Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണം മുടക്കികളായ പാമ്പുകൾ ?

naga-dosha-2

വയസ്സ് ഏറെ ആയിട്ടും വിവാഹം നടക്കുന്നില്ല, കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായി കുഞ്ഞുങ്ങൾ ആകുന്നില്ല , ദാമ്പത്യബന്ധം അധികനാൾ നീണ്ടു നിന്നില്ല , സർപ്പദോഷമാണത്രേ കാരണം. വിവാഹം, കുട്ടികൾ എന്നിവയുമായി ബന്ധപ്പെട്ട ചില ജാതകപരമായ ചർച്ചകൾ ഇത്തരത്തിൽ സർപ്പദോഷത്തിൽ വന്നവസാനിക്കുന്നത് സ്വാഭാവികം മാത്രം. ഇങ്ങനെ, മനുഷ്യന്റെ ജീവിതത്തിലെ സമയദോഷങ്ങൾക്ക് പാവം പാമ്പുകൾ പഴി കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ എന്താണ് ഇതിനു പിന്നിലെ യാഥാർത്ഥ്യം ? നാഗങ്ങൾ എങ്ങനെയാണ് കല്യാണം മുടക്കികളാകുന്നത്?

മലയാളികൾ കാലങ്ങളായി പിന്തുടർന്ന് വരുന്ന ജ്യോതിഷ ശാസ്ത്ര പ്രകാരം , ഒരു വ്യക്തിയുടെ ജീവിതത്തിൽ വരാൻ ഇടയുള്ള ദോഷങ്ങളിൽ മുൻപന്തിയിലാണ് സർപ്പദോഷം. ഭൂമിയുടെ അധിപർ നാഗങ്ങളാണ് എന്നാണ് വിവിധ ജ്യോതിഷ ശാസ്ത്ര പുസ്തകങ്ങളിൽ പറയുന്നത്. മനുഷ്യന് പ്രകൃതിയില നിന്നും ഉണ്ടാകുന്ന പലവിധ ദോഷങ്ങളെയും അതിജീവിക്കാൻ സർപ്പങ്ങളെ ആരാധിക്കുന്നത് കൊണ്ട് സാധിക്കും എന്ന് വിശ്വസിച്ച പൌരാണികർ സർപ്പങ്ങൾക്കായി കാവുകളിൽ വാസസ്ഥലം ഒരുക്കുകയായിരുന്നു . എന്നാൽ , അതിജീവനത്തിനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയത് പലവിധത്തിൽ സർപ്പങ്ങളുടെ ആവാസ വ്യവസ്ഥയെ തകരാറിലാക്കി. സർപ്പക്കാവുകളിൽ നിന്നും സർപ്പങ്ങളെ ആവാഹിച്ച് പടിയിറക്കി , വിവിധ ക്ഷേത്രങ്ങളിൽ കുടിയിരുത്തി. ഇതിന്റെയെല്ലാം അനന്തരഫലമാണ് മനുഷ്യനെ പിന്തുടരുന്ന സർപ്പദോഷങ്ങൾ എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇത് പ്രാചീന കാലം മുതൽ ഇവിടെ നിലനിന്നു വരുന്ന സർപ്പരാധനയെ സാധൂകരിക്കുകയും ചെയ്യുന്നു. വേദങ്ങളിൽ പോലും സർപ്പരാധനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സർപ്പദോഷങ്ങൾ ഇങ്ങനെ

ഒരു വ്യക്തിയുടെ ജാതകത്തിൽ 6,8, 12 തുടങ്ങിയ അനിഷ്ടഭാവങ്ങളിലാണ് സർപ്പദോഷ സാന്നിധ്യം കാണുന്നത്. സർപ്പ ദോഷമുള്ളവരിൽ ചർമ്മ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. തൊലി പുറത്തുള്ള നിറവ്യത്യാസം , പാണ്ട് തുടങ്ങിയവ ചികിത്സിച്ചു ഭേതമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒടുവിലെ മാർഗ്ഗമായി പലരും കാണുക ജാതകം നോക്കി സർപ്പദോഷം ഉണ്ടോ എന്ന് അറിയുകയാവും. മാത്രമല്ല, വിവാഹം മുടക്കുന്ന ദോഷകാരകനായും സർപ്പങ്ങളെ ജ്യോതിഷ ശാസ്ത്രം കാണുന്നു. ഇനി, വിവാഹ ശേഷം കുട്ടികൾ ഉണ്ടായില്ലെങ്കിൽ അവിടെയും സർപ്പദോഷത്തിന്റെ സാന്നിധ്യം അറിയാം. ഗർഭധാരണ വിഷയത്തിൽ ബീജ ദോഷം , ക്ഷേത്ര ദോഷം, സർപ്പദോഷം തുടങ്ങിയ 3 ഘടകങ്ങളാണ് പ്രധാനമായും വിലയിരുത്തുന്നത്. പൊതുവെ സർപ്പദോഷം സ്ത്രീകളിൽ ഒരു അദൃശ്യ ദോഷമായിട്ടായിരിക്കും കാണുക. മാത്രമല്ല, സര്‍പ്പ ദോഷമുള്ള, സ്ത്രീകളില്‍ ഉദരരോഗം, മാസമുറയിലെ കൃത്യതയില്ലായ്മ , യൂട്രസ് പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. വീടുകളിൽ അനാവശ്യ കലഹങ്ങൾ ഉണ്ടാകുന്നതിനും സർപ്പദോഷം കാരണമായി പറയുന്നുണ്ട്.

എന്ത് കൊണ്ട് സർപ്പദോഷം ?

സർപ്പദോഷം , ചിലരിൽ ചെയ്തു പോയ അനിഷ്ട കർമ്മത്തിന്റെ ഭാഗമായും, മറ്റു ചിലരിൽ കുടുംബക്ഷേത്രത്തിലെ സർപ്പങ്ങളെ അവഗണിക്കുന്നതിന്റെ ഫലമായും വേറെ ചിലരിൽ ജനന സമയത്തിന്റെയും നഷ്ത്രദോഷത്തിന്റെയും ഭാഗമായും വരുന്നു എന്നാണ് ജ്യോതിഷ ശാസ്ത്രം പറയുന്നത്. ഇതിനെല്ലാം ഉള്ള പ്രതിവിധിയായി പറയുന്നത് , നാഗങ്ങളുടെ നക്ഷത്രമെന്ന് പറയുന്ന ആയില്യം നാളിലുള്ള പൂജാദികർമ്മങ്ങളാണ്.

naga-dosha

സര്‍പ്പക്കാവ് നശിപ്പിക്കുക, അറിഞ്ഞോ അറിയാതയോ അശുദ്ധിയാക്കുക, സർപ്പക്കാവിലെ മരങ്ങള്‍ മുറിക്കുക, മുട്ട നശിപ്പിക്കുക, പുറ്റ് നശിപ്പിക്കുക, സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് പ്രധാനമായ സര്‍പ്പ കോപകാരണങ്ങള്‍ . ഇവയിൽ ഏതാണ് നിങ്ങളുടെ ദോഷത്തിനു നിദാനമെന്നു കണ്ടെത്താനും തക്ക പരിഹാരം നിർദ്ദേശിക്കാനും ഒരു നല്ല ജ്യോൽസ്യന് മാത്രമേ പറ്റൂ.

സർപ്പാരാധന ഭാരതത്തിൽ മാത്രം പ്രചാരത്തിൽ ഉള്ള ഒന്നല്ല. ഹൈന്ദവ മതത്തിന്റെ മതിലുകൾക്കപ്പുറം ചൈന, ജപ്പാൻ , ശ്രീലങ്ക , ജാവ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും സർപ്പങ്ങളെ ആരാധിക്കുന്നുണ്ട്. കേരളത്തെ , സംബന്ധിച്ച് പറയുകയാണെങ്കിൽ കേരളം നാഗഭൂമിയാണ് എന്നാണ് വിശ്വാസം. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉപ പ്രതിഷ്ടകളായി സർപ്പങ്ങൾ ഉണ്ട്.

സർപ്പങ്ങളും ആരാധനാ രീതിയും

സർപ്പങ്ങളെ ദൈവങ്ങൾ ആയി ആരാധിച്ചു വരുമ്പോൾ തന്നെ, ഇവ മറ്റു ആരാധനാ മൂർത്തികളുമായും ബന്ധപ്പെട്ടു കിടക്കുന്നു. വിഷ്ണുവിന്‍റെ കിടക്കയാണ് അനന്തന്‍ എന്ന സർപ്പം. ശിവന്‍റെ കണ്ഠാലങ്കാരമായ നാഗമാണ് വാസുകി. ഗണപതിയുടെ അരപ്പട്ടയും സർപ്പം തന്നെ. ഇത് കൂടാതെ , വിവിധ ദേവിമാര്‍ക്ക് ആഭരണമായും ആയുധമായും സര്‍പ്പങ്ങളുണ്ട്.

ജ്യോതിഷ പ്രകാരം അനന്തന്‍, വാസുകി, ശേഷന്‍, പത്മനാഭന്‍, കമ്പലന്‍, ശംഖപാശന്‍, ധൃതരാഷ്ട്രര്‍, തക്ഷകന്‍, കാളിയന്‍ തുടങ്ങി ഒൻപത് നാഗങ്ങൾ ആണുള്ളത്. ഇവരെ പ്രീതിപ്പെടുത്താനുള്ള പ്രധാന വഴിപാടു നൂറും പാലും നൽകുക എന്നതാണ്. എന്നാൽ, ഓരോ നാഗത്തെയും പ്രീതിപ്പെടുത്തുന്നതിന് പ്രത്യേക ദിവസങ്ങൾ ഉണ്ട്. ഞായറാഴ്ച - അനന്തന്‍, തിങ്കളാഴ്ച - വാസുകി, ചൊവ്വാഴ്ച - തക്ഷകന്‍, ബുധനാഴ്ച - കാര്‍ക്കോടകന്‍, വ്യാഴാഴ്ച - പത്മന്‍, വെള്ളിയാഴ്ച - മഹാപത്മന്‍, ശനിയാഴ്ച - കാളിയൻ ശംഖപാശന്‍ എന്നിങ്ങനെയാണ് ആരാധനാ ക്രമം .

കാശിയിലെ മഹേശ്വര പ്രതിഷ്ട, കാശ്മീരിലെ അനന്ത നാഗ് ,ഹിമാലയത്തിലെ ബെരീ നാഗ്,രാജസ്ഥാനിലെ ബായുത് നാഗ ക്ഷേത്രം ,നാഗാലാണ്ടിലെ ജാമ്പാമ്ഖോന്ഗ്,പ്രയാഗയിലെ നാഗ വാസുകി ക്ഷേത്രം, രാജസ്ഥാനിലെ നാഗൌര്‍ എന്നിവയാണ് ഇന്ത്യയിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ. കേരളത്തിൽ മണ്ണാറശാല , ആമേട, പാമ്പിൻ മേൽക്കാവ് എന്നിവയുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.