Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാം ഏതു പക്ഷത്ത്? മഹാബലിയുടെയോ വാമനന്റെയോ...

onam-story

വീണ്ടും ഒരോണം എത്തി. കഥകളും ഐതിഹ്യങ്ങളും നിറഞ്ഞ ഓണം മലയാളിക്കു പൊന്നോണം തന്നെയാണ്. അത്രയേറെ നാം ഓണത്തെയും അതിന്റെ ഐതിഹ്യത്തെയും കഥകളെയും നെഞ്ചിലേറ്റുന്നു.

കേരളം നന്നായി ഭരിച്ചിരുന്ന മഹാബലി ചക്രവർത്തിയെ വാമനരൂപത്തിലെത്തിയ മഹാവിഷ്‌ണു പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തി എന്നാണല്ലോ ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം. വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്ന മഹാബലിയെ ആഹ്ലാദപൂർവം വരവേൽക്കലാണ് ഓണാഘോഷം. നന്നായി രാജ്യം ഭരിച്ച നല്ല ചക്രവർത്തിയെ എന്തിനു ചവിട്ടിത്താഴ്‌ത്തി? ഈ കഥയിൽ നാം ആരുടെ പക്ഷത്ത്– മഹാബലിയുടെ പക്ഷത്തോ വാമനന്റെ പക്ഷത്തോ?

മഹാബലി നന്നായി രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്നു എന്നു തന്നെയാണ് ഐതിഹ്യം. പ്രജകൾക്ക് ഇത്രയും നല്ല കാലം വേറെ ഉണ്ടായിട്ടില്ല.

‘‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം. കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങൾ മറ്റൊന്നുമില്ല....’’ അങ്ങനെ പോകുന്നു ആ നല്ല കാലത്തിന്റെ വർണന.

പ്രജകൾ എല്ലാവരും ഒന്നുപോലെ. കള്ളമില്ല, ചതിയില്ല, കള്ളത്തരങ്ങൾ ഒന്നുമില്ല. ഇത്രയും നല്ല ചക്രവർത്തിയെ മഹാവിഷ്‌ണു എന്തിനു പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തി? ചരിത്രവും ഐതിഹ്യവും പൗരാണികതയുമൊക്കെ കൂടിക്കലർന്നു കിടക്കുന്നതാണ് ഈ ഓണസങ്കൽപം.

പുരാണങ്ങളിൽ മഹാബലിയുടെയും വാമനന്റെയും കഥകൾ വിശദമായി പറയുന്നുണ്ട്. ഈ കഥയുടെ സാരാംശം കേരളത്തിന്റെ അന്തരീക്ഷത്തിലേക്കു പറിച്ചുനട്ടാണ് ഓണസങ്കൽപം ഉണ്ടായത്.

ഹിരണ്യകശിപു എന്ന അസുരചക്രവർത്തിയുടെ മകനായ പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണു മഹാബലി. ഹിരണ്യകശിപു വിഷ്‌ണുവിരുദ്ധനും അതിക്രൂരനുമായിരുന്നു. വിഷ്‌ണുഭക്‌തനായ സ്വന്തം മകൻ പ്രഹ്ലാദനെ വധിക്കാനൊരുങ്ങിയ ഹിരണ്യകശിപുവിനെ മഹാവിഷ്‌ണു നരസിംഹരൂപത്തിലെത്തി വധിക്കുകയായിരുന്നു. പ്രഹ്ലാദനെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ പൗത്രൻ മഹാബലിയും അസുരരാജാവായിരുന്നെങ്കിലും വിഷ്‌ണുഭക്‌തനായിരുന്നു. മഹാബലവാൻ ആയതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനു മഹാബലി എന്ന പേരു കിട്ടിയത്. അങ്ങനെ മഹാബലി ദേവന്മാരെയും തോൽപിച്ച് മൂന്നു ലോകത്തിനും അധിപനായി. ഇതു പക്ഷേ ദേവന്മാരുടെ രാജാവായ ദേവേന്ദ്രനു സഹിച്ചില്ല. അസൂയ മൂത്ത ഇന്ദ്രൻ അങ്ങേയറ്റം അഹങ്കാരിയുമായി. ഇന്ദ്രന്റെ അഹങ്കാരം ഇല്ലാതാക്കണം എന്നു വിഷ്‌ണു തീരുമാനിച്ചിരിക്കുകയായിരുന്നു.

അതിനിടയ്‌ക്കാണു മഹാബലിയുടെ വളർച്ചയിൽ അസൂയ മൂത്ത ഇന്ദ്രനും മറ്റു ദേവന്മാരും കൂടി വിഷ്‌ണുവിനെ സമീപിക്കുന്നത്. ദേവന്മാരുടെ പ്രശ്‌നം താൻ പരിഹരിച്ചുതരാമെന്നു വിഷ്‌ണു ഏറ്റെടുക്കുകയും ചെയ്‌തു.

ആയിടെ മഹാബലി വിശ്വജിത്ത് യാഗം നടത്താൻ തീരുമാനിച്ചു. യാഗവേദിയിൽ ആരു വന്ന് എന്തുചോദിച്ചാലും അതു നൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ അവസരത്തിൽ മഹാവിഷ്‌ണു വാമനരൂപത്തിലെത്തി മഹാബലിയോടു മൂന്നടി മണ്ണു യാചിക്കുകയായിരുന്നു. വാമനന്റെ ആവശ്യം കേട്ടപാടേ അസുരഗുരുവായ ശുക്രാചാര്യർ മഹാബലിയെ വിലക്കിയെങ്കിലും അദ്ദേഹം അതു കൂട്ടാക്കിയില്ല. താൻ വാക്കു പാലിക്കുമെന്നു പ്രഖ്യാപിച്ച്, മൂന്നടി സ്‌ഥലം അളന്നെടുത്തുകൊള്ളാൻ വാമനനോടു പറയുകയും ചെയ്‌തു. ഉടൻ തന്നെ ഭൂമിയോളം വളർന്ന വാമനൻ ആദ്യചുവടു കൊണ്ട്‌സ്വർഗം മുതൽ ഭൂമി വരെയും രണ്ടാമത്തെ ചുവടു കൊണ്ടു ബാക്കി മുഴുവനും അളന്നെടുത്തു. മൂന്നാമത്തെ ചുവടു വയ്‌ക്കാൻ സ്‌ഥലം കാണിച്ചുതരൂ എന്നു പറഞ്ഞ വാമനന്റെ മുന്നിൽ മുട്ടുകുത്തിനിന്ന് മഹാബലി പറഞ്ഞു: അങ്ങയുടെ കാൽക്കൽ ഞാൻ ഈ ശിരസ്സു സമർപ്പിക്കുന്നു എന്ന്. അങ്ങനെ ആ ശിരസ്സിൽ ചവിട്ടി വാമനൻ മഹാബലിയെ പാതാളത്തിലേക്കു താഴ്‌ത്തി. അങ്ങനെ ദേവേന്ദ്രനും കൂട്ടർക്കും സന്തോഷമായി.

