Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയ്ക്കിറങ്ങുമ്പോൾ പൂച്ചയെ കണ്ടാൽ പ്രശ്നമുണ്ടോ?

Cat Cat

വരാൻ പോകുന്ന സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണു ഭാരതീയർ ശകുനത്തെ കണക്കാക്കിയിരുന്നത്. ആദികാലം മുതൽക്കു തന്നെ ഒരു ശാസ്ത്രീയശാഖയായിട്ടാണ് ശകുനത്തെ വീക്ഷിച്ചുപോന്നിരുന്നത്. അവയെ ദീപ്തങ്ങളെന്നും ശാന്തങ്ങളെന്നും രണ്ടായി വിഭജിച്ചിരുന്നു. ദീപ്തങ്ങൾ ശുഭഫലത്തെയും ശാന്തം അശുഭ ഫലത്തെയും പ്രദാനം ചെയ്യും. ആദ്യ കാലങ്ങളിൽ രാജകുടുംബങ്ങൾ ശകുനം നോക്കിയാണ് യാത്രകൾ നടത്തിയിരുന്നത്. യാത്രികന്റെ മുൻഭാഗത്തു നിന്നും വരൂ എന്ന ശബ്ദം കേൾക്കുന്നത് നല്ലതാണ്. പിന്നിൽ നിന്നാൽ അശുഭ പ്രദവും.

ജ്യോതിഷത്തിൽ ശകുനത്തിനു പ്രാധാന്യമേറെയാണ്. യാത്ര പുറപ്പെട്ട ദൈവജ്ഞന്റെ വസ്ത്രം ഉടക്കുക, കയ്യിൽ പിടിച്ചിരിക്കുന്ന കുട മുതലായവ ഭൂമിയിൽ വീഴുക എന്നിവ അശുഭപ്രദമായി കണക്കാക്കുന്നു. യാത്രാ സമയത്ത് കല്ല് മുതലായവയിൽ കാലുതട്ടുകയും തൂണ് മുതലായവയിൽ തലമുട്ടുകയും അശുഭമാകുന്നു. മനുഷ്യരുടെ ജന്മാന്തരത്തിൽ ചെയ്യപ്പെട്ട ശുഭാശുഭകർമ്മം യാതൊന്നാണോ അതിന്റെ ഫലത്തെ ശകുനം അറിയിച്ചു തരുന്നു. നല്ല ശകുനം നന്മയും ചീത്ത ശകുനം തിന്മയും കാണിക്കുന്നു.

വഴിയിൽ തനിയെ പോകുന്നവനുണ്ടാകുന്ന ശകുനം അവനവനു തന്നെയും സൈന്യത്തിനുണ്ടാകുന്ന ശകുനം രാജാവിനെയും രാജധാനിയിൽ ഉണ്ടാകുന്ന ശകുനം രാജധാനി ദേവതയെയും സമൂഹത്തിൽ ഉണ്ടാകുന്ന ശകുനം സമൂഹ നായകനെയും ബാധിക്കുമെന്നു സൂചിപ്പിക്കുന്നു. കിഴക്കു ദിക്കിൽ ശകുന ശബ്ദം ഉണ്ടാകുന്നു എങ്കിൽ രാജാവിനോടും അഗ്നികോണിൽ ഉണ്ടായാൽ രാജകുമാരനോടും സമാഗമം തീർച്ചയായും ഉണ്ടാകും. (ഇക്കാലത്ത് ഗവൺമെന്റ് അധികാരികളേയും ഉയർന്ന സർക്കാരുദ്യോഗസ്ഥരേയും കാണാൻ പോകുമ്പോൾ മേൽപറഞ്ഞ പ്രകാരം ശകുനമുണ്ടായാൽ കാര്യം സാധിക്കും) അപ്രകാരം തെക്കുദിക്കുമുതൽ നേതാക്കന്മാർ എന്നിവരോടും സമാഗമമുണ്ടാകുമെന്നു പറയണം.

പഞ്ഞി, ഔഷധം, കറുത്ത ധാന്യം, ഉപ്പ് എന്നിവയും, വല മുതലായ കൊലയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ഭസ്മം, കനൽക്കട്ട, ഇരുമ്പ് എന്നിവയും തൈര്, പാമ്പ്, ദുർഗന്ധവസ്തു, മലം, ഛർദ്ദിച്ച വസ്തുക്കൾ എന്നിവയും, ഭ്രാന്തൻ, ആപത്തിൽപ്പെട്ടവൻ‍, മൂഢൻ, അന്ധൻ, മൂകൻ, ബധിരൻ, നപുംസകൻ എന്നിവരേയും സന്യാസികളേയും, നേത്രഹൃദയങ്ങൾക്ക് അഹിതമായ വസ്തുക്കളും ദുർനിമിത്തങ്ങളാകുന്നു. പാമ്പ്, പൂച്ച, ഉടുമ്പ്, കീരി, കുരങ്ങ് എന്നിവ വിലങ്ങനെ വഴി കടക്കുന്നതും കൂടാതെ കടുക്, വിറക്, കല്ല്, പുല്ല് എന്നിവ നേരിട്ടു കൊണ്ടുവരുന്നതും ദുഃസൂചനയാണ്.പച്ചയിറച്ചി, മദ്യം, തേൻ, നെയ്യ്, വെളുത്ത വസ്ത്രം, കുറിക്കൂട്ട്, രത്നം, ആന, കൊടിക്കൂറ, കുതിര, രാജാവ്, ധനവാനായ മനുഷ്യൻ, എഴുന്നെള്ളിയ ദേവൻ, വെൺചാമരം, മധുരവും നെയ്മയവുമുള്ള അന്നപാന വസ്തുക്കൾ, ശവം, ഇരട്ട ബ്രാഹ്മണൻ, കത്തുന്ന തീയ്, പച്ചമണ്ണ് എന്നിവ ശുഭപ്രദങ്ങളായ നിമിത്തമാണ്.

വലതുവശം പോകുന്ന പക്ഷിമൃഗാദികളും അപ്രകാരമല്ലാത്ത നായും കുറുക്കനും ഒറ്റപ്പെട്ടുവരുന്ന മൃഗങ്ങളും ദിവസങ്ങളും ശകുനത്തിന് ഉത്തമമാകുന്നു.കാട്ടുകാക്ക, ശകുന്തം, വാനമ്പാടി, കീരി, ആട്, മയിൽ എന്നിവയും ഗദധരിച്ച പുരുഷനും, വീണ ധരിച്ച സ്ത്രീയും, വില്ലുധരിച്ച പുരുഷനും, മുതലയും തുലാസുധരിച്ചവനും, കന്യകയും, സസ്യങ്ങളും പണിയായുധം ധരിച്ച തൊഴിലാളിയും ശുഭ ശകുനമാണ്. അനിഷ്ട ശകുനം ഉണ്ടാകുമ്പോൾ പതിനൊന്നും, അതിനുശേഷം പിന്നെയും ദുഃശകുനമുണ്ടായാൽ പതിനാറും പ്രാവശ്യവും പ്രാണായാമം ചെയ്യണം. മൂന്നാമതും അനിഷ്ട ശകുനമുണ്ടാകുമ്പോൾ ഗൗരവമുള്ള യാത്ര ആണെങ്കിലും ഉപേക്ഷിക്കണം.

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം ) കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646 Email - pramodpanickerpgd87 @gmail .com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.