Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പനും ബ്രഹ്മചര്യനിഷ്ഠയും

sabarimala

ശബരിമല അയ്യപ്പക്ഷേത്രം ആരൊക്കെ എങ്ങനെയൊക്കെ ചിത്രീകരിച്ചാലും ഭൂമി ഉള്ളിടത്തോളം കാലം ഓരോ കാലഘട്ടത്തിലും കോടാനുകോടികളുടെ ആശ്വാസത്തിന്റെ അവസാന ആശ്രയ സ്ഥാനമായി നിലകൊള്ളും. അയ്യപ്പന്റെ മാത്രമായ അനിതര സാധാരണമായ അനുഗ്രഹവർഷം തന്നെയായിരിക്കും ഈ വിശ്വാസത്തിനാധാരം.

ജ്യോതിഷത്തിൽ ശനിദോഷപരിഹാരമായി, മരണദോഷം മാറ്റാനായി, ജീവിതഭദ്രത ഉണ്ടാകാനായി ശബരിമല ദർശനം ഒരു മുഖ്യ പരിഹാര സ്ഥാനമാണ്.

അയ്യപ്പന്റെ ഈ അനുഗ്രഹം നേരിട്ടു തങ്ങൾക്കും ലഭിക്കണമെന്ന് കാലാകാലമായി ലോകസഹോദരിമാർ ആഗ്രഹിക്കുന്നു. ഈ ആഗ്രഹനിവൃത്തിക്കായി പല ശ്രമങ്ങളും പരിശ്രമങ്ങളും നടക്കുന്നു. ഈ വിഷയത്തെ ആസ്പദമാക്കി പല ചർച്ചകളും നടക്കുന്നു. ഈ ചർച്ചകളിലെല്ലാം ‘കാടു കാണാൻ ഇറങ്ങിയവർ മരം കണ്ട് തിരിച്ചു പോന്നു’ എന്ന ചൊല്ല് പോലെയോ, ‘അഞ്ജനമെന്നാൽ ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും’ എന്നതുപോലെയോ ആണ് വ്യക്തികൾ നിരത്തിക്കാണുന്നത്. 

ആർത്തവം നിഷിദ്ധമാണോ?  ആർത്തവം അശുദ്ധമാണോ?  അതിന്റെ പേരില്‍ സ്ത്രീകളെ തടയാനൊക്കില്ല എന്നൊക്കെ. ആർത്തവം അയ്യപ്പനും അയ്യപ്പദർശനത്തിനും തടസ്സമല്ല.  പിന്നെ അയ്യപ്പദർശനത്തിന് തടസ്സമെന്ത്?

അറിയണമെങ്കിൽ അയ്യപ്പഭാവമറിയണം.  ചരിത്രപരവും വിശ്വാസപരവും ഐതിഹ്യപരവുമായി പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് അയ്യപ്പന്റെ അവതാരം.  മഹിഷി എന്ന രാക്ഷസിയെക്കൊണ്ട് പൊറുതി മുട്ടിയ ലോകത്തിന് ആശ്വാസം നൽകാൻ ശിവനും വിഷ്ണുവും ആദിശാസ്താവിനോട് അഭ്യർഥിച്ചു. അപ്പോൾ ശിവവിഷ്ണു പുത്രനായി ധർമശാസ്താവായി ഭൂമിയിൽ അവതരിച്ച് അത് നിർവഹിക്കാം എന്ന് ശാസ്താവ് സമ്മതിച്ചു. അതനുസരിച്ചു ഹരിഹരപുത്രനായി ധർമശാസ്താവ് അവതരിച്ചു. തന്റെ ജീവിതലീലകൾക്കൊടുവിൽ ശ്രീരാമഭക്തയായ ശബരി അധിവസിച്ചിരുന്ന ശബരിമലയിൽ, പൂർവികമായി ഉണ്ടായിരുന്നതും നാമാവശേഷമായി നശിച്ചുപോയതുമായ ഒരു ക്ഷേത്രസ്ഥാനത്ത് അയ്യപ്പന്റെ മേൽനോട്ടത്തിൽ പുതിയ ക്ഷേത്രം പണിതു പൂർത്തിയാക്കി. പ്രതിഷ്ഠ തീരുമാനിച്ചു.  പ്രതിഷ്ഠാദിവസം ഭക്തജനങ്ങൾ നോക്കിനിൽക്കേ അയ്യപ്പൻ ‘എന്റെ ചൈതന്യം മനസ്സിലാക്കിക്കൊള്ളൂ’ എന്ന് പറഞ്ഞ് പ്രതിഷ്ഠയുടെ സമീപമെത്തി അതിന്റെ പിന്നിൽ നിലയുറപ്പിച്ചു. അൽപസമയത്തിനകം അയ്യപ്പൻ ഒരു ദിവ്യജ്യോതിസ്സായി മാറുകയും ആ വിഗ്രഹത്തിൽ വിലയം ചെയ്യുകയും ചെയ്തു. പ്രതിഷ്ഠയുടെ ഭാഗത്ത് കണ്ട അതേ ജ്യോതിസ് അയ്യപ്പന് പ്രിയങ്കരമായിരുന്ന പൊന്നമ്പലമേട്ടിലും കണ്ടു. ഇതിന്റെ വാർഷികാനുസ്മരണമാണ് മകരജ്യോതിസ്സ്.

അയ്യപ്പഭാവം

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്.  ഈ ബ്രഹ്മചാരിത്വനിഷ്ഠയിൽ നിന്നും ഒരിക്കലും വ്യതിചലിച്ചിട്ടില്ലാത്ത വ്യതിചലിക്കാത്ത നിഷ്ഠ.  ഈ നിഷ്ഠ മാറ്റാൻ അയ്യപ്പനെ മനസാ വരിച്ച ഒരു കന്യക ശ്രമിച്ചു.  ലീല എന്ന ഈ കന്യക അയ്യപ്പനോട് വിവാഹാഭ്യർത്ഥന നടത്തി. അപ്പോൾ അയ്യപ്പൻ പറഞ്ഞ മറുപടി “ലീലേ ഞാൻ ബ്രഹ്മചര്യാനിഷ്ഠനാണ്. എന്റെ ഈ നിഷ്ഠ മാറ്റുക സാധ്യമല്ല. അതിനാൽ നിന്നെ സ്വീകരിക്കാൻ സാധ്യമല്ല.”

അപ്പോള്‍ ലീല വീണ്ടും ചോദിച്ചു “എന്നെങ്കിലും അങ്ങ് വധുവായി എന്നെ സ്വീകരിക്കുമോ.” അയ്യപ്പൻ “ശബരിമലയിൽ കന്നി അയ്യപ്പൻ ഇല്ലാത്ത സമയം വന്നാൽ അപ്പോൾ നിന്നെ സ്വീകരിക്കാം.”

അപ്പോൾ ലീല “അങ്ങനെ ഒരു ദിവസത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഈ ശബരിമലയിൽ കഴിയാൻ അനുവദിക്കുമോ?”

അയ്യപ്പൻ “അതു സമ്മതമാണ്. ശബരിമലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് മാളികപ്പുറത്ത് അമ്മയായി നീ കഴിയുക.”

അയ്യപ്പൻ മാളികപ്പുറത്ത് അമ്മയോട് എടുത്ത നിലപാടാണ് ശബരിമലയിലെ അയ്യപ്പഭാവം. തികഞ്ഞ ബ്രഹ്മചര്യം.  ജനവാസ കേന്ദ്രങ്ങളിൽ ക്ഷേത്രമുണ്ടാക്കുന്ന സമ്പ്രദായം മാറ്റിമറിച്ച് കാനനാന്തർഭാഗത്ത് അയ്യപ്പൻ സ്ഥിതി ചെയ്തതുതന്നെ ഈ ബ്രഹ്മചര്യത്തിന് ലോപം വരാതിരിക്കാനാണ്.

ഒൻപതു  വയസ്സുവരെ ഒരു പെൺകുട്ടിയെ കണ്ടാൽ ആർക്കും ബ്രഹ്മചര്യത്തിന് ഇളക്കം വരുന്ന ചോദന സാധാരണ സംഭവിക്കാറില്ല. വാനപ്രസ്ഥകാലമായി – അമ്മയായി– അമ്മൂമ്മയായ ഒരു സ്ത്രീയെ കണ്ടാലും അങ്ങനെ തന്നെ. അതുകൊണ്ടാണ് ഈ കാലയളവിനകമുള്ളവര്‍ – സഹോദരിമാർ ശബരിമല അയ്യപ്പനെ ദർശിക്കരുതെന്ന ധാരണ ഇത്രയും കാലം സമൂഹം ശിരസ്സാ സ്വീകരിച്ചത്.  ആർത്തവമല്ല പ്രശ്നം. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും പരസ്പരം കണ്ടാൽ തന്നെ ഉള്ളിന്റെ ഉള്ളിൽ രൂപപ്പെടാൻ സാധ്യതയുള്ള നൈസർഗ്ഗികമായ കാമന – അതാണ് ശബരിമലയിൽ നിഷിദ്ധം. അതുകൊണ്ടാണ് ഇപ്രകാരം ഒരു ആചാരം നൂറ്റാണ്ടുകളായി ശബരിമലയിൽ അനുസരിക്കപ്പെടുന്നത്.

ബുദ്ധനായി മാറിയ തന്റെ ഭർത്താവിനോട് യശോധര (ബുദ്ധന്റെ ഭാര്യ) ചോദിച്ചതാണ് ഓർമ വരുന്നത് “നാരിക്കു സന്യാസം നിഷിദ്ധമോ” . ഇതാണ് ഇന്നത്തെ അവസ്ഥ.

എന്തായാലും സ്ത്രീയും പുരുഷനും ഒരുമിച്ചു ശബരിമല ദർശനം ഇന്നത്തെ തിക്കിലും തിരക്കിലും സാധ്യമല്ല. അപ്പോൾ സ്ത്രീക്കും പുരുഷനും പ്രത്യേകം പ്രത്യേകം ദർശനദിവസങ്ങൾ സാധ്യമാണോ? പ്രായോഗികമാണോ?  അയ്യപ്പഹിതം എന്താണ്? ഇതൊക്കെ ചിന്തിച്ചു മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ സാധിക്കൂ. അതിനാല്‍ ആർത്തവമല്ല, അന്തരാത്മാവിൽ അടിയുറച്ച ബ്രഹ്മചര്യനിഷ്ഠയാണ് – അയ്യപ്പൻമാരായ ഭക്തരുടെ അത്യാവശ്യഘടകം എന്നോർക്കുക. 

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: