Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി വ്രതത്തിന്റെ പ്രത്യേകതകൾ?

navarathri-special

വിജയദശമിയെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും ദേവീഭാഗവതത്തിൽ വേദവ്യാസൻ നവരാത്രിപൂജയെപ്പറ്റി ജനമേജയനോടു പറയുന്നു. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്. വാത്മീകി രാമായണത്തിൽ പറയുന്നു: ശ്രീരാമന്‍ രാവണന് മോക്ഷപ്രാപ്തി കൊടുത്തത് നവരാത്രി വ്രതം അനുഷ്ഠിച്ചാണത്രെ. ഉത്തരേന്ത്യയിൽ രാമലീല എന്ന പേരിൽ ആഘോഷിക്കുന്നു. മഹാസാഗരം (പ്രളയം) കാലത്തിനൊടുവിൽ ദൈവം ലോകം പുനഃസൃഷ്ടിക്കാൻ ആഗ്രഹിച്ചുവത്രെ. അങ്ങനെ ലോകത്തിന്റെ സൃഷ്ടിയുണ്ടായി. അതിൽ ദേവിക്കു നന്ദി പ്രകടിപ്പിച്ചു. കടുത്ത വേനൽക്കാലവും മഴക്കാലവും യമന്റെ രണ്ടു കൂർത്ത പല്ലുകളായാണ് കരുതുന്നതത്രേ. ഇവ പകർച്ചവ്യാധികൾ മനുഷ്യർക്കു നൽകുന്നു. ആരോഗ്യം നശിക്കുന്നു, ദുരിതം വിതയ്ക്കുന്നു, മനസ്സ് ക്ഷയിക്കുന്നു, ഇവയിൽ നിന്നു നമ്മെ രക്ഷിക്കുന്നവളാണ് ഉമ. ലക്ഷ്മീദേവിക്കു നന്ദി പ്രകടിപ്പിക്കാൻ വേണ്ടിയാണു നവരാത്രി എന്ന പേരിൽ 9 രാത്രികൾ ഉമയെ ആരാധിക്കുന്നത്. ഒന്നാം ദിവസം കുമാരീപൂജ നടത്തണം. ഒന്നാംദിവസം രണ്ടു വയസ്സായ കുട്ടിയെ കുമാരി എന്ന പേരിൽ ആരാധിക്കുമ്പോൾ ദാരിദ്ര്യവും ദുഃഖവും ഇല്ലായ്മ ചെയ്ത് ഐശ്വര്യം ലഭിക്കുന്നു.

രണ്ടാം ദിവസം 3 വയസ്സുള്ള പെൺകുട്ടി, ത്രിമൂർത്തി എന്ന ഭാവത്തിൽ പൂജിക്കണം. ധർമാർഥകാമഫലങ്ങളും സന്താനലാഭവും നല്ല ബുദ്ധിയും ഉണ്ടാകും. 4 വയസ്സ് തികഞ്ഞവളെ കല്യാണി എന്ന പേരിൽ മൂന്നാം ദിവസം പൂജിക്കണം. വിദ്യയും ധനവും ജീവിത വിജയവും സുഖകരമായ ജീവിതവും ലഭിക്കുന്നു. 4-ാം ദിവസം രോഗശാന്തിക്കായി 5 വയസ്സുള്ള കുട്ടിയെ രോഹിണി എന്ന പൂജ ചെയ്യുന്നു. കാളിക എന്ന പേരിൽ 6 വയസ്സായ കുട്ടിയെ 6-ാം ദിവസം പൂജ ചെയ്താൽ ശത്രുനാശമുണ്ടാകും. അടുത്ത ദിവസം 7 വയസ്സുള്ള ചണ്ഡികയെ പൂജിക്കും. ഐശ്വര്യം ലഭിക്കും. അതേ ദിവസം സാംബവി എന്ന കുട്ടിയെ പൂജിച്ചാൽ ജീവിതവിജയവും നേടാം. 8-ാം ദിവസം 9 വയസ്സുകാരി ദുർഗ്ഗയെ പൂജിച്ചാൽ ശത്രുനാശം ഉണ്ടാകും ഒപ്പം പരലോകസുഖവും ലഭിക്കും. നവമി ദിവസം 10 വയസ്സുള്ള സുഭദ്രയെ പൂജിച്ചാൽ സർവാഭീഷ്ടങ്ങളും ലഭിക്കും. ദമ്പതിമാരെ പൂജിക്കുന്നതും ഐശ്വര്യലബ്ധി ഉണ്ടാകുന്നതാണ്. ഇവർക്ക് പുതുവസ്ത്രങ്ങൾ, പഴങ്ങൾ, പൂക്കൾ, ചീപ്പ്, കണ്ണാടി, കുങ്കുമം, ദക്ഷിണ, വിഭവസമൃദ്ധമായ ഭക്ഷണവും നൽകണം. ഉത്തരേന്ത്യയിൽ ദസറ എന്ന പേരിൽ വമ്പിച്ച ആഘോഷമായി കൊണ്ടാടുന്നു. തിന്മയ്ക്കുമേൽ നന്മ വിജയം വരിച്ച ദിവസമാണ് വിജയദശമി.

നവരാത്രി വ്രതത്തിന്റെ പ്രത്യേകതകൾ?

നവരാത്രി വ്രതത്തിന്റെ ഫലം മൂഢാത്മാവായ മനുഷ്യനെ കുബേരനാക്കി ലോകപ്രശസ്തി നൽകുന്നതാണ്. പണമില്ലാത്തവന്‍ പിണമാണ്, വിദ്യയില്ലാത്തവൻ മൂഢനുമാണ്. സർവ ഐശ്വര്യങ്ങളും ലഭിക്കുന്നതിനാണ് നവരാത്രികളിൽ ദേവിയെ പൂജിക്കുന്നത്. 10-ാം ദിവസം വിജയലക്ഷ്മിയായും വിദ്യാലക്ഷ്മിയായും ആഘോഷിക്കുന്നു. സീതയെ രാവണൻ മോഷ്ടിച്ചു കൊണ്ടുപോയതിനെ തുടർന്ന് ശ്രീരാമചന്ദ്രപ്രഭു ഈ വ്രതം അനുഷ്ഠിക്കുകയും രാവണനെ പരാജയപ്പെടുത്തി സീതാദേവിയെ വീണ്ടെടുക്കുകയും ചെയ്തു. ദുർഗമൻ എന്ന അസുരനെ നിഗ്രഹിക്കാൻ ദേവന്മാർ ദേവിയെ ഭജിക്കുകയും ദേവി ദുർഗാഷ്ടമി ദിവസം ദേവന്മാരുടെ മുന്നിൽ പ്രത്യക്ഷയാകുകയും മഹാനവമി ദിവസം ദുർഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുർഗയായി ആരാധിച്ച് ദേവന്മാർ വിജയാഘോഷം കൊണ്ടാടുകയും ചെയ്തതായി ഐതിഹ്യം. അതു മനുഷ്യന്റെ ദോഷങ്ങൾ തീർക്കുവാനും ഐശ്വര്യം വരുന്നതിനും വേണ്ടിയുള്ള സങ്കൽപമാണ്. 9 ദിവസവും വ്രതം എടുക്കാൻ കഴിയാത്തവർ സപ്തമി, അഷ്ടമി, നവമി ദിവസങ്ങളിൽ വ്രതം എടുക്കണം. മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയെയാണു പൂജിക്കുന്നത്. ഈ ദിവസങ്ങളിൽ. എല്ലാ ദേവന്മാരും ശക്തിയെയാണു പൂജിക്കുന്നത്. ദുർഗാഭാവത്തെ ആരാധിക്കുമ്പോൾ ജീവിതവിജയവും, ലക്ഷ്മീ ഭാവത്തെ ആരാധിക്കുമ്പോൾ ധനവും സരസ്വതീഭാവത്തെ ആരാധിക്കുമ്പോൾ വിദ്യയും ലഭിക്കും.

നവരാത്രി സമയത്ത് ദേവീഭാഗവതവും ദേവീമാഹാത്മ്യവും വായിക്കേണ്ടതാണ്. വിദ്യയാണ് ജീവിതവിജയത്തിന് അത്യാവശ്യം, പിന്നെ ധനവും. മഹിഷാസുരൻ അജ്ഞാനത്തിന്റെ പ്രതീകമാണ്, അതിനെ വധിച്ച് ജ്ഞാനം തെളിയിക്കുന്ന ദിവസമാണു വിജയദശമി.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.