ശനിദോഷം തീരാൻ അയ്യപ്പഭജനം

ജനിച്ച കൂറിന്റെ 1, 4, 7, 10 ഭാവങ്ങളിൽ ശനി വരുന്ന കാലത്തെയാണു ജ്യോതിഷത്തിൽ കണ്ടകശ്ശനികാലം എന്നു പറയുന്നത്. 12, 1, 2 ഭാവങ്ങളിൽ ശനി വരുന്ന കാലം ഏഴരശ്ശനി. എട്ടിൽ ശനി വരുന്ന കാലം അഷ്ടമശ്ശനി. ഇത്തരം കാലങ്ങളാണു ശനിദോഷകാലങ്ങൾ എന്ന് അറിയപ്പെടുന്നത്. 

ശനിഗ്രഹത്തിന് ഒരു തവണ പരിക്രമണം പൂർത്തിയാക്കാൻ ഏകദേശം 30 കൊല്ലം വേണം. അതുകൊണ്ട് ഒരു രാശിയിൽ ഏതാണ്ട് രണ്ടരക്കൊല്ലം നിൽക്കും. അങ്ങനെ ഒരു കണ്ടകശ്ശനി കാലം എന്നത് ഏതാണ്ട് രണ്ടരക്കൊല്ലമാണ്. ഏഴരശ്ശനി വരുന്ന ഏഴരക്കൊല്ലത്തിനു നടുവിലെ രണ്ടരക്കൊല്ലം ജന്മശ്ശനി എന്നറിയപ്പെടുന്ന കണ്ടകശ്ശനിയാണ്.

ഇത്തരം ശനിപ്പിഴകാലങ്ങളിൽ അയ്യപ്പഭജനത്തിലൂടെ ദോഷഫലങ്ങളുടെ കാഠിന്യം കുറയ്ക്കാമെന്നു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. ശനിദോഷപരിഹാരത്തിനു സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആർക്കും അയ്യപ്പഭജനം നടത്താം.   

ശനിയാഴ്ചയും ശാസ്താവും

ശബരിമലയ്ക്കു തീർഥാടനത്തിനൊരുങ്ങുന്നവരിൽ പലരും മാലയിടാൻ ശനിയാഴ്ച തിരഞ്ഞെടുക്കുന്നു. കേരളത്തിലുടനീളം അയ്യപ്പൻവിളക്കുകൾ നടക്കുന്നതു കൂടുതലും ശനിയാഴ്ചകളിലാണ്. ശബരിമല തീർഥാടനവും ശനിയാഴ്ചയും തമ്മിൽ ബന്ധമുണ്ടെന്നു വ്യക്തം. 

ഞായർ മുതൽ ശനി വരെയുള്ള ഓരോ ആഴ്ചദിവസങ്ങളും ഓരോ ഗ്രഹത്തിന്റെ പേരിലാണല്ലോ അറിയപ്പെടുന്നത്. ഞായർ- സൂര്യൻ, തിങ്കൾ- ചന്ദ്രൻ എന്നിങ്ങനെ. (ജ്യോതിഷത്തിൽ സൂര്യനും ചന്ദ്രനുമെല്ലാം ഗ്രഹങ്ങളാണ്.)  അങ്ങനെ, ശനിഗ്രഹത്തിന്റെ പേരിലുള്ളതാണു ശനിയാഴ്ച. ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തെയും ഓരോ ദേവന്മാരുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. “മന്ദഃ ശാസ്ത്രാദികം ദൈവം….” എന്ന നിയമപ്രകാരം ശനിഗ്രഹത്തിനു ശാസ്താവാണു ദേവൻ.

പുരാണങ്ങൾ അനുസരിച്ച് സൂര്യദേവന്റെയും ഛായാദേവിയുടെയും മകനാണു ശനിദേവൻ. സൂര്യൻ ശിവന്റെയും ഛായ വിഷ്ണുവിന്റെയും പ്രതീകങ്ങൾ. അങ്ങനെയാണു സൂര്യ-ഛായാ പുത്രനായ ശനിക്കു ശിവ-വൈഷ്ണവ പുത്രനായ ശാസ്താവ് ദേവനാകുന്നത്. ഗ്രഹരൂപത്തിലുള്ള ശനിയും ദേവതാരൂപത്തിലുള്ള ശാസ്താവും ഒരേ സങ്കൽപം തന്നെ. ധർമശാസ്താവുമായി താദാത്മ്യം പ്രാപിച്ച അയ്യപ്പസ്വാമിയാണല്ലോ ശബരിമലയിലെ ദേവതാസങ്കൽപം. അതുകൊണ്ട് അയ്യപ്പഭക്തർക്കു വിശേഷപ്പെട്ട ദിവസമാകുന്നു, ശനിയാഴ്ച.