യഥാർഥത്തിൽ മഹാവിഷ്‌ണു ചെയ്‌തത് തന്റെ ഭക്‌തനായ മഹാബലിയെ രക്ഷിക്കുകയായിരുന്നു. ദേവേന്ദ്രനോളം ബലവാനായി മഹാബലി വളർന്നപ്പോഴാണ് ഇന്ദ്രന് അസൂയ തുടങ്ങിയത്. മഹാബലി വിശ്വജിത്ത് യാഗം കൂടി വിജയകരമായി പൂർത്തിയാക്കിയാൽ ഇന്ദ്രപദവി ലഭിക്കുകയും ചെയ്യും. അപ്പോൾ ഇന്ദ്രപദവിക്കായി രണ്ടു പേർ തമ്മിൽ കൂടുതൽ ശത്രുതയിലാകും. അതു വലിയൊരു ദുരന്തത്തിലേ കലാശിക്കൂ. അതുകൊണ്ട് തന്റെ ഭക്‌തനായ മഹാബലിയെ തത്‌കാലം തന്റെ കാൽക്കീഴിൽ പാതാളലോകത്തു സംരക്ഷിക്കുകയാണ്. ഈ യുഗത്തോടെ ദേവേന്ദ്രന്റെ ഇന്ദ്രപദവി സ്വാഭാവികമായി അവസാനിക്കും. അതിനു ശേഷം മഹാബലിക്ക് ഇന്ദ്രപദവി ലഭിക്കുമെന്നു വിഷ്‌ണു അദ്ദേഹത്തിന് ഉറപ്പു നൽകുകയും ചെയ്‌തു. അതുവരെ വർഷത്തിലൊരിക്കൽ തന്റെ രാജ്യത്തു വരാമെന്ന് അനുവാദം നൽകുകയും ചെയ്‌തു. പുരാണങ്ങളിലുള്ള ഈ കഥയാണ് ഓണത്തിന്റെ ഐതിഹ്യത്തിനും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിൽ തൃക്കാക്കര ആസ്‌ഥാനമാക്കി ഇവിടം ഭരിച്ച മഹാബലി എന്ന ചക്രവർത്തിയെയാണ് ഓണത്തിൽ അനുസ്‌മരിക്കുന്നത് എന്നു ചരിത്രകാരന്മാർ പറയും. എങ്കിലും കഥയും ഐതിഹ്യവുമൊക്കെ പുരാണങ്ങളിലെ മഹാബലിയിൽ നിന്നെടുത്തതു തന്നെ. അതുകൊണ്ടുതന്നെ, നല്ലവനായ മഹാബലി ചക്രവർത്തിയുടെ പക്ഷത്തോ അദ്ദേഹത്തെ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ വാമനന്റെ പക്ഷത്തോ നിങ്ങൾ എന്ന ചോദ്യത്തിനു പ്രസക്‌തിയില്ല. യഥാർഥത്തിൽ, മഹാബലിയും വാമനനും ഒരുപക്ഷത്തു തന്നെയാണ്. ഓണത്തിന്റെ ഐതിഹ്യത്തിൽ ദേവേന്ദ്രനും മഹാബലിയും ആണ് ഇരുപക്ഷത്തായി അണിനിരക്കുന്നത്. അതിൽ മഹാവിഷ്‌ണു നിൽക്കുന്നത് അസുരചക്രവർത്തിയായ മഹാബലിയുടെ പക്ഷത്താണുതാനും. മഹാവിഷ്‌ണു മഹാബലിക്ക് ഇത്രയേറെ ശക്‌തിയും കഴിവും നൽകിയതു തന്നെ ദേവേന്ദ്രന്റെ അഹങ്കാരം കുറയ്‌ക്കാനായിരുന്നു എന്നു പുരാണങ്ങളിൽ പറയുന്നു.

കേരളത്തിലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ആചാരങ്ങളിലും പ്രാധാന്യം വാമനാവതാരം പൂണ്ട മഹാവിഷ്‌ണുവിനു തന്നെയാണ്. മഹാബലിയെ വരവേൽക്കാൻ പൂക്കളമൊരുക്കലും ഓണക്കളികളും മറ്റും ഉണ്ടെങ്കിലും ഓണനാളിൽ വീട്ടിൽ തൃക്കാക്കരയപ്പനെ ഉണ്ടാക്കി പൂജകളും മറ്റ് ആചാരാനുഷ്‌ഠാനങ്ങളും ചെയ്യുന്നത് വാമനമൂർത്തിയായ മഹാവിഷ്‌ണുവിനെ സങ്കൽപ്പിച്ചാണ്. അതായത്, ഓണത്തിനു മലയാളികൾ മുറ്റത്തു പൂക്കളമിട്ടു മഹാബലിയെ ആദരവോടെ വരവേൽക്കുന്നു, വാമനനെ തൃക്കാക്കരയപ്പന്റെ രൂപത്തിൽ പൂജിക്കുകയും ചെയ്യുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.