ്കൽപ്പത്തിൽ സർപ്പം ഒഢ്യാണമായി വിളങ്ങുന്നു.

സർപ്പസ്‌ഥാനം നശിപ്പിക്കുകയോ സർപ്പഹിംസ നടത്തുകയോ അശുദ്ധമാക്കുകയോ കാരണം സർപ്പശാപം ഏറ്റുവാങ്ങിയവർക്ക് സർപ്പശാപത്തിൽനിന്നും മോചനം നേടാൻ പായസഹോമം ഗുണപ്രദമാകുന്നു. സർപ്പബലി നടത്തുമ്പോൾ 64 കോടി സർപ്പദൈവങ്ങളും വാസുകിയും നാഗയക്ഷിയും സന്തോഷവാന്മാരാകുന്നു. സർപ്പബലി സമയത്ത് ഭക്‌തർ അപേക്ഷിക്കുന്നതെന്തും സാക്ഷാത്‌കരിച്ചു തരുമെന്നാണ് വിശ്വാസം.

സർപ്പബലി തൊഴുത് അനുഗ്രഹം വാങ്ങുന്നത് വളരെ ശ്രേഷ്‌ഠമാണ്. വളരെയേറെ ശ്രദ്ധ വേണ്ടതായ ഈ പൂജാവിധി ഐശ്വര്യദായകവുമാണ്. മംഗല്യഭാഗ്യവും സത്‌സന്താന ലബ്‌ധിയും സർപ്പ പ്രീതിയാൽ സംഭവിക്കുമെന്ന് വിശ്വസിച്ചുപോരുന്നു. നാഗസൂക്‌തം ജപിച്ച് അർച്ചന നടത്തി സമസ്‌ത നാഗദേവതകളെയും വൈകാരികതീവ്രത പ്രകടമാകുന്ന പത്മപീഠത്തിലേക്ക് ആവാഹിച്ചുകൊണ്ടുവന്ന് ഇഷ്‌ടനിവേദ്യങ്ങളാലും മന്ത്രകീർത്തനങ്ങളാലും തൃപ്‌തിപ്പെടുത്തി പായസം ഹോമിക്കുമ്പോൾ സർപ്പദോഷങ്ങൾ അകന്നുമാറും എന്നാണ് നാഗപുരാണത്തിൽ പറയുന്നത്.

നാഗദൈവങ്ങൾക്കുള്ള വഴിപാടുകൾ

1) വെള്ളരി: നാഗദൈവങ്ങൾക്കുള്ള പ്രത്യേക വഴിപാടാണ് വെള്ളരി. ഉണങ്ങല്ലരി, നാളികേരം എന്നിവ സഹിതം ഭഗവാനു സമർപ്പിക്കുന്നു. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോഴാണ് വെള്ളരി പൂർണമാവുന്നത്.

2) നൂറുംപാൽ: മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർന്ന മിശ്രിതമാണ് നൂറുംപാൽ. ഇത് നാഗങ്ങൾക്ക് ഏറ്റവും ഇഷ്‌ടമുള്ളതും അമൃതിനു തുല്യവുമാണ്.

3) സർപ്പരൂപപൂജ: നിത്യപൂജയിൽ ഓരോരുത്തരുടെയും നക്ഷത്രത്തിൽ ഒരു സർപ്പരൂപം വച്ചു നടത്തുന്നതാണ് സർപ്പരൂപപൂജ.

4) ആയില്യപൂജ: നാഗദൈവങ്ങളുടെ പ്രധാന നക്ഷത്രമാണ് ആയില്യം. ഈ നാളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും ഇവിടെ നടക്കുന്നു. മൂന്നുതവണ മുടങ്ങാതെ (വർഷത്തിൽ ഒന്ന്) ആയില്യപൂജ നടത്തുന്നത് സർവൈശ്വര്യത്തിനും ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാകുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്‌ഠിക്കുമ്പോൾ സർവവിഘ്‌നങ്ങളും തീർന്ന് ഗുണപ്രാപ്‌തി കൈവരുമെന്നാണ് കണ്ടിരിക്കുന്നത്. സർപ്പദോഷ പരിഹാരമായി ഓരോ ദിവസവും എത്തുന്ന വഴിപാടിന്റെ സമാപന പൂജ അതതു മാസത്തെ ആയില്യം നാളിലാണ്. മംഗല്യഭാഗ്യത്തിനും സർവഭീഷ്‌ടസിദ്ധിക്കും സന്താനലബ്‌ധിക്കും സർവൈശ്വര്യത്തിനും പ്രാർഥിക്കാനായി മാസംതോറുമുള്ള ആയില്യപൂജയ്‌ക്ക് അയൽ സംസ്‌ഥാനങ്ങളിൽനിന്നുപോലും ധാരാളം ഭക്‌തർ എത്തിച്ചേരുന്നു.

5) പ്രത്യേക ആയില്യപൂജ: ആയില്യം നാളിലല്ലാതെ ഭക്‌തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ ഇഷ്‌ടമുള്ള മറ്റു നക്ഷത്രത്തിലോ പ്രത്യേകമായി ആയില്യപൂജ നടത്താം.

6) സർപ്പദോഷ പരിഹാരപൂജ: സർപ്പദോഷ പരിഹാരാർഥം ദോഷത്തിൽനിന്നു നിവൃത്തികിട്ടാൻ നടത്തുന്ന പൂജയാണ് സർപ്പദോഷപരിഹാരപൂജ. ജ്യോത്സ്യവിധിപ്രകാരം മാത്രമേ സർപ്പദോഷ പരിഹാരപൂജ നടത്താറുള്ളൂ. ശുദ്ധമായ സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ രൂപം നിർമിച്ചു കൊണ്ടുവന്നു നടയ്‌ക്കുവച്ചുവേണം സർപ്പദോഷ പരിഹാരപൂജ നടത്താൻ. രൂപത്തിന് വലിപ്പമോ തൂക്കമോ ബാധകമല്ല. പാവപ്പെട്ട ഭക്‌തരെ ഉദ്ദേശിച്ചാണിത്. ഇത്ര തൂക്കത്തിൽ വേണം എന്ന് ചില ജ്യോത്സ്യന്മാരും നമ്പൂതിരിമാരും പറയാറുണ്ട്. അതിൽ കാര്യമില്ല. നിർമിച്ചുവച്ച കമ്പനി നിർമിതമായ സാധനങ്ങൾ യഥാർഥമാവില്ല. ശുദ്ധമായ ലോഹത്തിൽ നാട്ടിൻപുറത്തുള്ള സ്വർണപ്പണിക്കാരിൽനിന്നു പറഞ്ഞുണ്ടാക്കുന്നതായിരിക്കും ഫലപ്രദം. ഈ പൂജ നടത്താൻ പ്രശ്‌നച്ചാർത്ത് കാണിക്കുകയോ അല്ലെങ്കിൽ വിവരങ്ങൾ വിശദമായി ധരിപ്പിക്കുകയോ വേണം.

7) സർപ്പപ്പാട്ട്: സർപ്പപ്രീതിക്കുവേണ്ടി നാഗദൈവങ്ങളെ സ്‌തുതിച്ചുകൊണ്ട് പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്.

8) സർപ്പബലി, പായസഹോമം: നാഗദൈവങ്ങളെ സംപ്രീതരാക്കാൻ ഏറ്റവും ഉത്തമമായ പൂജയാണ് സർപ്പബലി. പരശുരാമന്റെ കൽപനപ്രകാരമാണ് സർപ്പങ്ങളെ സ്‌ഥലദേവതകളായി സ്വീകരിപ്പിച്ച് സർപ്പക്കാവുകൾ പണിതീർപ്പിച്ചത്. ഓരോ പറമ്പുകളിലും പ്രത്യേക ചില സ്‌ഥലങ്ങളെ പാമ്പുംകാവുകളാക്കി തിരിച്ച് നാഗപ്രതിഷ്‌ഠ നടത്തുകയും കൊല്ലംതോറും സർപ്പപ്രീതി വരുത്തിക്കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്‌തപ്പോൾ സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന് പരശുരാമചരിതത്തിൽ പറയുന്നു.

9) കാവ് ആവാഹനം: ഹൈന്ദവ തറവാടുകളോടു ചേർന്നുകിടക്കുന്ന പാമ്പുംകാവുകളും അവിടെ നാഗദൈവങ്ങൾക്ക് കാരണവന്മാർ നടത്തിപ്പോന്നിരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്കും പൂജകൾക്കും തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ തറവാട്ടിലെ നാഗങ്ങളെ നാഗരാജ ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന് നിത്യവും പൂജയും കർമങ്ങളും നൽകി ശാന്തി വരുത്തുന്ന രീതിയാണ് കാവ് ആവാഹനം. അങ്ങനെ ചെയ്‌താൽ ആ തറവാട്ടിലെ (കുലത്തിലെ) ഓരോ കണ്ണികൾക്കും സർപ്പദോഷം തീർന്ന് നാഗദൈവങ്ങൾ സത്സന്താന ലബ്‌ധിക്കും സമ്പത്സമൃദ്ധിക്കും സർവൈശ്വര്യത്തിനും കടാക്ഷിക്കുമെന്നാണ് വിശ്വാസം.

പാമ്പാടി ശ്രീ നാഗരാജ ക്ഷേത്രത്തിലേക്ക് തറവാടുകളിലെ പാമ്പുംകാവുകളെ ആവാഹിച്ചു കൊണ്ടുവരുമ്പോൾ ക്ഷേത്ര ഊരാളന്മാരും തന്ത്രിയും ചേർന്ന് ആ തറവാട്ടിൽ ചെന്ന് മുടങ്ങിക്കിടന്നിരുന്ന പൂജകൾക്കും അനുഷ്‌ഠാനങ്ങൾക്കും നിവൃത്തി വരുത്തി പൂജ നടത്തിയശേഷം പ്രാർഥിക്കുന്നു: ‘നാഗദൈവങ്ങൾ പ്രസാദിക്കണം, ഞങ്ങൾ സന്തോഷത്തോടെ പാമ്പാടി ശ്രീ പാമ്പുംകാവിലേക്ക് ആവാഹിക്കുന്നു. ഇന്നുമുതൽ മുടങ്ങാതെ പൂജ നടത്തിക്കൊള്ളാം’ എന്നു സത്യം ചെയ്‌ത് പ്രാർഥിക്കുന്നു.

സ്വർണം, വെള്ളി വിഗ്രഹങ്ങളിലേക്കാണ് ആവാഹനം നടത്താറുള്ളത്. ഈ വിഗ്രഹങ്ങളിലേക്ക് ആവാഹിച്ച് ക്ഷേത്രത്തിൽ കൊണ്ടുവന്ന് പൂജ നടത്തുമ്പോൾ ഈ തറവാട്ടിലെ പാമ്പുംകാവിലെ നാഗഗണങ്ങൾ നാഗരാജ ക്ഷേത്രത്തിൽ ലയിച്ചു എന്നാണ് വിശ്വാസം. ഇതിന് മുൻകൂട്ടി ക്ഷേത്രത്തിൽ വിവരം ലഭിക്കണം. ജ്യോത്സ്യവിധിപ്രകാരം മാത്രമേ പാമ്പാടി ശ്രീ പാമ്പുംകാവിൽ കാവ് ആവാഹനം സ്വീകരിക്കാറുള്ളൂ. ഇങ്ങനെ ആവാഹനം നടത്തിയാലും വർഷത്തിൽ ഒരിക്കലെങ്കിലും ഈ തറവാട്ടുകാർ ക്ഷേത്രത്തിൽ വന്ന് തൊഴുതു പ്രാർഥിക്കണം. സാധ്യമെങ്കിൽ വർഷത്തിൽ പൂജ നടത്തി വെള്ളരിയിട്ട് പാമ്പുംകാവുകളെ തറവാട്ടിൽത്തന്നെ നിലനിർത്തുന്നതാണ് ഉത്തമം.

