Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽക്കർമം തന്നെ പ്രായശ്ചിത്തം

rebirth

അവനവൻ ചെയ്തിട്ടുള്ള കർമഫലം അനുഭവിക്കാൻ വേണ്ടി ജന്തുക്കൾ വീണ്ടും വീണ്ടും ജന്മമെടുക്കുന്നു. കർമാനുഭവം കൊണ്ട് ദേഹം തളർന്നാൽ ആത്മാക്കളായി വീണ്ടും മറ്റൊരിടത്തു പോകുന്നു. ഇവിടെ ജനനവും മരണവും സംഭവിക്കുന്നു. 

‘‘സ്വകർമ ഭോക്തും ജായന്തേ പ്രായേണൈവ ഹി ജന്തവഃ 

  ക്ഷീണേ കർമണി ചാന്യത്ര പുനർഗ്ഗച്ഛന്തി ദേഹിനഃ 

 എന്ന പ്രശ്നമാർഗത്തിലെ ശ്ലോകം വളരെ ശ്രദ്ധേയമാണ്. 

ചുരുക്കിപ്പറഞ്ഞാൽ, ആഗ്രഹാഭിലാഷ‌പൂർത്തി വരാത്ത ഒരു ജീവൻ അവന്റെ അഭിലാഷ പൂർത്തീകരണത്തിനു വേണ്ടി പുനർജന്മമെടുക്കുന്നു. ഇവിടെ എവിടെയാണ് പ്രായശ്ചിത്തത്തിനു സ്ഥാനം?  തെറ്റു ചെയ്താലല്ലേ പ്രായശ്ചിത്തം വേണ്ടൂ. മനുഷ്യമനസ്സിനെ ‘കലി’ ബാധിക്കുമ്പോള്‍ അവൻ അവനറിയാതെ തന്നെ തെറ്റായ മാർഗത്തിലേക്ക് ചരിക്കുന്നു. ഇതു കലിയുഗമാണ്. മനുഷ്യൻ വിപരീത ബുദ്ധി അന്വേഷിക്കുന്നതും പ്രാപിക്കുന്നതുമാണു കലിയുഗ ധർമം.

‘‘ചിത്തേ വാചി ച കർമണി ത്രിഷു ഖരോ....’’ എന്ന പ്രമാണവചന പ്രകാരം ഒരുവൻ മനസ്സ്, വാക്ക്, കർമം എന്നിവ കൊണ്ട് പാപം ചെയ്യുന്നു. അല്ലെങ്കിൽ ദുരിതം ചെയ്യുന്നു. ഈ കർമങ്ങൾ സന്താനങ്ങൾക്ക് ആപത്തുണ്ടാക്കുന്നു. സന്താനനാശം വരുമ്പോൾ അവന്റെ കുലത്തിനും വംശത്തിനും ക്ഷയമുണ്ടാക്കുന്നു. 

‘‘കുലക്ഷയേ പ്രണശ്യന്തി

കുലധർമാഃ സനാതനാഃ 

ധർമേ നഷ്ടേ കുലം കൃത്സ്നം 

അധർമോഭിഭവത്യുത’’ 

കുലനാശം വന്നാൽ സമ്മതനായ കുലധർമങ്ങൾ നശിച്ചു പോകും. ധർമം നശിക്കുമ്പോൾ നിശ്ചയമായും കുലത്തെ മുഴുവനും അധർ‌മം ബാധിക്കും. അധർമം ബാധിച്ചാൽ കുലസ്ത്രീകൾ ദോഷപ്പെടുന്നു. സ്ത്രീകൾ ദോഷപ്പെട്ടാൽ ജാതിസങ്കരം ഉണ്ടാകുന്നു. വർണസങ്കരം കുലനാശം വരുത്തുന്നു. കുലനാശം വരുത്തുന്നവർ കുലത്തിനും നരകഹേതുവായി മാറുന്നു. എങ്ങനെയെന്നാൽ  കുലഘ്നന്മാരുടെ പിതൃക്കൾ പിണ്ഡോദക ക്രിയകൾ ഇല്ലാതെ പതിച്ചുപോകുന്നു. 

ഒരു കയറ്റത്തിന് ഒരിറക്കം പോലെ ഈ സംസാരചക്രം ചലിച്ചുകൊണ്ടിരിക്കുന്നു. പല തറവാടുകളും ഇത്തരത്തിൽ നാശോന്മുഖമായി തീർന്നിട്ടുണ്ട്. ഒരു ജ്യോതിഷിയെ സംബന്ധിച്ച് പ്രശ്നവേളയിലോ ജാതക ചിന്തയിലോ ഇത്തരം ലക്ഷണങ്ങൾക്ക് (വംശനാശം, ദത്ത്) ആധിപത്യം കണ്ടാൽ പ്രായശ്ചിത്തം വിധിക്കാൻ അനുവാദമുണ്ട്. 

പ്രായശ്ചിത്ത വിധികളെപ്പറ്റി സാമാന്യമായ അഭിപ്രായം രണ്ടു തരത്തിലുണ്ട്. ജ്യോത്സ്യന്മാരും വൈദികന്മാരും ശ്ലോകം ചൊല്ലി വിധിക്കുന്ന ദാനം, ജപം, ഹോമം എന്നിവ ചെയ്താൽ പാപമോചനം സാധിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവർ ഒരു വശത്ത്. ഈ വക പ്രതിവിധികൾ മൂഢവിശ്വാസമുള്ളവരെ ചൂഷണം ചെയ്യുന്നതിന് എഴുതി ഉണ്ടാക്കിയിട്ടുള്ള പ്രമാണങ്ങളാണെന്നും അതുകൊണ്ട് ജാതകഫലം വ്യത്യാസപ്പെടുത്താനുള്ള ശ്രമം വെറുതെയാണെന്നും വിശ്വസിക്കുന്നവർ മറ്റൊരു വശത്ത്. പ്രായശ്ചിത്ത വിധികളിൽ സ്വാർഥ ലാഭമുദ്ദേശിച്ചുള്ള കുതന്ത്രങ്ങൾ ധാരാളമുണ്ട്. അതുകൊണ്ട് അവയുടെ അടിസ്ഥാനപരമായ തത്വങ്ങളും അവയ്ക്കുള്ള യുക്തിഭാഗവും തീരെ വിസ്മരിക്കപ്പെട്ടു പോകുന്നു. എന്നാൽ ദുഷ്കർമഫലങ്ങളുടെ അധീനതയിൽ നിന്ന് വിമോചനത്തിനു യുക്തിയുക്തമായ മാർഗങ്ങൾ നാം ഉപേക്ഷിക്കുന്നതു ശരിയല്ല. 

വൈദിക വിധികൾ ബുദ്ധിപൂർവം പരിശോധിക്കുന്നതു നന്നായിരിക്കും. ഓരോ ദുഷ്കർമത്തിനും പരിഹാരമായ പ്രത്യേക ദേവഭജനം, വ്രതാനുഷ്ഠാനം, മന്ത്രോപാസന, ലോകസേവനം, സുഖത്യാഗം  മുതലായവയാണ് ഉത്തമ ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത്. ആ കൂട്ടത്തിൽ ചിലതിനു പകരമായി സ്വർണപ്രതിമാ ദാനം, ബ്രാഹ്മണഭോജനം മുതലായവയും പറഞ്ഞുകാണുന്നു. തപശ്ശക്തിയുള്ള കർമികൾ ഉണ്ടായിരുന്ന കാലത്ത് ഇതിനു ശരിയായ സ്ഥാനം ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഇന്നത്തെ സ്ഥിതിക്ക് അവരവർ തന്നെ ചെയ്യേണ്ടതായി വിധിച്ചിട്ടുള്ള സൂചനകളെ അനുസരിച്ച് പ്രവർത്തിക്കുന്നതാണ് ഉചിതമായിട്ടുള്ളത്. 

