അനുഗ്രഹങ്ങളുടെ ആവനാഴിയായി പൂർണത്രയീശക്ഷേത്രം

പൂർണത്രയീശക്ഷേത്രം

കൊച്ചി രാജവംശത്തിന്റെ പരദേവതയാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ദേവൻ. ആവനാഴി അഥവാ പൂണി തുറന്ന് വിഗ്രഹം പുറത്തെടുത്തതിനാലാണ് പൂണിത്തുറ എന്ന് സ്ഥലത്തിനു പേരു വന്നത് എന്നാണു വിശ്വാസം. 

കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഭഗവാനെ തൊഴുത് പ്രാർഥിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്താൽ സന്താനഭാഗ്യം ഉണ്ടാകും എന്നാണു പലരുടെയും അനുഭവം. വ്യാഴ ഗ്രഹ പ്രീതിക്കായും കഷ്ടകാലം മാറി ദൈവാധീനം ഉണ്ടാകുന്നതിനും വിഷ്ണു ഭഗവാനെ ദർശിക്കുന്നത് ഉത്തമമാണ്. 

രാവിലെ 3.45 ന് പള്ളി ഉണർത്തൽ, നാലിനു നട തുറക്കൽ 11.15 ഉച്ചശീവേലി കഴിഞ്ഞ് നട അടയ്ക്കും. വിശേഷ ദിവസങ്ങളിൽ പൂജാസമയങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ഉത്സവത്തിന് തൃക്കേട്ട നാൾ വില്വമംഗലം സ്വാമി ഭഗവാനെ ആനപ്പുറത്ത് ദർ‌ശിക്കുകയും എഴുന്നള്ളത്തിന്റെ മുമ്പിൽ നിന്ന് പ്രാർഥിച്ചു കാണിക്ക സമർപ്പിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. 

പൂർണത്രയീശക്ഷേത്രം

അന്ന വഴിപാടും  കാണിക്കയിടലും കൊണ്ട് സർവ ഐശ്വര്യങ്ങളും  ആയുരാരോഗ്യവും  ദാമ്പത്യസുഖവും സൽസന്താനസിദ്ധിയും  ലഭിക്കുമെന്നാണു വിശ്വാസം. 

ടിപ്പു സുൽത്താന്റെ ആക്രമണത്തെ തുടർന്ന് വിഗ്രഹം രക്ഷിക്കുന്നതിന് വേണ്ടി മേൽശാന്തി തന്നെ വിഗ്രഹം എടുത്തു കുളത്തിലിട്ടു. ടിപ്പുവിന്റെ ഭടൻമാർ ക്ഷേത്രം ആക്രമിക്കുകയും ശാന്തിക്കാരനെ വെട്ടിക്കൊല്ലുകയും ചെയ്തുവത്രേ. അതിനു ശേഷം പുതുതായി നിർമിച്ചതാണ് ഇപ്പോഴുള്ള പഞ്ചലോഹ വിഗ്രഹം. അതിന് ഏതാണ്ട് നാലടിയിലധികം ഉയരം ഉണ്ട്. 

പൂർണത്രയീശക്ഷേത്രം

ഈ ക്ഷേത്രത്തിൽ‌ ഓരോ വര്‍ഷവും മൂന്ന് ഉത്സവമാണ്  നടത്തുന്നത്. ചിങ്ങത്തിലെ പടഹാതി, വൃശ്ചികത്തിലെ  അങ്കുരാദി,  കുംഭത്തിലെ ധ്വജാദി ഉത്സവങ്ങളാണവ. വൃശ്ചികോത്സവത്തിനാണു പ്രാധാന്യം. ഇതു കൂടാതെ അമ്പലം കത്തിയതിന്റെ ശേഷം പുനഃപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണയ്ക്കായി ധനുമാസത്തിൽ  തിരുവോണനാളിൽ ശിവവിഷ്ണു ഏകോപിത വിളക്ക്. കുംഭമാസത്തിൽ ഉത്രം നാൾ ഭഗവാന്റെ ജന്മദിനമായി കൊണ്ടാടുന്നു. അന്നു സമൂഹസദ്യയും ഉത്രവിളക്കും ഉണ്ടാകും. 

കളഭം, പാൽ പന്തീരുനാഴി, ചന്ദനം ചാർത്ത്, കൂട്ടു പായസം, ത്രിമധുരം തുടങ്ങിയവയാണു പ്രധാന വഴിപാടുകള്‍. ഇപ്പോൾ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. 

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh 

Rama Nivas Poovathum parambil 

Near ESI Dispensary 

Eloor East Udyogamandal P.O 

Ernakulam 683501 

email : rajeshastro1963@gmail.com 

Phone : 9846033337