പാമ്പുകൾ ആനന്ദനൃത്തമാടിയ പാമ്പാടി

പാമ്പാടി ശ്രീ പാമ്പുംകാവ് ശ്രീ നാഗരാജ ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ഹൈന്ദവ പുരാണങ്ങളിൽ ‘പുണ്യഭൂമി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്‌ഥലമാണ് തൃശൂർ ജില്ലയിലെ തിരുവില്വാമല. നിളാനദിയോടു ചേർന്നുകിടക്കുന്ന ഈ പുണ്യസ്‌ഥലം ചരിത്രപ്രസിദ്ധമായ ശ്രീ വില്വാദ്രിനാഥക്ഷേത്രം, പാപനാശിനിയായ പുനർജനി, ശ്രീ പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പിതൃതർപ്പണത്തിനു പേരുകേട്ട ഐവർമഠം, സോമേശ്വരം ശിവക്ഷേത്രം, പടിഞ്ഞാട്ടു ദർശനമായി ഇരിക്കുന്ന കോതകുർശി അപ്പൻ ശിവക്ഷേത്രം എന്നീ വിശുദ്ധ സ്‌ഥാനങ്ങളാൽ ഹൈന്ദവ മനസ്സുകളിൽ സ്‌ഥിരസ്‌ഥാനം പിടിച്ചിരിക്കുന്നു.

തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ‘പാമ്പാടി.’ സർപ്പങ്ങൾ നൃത്തമാടി എന്ന അർഥം വരുന്ന ഈ പ്രാചീന സ്‌ഥലപ്പേര് ഈ ഗ്രാമത്തിന് തികച്ചും യോജിച്ചതാണ്. തിരുവില്വാമലയിലെത്തുന്ന ഭക്‌തർ ശ്രീ വില്വാദ്രിനാഥനെയും ഐവർമഠം ശ്രീകൃഷ്‌ണ ഭഗവാനെയും വണങ്ങി പാമ്പാടി ശ്രീ പാമ്പുംകാവിലെ നാഗരാജസന്നിധിയിലേക്കെത്തുന്നു.

തിരുവില്വാമലയിൽനിന്നും അഞ്ചു കിലോമീറ്റർ വടക്കുകിഴക്കു മാറിയും പാമ്പാടിയിൽനിന്ന് രണ്ടു കിലോമീറ്റർ കിഴക്കു മാറിയുമാണ് പെരുങ്ങോട്ടുകുർശി റോഡിൽ ഈസ്‌റ്റ് പാമ്പാടിയിൽ നിലകൊള്ളുന്ന പാമ്പാടി ശ്രീ പാമ്പുംകാവ്. ഈ ക്ഷേത്രം കേരളത്തിലെ പ്രസിദ്ധ നാഗാരാധനാലയങ്ങളിലൊന്നാണ്.

വെട്ടിക്കോടുള്ള നാഗക്ഷേത്രം, ഹരിപ്പാട്ടുള്ള മണ്ണാറശാല, മാളയിലുള്ള പാമ്പുമേക്കാട്ട്, എറണാകുളത്തുള്ള ആമയേട, ചെർപ്പുളശ്ശേരി പാതിരിക്കുന്നത്ത് മന എന്നിവ കേരളത്തിലെ മറ്റു പ്രസിദ്ധ നാഗരാജക്ഷേത്രങ്ങളാണ്.ബിംബപ്രതിഷ്‌ഠകളില്ലാതെ ശിവാകാരത്തിൽ ഭൂമിയിൽനിന്നു സ്വയംഭൂവായ സർപ്പപ്പുറ്റുകളെയാണ് പാമ്പാടി ശ്രീ പാമ്പുംകാവിൽ ആരാധിച്ചുപോരുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.