Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർപ്പക്കാവുകളും നാഗാരാധനയും

നാഗാരാധന Sree Vallykattu Kaavu Devi Temple at Edakkara.

പുരാതനകാലം മുതൽ നമ്മുടെ തറവാടുകളിൽ സർപ്പക്കാവുകളും കുളവും ഒക്കെ ഉണ്ടായിരുന്നു. ചിത്രകൂടത്തിലോ നാഗപ്രതിമയിലോ നാം അവരെ കുടിയിരുത്തി വർഷത്തിലൊരിക്കലോ ആയില്യം തോറുമോ നാം അവയ്ക്ക് നൂറും പാലും നൽകി. വീടുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്തും പാട്ടും നടത്തിയിരുന്നു. പുള്ളുവനും പുള്ളുവത്തിയും പുള്ളോർക്കുടം മീട്ടി പാടി സർപ്പദോഷങ്ങൾ ഇല്ലാതാക്കിയിരുന്നു. സന്തതി പരമ്പരകൾക്കായി പ്രാർഥിച്ചിരുന്നു.

കേരളം ഒരു കാലത്ത് നാഗലോകം എന്നാണു പരാമർശിക്കപ്പെട്ടിരുന്നത്. മലയാളി സ്ത്രീകൾ പണ്ടു മുതലേ നാഗഫണത്താലിയും നാഗവളയും ഒക്കെ ധരിക്കുന്നു. വിഷ ചികിത്സയ്ക്ക് വിദഗ്ധരായ വൈദ്യന്മാരും നമുക്കുണ്ടായിരുന്നു. വിഷം തൊട്ട ഒരാൾ വരുന്നതും കാത്ത് അത്താഴം ഉണ്ണാതെ കാത്തിരുന്ന ദിവ്യന്മാരും അന്നു ധാരാളമായിരുന്നു. അത്താഴശേഷം വരുന്ന രോഗി മരിക്കും എന്നും അന്ന് വിശ്വസിച്ചിരുന്നു.

സാക്ഷാൽ മഹാവിഷ്ണു പാലാഴിയിൽ പാമ്പിന്റെ മുകളിൽ ശയിക്കുന്നു. പരമേശ്വരൻ സർപ്പത്തെ കഴുത്തിലും ഗണപതി അരയിലും ധരിക്കുന്നു. മറ്റ് അനേകം ദേവീദേവന്മാരും  സർപ്പത്തെ ധരിക്കുന്നു. രാഹുദോഷത്തിനു ശിവനെയാണു പ്രീതിപ്പെടുത്തേണ്ടത്. കേതുദോഷത്തിനു ഗണപതിയെയും. സർപ്പക്കാവുകളോ സർപ്പങ്ങളെയോ നശിപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ സർപ്പബലി പോലുള്ള പരിഹാരങ്ങൾ നടത്തേണ്ടി വരും. അല്ലാത്തപക്ഷം അനേകം തലമുറകൾ ദുരിതം അനുഭവിക്കേണ്ടിവരും. നൂറും പാലും നൽകുകയും പാമ്പിൻ പുറ്റും മുട്ടയും വെള്ളിയിലോ സ്വർണത്തിലോ തീർത്ത് സർപ്പക്ഷേത്രങ്ങളിൽ സമർപ്പിക്കുകയും ഒക്കെ ചെയ്യുന്നതും ഒക്കെ  പരിഹാരങ്ങളാണ്.

ത്വക്ക് രോഗങ്ങൾ, സന്താനമില്ലായ്മ, നേത്രരോഗങ്ങൾ എന്നിവയ്ക്കു പരിഹാരമായി സർപ്പപ്രീതി വരുത്തുന്നതു നല്ലതാണ്. കന്നി, തുലാം, കുംഭം, മേടം എന്നീ മാസങ്ങളിലെ ആയില്യം നാളിലാണു സർപ്പാരാധകൾ കൂടുതലായും നടത്തുന്നത്. കന്നിമാസ ആയില്യമാണ് ഏറെ വിശേഷമായിട്ടുള്ളത്. മണ്ണാറശാല, പാമ്പുംമേയ്ക്കാട്, ആമേട, വെട്ടിക്കാട്, അനന്തൻകാട്, അനന്തേശ്വരം എന്നിവയാണു കേരളത്തിലെ പ്രധാന നാഗക്ഷേത്രങ്ങൾ. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നാഗപ്രതിഷ്ഠയുണ്ട്. മണ്ണാറശാലയിൽ ഉരുളി കമിഴ്ത്തുന്നതു സന്താനലബ്ധിക്കായുള്ള വിശേഷ വഴിപാടാണ്. തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പിന്നിലുള്ള അനന്തൻകാട് ക്ഷേത്രം പലർക്കും ഇന്നും അറിയില്ല. സർപ്പദോഷത്തിനു സുബ്രഹ്മണ്യസ്വാമിക്കും വഴിപാടുകൾ നൽകാറുണ്ട്. ജാതകത്തിലെ സർപ്പദോഷങ്ങൾക്കും ക്ഷേത്രങ്ങളിൽ പരിഹാരം നടത്തുന്നു. നവഗ്രഹങ്ങളിൽ രാഹുകേതുക്കൾക്കൾക്കു വഴിപാടുകൾ നടത്തുന്നതും സർപ്പദോഷം തീർക്കും.

നാഗരാജാവിനെയും നാഗയക്ഷിയെയും ആണ് അധികവും നാം ആരാധിക്കുന്നത്. സ്ഥലവില വർധിച്ചപ്പോൾ പുരോഗമനവും വികസനവും കൂടി ചേർന്നപ്പോൾ നാം പല കാവുകളും ആവാഹിച്ച് ഒഴിവാക്കി. ചില സർപ്പങ്ങൾ ഒഴിവായില്ല. ചിലതു മടങ്ങിവന്നു. ഒഴിവാക്കിയതിനു വഴിപാടുകൾ നൽകാത്ത ദോഷവും ചിലരെ ബാധിക്കുന്നു. പ്രശ്നവിധി അനുസരിച്ചാണു സർപ്പത്തെ ആവാഹിച്ച് ഒഴിവാക്കുന്നത്. അതു സമർപ്പിക്കാൻ ഒഴിവു കിട്ടിയ ക്ഷേത്രത്തിലെ ആരെങ്കിലും വന്നിട്ടാണ് ഇത് ആവാഹിച്ചു കൊണ്ടുപോകുന്നത്. വളരെ ചെലവേറിയ  കർ‌മമാണിത്. ഇപ്പോൾ വളരെ കുറച്ചു മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളൂ. സാധാരണ പൂജാരികളൊന്നും സർപ്പത്തെ ഒഴിവാക്കാൻ തയാറാകുന്നില്ല. നിലവിൽ ഉള്ള സർപ്പക്കാവുകളും കുളങ്ങളും നിലനിർത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നു നമുക്കിന്നു ബോധ്യമായിരിക്കുന്നു. ചൂട്  അസഹ്യമായ ഈ കാലത്ത് ഇനിയും അവയെ ഒഴിവാക്കാൻ ആരാണു മുതിരുക. സർപ്പാരാധന പ്രകൃതിയെ സ്നേഹിക്കൽ കൂടിയാണ്. സർപ്പമുള്ള കാടുകൾ വെട്ടിത്തെളിക്കാൻ ഒരാളും ഇന്നും ധൈര്യപ്പെടില്ല, നമ്മുടെ ഈ നല്ല പാരമ്പര്യത്തെ നമുക്കു കാത്തുസൂക്ഷിക്കാം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: