Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുരിദാറും ക്ഷേത്രാചാരങ്ങളും

astro-temple Representative image

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് സ്ത്രീകൾ പ്രവേശിക്കുന്നതിനെക്കുറിച്ച് വിവാദങ്ങൾ നടന്ന് വരികയാണല്ലോ! വാസ്തവത്തിൽ വസ്ത്രങ്ങളിൽ എന്തെങ്കിലും കാര്യങ്ങളുണ്ടോ?  ഇതു മൂലം ക്ഷേത്രത്തിനും വ്യക്തികൾക്കും എന്തെങ്കിലും സംഭവിക്കുമോ?  ഇത്തരം കാര്യങ്ങളെക്കുറിച്ചു പലരും ആശങ്കയിലാണ്.  

ഒരാളുടെ യോഗ്യതയെ എങ്ങനെ കണക്കാക്കണമെന്നതിനെക്കുറിച്ച്  ഒരു ശ്ലോകത്തിൽ ഇങ്ങനെ പറയുന്നു: 

‘‘വസ്ത്രം വപുസ്സും വചനം 

വിദ്യാ വിനയമിങ്ങനെ 

വകാരമഞ്ചുമില്ലെങ്കിൽ 

നിസ്സാരർ ഭുവി പൂരുഷൻ’’ 

വസ്ത്രം, ശരീരം, വാക്ക്, അറിവ്, വിനയം എന്നീ അഞ്ചു കാര്യങ്ങളെക്കൊണ്ടാണ്  ഒരാൾ വിലയിരുത്തപ്പെടേണ്ടത് എന്നാണു പറയുന്നത്. ഇതിൽ‌ ആദ്യം പറഞ്ഞിരിക്കുന്നത് വസ്ത്രത്തെക്കുറിച്ചാണ്. ആലോചിച്ചു നോക്കിയാൽ വസ്ത്രം പ്രധാന ഘടകം തന്നെയാണ്. നമ്മൾ വിവിധ സ്ഥലങ്ങളിലേക്കു പോകുമ്പോഴും അതതു സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ചാകണം വസ്ത്രധാരണ രീതി. അതിനു സ്വീകരിക്കുന്ന കീഴവഴക്കങ്ങൾക്കും പ്രാധാന്യമുണ്ട്. അല്ലെങ്കിൽ സമൂഹം വ്യക്തികളെ മാനിക്കാതെ പോകുകയും വ്യക്തികൾക്കു വ്യക്തിത്വമില്ലാതെയാകുകയു മാണു ചെയ്യുന്നത്. 

ഉദാഹരണമായി പറഞ്ഞാൽ കേരള രീതിയനുസരിച്ച് ഹൈന്ദവാചാര പ്രകാരം വിവാഹം കഴിക്കുമ്പോള്‍ മുഹൂർത്തസമയത്ത് സ്ത്രീകൾ സാരിയും പുരുഷന്മാർ വെള്ളമുണ്ടും വെള്ള ഷർട്ടുമാണു പൊതുവേ ധരിക്കാറുള്ളത്. അല്ലാതെ സ്ത്രീകൾ വിവാഹസമയത്ത് ചുരിദാർ ധരിക്കുന്ന രീതിക്ക് ഇനിയും കാര്യമായ പ്രചാരമായിട്ടില്ല. പുരുഷന്മാർ വിവാഹസമയത്ത്, അതായത് താലികെട്ടുസമയത്തു പാന്റ്സ് ധരിക്കുന്ന രീതിയും ഹൈന്ദവവിവാഹങ്ങളിൽ ഇതുവരെ കാര്യമായ പ്രചാരത്തിലായിട്ടില്ല. ചുരിദാർ ധരിച്ചേ താലികെട്ടൂ എന്നു സ്ത്രീകളും പാന്റ്സ് ഇട്ടേ താലികെട്ടൂ എന്നു പുരുഷന്മാരും നിർബന്ധം പിടിക്കാറില്ല. അതായത്, ഇത്തരം സന്ദർഭങ്ങളിൽ നമ്മിൽ മിക്കവരും ആചാരം പാലിക്കാൻ തയാറാകുന്നുണ്ട്. 

അതുപോലെ, പൗരാണികമായ ക്ഷേത്രാചാരങ്ങളും മാറ്റിമറിക്കാതിരിക്കുന്നതല്ലേ നല്ലത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും ആചാര– അനു ഷ്ഠാനങ്ങൾ വ്യത്യസ്ത രീതിയിലാണ് നിലനിൽക്കുന്നത്. ഈ ആചാരാനുഷ്ഠാനങ്ങൾ തന്നെയാണ് ആ ക്ഷേത്രത്തിന്റെ മഹത്വവും.

“ആചാരഃ പരമോ ധർമഃ’’ എന്നാണു സനാതനതത്വം.  ആചാരമാണു പരമമായ  ധർമം എന്നർഥം. മറ്റ് ഉപാധികളൊന്നുമില്ലെങ്കിൽ കാലഘട്ടത്തിനനുസരിച്ച് ക്ഷേത്രത്തിൽ ശാസ്ത്രവിധിയനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരാം. അല്ലാതെ മാറ്റങ്ങൾ വരുത്തുമ്പോൾ അതു ധർമത്തിനു വിരുദ്ധമാകുകയും ഐശ്വര്യത്തിന് കുറവു വരുത്തുകയും ചെയ്യും. ക്ഷേത്ര കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പറയുന്ന പ്രമാണം ഇവിടെ സ്മരണീയമാണ്. 

‘‘ന ശാസ്ത്രദൃഷ്ട്യാ വിദുഷാ കദാചിദു– 

ല്ലംഘനീയാഃ കുലദേശധർമാഃ 

മൂലം ഹി തേഷാം ച്യുതവേദശാഖാ 

ഭൂയാദ് ഹി ധര്‍മസ്ഥിതിഭംഗദോഷഃ’’ 

ധർമത്തിനു ഭംഗം വരുന്നതിനാൽ വിദ്വാൻ ശാസ്ത്രത്തെക്കൊണ്ടും പരിഷ്കാരങ്ങളെക്കൊണ്ടും കുല–ദേശ ധർമങ്ങളെ ഒരിക്കലും ലംഘിക്കരുത്. രാമായണത്തിൽ,  രാവണഗൃഹത്തിൽ ഹനുമാൻ സീതയെ ആദ്യം കാണുമ്പോഴുണ്ടായ മാനസിക വികാരമാണ് ദേവനെ കാണുമ്പോൾ നമ്മൾക്കെല്ലാം ഉണ്ടാകേണ്ടത്-  

‘‘വിനയ ഭയ കുതുക ഭക്തി പ്രമോദാന്വിതം 

വീരൻ നമസ്കരിച്ചീടിനാനന്തികേ’’ 

                                   (സുന്ദരകാണ്ഡം) 

വിനയം, ഭയം, കൗതുകം, ഭക്തി, സന്തോഷം എന്നീ അഞ്ചു കാര്യങ്ങള്‍ ദേവനെ കാണുമ്പോൾ മാത്രമല്ല ഗുരുനാഥനെ കാണുമ്പോഴും ബഹുമാനിക്കേണ്ട വ്യക്തികളെ കാണുമ്പോഴും ഉണ്ടാക‌േണ്ടത് അത്യാവശ്യം തന്നെ. 

ലേഖകന്റെ വിലാസം-

A.S. REMESH PANICKER 

Kalarickel, Chittanjoor. P.O. 

Kunnamkulam, Thrissur-Dist. 

Resi:04885-220886, Mob: 9847966177 

Email: remeshpanicker17@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.