Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളക്കിന്റെ തെളിച്ചത്തിലുണ്ട് ഭാവിയും ജീവിതവും!

ദീപം

ശുഭകർമ്മങ്ങൾക്ക് വിളക്ക് തെളിച്ച് ആരംഭം കുറിക്കുന്ന പതിവുണ്ട്. എന്താണ് വിളക്കിന്റെ മഹത്വം? വിളക്ക് എങ്ങനെയാണ് ഗൃഹക്ഷേത്രാദികളിൽ സ്ഥാനം പിടിച്ചത്?. ജ്യോതിഷത്തിൽ വിളക്കിന്റെ പ്രാധാന്യം എന്താണ്? എന്നതിനെപ്പറ്റി ഒരു അന്വേഷണം നടത്തി നോക്കാം. അവസാനം പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയാൽ തന്നെ മറ്റു ചോദ്യങ്ങൾക്കുളള ഉത്തരമുണ്ടാകും.

‘സർവ്വ പ്രശ്നേഷു സർവ്വേഷ്ഠ കർമ്മസ്വപിവിശേഷതഃ

പ്രാസാദേനൈവ ദീപസ്യ ഭവിഷ്യച്ശുഭമാദിശേൽ’’

എല്ലാ പ്രശ്നങ്ങളിലും എല്ലാത്തരം കർമ്മങ്ങളിലും പ്രത്യേകമായി വിളക്കിന്റെ തെളിച്ചം കൊണ്ട് ഭാവികാലം ശുഭം പറയണം. വിളക്കിന്റെ ഇടതു വശം ജ്വാലയുണ്ടായാലും തെളിയാത്ത ജ്വാലയായാലും തീപ്പൊരിയോടു കൂടി നേരിയ ജ്വാലയായാലും ശുദ്ധമായ എണ്ണയും തിരിയും ഉണ്ടെങ്കിൽ പോലും വേഗം അണഞ്ഞു പോവുകയും ജ്വാലയ്ക്ക് ശബ്ദമുണ്ടാവുകയും, വിറയാർന്നതും, തെളിഞ്ഞ് പിളർന്ന ജ്വാലയായും ഉളള ദീപം അശുഭ ഫലം തരുന്നു. കത്തിച്ചാൽ വീണ്ടും വീണ്ടും കെട്ടു പോകുന്ന ദീപം അശുഭമാണ്.

തടിച്ച് ഉറപ്പുളളതും, നീളമേറിയതും, വിറയില്ലാത്തതും, പ്രകാശിക്കുന്നതും, ശബ്ദമില്ലാത്തതും, ഭംഗിയുളളതും, വലതു വശം ചുറ്റുന്നതും, വൈഢൂര്യനിറമോ സ്വർണ്ണനിറമോ ഉളളതുമായ ജ്വാലയാർന്ന ദീപവും, ഉയർന്ന ജ്വാലയായി കാണ പ്പെടുന്ന ദീപവും ശോഭനവും സന്തുഷ്ടവുമായ ഐശ്വര്യത്തെ തരുന്നു. വിളക്കിലെ എണ്ണ പ്രഷ്ടാവിന്റെ ദേഹമായും അതിനുളളിൽ കിടക്കുന്ന തിരി ആത്മാവായും ജ്വാല ആയുസ്സായും, അതിന്റെ നൈർമല്യം, മാലിന്യം എന്നിവ സുഖവും ദുഃഖവുമായും വിളക്ക് ഗൃഹമായും ; മൃദു ഗുണവും പാരുഷ്യവും ഉളള കാറ്റ് ബന്ധുരൂപവും ശത്രു രൂപവും ആയിത്തീരുന്നു. മഹാ ദേവാത്മാവായ ആ ദീപം പ്രഷ്ടാവിന്റെ സ്ഥിതി ഗതികൾ അങ്ങേയറ്റം സൂചിപ്പിക്കുന്നു.

മഹാദേവാതാത്മ എന്നതിന് ദേവസ്വരൂപമെന്നോ ശിവസ്വരൂപമെന്നോ പറയാം. വിളക്കു കൊണ്ട് പൃച്ഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം. വിളക്കിലെ എണ്ണയുടെ അളവു കൊണ്ട് ദേഹപുഷ്ഠി ചിന്തിക്കാം. എണ്ണയുടെ ചൂട് ദേഹാസ്വാസ്ഥ്യം കാണിക്കുന്നു. മാലിന്യം രോഗാദ്യാനുഭവമാണ്. നൈർമല്യം ശരീര പ്രാകാശത്തെ കാണിക്കുന്നു. എണ്ണയുടെ അളവു കൊണ്ട് പുണ്യപാപങ്ങൾ നിർണ്ണയിക്കാം.

