Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല കുഞ്ഞുങ്ങളുണ്ടാവാൻ എന്തൊക്കെ ശ്രദ്ധിക്കണം

foetus

വിവാഹിതരാകുന്ന സാധാരണ എല്ലാവരുടെയും സ്വപ്നമാവും നല്ല കുട്ടികൾ ഉണ്ടാകുക എന്നത്.‌ കുട്ടികൾ നല്ലവരായി ജനിക്കണമെങ്കിൽ അതിനു വേണ്ട കാര്യങ്ങളും ദമ്പതിമാർ‌ അറിഞ്ഞിരിക്കണം. വർത്തമാനകാലം ഉണ്ട്‌ എന്നതു തർക്കമറ്റ സംഗതിയാണ്. അപ്പോൾ ഭൂതകാലവും ഉണ്ടായിരുന്നു എന്നും ഭാവികാലം ഉണ്ടാകും എന്നും കൂടി ഇതിൽ നിന്നു സമ്മതിക്കേണ്ടതുണ്ട്. പൂർ‌വ ഗുരുക്കന്മാർ എല്ലാം ആത്മാക്കൾക്കും ഭൂതകാല ജന്മമുണ്ടെന്നും ഭാവി ഉണ്ടാവുമെന്നും മനസ്സിലാക്കി. വിശേഷബുദ്ധിയുളള മനുഷ്യനു സ്വഹിതമനുസരിച്ചു നല്ല ജന്മങ്ങൾ നല്കി അതു വേണ്ടുംവണ്ണം പരിപോഷിപ്പിച്ചു ഭാവി ജന്മത്തിലേക്കു കടത്തിവിടുന്നതിനു വേണ്ട മാർഗങ്ങൾ ഉപദേശിക്കുന്നതാണു ഷോ‍ഡശ സംസ്കാര ക്രിയകൾ. ഇതിൽ സുപ്രധാന കാര്യമാണു സന്താനോല്പാദനം.

നല്ല കുട്ടികളെ വാർത്തെടുക്കുന്നതിനു മുൻപ് ദമ്പതിമാർ‌ ഇതിനു തയാറെടുക്കേണ്ടതുണ്ട്. കൃഷി ചെയ്യുന്നതിനു മുൻപു സ്ഥലമൊരുക്കി വേണ്ട വിധത്തിൽ വിത്തുകൾ മുളപ്പിച്ചു നടുന്ന വിത്തിന് അനുരൂപമായ കാലാവസ്ഥ‌ നോക്കി നട്ടു പരിപാലിച്ചുപോന്നാൽ നല്ല ഫലം ലഭിക്കും. ഇതുപോലെ തന്നെ വിവാഹത്തിന്റെ ആദ്യകാലങ്ങൾക്കു ശേഷം കുറച്ചു മനോനിയന്ത്രണം ദമ്പതിമാർക്കു വര‌ുന്നതാണു സന്താ‌നോല്പാദനത്തിന് ഉത്തമം. ഇതിനു മുൻപ്‌ അവരവരുടെ മതാചാരമനുസരിച്ചുളള വ്രതാനുഷ്ഠാനങ്ങളും പ്രാർ‌ഥനയും പുണ്യസങ്കേതദർശനങ്ങളും അനിവാര്യമാണ്. അതുപോലെ അശോകാരിഷ്ടം – സുകുമാരഘൃതം എന്നിവ സേവിക്കണം. അപ്പോൾ സ്ഥലമൊരുക്കി വിത്തും സജ്ജമായി എന്നു കരുതുക. ഇനി നോക്കേണ്ടതു കാലാവസ്ഥ അനുകൂലമാണോ എന്നുളളതാണ്‌. വേനൽക്കാലത്തു നടേണ്ട വിത്തുകൾ വർഷക്കാലത്തു നട്ടാൽ ചീഞ്ഞു പോകാനിടയുണ്ട് അതുപോലെ തന്നെ സന്താനോല്പാദനക്കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.

കുജേന്ദുഹേതു പ്രതിമാസമാർത്തവം എന്നു തുടങ്ങിയുളള അനേകപ്രമാണങ്ങൾ അനുസരിച്ച് ഋതുസ്നാനാന്തരം 16 ദിവസം വരെ ഗർഭധാരണയോഗ്യമാണ്‌. ഇതിൽ വരുന്ന ഒറ്റ ദിവസങ്ങൾ സ്ത്രീസന്താനത്തെയും ഇരട്ട ദിവസങ്ങൾ പുരുഷ സന്താനത്തെയും ജനിപ്പിക്കും. ഇതിൽ 10, 16 ദിവസങ്ങളിലുളള ആൺകുട്ടികൾ പ്രഗല്ഭരായിത്തീരും. എന്നാൽ ഗർഭാധാന സമയത്ത് ആദിത്യ ചന്ദ്രന്മാർക്ക് ഏഴാമിടത്ത് പാപഗ്രഹങ്ങൾ‌ വന്നാൽ പ്രസവകാലം വരെ ദമ്പതിമാർക്കു കഷ്ടതയുണ്ട്‌. ഇവരുടെ രണ്ടിലോ പന്ത്രണ്ടിലോ കുജശനികൾ വന്നാൽ പിതാവിനും മാതാവിനും ആയുർ‌ഭംഗം വരാം‌‌. ആദിത്യചന്ദ്രന്മാരിൽ ഒ‌രാളോടൊത്ത് കുജശനികളിൽ ഒരാൾ നിന്ന് മറ്റേയാൾ ദൃഷ്ടി ചെയ്താലും മരണയോഗമാണ്. ഗർഭാധാന ലഗ്നത്തിനു ശുഭദൃഷ്ടിയില്ലാതെ പന്ത്രണ്ടിൽ പാപഗ്രഹം വന്നാൽ ഗർഭിണീമരണം ഫലം.

കുജശനികൾ ലഗ്നത്തിൽ വരുന്നതും ലഗ്നത്തിലെ ചന്ദ്രന് ഇവരുടെ ദൃഷ്ടി വരുന്നതും ഗർഭം അലസിപ്പോകുന്ന ലക്ഷണമാണ്. ലക്ഷണങ്ങൾ വിസ്തരിക്കുന്നതിലും നല്ലത് ഇതിനു തയാറെടുക്കുന്ന ദമ്പതിമാർ‌ തങ്ങളുടെ ഭാവിഗുണത്തിന് അവരവരുടെ നക്ഷത്രാദികൾ അനുസരിച്ചുളള ശുഭമുഹൂർത്തം തിരഞ്ഞെടുക്കട്ടെ. ഇക്കാലത്ത് അല്പ സന്താനങ്ങൾ മാത്രമുളള നമ്മുടെ നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ സുബുദ്ധികളും ലോകോപകാരതത്പരരും സർവോപരി ദീര്‍ഘായുസ്സുളളവരും ആയിത്തീർന്ന‌ാൽ മാത്രമേ സന്താന സൗഭാഗ്യമായിത്തീരുകയുളളൂ.

ലേഖകൻ

അനിൽകുമാർ ആനിക്കാട്

ഫോൺ: 7559088865

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.