പ്രാരബ്ധത്തിലെ  ദോഷഭാഗങ്ങൾ ഇന്നതാണെന്നു ജാതകം പറയുന്നു. അവയെ ഏതു വിധത്തിലാണ് നേരിടേണ്ടത്? കർമദോഷങ്ങളെ പ്രധാനമായി രണ്ടായി തിരിക്കാം- ആദ്യത്തേത്  നമ്മുടെ ആത്മവികാസത്തിനും സുഖത്തിനും വിഘ്നങ്ങളായി വന്നിട്ടുള്ള ദൗർബല്യങ്ങളാണ്. നമ്മൾ പൂർവജന്മങ്ങളിൽ അന്യർക്കുണ്ടാക്കിയിട്ടുള്ള ഉപദ്രവങ്ങളുടെ ഫലമായി അവർ കടക്കാരെപ്പോലെ നമ്മുടെ സദ്ഗതിക്ക് പ്രതിബന്ധങ്ങളായി വന്നിട്ടുള്ളതാണ്. രണ്ടാമതായി, ഈ രണ്ടിനും ഉള്ള പരിഹാര മാർഗങ്ങളാണ് പ്രായശ്ചിത്ത വിധികളിലെ ആന്തര നിബന്ധനകൾ. ഇവ ഒന്നു കൂടി വ്യക്തമാക്കാം. ജാതകവശാൽ അധികം സന്താനങ്ങൾക്കു യോഗമുണ്ടെന്ന് കാണുന്നു എന്നു വിചാരിക്കുക. ദമ്പതികൾ ഇന്ദ്രിയ സുഖാസക്തിക്കു വശംവദരായി ജീവിക്കുന്ന പക്ഷം ആ യോഗം തികച്ചും ഫലിക്കുന്നതാണ്. അതുകൊണ്ട് സാമ്പത്തികമായും  കായികമായും പല ക്ലേശങ്ങളും അനുഭവിക്കേണ്ടി വരും. എന്നാൽ അതറിഞ്ഞിട്ട് ബ്രാഹ്മചര്യം കൊണ്ട് ആത്മനിയന്ത്രണം സാധിക്കുന്ന പക്ഷം കുടുംബക്ലേശം കുറയുന്നതിനോടൊപ്പം കാമചാപല്യത്തെ എതിർക്കുന്നതിൽ നിന്ന് ആത്മശക്തി വർധിപ്പിക്കുക കൂടി ചെയ്യും. അതുപോലെ ധനാപഹരണം കൊണ്ടുണ്ടായിട്ടുള്ള പാപം ദാനം കൊണ്ടു നീക്കാവുന്നതാണ്. കർമങ്ങള്‍ കൊണ്ടുണ്ടായിട്ടുള്ള കടം ഇതു കൊണ്ടെങ്ങിനെ വീടും എന്നൊരു ചോദ്യം ഉണ്ടാകും. സ്വന്തം മക്കളില്ലാത്തവർ അന്യന്മാരുടെ കുട്ടികളെ സ്വപുത്രന്മാരെപ്പോലെ സ്നേഹിച്ചു വളർത്താറുണ്ട്. ഒരു അനാഥ മന്ദിരത്തിന്റെ രക്ഷാകർത്താവായ ഒരാൾക്ക് അനവധി കുട്ടികളോടുള്ള കർമബന്ധം തീർക്കാൻ സാധ്യമാണ്. ആശ്രമാധിപതിയായ ഒരു സന്യാസിയുടെയും നില ഇതുതന്നെയല്ലേ? 

ഇങ്ങനെ കർമകടങ്ങൾ നേരിട്ടുള്ള ബന്ധം കൊണ്ടു തന്നെ തീർക്കണമെന്നില്ല. സമുചിതമായ സൽക്കർമങ്ങൾ ഈശ്വരാർപ്പണമായി ചെയ്യുന്നതു കൊണ്ട് ഏതു തരത്തിലുള്ള ദുഷ്കർമത്തിനും പരിഹാരമുണ്ടാക്കാവുന്നതാണ്. 

  ‘‘പ്രായോ നാമ തപഃ പ്രോക്തം 

ചിത്തം നിശ്ചയ മുച്യതേ 

തപോ നിശ്ചയ സംയോഗാത് 

പ്രായശ്ചിത്തമീതിര്യതേ’’  എന്ന നിർവചനം ഇവിടെ പ്രസക്തമാകുന്നു. 

ലേഖകന്റെ വിലാസം

ജ്യോത്സ്യൻ ഒ.കെ. പ്രമോദ് പണിക്കർ

പെരിങ്ങോട്

കുറ്റനാട് വഴി, പാലക്കാട് ജില്ല.‌ 

Ph: 9846 309646, 8547019646 

Whats app:  9846 309646 

Email pramodpanickerpgd87@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.