Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതമോചകയായ ദാക്ഷായണി

manithara-kottiyoor മണിത്തറ കൊട്ടിയൂർ (ഫയൽ ചിത്രം)

വ്യാഴ രാഹു യോഗം അപൂർവമായാണു വരുന്നത്. 2016 ജനുവരി 29 മുതൽ ഓഗസ്റ്റ് 11 വരെ ഉളള ഈ സമയത്ത് സർ‌വദുരിതങ്ങളിൽ‌ നിന്നും മോചനം ലഭിക്കുന്നതിനും സർ‌വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനും വേണ്ടി കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവയിൽ ഒന്നാണ് ഉത്തര കേരളത്തിലെ ദക്ഷിണകാശി എന്നു പ്രസിദ്ധമായ കൊട്ടിയൂർ ക്ഷേത്രം.

കണ്ണൂർ, വയനാട് ജില്ലകളുടെ സംഗമവേദിയായ കൊട്ടിയൂരിൽ ശക്തി ചൈതന്യകേദാരമായ കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തലശ്ശേരിയിൽ നിന്നും 65 കിലോമീറ്റർ‌ ദൂരെയാണു കൊട്ടിയൂർ.

പർ‌വതപ്രാന്തങ്ങളിൽ നിന്ന്‌ ഉദ്ഭവിച്ചെത്തുന്ന ദാക്ഷായണിപ്പുഴ (ബാവലിയാറ്) യുടെ വടക്കു ഭാഗത്ത് മൂലക്ഷേത്രമായ അക്കരക്കൊട്ടിയൂർ സ്ഥിതി ചെയ്യുന്നു. ചിത്രപ്പണികൾ നിറഞ്ഞ വലിയ കെട്ടിടങ്ങളൊ ശില്പവൈഭവം വിളിച്ചോതുന്ന നാലമ്പലങ്ങളോ ഒന്നുമില്ലിവിടെ. മണിത്തറ, അമ്മാറക്കൽത്തറ എന്നീ രണ്ടു സ്ഥാനങ്ങളാണു തിരുവഞ്ചിറ എന്ന ജലാശയത്തിനു നടുവിലുളളത്. (ചുറ്റിലും വെളളം നിറഞ്ഞു നിൽക്കുന്ന ഒരു ജലാശയത്തിന്റെ നടുവിലാണീ ചൈതന്യസ്ഥാനം. ആ ജലാശയത്തിന്റെ പേരാണു തിരുവാഞ്ചിറ). മണിത്തറയിൽ പരമശിവന്റെ സ്വയംഭൂലിംഗവും അമ്മാറക്കല്ല് പരാശക്തിയുടെ സങ്കേതസ്ഥാനവുമാണ്.

ഉത്സവകാലത്തു മാത്രം ഓടയും പനമ്പട്ടയുമൊക്കെ ഉപയോഗിച്ച് കെട്ടിയുയർത്തുന്ന കൊച്ചുകൊച്ചു പർ‌ണശാലകൾ മാത്രമാണു കാണാൻ കഴിയുന്നത്. പരമശിവൻ സ്വയം ഭൂവായി പ്രത്യക്ഷമായതിവിടെയാണത്രേ.

സതീദേവി യാഗാഗ്നിയിൽ ചാടി സ്വയം ഹോമദ്രവ്യമായി കത്തിയമർന്നതിവിടെയാണത്രേ. ഇന്നും നമ്മുടെ രാജ്യത്ത് എത്രയെത്ര സതീദേവിമാരാണ് കുടുംബ പ്രശ്നങ്ങളുടെ ഫലമായി സ്വയം ഹോമദ്രവ്യമായി ജീവിതം അവസാനിപ്പിക്കുന്നത്.

ദക്ഷയാഗവുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ മുഴുവനും. പരശുരാമ കഥകൾ ഈ ക്ഷേത്രവുമായുളള പ്രസക്തി പകരുന്നുണ്ട്. ദക്ഷപ്രജാപതി നടത്തിയ യാഗത്തിൽ മകളായ ദാക്ഷായണിയെയും ജാമാതാവായ പരമശിവനെയും ക്ഷണിച്ചില്ല. യാഗം കാണണമെന്ന ദാക്ഷായണിയുടെ ആഗ്രഹത്തിന് ശ്രീമഹാദേവൻ അനുഗ്രഹം നൽകി. ദക്ഷൻ യാഗ സ്ഥലത്ത് ദാക്ഷായണിക്ക് വിലക്ക് ഏർപ്പെടുത്തി. ഈ അപമാനം സഹിക്കാതെ ദാക്ഷായണി യാഗ കുണ്ഡലത്തിലേക്ക് എടുത്തു ചാടി. ഈ യാഗ ഭൂമിയാണത്രെ അക്കരെ കൊട്ടിയൂർ. കലിബാധിക്കാൻ തുടങ്ങിയ ഈ യാഗ ഭൂമിയെ പരശുരാമൻ രക്ഷിച്ചുവെന്ന് ഐതിഹ്യം. കലിയെ പരശുരാമൻ വധിക്കാൻ ഒരുങ്ങിയെങ്കിലും ത്രിമൂർത്തികൾ അതിൽ നിന്നും പിന്തിരിപ്പിച്ച് കലിയെ രക്ഷപ്പെടുത്തിയത്രേ. വൈശാഖ കാലത്ത് (ഇവിടത്തെ ഉത്സവകാലം) ത്രിമൂർത്തി സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് പരശുരാമന് ത്രിമൂർത്തികൾ ഉറപ്പ് നൽകി. അതിനാൽ ഉമാ മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തോടൊപ്പം ത്രിമൂർത്തികളുടെ അനുഗ്രഹവും പരശുരാമന്റെ അനുഗ്രഹവും ലഭിക്കുമെന്നുളളതാണ് ഇവിടത്തെ സവിശേഷത. പരശുരാമൻ പൂജകളും സൽകർമ്മങ്ങളും നടത്തിയപ്പോൾ ദുർവ്വാസാവിനെവിട്ട് വിശ്വാമിത്രൻ മുടക്കിയെന്നും ഐതീഹ്യമുണ്ട്. വളരെ കാലങ്ങൾക്കുശേഷം നായാട്ടിനു വന്ന കുറിച്യാരാണ് പിന്നീട് ഒരു കല്ലിൽ. ദേവസാന്നിദ്ധ്യം കണ്ടെത്തിയതത്രെ. കല്ലിൽ ആയുധം മൂർച്ച വരുത്താൻ ഉരച്ചപ്പോൾ കല്ലിൽ രക്തം കാണുകയും അത് കണ്ടയാൾ അമ്പരന്ന് പടിഞ്ഞാറ്റെ നമ്പൂതിരിയെ വിവരം അറിയിച്ചപ്പോൾ വാബലിപുഴയിൽ നിന്നും കൂവള കുമ്പിളിൽ വെളളം കൊണ്ടു വന്ന് അഭിഷേകം നടത്തുകയാണത്രെ ഉണ്ടായത്.

ഈ ഐതിഹ്യ കഥകൾ അടുത്തറിയാൻ ദേവപ്രശ്ന ചിന്ത ചെയ്തപ്പോൾ‌ ആ കല്ല് സ്വയം ഭൂ ശിവലിംഗമാണെന്നു തിരിച്ചറിയുകയും തുടർന്ന് ഇന്നു കാണുന്ന രീതിയിൽ വികസനം വരികയും ചെയ്തു. ഇവിടത്തെ ദർശനം രണ്ടു വിധത്തിലാണ്. അക്കരക്കൊട്ടിയൂരും ഇക്കരെകൊട്ടിയൂരും ദാക്ഷായണി പുഴക്കരയിലെ തീർത്ഥാടന കേന്ദ്രങ്ങൾ. വൈശാഖകാലമായ ഇടവത്തിലെ ചോതി നാൾ മുതൽ മിഥുനത്തിലെ ചിത്തിര വരെയുളള 27 ദിവസമാണ് അക്കരെ പ്രവേശനകാലം. ഇക്കരെ എക്കാലവും ദർശനം നടത്താം. ബാക്കി 11 മാസം അക്കരെ ക്ഷേത്രത്തിൽ മനുഷ്യന് പ്രവേശനം നിഷിദ്ധമാണ്. ഈ സമയത്ത് ദേവതകൾ ഇവിടെ പൂജ നടത്തുന്നു എന്നാണ് വിശ്വാസം. ഭണ്ഡാരം എഴുന്നളളത്തു നാൾ മുതൽ ഉത്രാടം നാൾ വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണ ഉത്സവം എന്നിങ്ങനെയാണു സങ്കല്പം.

നെയ്യാട്ടവും ഓടയും അഗ്നിയും

നെയ്യമൃത് അവകാശികൾ സമർപ്പിക്കുന്ന പശുവിൻ നെയ്യ് ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഭക്തിനിർഭരമായ ചടങ്ങാണു നെയ്യാട്ടം. ഇടവത്തിലെ ചോതി നാളിലാണു നെയ്യമൃത് അഭിഷേകം. ചാതിയൂർമഠത്തിൽ നിന്ന്‌ എഴുന്നളളിച്ചു കൊണ്ടുവരുന്ന ഓടയും അഗ്നിയുമാണു യാഗോത്സവത്തിനു ചോതി ദീപം തെളിയിക്കാനുപയോഗിക്കുന്നത്. ഓടയും അഗ്നിയും എഴുന്നളളന്നതും നെയ്യാട്ടുദിനത്തിലാണ്. ഓരോ വർഷവും യാഗോത്സവം സമാപിച്ച ശേഷം സ്വയം ഭൂവിഗ്രഹത്തെ അഷ്ടബന്ധം കൊണ്ടു മറയ്ക്കുകയാണു പതിവ്. അടുത്ത വർഷം ഉത്സവനാന്ദി കുറിച്ചുകൊണ്ട് ഈ അഷ്ടബന്ധം തുറക്കലാണു നാളം തുറക്കൽ.

ഭഗവദ്‌ വിഗ്രഹത്തിൽ ഒരു വർഷം അലിഞ്ഞിരിക്കുന്ന അഷ്ടബന്ധം പ്രസാദമായി ഭക്തർക്കു നൽകുന്നു. ഇത് ഏറെ ഔഷധമൂല്യമുളളതാണ്. ഭക്തർക്ക് ഇത് നൽകുന്നതാണ് അത് കാരണം ഏതു മാറാവ്യാധിക്കും ഇത് ഉത്തമമായി മാറുകയും ചെയ്യും. കൊട്ടിയൂരിലെ അവിസ്മരണീയമായ കാഴ്ചയാണ് ഇളനീർ കുലകളുടെ സമർപ്പണവും ഇള നീരാട്ടവും. വ്രതമെടുത്ത് ഭക്ത്യാദരവോടെ കാവുകൾ കെട്ടി അതിൽ ഇളനീർ കെട്ടി ചുമലിലേന്തി കൊട്ടിയൂരപ്പന്റെ പ്രാർത്ഥനയോടെ ഭക്തർ നീങ്ങുന്നത് വേറിട്ട കാഴ്ചയാണ്. ഇവിടെ ഇളനീരാട്ടതിന് സാധാരണ ഭക്തർക്കോ പൂജാരിമാർക്കോ സാധ്യമല്ല. ചില പാരമ്പര്യ അവകാശികൾക്കു മാത്രമേ സാധിക്കൂ.

ഉപദേവന്മാർ:

ഒട്ടേറെ ഉപദേവീദേവന്മാരുടെ ചൈതന്യമുണ്ട്‌ ഇവിടെ. ഗണപതി, ദക്ഷിണമൂർത്തി എന്നീ സ്ഥാനങ്ങൾ മണിത്തറയ്ക്കു സമീപത്തുണ്ട്. ഭണ്ഡാര അറയിലാണ് മണിത്തറ ചപ്പാരം ക്ഷേത്രത്തിലെ ദേവിമാർ കുടികൊളളുന്നത്.

സന്താനദായകിയായ ദാക്ഷായണി:

ഇവിടെ ചാക്യാർകൂത്ത് നേർച്ചയായി നടത്തുന്നതു (മഞ്ഞ വിലാസം കൂത്താണ് ഇവിടത്തെ ചാക്യാർ കൂത്ത്) സന്താന ഭാഗ്യത്തിന് നല്ലതാണ്. പലർക്കും ഒരുമിച്ചാണ് കൂത്തു നടത്തുന്നത്. തുമ്പപ്പൂമാല ചാർത്തിയാൽ മംഗല്യതടസ്സം നീങ്ങാനും ദീർഘമംഗല്യത്തിനും നല്ലതാണ്.

ശയനപ്രദക്ഷിണം:

ഇഷ്ടകാര്യസിദ്ധിക്കു ശയനപ്രദക്ഷണം ഇവിടെ നടത്തുന്നത് ഏറെ ഉത്തമമാണ്. തിരുവൻചിറയിലെ ചെളിവെളളത്തിലൂടെയാണ് ശയന പ്രദക്ഷിണം വയ്ക്കുന്നത്. മാറാദുരിതങ്ങൾക്ക് ആൾരൂപം ഒഴിപ്പിക്കൽ എന്ന ചടങ്ങ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുണ്ട്‌. അതിരാവിലെ 7 മണിക്കു തന്നെ എത്തി വഴിപാടുകൾക്ക് രസീതെഴുതേണ്ടതാണ്. കുടം ഒഴിപ്പിക്കൽ അതിവിശിഷ്ടമാണ്. രാവിലെ 8 മണിയോടെ രസീതെഴുതിയാൽ മാത്രമേ ഈ വഴിപാടു നടത്താൻ സാധിക്കൂ. ജന്മാന്തര ദുരിതമോചനവും ധനവർ‌ധനയും അഷ്ടൈശ്വര്യങ്ങളും ലഭിക്കും. സ്വർണ്ണക്കുടത്തിൽ ഐശ്വര്യവും, വെളളിക്കുടത്തിൽ ദുരിതനിവൃത്തിയുമാണ്. ഓരോ നേർച്ചക്കാരന്റെയും പേരു ചൊല്ലി ഒട്ടനവധി പൂജാരിമാരും എഴു തന്ത്രിമാരും സാമൂതിരിയും നേർച്ചക്കാരുടെ ഐശ്വര്യത്തിനുവേണ്ടി ഭഗവാനോട് ഉറക്കെ പ്രാർത്ഥിച്ചു നടത്തുന്ന വഴിപാടാണിത്.

ക്ഷേത്ര ഫോൺ: 0490 – 2430 234, 2430 434.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.