സുകൃത ദുഷ്കൃതങ്ങളുടെ ഏറ്റകുറച്ചിലുകളാണല്ലോ ജീവിതം. ആത്മാവായ തിരി ശുദ്ധമായിരുന്നാൽ ബുദ്ധി പ്രകാശം, ആത്മസുഖം മുതലായവ കാണിക്കുന്നു. തിരിയുടെ മലിനത്വം, ദുഃഖാധിക്യം സന്തോഷക്കുറവ് എന്നിവയാണ് തിരി ഒന്നിനു മുകളിൽ ഒന്നായി പിരിഞ്ഞു കിടന്നാൽ വായുവിന് ആവരണം സംഭവിച്ചിട്ടുണ്ടെന്ന് പറയാം. ഉപയോഗിക്കാതെ കിടക്കുന്ന തിരികൾ സന്താനങ്ങളുടെ സുഖദുഃഖങ്ങളെ കാണിക്കുന്നു. തിരി അധികമായാൽ മന:ക്ലേശം ഫലമാകുന്നു ജ്വാലയുടെ ആകൃതി അനുസരിച്ച് ആയുസ്സിന്റെ സ്ഥിതി പറയാം. തടിച്ച് ഉരുണ്ട ജ്വാലയായാൽ ആയു: പുഷ്ടി, ജ്വാല ഇളക്കമുളളതെങ്കിൽ ആയുസിന്റെ സന്നിഗ്ധത, തെളിഞ്ഞ ജ്വാലയായാൽ സൗഖ്യം, മങ്ങിയ ജ്വാല ദുഃഖം.

വിളക്കിന്റെ വലിപ്പമനുസരിച്ച് ഗൃഹത്തിന്റെ സ്ഥിതികൾ പറയണം. വിളക്കിന്റെ വലിപ്പം വീടിന്റെ ഭംഗി ഉറപ്പ് എന്നിവ കാണിക്കുന്നു. വിളക്കിന് കേടു ണ്ടെങ്കിൽ ഗൃഹദോഷം പറയണം. ശുദ്ധമായ വിളക്ക് വീടിന്റെ പരിശുദ്ധിയെ കാണിക്കുന്നു. മഷി അധികമുണ്ടെങ്കിൽ അഗ്നി ഭയം ഫലം. വിളക്കു മാറ്റി വച്ചാൽ വീടുമാറ്റം പറയണം.

ദീപത്തിന്റെ ജ്വാല കിഴക്കു ദിശയിലേക്കായാൽ അഭീഷ്ട സിദ്ധിയും, അഗ്നികോണിലായാൽ അഗ്നിഭയവും തെക്കു ദിക്കിലായാൽ മരണഭയവും നിര്യതി കോണിലായാൽ ഓർമ്മകുറവും ഉണ്ടാകുന്നു. വരുണ ദിക്കിലെ ജ്വാല ശാന്തി നൽകുന്നു. വായു കോണിലായാൽ ഐശ്വര്യഹാനിയും, വടക്കു ദിക്കിലായാൽ രോഗശാന്തിയും ഉണ്ടാകും, ഈശാനകോണിലുളള ജ്വാല സുഖം നൽകുന്നു. അഗ്നിയുടെ മേലോട്ടുയരുന്ന ജ്വാല സർവ്വാഭീഷ്ട വസ്തുക്കൾ ഉടനടി പ്രദാനം ചെയ്യുന്നു.

വിശേഷാൽ, ഒറ്റത്തിരി രോഗലക്ഷണവും, രണ്ടു തിരിയായാൽ ഉത്തമവും, മൂന്നു തിരി ആലസ്യ ലക്ഷണവും നാലു തിരി ദാരിദ്ര്യവും അഞ്ചു തിരിയായാൽ ശോഭന ഫലവുമാകുന്നു.

ലേഖകൻ

O.K. Pramod Panicker Peringode

Koottanad (Via) Palakkad Dt.

Ph: 9846 309646

 8543 019646

Email:- pramodpanickerpgd87@gmail.com

Whats app- 9846 309646

Your Rating: