Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനർജന്മത്തിനുള്ള കാരണങ്ങൾ...

re-birth

പുനർജന്മത്തിന് പല കാരണങ്ങളുണ്ട്.

 1. കർമങ്ങളുടെ ഫലം ഭുജിക്കാൻ:

പുനർജന്മത്തിനുള്ള പ്രധാന കാരണം ഇതാണ്. ഒരാളുടെ കർമ്മങ്ങൾ അയാളുടെ ജീവിതത്തെയും ഭാവിയെയും സ്വാധീനിക്കുന്നു. സാത്വികകർമ്മങ്ങൾ അഥവാ നീതിക്കും ധർമത്തിനും പ്രാധാന്യം നൽകി ജീവിക്കുന്നവർക്ക് സ്വർഗം ലഭിക്കുന്നു. രാജസിക കർമ്മങ്ങൾ അഥവാ സന്തോഷത്തിനും ആഹ്ലാദത്തിനും പ്രാധാന്യം നൽകുന്നവർക്ക് ഭൂമി ലഭിയ്ക്കുന്നു. താമസ കർമ്മങ്ങൾ ചെയ്യുന്നവർക്ക് പാതാളലോകം ലഭിയ്ക്കുന്നു. സ്വർഗ്ഗത്തിൽ വസിക്കുന്ന ഒരാത്മാവിന് സാത്വിക കർമ്മങ്ങളുടെ ഫലങ്ങൾ തീരുമ്പോൾ ഭൂമിയിൽ മനുഷ്യനായി പുനർജനിക്കേണ്ടതായിവരുന്നു.

 1. ആഗ്രഹപൂർത്തീകരണത്തിന്:

ഭൗതിക സുഖസൗകര്യങ്ങളിൽ മുഴുകി കഴിയുന്ന ഒരു വ്യക്തി ആണാകട്ടെ പെണ്ണാകട്ടെ ഈ സുഖസൗകര്യങ്ങൾ കൂടുതലായി ആഗ്രഹിക്കുന്നു. ഒരിക്കലും അടങ്ങാത്ത ഈ ആഗ്രഹങ്ങൾ ആത്മാവിന് പുതിയ ശരീരം സ്വീകരിക്കുന്നതിന് കാരണമാകുന്നു.

 1. പൂർത്തീകരിക്കാത്ത സാധനകൾ പൂർത്തീകരിക്കാൻ:

മായയിൽനിന്ന് മോചനം നേടാൻ ആത്മീയസാധനകൾ പരിശീലിക്കുന്ന ഒരു വ്യക്തി ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് മുമ്പ് മരണപ്പെട്ടാൽ സാധന പൂർത്തീകരിക്കുന്നതിനായി പുനർജന്മമെടുക്കുന്നു.

 1. കടം തീർക്കാൻ:

ഒരാത്മാവ് മറ്റൊരാത്മാവിനോട് കടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തീർക്കാനായി പുനർജന്മം എടുക്കുന്നു. ബന്ധുവിന്റെ രൂപത്തിലോ സുഹൃത്തിന്റെ രൂപത്തിലോ ശത്രുവിന്റെ രൂപത്തിലോ തുടങ്ങി ഏത് രൂപത്തിലും പുനർജന്മത്തിൽ അവതരിച്ച് കടം തീർക്കുന്നു.

 1. ശാപഫലം അനുഭവിക്കാൻ:

ഇപ്രകാരം പുനർജന്മം സ്വീകരിക്കുമ്പോൾ മനുഷ്യജന്മം തന്നെ ആവണമെന്നില്ല. ദൈവകോപത്തിനോ ഋഷിമാരുടെ കോപത്തിനോ ഇരയായവർക്കാണ് ഇപ്രകാരം ജനിക്കുന്നത്.

 1. മോക്ഷം പ്രാപിക്കാൻ:

ദൈവകൃപയാൽ മോക്ഷപ്രാപ്തിയ്ക്കടുത്തെത്തി നിൽക്കുന്ന ആത്മാക്കളാണ് ഇത്തരത്തിൽ പുനർജനിക്കുന്നത്. മോക്ഷപ്രാപ്തിയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്ത് മോക്ഷം പ്രാപിക്കുന്നു. മുക്തമായ ആത്മാക്കൾ ദൈവേശ്ചയാൽ ഒരു പ്രത്യേക കാര്യസാദ്ധ്യത്തിനായി പുനർജനിക്കുന്നു.

 1. മൂർത്തിപൂജയ്ക്ക് വേണ്ടി:

ദൈവത്തിന്റെയോ ദൈവാവതാരങ്ങളുടേയോ വിഗ്രഹങ്ങളെ പൂജിക്കുന്നതിനും ഗുരുപൂജയ്ക്കും മൂർത്തി പൂജ എന്നു പറയുന്നു. വേദകാലത്ത് ഇന്ത്യക്കാർ പ്രകൃതിശക്തികളെ ആരാധിച്ചിരുന്നു. സമുദ്രത്തെ വരുണദേവനായും മഴയെ ഇന്ദ്രദേവനായും സൂര്യനെ സൂര്യദേവനായും അഗ്നിയെ അഗ്നിദേവനായും വായുവിനെ വായുദേവനായും പൂജിച്ചിരുന്നു. മനുഷ്യന്റെ സന്തോഷത്തിനും നിലനിൽപിനും വേണ്ടി ഇവർ ഈ ദേവന്മാരെ പൂജിച്ചിരുന്നു. പ്രാർത്ഥനയിലൂടെയും മന്ത്രം ചൊല്ലലിലൂടെയും യജ്ഞങ്ങൾ നടത്തിയും ദേവൻമാരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചിരുന്നു. കാലക്രമേണ മനുഷ്യർ സങ്കീർണ്ണങ്ങളായ ആചാരക്രമങ്ങൾ രൂപപ്പെടുത്തിയെടുത്തു.

ഏകാഗ്രത വർദ്ധിപ്പിക്കാനായും ദൈവത്തെ ആരാധിക്കുവാനായും ഋഷിമാർ പ്രതിമകളും ചിഹ്നങ്ങളും രൂപപ്പെടുത്തിയെടുത്തു. ഇതുണ്ടാക്കാനായി കളിമണ്ണ്, കല്ല്, ലോഹം, മരം മുതലായവ ഉപയോഗിച്ചു. പ്രതിഷ്ഠാചടങ്ങിലൂടെ ഈ വിഗ്രഹങ്ങളെ മൂർത്തിയാക്കിമാറ്റി. പിന്നെ ഈ മൂർത്തിയെ പ്രതിമയായി കാണാതെ ദൈവമായി കാണാൻ തുടങ്ങി. ഇത്തരം മൂർത്തികളിലായി പിന്നീട് ആരാധന. ഇത് ഭൗതിക വസ്തുക്കളിൽ നിന്ന് മനസ്സിനെ അടർത്തിയെടുത്ത് ഇത്തരം മൂർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇടയാക്കി. സാധനയുടെ കൊടുമുടിയിലെത്തുന്ന ഒരു സാധകൻ ദൈവത്തെ സാക്ഷാത്കരിക്കുകയും കാണുകയും ചെയ്യുന്നു.

ഈ എട്ടു വസ്തുക്കളിൽ ഏതെങ്കിലും ഒന്നുകൊണ്ട് പാവനമായ ദൈവരൂപം നിർമ്മിക്കുന്നു. കളിമണ്ണ്, കല്ല്, ലോഹം, മരം, ചന്ദനമരത്തിന്റെ കുഴമ്പ്, മണ്ണ്, വിലപിടിപ്പുള്ള കല്ലുകൾ ഇവ ഇതിനായി ഉപയോഗിക്കപ്പെടുന്നു. പിന്നീട് കൊത്തുപണിയിലൂടെയും പെയിന്റിംഗിലൂടെയും മനോഹരമാക്കുന്നു.

എല്ലാ ജീവജാലങ്ങളിലും ദൈവം വസിക്കുന്നു എന്ന് ഹിന്ദുമതം വിശ്വസിക്കുന്നു. ഈ പരമാത്മാവിനെ പലരീതിയിൽ ആരാധിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ ഈ ആരാധന ക്രമങ്ങൾ ഭക്തർക്ക് ആശ്വാസവും ആശ്രയവും ആകുന്നു. അവസാനം മോക്ഷം നൽകുന്നു. ഭക്തിമാർഗത്തിൽ പ്രേമത്തിനും സമർപ്പണത്തിനും പ്രാധാന്യം നൽകുന്നു. മൂർത്തിപൂജ അനേകം നൂറ്റാണ്ടുകളായും ഇന്ത്യയിൽ നിലനിൽക്കുന്നു. ആരാധനയ്ക്കും ദർശനത്തിനും ദൈവസേവയ്ക്കുമായി അമ്പലങ്ങൾ നിർമ്മിക്കപ്പെട്ടു.

വൈഷ്ണവിശ്വാസികൾ മൂർത്തിയെ വെറും ചിഹ്നങ്ങളായല്ലാതെ ദൈവമായി തന്നെ കരുതുന്നു. ദൈവസേവ മൂർത്തിസേവയാണെന്ന് വിശ്വസിക്കുന്നു. വൈഷ്ണവർക്കും ശിവഭക്തർക്കും സ്മാർത്തശാസ്ത്രത്തിനും അവരവരുടേതായ നിയമങ്ങൾ ദൈവാരാധനയ്ക്കുവേണ്ടി. ധാരാളം ഹിന്ദുക്കൾക്ക് മൂർത്തിപൂജ സന്തോഷവും ശാന്തിയും നൽകുന്നു. പലരും ദൈവത്തിനടുത്തെത്തിയ പ്രതീതി അനുഭവിക്കുന്നു. ഭൗതികസന്തോഷങ്ങളുടെ നിരർഥകത മനസ്സിലാക്കുന്നു.

 1. ഗുരു ശിഷ്യ പരമ്പര:

ഗുരു ശിഷ്യ പാരമ്പര്യം ഹിന്ദുമതത്തിന്റെ അതുല്യമായ പ്രത്യേകതയാണ്. ഉപനിഷത്കാലം മുതൽക്ക് ശിഷ്യന് ഭൗതികവും ലൗകികവുമായ വിഷയങ്ങളിൽ ഗുരു അറിവ് പകർന്നുകൊടുത്തിരുന്നു. ഗുരു ആത്മീയ സാധന ചെയ്യാനും ഭൗതീക കർത്തവ്യങ്ങൾ നിറവേറ്റാനും വഴികാട്ടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ നാലു പുരുഷാർത്തങ്ങളേയും സാക്ഷാത്ക്കരിക്കാൻ പ്രാപ്തരാക്കിയിരുന്നു. ഒരു കഴിവുറ്റ ഗുരുവിന്റെ സഹായം കൂടാതെ ആത്മസാക്ഷാത്കാരവും ദൈവസാക്ഷാത്കാരവും മായയാൽ ബന്ധിക്കപ്പെട്ട ഒരു ഭക്തന് അസാധ്യമാണ്. ഗുരു നിർബന്ധമായും ദൈവത്തെ സാക്ഷാത്കരിച്ചവനായിരിക്കണം. ശാസ്ത്രങ്ങളുടെ യഥാർത്ഥ അർത്ഥം അറിഞ്ഞവനായിരിക്കണം. ശിഷ്യൻ വിനയാന്വിതനും പൂർണ്ണമായി അനുസരണയുള്ളവനും ഗുരുവിൽ അടിയുറച്ച വിശ്വാസമുള്ളവനും ആയിരിക്കണം.

ഹിന്ദുശാസ്ത്രവും പാരമ്പര്യവും ഗുരുവിനെ ദൈവമായി കണക്കാക്കുന്നു. ദൈവത്തെ സാക്ഷാത്കരിച്ച ഗുരു ദൈവത്തെ പ്രതിനിധീകരിക്കുന്നു, മറിച്ച് ദൈവമല്ല. ഇദ്ദേഹം ദൈവത്തെ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശിഷ്യനെ ശുദ്ധീകരിക്കുന്നു. ഗുരുവിനെ കാണുക, കേൾക്കുക, സേവനം ചെയ്യുക, ചിന്തിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ദൈവസേവനം ചെയ്യുന്നു. ഇപ്രകാരം ദൈവത്തിനും ശിഷ്യനും ഇടയിലുള്ള പാലമാണ് ഗുരു.

കൂടുതൽ ഹിന്ദുക്കളും ഗുരു ശിഷ്യ പരമ്പരയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. പല ഹിന്ദു പരമ്പരയും അറിവിന്റെ പകർച്ചയ്ക്ക് പ്രാധാന്യം നൽകുന്നു.അതിന് ഗുരുശിഷ്യ ബന്ധം അനിവാര്യമാണ്. പുരാതന ഹിന്ദുമത തത്ത്വങ്ങൾ പുതിയ സാഹചര്യത്തിൽ ഉപയോഗപ്പെടുത്താൻ ഈ തത്ത്വങ്ങളെ വ്യാഖ്യാനിക്കാൻ ഗുരുവിനു കഴിയുന്നു.

 1. അഹിംസ

ഹിന്ദുക്കൾ അഹിംസയിൽ വിശ്വസിക്കുന്നു. അഹിംസ എന്നാൽ കൊല്ലാതിരിക്കലും അക്രമരാഹിത്യവും ഒരു ജീവജാലങ്ങളെയും കൊല്ലാതിരിക്കലും ആണ്. അഹിംസ പ്രവൃത്തിയിൽ മാത്രമല്ല ചിന്തയിലും സംസാരത്തിലും കൂടിയാണ്. സമസ്ത ചേതനവസ്തുക്കളും അചേതനവസ്തുക്കളും ജന്മം കൊണ്ടിട്ടുള്ളത് ദൈവത്താലാണ് എന്ന ഹിന്ദുതത്ത്വമാണ് അഹിംസയ്ക്കടിസ്ഥാനം. ദൈവം എല്ലാത്തിലും സ്ഥിതി ചെയ്യുന്നു എന്ന് ഈശാവാശ്യ ഉപനിഷത് ഉത്ഘോഷിക്കുന്നു. ആയതിനാൽ എല്ലാം പവിത്രമാണ്. രണ്ടാമതായി എല്ലാ വസ്തുക്കളിലും സ്വതന്ത്രമായ ആത്മാവ് സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു. ഇതു രണ്ടുമാണ് അഹിംസയ്ക്കടിസ്ഥാനം. കർമ്മഫലം മോശമാണെങ്കിൽ വിപരീതഫലം അനുഭവിക്കേണ്ടിവരുമെന്ന വിശ്വാസം ഇതിനടിസ്ഥാനമാണ്. പുനർജന്മവിശ്വാസവും ഇതിനെ സ്വാധീനിക്കുന്നു. സൽകർമ്മങ്ങൾ ചെയ്യുന്ന ഒരാൾക്ക് സന്തോഷം നിറഞ്ഞതും ഉന്നതി നൽകുന്നതുമായ പുനർജന്മം ലഭിക്കുന്നു. അതേസമയം ദുഷ്കർമ്മികൾക്ക് ദുരിതം നിറഞ്ഞ ജീവിതവും ലഭിക്കുന്നു. സാധാരണയായി ഹിന്ദുക്കൾ സസ്യഭക്ഷണം കഴിക്കുന്നവരാണ്. ഹിന്ദുമതത്തിന്റെ തൂണുകളിലൊന്നാണ് അഹിംസ. മഹാവീരൻ, ഗാന്ധിജി തുടങ്ങിയവർ അഹിംസയുടെ പ്രയോക്താക്കളാണ്.

 1. നാല് പുരുഷാർത്ഥങ്ങൾ:

മനുഷ്യ ജീവിതത്തിന്റെ നാലു ഘട്ടങ്ങളിലായി പൊതുവായ ചില ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു. ഈ ലക്ഷ്യങ്ങളാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്ന് കണക്കാക്കിയിരുന്നു പുരാതന ഇന്ത്യക്കാർ. താഴെ പറയുന്നവയാണ് ഈ നാലു ലക്ഷ്യങ്ങൾ:- 1. ധർമ്മം - കടമ, കർത്തവ്യം, സൽകരണാചരണം 2. അർത്ഥം - ധനം, ഐശ്വര്യം 3. കാമം - ഭൗതീക ആഗ്രഹങ്ങൾ 4. മോക്ഷം - സ്വാതന്ത്യ്രം നേടുക

ഗൃഹസ്ഥാശ്രമികൾ ഈ നാലു പുരുഷാർത്ഥത്തിലും ഊന്നൽ നൽകുമ്പോൾ സന്യാസിമാർ ധർമ്മത്തിനും മോക്ഷത്തിനും പ്രാധാന്യം നൽകുന്നു.

1) ധർമ്മം:

ധർമ്മമാണ് അടിസ്ഥാനവും നാലു ലക്ഷ്യങ്ങളിൽ ആദ്യത്തേതും. വേദങ്ങളിൽ ധർമ്മത്തെക്കുറിച്ച് പറയുന്നുണ്ട്. പരമ്പരാഗതമായും പല ധർമ്മങ്ങളും അനുഷ്ഠിച്ചു പോരുന്നു. ധർമ്മത്തിൽ നമ്മുടെ കടമകളും കർത്തവ്യങ്ങളും പെരുമാറ്റവും ഉൾപ്പെടുന്നു. ചെയ്യേണ്ടതും ചെയ്യരുതാത്തതും ഊന്നി പറയുന്നു. സത്യം, ശുദ്ധി, ദയ, അഹിംസ, ബ്രഹ്മചര്യം, അസ്തേയം, അപരിഗ്രഹം, അക്രോധം മുതലായവ ധർമ്മത്തിൽ ആചരിക്കുന്നു. ഹിന്ദു ശാസ്ത്രങ്ങൾ ഉത്ഘോഷിക്കുന്ന പ്രകാരം ധർമ്മം ആചരിക്കുന്ന ഒരുവന് പുണ്യം, വിജയം, കീർത്തി, മോക്ഷം മുതലായവ സിദ്ധിക്കുന്നു. ഏകാന്തിക ധർമ്മം വർണ്ണാശ്രമധർമ്മത്തേക്കാൾ മികച്ചതാണ്. കാരണം ഇതിൽ ജ്ഞാനം, വൈരാഗ്യം, ഭക്തി മുതലായവ ഉൾപ്പെടുന്നു. ക്രമേണ മോക്ഷം പ്രാപിക്കുന്നു.

ധർമ്മം നശിപ്പിക്കപ്പെട്ടാൽ മനുഷ്യവർഗവും ലോകവും നശിക്കും. ധർമ്മം സംരക്ഷിക്കപ്പെട്ടാൽ ധർമ്മം ഇവയെ സംരക്ഷിക്കും എന്ന് മഹാഭാരതം ഉത്ഘോഷിക്കുന്നു. ധർമ്മം എവിടെയുണ്ടോ അവിടെ വിജയമുണ്ടെന്ന് മഹാഭാരതം പറയുന്നു. ചുരുക്കത്തിൽ ധർമ്മമാണ് സമൂഹത്തെ നിലനിർത്തുന്നതും സംരക്ഷിക്കുന്നതും.

2) അർത്ഥം:

ധർമ്മത്തിന്റെയും കാമത്തിന്റെയും പുരോഗതിക്കും സാക്ഷാത്കാരത്തിനും ധനം അഥവാ അർത്ഥം അത്യാവശ്യമാണ്. ആയതിനാൽ ഗൃഹസ്ഥാശ്രമി അർത്ഥമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരിയായ മാർഗത്തിലൂടെ ആവണം. അധാർമ്മികമായി നേടുന്ന സമ്പത്ത് ശാന്തിയും, സമാധാനവും, ഐശ്വര്യവും നൽകുന്നില്ല.

3) കാമം:

ജൈവീകവും ശാരീരികവും ലൗകീകവും ആയ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതാണ് മൂന്നാമത്തെ ലക്ഷ്യം. ഇതിൽ വിവാഹവും ദാമ്പത്യജീവിതം കുടുംബവും ഉൾപ്പെടുന്ന ഇതിലും ധാർമ്മികത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഗൃഹസ്ഥാശ്രമിയുടെ പ്രധാന ലക്ഷ്യങ്ങൾ ആകേണ്ടതാണ് അർത്ഥവും കാമവും. കാരണം സമൂഹത്തിന്റെ പുരോഗതിക്ക് ഇത് അത്യാവശ്യമാണ്.

4) മോക്ഷം:

ജനനമരണങ്ങളിൽ നിന്നും മായയിൽ നിന്നും ഉള്ള മോചനമാണ് മോക്ഷം. ഇതാണ് മനുഷ്യന്റെ അവസാനലക്ഷ്യം. നമ്മുടെ ശരീരത്തിൽ വസിക്കുന്ന ആത്മാവ് അനശ്വരമാണ്. ശരീരം നശ്വരവും. പക്ഷേ മനുഷ്യരുടെ അജ്ഞത, പാപകർമ്മങ്ങൾ, ഭൗതീകആഗ്രഹങ്ങൾ തുടങ്ങിയവ മൂലം ഒരു ആത്മാവിന് ജനനമരണങ്ങളിൽ കൂടി വീണ്ടും വീണ്ടും കടന്നു പോകേണ്ടതായിവരുന്നു. ദൈവത്തിൽ ആശ്രയിക്കുന്നതിൽ കൂടി മാത്രമേ ഇതിൽ നിന്ന് മോചനം ലഭിക്കൂ. ദൈവത്തെ സാക്ഷാത്കരിച്ച ഗുരുവിനേയും ആശ്രയിക്കാം. ഗുരുകൃപയാൽ മായയിൽ നിന്ന് മോചിതനാകുകയും ആത്മസാക്ഷാത്കാരത്തിലേക്കും ദൈവസാക്ഷാത്കാരത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഒരു ഭക്തൻ മരിക്കുമ്പോൾ അവന്റെ ആത്മാവ് ദൈവസമക്ഷത്തിലേക്ക് എത്തിപ്പെടുമെന്ന് ഭക്തസമ്പ്രദായം വിശ്വസിക്കുന്നു. ചില സമ്പ്രദായക്കാർ ജീവൻ മുക്തി ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

 1. വർണ്ണാശ്രമധർമ്മം:

വ്യക്തികളുടേയും സമൂഹത്തിന്റേയും സമഗ്ര വികസനത്തിനും പുരോഗതിക്കും ആവശ്യമായ ഘടന ഹിന്ദു സമൂഹത്തിനുണ്ട്. ഇത് ജനങ്ങളെ നാലു വർണ്ണങ്ങളായി തിരിച്ചിരിക്കുന്നു. കൂടാതെ മനുഷ്യജീവിതത്തെ നാലു ഘട്ടങ്ങളായും തിരിച്ചിരിക്കുന്നു. വർണ്ണത്തിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നിവയാണ് നാലുഘട്ടങ്ങൾ. ഈ സമ്പ്രദായം വ്യക്തികളുടെ ഗുണങ്ങളെയും കർമ്മങ്ങളെയും അടിസ്ഥാനമാക്കിയാണ് നിലനിന്നിരുന്നത്. ജന്മം വഴി ആയിരുന്നില്ല. അതായത് ജാതി സമ്പ്രദായം പിന്നീട് ഉരിത്തിരിഞ്ഞ് വന്നതാണ്.

വർണ്ണാശ്രമധർമ്മം ആചരിക്കുന്നത് ഒരുവന് പുണ്യം നൽകുകയും അതിലൂടെ സ്വർഗ്ഗപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നു എന്ന് സങ്കൽപം.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം നെടുമങ്ങാട്

തിരുവനന്തപുരം കേരള പിൻ 695541

ഫോൺ - 0472- 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.