Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയുടെ മധുരമായി രാമകഥാശീലുകൾ

Ramayanam-Thoughts

കർക്കടകമാസത്തിലെ പ്രധാന ആചാരം രാമായണപാരായണം തന്നെ. എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഈയൊരു മാസം കൊണ്ടു മുഴുവൻ വായിച്ചുതീർക്കുന്ന ആചാരമാണത്. രാമരാവണയുദ്ധം കഴിഞ്ഞ് ശ്രീരാമൻ വീണ്ടും അയോധ്യയിലെത്തി രാജ്യഭാരം ഏറ്റെടുക്കുന്നതു വരെയാണു കർക്കടകമാസത്തിൽ വായിക്കുക. ഇതിന്റെ കൂടെ ഉത്തരരാമായണം സാധാരണ വായിക്കാറില്ല.

രാമന്റെയും സീതയുടെയും കഥ എല്ലാവർക്കും അറിയാം. പിന്നെയെന്തിനു വീണ്ടും വീണ്ടും രാമായണം വായിക്കുന്നു? ഈ ചോദ്യത്തിന്, എഴുത്തച്‌ഛന്റെ ശാരികപ്പൈതൽ നൽകുന്ന ഉത്തരമിതാണ്:

രാമനാമത്തെജ്‌ജപിച്ചീടുന്ന ജനങ്ങളും രാമസായുജ്യം പ്രാപിച്ചീടുവോരെന്നു നൂനം.

ഭക്‌തിപൂർവം രാമകഥ വായിക്കുന്നവർക്കും പരമപദമായ മോക്ഷം ലഭിക്കും എന്നാണു കിളിമകൾ പറഞ്ഞത്.

ലൗകികമായ ഈ ജീവിതത്തിരക്കിനിടയിൽ അൽപനേരമെങ്കിലും ആധ്യാത്മികതയ്‌ക്കായി മാറ്റിവയ്‌ക്കണം എന്നാണ് എഴുത്തച്‌ഛൻ കിളിയെക്കൊണ്ടു പറയിച്ചത്.

കർക്കടകമാസം പ്രകൃതിയെത്തന്നെ കഴുകിയെടുക്കുന്ന നാളുകളാണ്. കോരിച്ചൊരിയുന്ന ദുരിതങ്ങളുടെ കഥകളാണു പണ്ടു കർക്കടകം മലയാളിയെ പറഞ്ഞുകേൾപ്പിച്ചത്. എന്നാൽ, ദുർഘടങ്ങളുടെ കർക്കടകത്തിലും അതിനെയെല്ലാം മറികടക്കാൻ പണ്ടുള്ളവർ വഴി കണ്ടെത്തിയത് രാമകഥയുടെ ഈരടികളിലായിരുന്നു. ഭക്‌തിയുടെ അടിയുറപ്പുള്ള വഴിയായിരുന്നു അത്. ശരീരത്തെയും മനസ്സിനെയും അടുത്ത ഒരു വർഷത്തേക്കു മുഴുവൻ പാകപ്പെടുത്തിയെടുക്കാനുള്ള വഴി. കർക്കടകമാസത്തിൽ ദിവസവുമുള്ള രാമായണപാരായണം ആ വഴിയുടെ ഭക്‌തിഭാവങ്ങളായിരുന്നു. നമ്മൾ പിന്തുടരുന്നത് ഏതു മതമായാലും ഏതു തത്വശാസ്‌ത്രമായാലും അതിനകത്തെ നന്മ നമ്മുടെ ജീവിതത്തിലേക്ക് ആവാഹിക്കാൻ കുറച്ചു നാളുകളെങ്കിലും മാറ്റിവയ്‌ക്കണം. മതഗ്രന്ഥങ്ങളുടെ പാരായണം വെറും വായനയല്ല. നന്മയുടെ തത്വങ്ങളെ സ്വന്തം ജീവിതത്തിലേക്കു പകർത്താനുള്ള നിശ്‌ചയദാർഢ്യം കൂടിയാണത്.

കർക്കടകത്തിന്റെ ദുർഘടമകറ്റാൻ ശീവോതി...

പണ്ടൊക്കെ കർക്കടകമാസം കഴിഞ്ഞുകൂടാൻ ദുർഘടം തന്നെയായിരുന്നു. തോരാമഴയും പട്ടിണിയുമൊക്കെയായി ഒരുവിധത്തിൽ കഴിഞ്ഞുകൂടുന്ന നാളുകൾ. കർക്കടം ദുർഘടം എന്ന ചൊല്ലു തന്നെ ഉണ്ടായത് അങ്ങനെയാണ്. പക്ഷേ, കർക്കടകത്തിന്റെ ദുർഘടമായ ആ നാളുകളെ നമ്മുടെ പഴമക്കാർ മറികടന്നതു ഭക്തിയുടെയും ആചാരങ്ങളുടെയും തെളിമയിലൂടെയായിരുന്നു. അങ്ങനെ കർക്കടകത്തോടനുബന്ധിച്ചു കുറെയേറെ ആചാരങ്ങളും ഉണ്ടായി. കർക്കടകമാസം പിറക്കുന്നതിനു തലേന്നാണു പൊതുവെ കർക്കടകസംക്രാന്തി എന്ന് അറിയപ്പെടുന്നത്. അന്നു തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കും. വീടിന്റെ കട്ടിളകളും ജനലുകളും പോലും കഴുകും. കർക്കടകപ്പുലരിയുടെ തലേന്നു സന്ധ്യയ്ക്കു വീട്ടിൽ നിന്നു ജ്യേഷ്‌ഠാഭഗവതിയെ പുറത്താക്കുന്ന ചടങ്ങുണ്ട്. എല്ലാ തിന്മകളുടെയും പ്രതീകമാണു ചേട്ട അഥവാ ജ്യേഷ്‌ഠാഭഗവതി. ചേട്ടയെ പുറത്താക്കി പരിശുദ്ധമാക്കിയ വീട്ടിനകത്ത് ഐശ്വര്യത്തിന്റെ പ്രതീകമായ ശ്രീഭഗവതിയെ കുടിയിരുത്തുകയാണ് കർക്കടകം ഒന്നിന്. ശീവോതിക്കു വയ്‌ക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ആചാരം നന്മയെ ആരാധിക്കുന്ന വലിയൊരു ആശയത്തിന്റെ പ്രതീകമാണ്.

കർക്കടകമാസത്തിൽ എല്ലാ ദിവസവും ശീവോതിക്കു വയ്ക്കൽ എന്ന ചടങ്ങുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചു വാൽക്കണ്ണാടിയും ദശപുഷ്‌പങ്ങളും നിലവിളക്കും രാമായണഗ്രന്ഥവുമൊക്കെ ഒരുക്കിവച്ചാണു ശീവോതിക്കു വയ്‌ക്കൽ. നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന പത്തു തരം ചെടികൾ തന്നെയാണു ദശപുഷ്‌പങ്ങൾ. ദശപുഷ്‌പങ്ങൾ എന്നാണു പറയുന്നതെങ്കിലും അതിന്റെ പുഷ്‌പം മാത്രമല്ല ചെടിയുടെ ഭാഗം തന്നെ ശീവോതിക്കു വയ്‌ക്കാനായി എടുക്കും. പൂവാംകുറുന്തല, മുയൽച്ചെവി, കറുക, നിലപ്പന, കഞ്ഞുണ്ണി, വിഷ്‌ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണു ദശപുഷ്‌പങ്ങൾ.

അങ്ങനെ, രാവിലെ ശീവോതിക്കു വയ്‌ക്കലും സന്ധ്യയ്‌ക്കു രാമായണപാരായണവും ചേർന്നു കർക്കടകത്തിന്റെ ദുർഘടങ്ങളെ പഴമക്കാർ മറികടക്കുകയായിരുന്നു.

ഭക്തിയുടെ കുളിരായി കർക്കടക സുകൃതം

ഭക്തിയുടെ കുളിരുമായി വീണ്ടും കർക്കടകമെത്തി. മലയാളികൾക്കിതു പുണ്യപൂർണതയുടെ നാളുകളാണ്. രാമകഥയുടെ ഈരടികളിലൂടെ ഭക്തിഭാവത്തിന്റെ ഉദാത്തതയിലെത്തുന്ന മലയാളികൾക്ക് ഐശ്വര്യത്തിന്റെ പ്രതീകമായി ശീവോതി വയ്ക്കലിന്റെയും ആരോഗ്യത്തിന്റെ നന്മയ്ക്കായി സുഖചികിത്സയുടെയുമൊക്കെ നാളുകൾ. വരാൻ പോകുന്ന ഒരു വർഷത്തിന്റെ മുഴുവൻ ഐശ്വര്യം കുടുംബത്തിലേക്കു കൊണ്ടുവരികയാണു കർക്കടകം. അതുകൊണ്ടുതന്നെ കർക്കടകത്തിൽ കുടുംബനാഥന്മാർക്കും കുടുംബിനികൾക്കും ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. എല്ലാം കുടുംബത്തിന്റെ നന്മയ്ക്കു വേണ്ടിത്തന്നെ. അങ്ങനെ വറുതിയുടെ കർക്കടകനാളുകൾ ഐശ്വര്യത്തിന്റെ സുകൃതനാളുകളാക്കുകയായിരുന്നു മലയാളികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.