Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മംഗല്യദായിനി, മനമുരുകി വിളിച്ചാൽ വിവാഹം ഉറപ്പ്

thiruvairanikkulam-temple

ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 11 മുതൽ 22 വരെയാണ്. ശ്രീമഹാദേവനും പാർവതീദേവിയും വാണരുളുന്നതാണ് ഈ ക്ഷേത്രം. ഇവിടെ ഈ ദിവസം മാത്രം പാർവതീദേവിയുടെ നട തുറക്കുന്നതിൽ ഒരു ഐതിഹ്യമുണ്ട്. ആദ്യകാലങ്ങളിൽ ഈ അമ്പലനട ദിവസവും തുറക്കുമായിരുന്നു. ആ ദിവസം മഹാദേവനു വേണ്ട നിവേദ്യങ്ങൾ, തിടപ്പള്ളിയിൽ വച്ച്  പാര്‍വതീദേവി തന്നെയാണു തയാറാക്കിയിരുന്നത്. ഈ സമയത്തു തിടപ്പള്ളിയിലേക്ക് ആരും കടന്നുചെല്ലരുതെന്നു പാർവതിയുടെ അരുളപ്പാട് ഉണ്ടായിരുന്നു. എന്നാൽ ഒരു ദിവസം പാർവതി നിവേദ്യം തയാറാക്കവേ അകവൂർ മനയുടെ ഉരാൺ മക്കളിലൊരാൾ തിടപ്പള്ളിയിലെ രഹസ്യമറിയാൻ അവിടേക്ക് ഒളിഞ്ഞുനോക്കി. അപ്പോൾ അവിടെ സർവാഭരണ വിഭൂഷിതയായ പാർവതീദേവിയെ കണ്ടു. അദ്ദേഹം ഭക്തിലഹരിയിൽ ‘അമ്മേ ജഗദാംബികേ, പാര്‍വതീദേവീ, രക്ഷിക്കണേ’ എന്ന് അറിയാതെ വിളിച്ചു പോയി. എന്നാൽ തന്റെ വിലക്കു ലംഘിച്ചു തിടപ്പള്ളിയിലേക്ക് ഒളിഞ്ഞുനോക്കിയതിൽ‌ ക്ഷുഭിതയായ പാർവതീദേവി അവിടം വിട്ടുപോകാൻ തീരുമാനിച്ചു. അതറിഞ്ഞ് അദ്ദേഹം ചെയ്തുപോയ തെറ്റിനു പാർവതീദേവിയോടു ക്ഷമായാചനം നടത്തുകയും അവിടം വിട്ടുപോകരുതെന്നു കണ്ണീരോടെ അപേക്ഷിക്കുകയും ചെയ്തുവത്രേ. ആ ഭക്തന്റെ കരളലിയിപ്പിക്കുന്ന ഭക്തിയോടെയുള്ള ക്ഷമാപണത്തിലും അപേക്ഷയിലും മനസ്സലിവു തോന്നിയ പാർവതീദേവി ഇപ്രകാരം അരുൾ ചെയ്തുവത്രേ: ഭഗവാന്റെ തിരുനാൾ ദിവസമായ ധനു

മാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം സർവാഭരണ വിഭൂഷിതയായ എന്നെ വന്നു കാണുന്ന ഭക്തർക്കു ദർശനം നൽകി സർവ ഐശ്വര്യങ്ങളും നൽകിക്കൊള്ളാം എന്ന്. ഇതെ തുടർന്നാണു ധനുമാസത്തിലെ തിരുവാതിര മുതലുള്ള 12 ദിവസത്തിലെ നടതുറപ്പുത്സവം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. 

സ്ത്രീകളുടെ ശബരിമല എന്നും ദക്ഷിണ കൈലാസം എന്നുമൊക്കെ ഇവിടം അറിയപ്പെടുന്നു. മംഗല്യവരദായിനി ക്ഷേത്രമായ തിരുവൈരാ ണിക്കുളത്തു തളികനിവേദ്യമാണു പ്രധാന വഴിപാട്. സതീദേവിയും കുടികൊള്ളുന്ന ഏകക്ഷേത്രമായും ഇത് അറിയപ്പെടുന്നു. ഈ നടയിലാണു തളികനിവേദ്യത്തിനു പ്രാധാന്യം. പാർവതീദേവിയുടെ  തിരുനട, വര്‍ഷത്തിൽ 12 ദിവസമാണു തുറക്കുന്നതെങ്കിലും സതീദേവിയുടെ നട ദിവസവും തുറക്കും. സതീദേവി ദക്ഷയാഗത്തിലെ ഹോമകുണ്ഡത്തിൽ ചാടി  ആത്മഹത്യ ചെയ്തപ്പോൾ ചിതയിൽ സതീദേവിയുടെ ശരീരം പൊട്ടിത്തെറിച്ചുവത്രേ. ദേവിയുടെ ശരീരത്തിൽ നിന്നു ഭഗവാൻ അണിയിച്ച താലി തെറിച്ചു വീണത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു.

അർജുനനു പാശുപതാസ്ത്രം നൽകിയ ശേഷം കിരാതമൂർത്തിഭാവത്തിലുള്ള ക്ഷിപ്രപ്രസാദിയായ മഹാദേവനാണ് ഇവിടെയുള്ളത്. ഭദ്രകാളിയുടെയും മഹാവിഷ്ണുവിന്റെയും മഹാദേവന്റെയും സതീദേവിയുടെയും മഹാഗണപതിയുടെയും തിരുനടകൾ ദിവസവും തുറക്കുകയും പൂജാദികർമങ്ങൾ നടത്തുകയും ചെയ്തുവരുന്നു. നാനാദിക്കിൽ നിന്നും ലക്ഷക്കണക്കിനു സ്ത്രീകൾ ഈ ക്ഷേത്രത്തിലെത്താറുണ്ട്. 

മിഥുനം രാശിയിൽ പടിഞ്ഞാറ് ദർശനമായാണു ജഗദംബികയായ സതീദേവിയുടെ പ്രതിഷ്ഠ. തൊട്ടടുത്തു ഭക്തപ്രിയയായ ഭദ്രകാളിയുമുണ്ട്. നമസ്കാര മണ്ഡപത്തിനകത്തു മഹാദേവന് അഭിമുഖമായി വൃഷഭത്തെയും ശ്രീകോവിലിനു സമീപം കിഴക്ക്, ദർശനമായി ശ്രീമഹാഗണപ തിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. കന്നിരാശിയിൽ കിഴക്ക് ദർശനമായി കലിയുഗവരദനായ ധർമശാസ്താവും കുംഭം രാശിയിൽ കിഴക്കു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവും വാണരുളുന്നു. ഇവിടത്തെ നന്ദി പ്രതിഷ്ഠയ്ക്കു പ്രാധാന്യമുണ്ട്. ആരും തൊട്ട് അശുദ്ധമാക്കാൻ പാടില്ല എന്നതുകൊണ്ട് ഇവിടത്തെ മണ്ഡപം വൃത്തിയാക്കുന്നതു പോലും ശാന്തിക്കാരനോ മറ്റു ബ്രാഹ്മണശ്രേഷ്ഠരോ ആണെന്നതാണു കീഴ് വഴക്കം. പാർവതീദേവിയുടെ ദാരുവിഗ്രഹമായതിനാൽ ജലാഭിഷേകത്തിനു പകരം മഞ്ഞൾപ്പൊടി അഭിഷേകമാണു പതിവ്. ഇവിടെ നിത്യവും നിവേദ്യവും വഴിപാടുകളും പാർവതീദേവിക്കു നടത്തുന്നുണ്ട്.

കേരളത്തിലെ പ്രസിദ്ധമായ ഈ ക്ഷേത്രം ആലുവയ്ക്കും ശ്രീശങ്കരാചാര്യരുടെ ജന്മനാടായ കാലടിക്കും മധ്യേ പെരിയാറിന്റെ തീരത്ത് വെള്ളാപ്പിള്ളി തെക്കുംഭാഗം കരയില്‍ സ്ഥിതി ചെയ്യുന്നു. ശ്രീപാർവതീദേവിയുടെ നടതുറപ്പിനു പുറമേ പ്രധാന ആഘോഷങ്ങളിലൊന്നാണു കുംഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടു കൂടി നടത്തുന്ന ശ്രീമഹാദേവന്റെ എട്ടു ദിവസത്തെ ഉത്സവം. ഈ ദിവസങ്ങളിൽ വിശേഷപൂജകളുണ്ട്. ശിവരാത്രി ദിനത്തിൽ അഞ്ചു പൂജകളും നടത്തുന്നു. ജന്മാഷ്ടമിയിൽ മഹാവിഷ്ണുവിനു പ്രത്യേക പൂജകളും മേടം ഒന്നിനു വിഷുക്കണി ദർശനവും കന്നിയിലെ ആയില്യത്തിനു നാഗർക്ക് പ്രത്യേക പൂജകളും നവരാത്രി ആഘോഷങ്ങളും വിപുലമായി നടത്തുന്നു.

വഴിപാടുകളും പൂജകളും: 

നിത്യവും രാവിലെ 4.30 നു നട തുറക്കും. ഉച്ചപൂജ കഴിഞ്ഞ് 11നു നടയടയ്ക്കും. നടതുറപ്പുത്സവസമയത്തു നിത്യവും രാവിലെ 4.30 നു  നട തുറക്കുകയും ഉച്ചയ്ക്ക് 1.30 നു നട അടയ്ക്കുകയും ചെയ്യും. വൈകിട്ട് നാലിനു തുറന്നാൽ അത്താഴപൂജയ്ക്കു ശേഷം 8.30 നു നട അടയ്ക്കും.

ക്ഷേത്ര ഐതിഹ്യം:

പ്രശസ്ത നമ്പൂതിരി ഗൃഹങ്ങളിലൊന്നായ അകവൂർ മനയുടെ മൂലസ്ഥാനം തൃശൂരിലെ ഐരാണിക്കുളം ഗ്രാമത്തിലാണ്. ഒരിക്കൽ ഐരാണിക്കുളത്തെ രാജാവുമായി അകവൂർ കുടുംബത്തിനു ചില ഇഷ്ടക്കേടുകളുണ്ടായി. തുടർന്ന് ഗ്രാമത്തിൽ നിന്നു താമസം മാറാൻ നിർബന്ധിതരായി. മനയിലെ അംഗങ്ങൾ വെള്ളാപ്പള്ളി ഗ്രാമത്തിൽ സ്ഥിരതാമസം തുടങ്ങി. അകവൂർ മനയിലെ കാര‍ണവർ പതിവു ക്ഷേത്രദർശനം മുടങ്ങിയതു മൂലം വല്ലാതെ വിഷമത്തിലായിരുന്നു. ഒരു ദിവസം പുഴക്കടവിൽ കുളിക്കാൻ പോയ സ്ത്രീകൾ ആരോ ഉപേക്ഷിച്ചുപോയ ഒരു പിഞ്ചുകുഞ്ഞിനെ കാണാനിടയായി. ഇക്കാര്യമറിഞ്ഞ് അലിവു തോന്നിയ നമ്പൂതിരി കുഞ്ഞിനെ വളർത്താൻ തീരുമാനിക്കുകയും ചാത്തനെന്നു പേരിടുകയും ചെയ്തു. യഥാർഥത്തിൽ ഈശ്വരചൈതന്യമുള്ള പറയിപെറ്റ പന്തിരുകുലത്തിൽ പെട്ട കുഞ്ഞായിരുന്നു അത്. ചാത്തനു പല അദ്ഭുതസിദ്ധികളും ഉണ്ടായിരുന്നു. 

ഐരാണിക്കുളത്തു ചെന്നു തൊഴാനുള്ള പ്രയാസം കാരണം നമ്പൂതിരി അനുഭവിക്കുന്ന വിഷമം ചാത്തൻ മനസ്സിലാക്കി. പോംവഴിയായി മറ്റാർക്കും ഉപയോഗിക്കാൻ കഴിയാത്ത ഒരു കരിങ്കൽ തോണിയുണ്ടാക്കി. ചാത്തന്റെ നിർദേശപ്രകാരം നമ്പൂതിരി തോണിയിൽ കയറി. ഐരാണിക്കുളത്തപ്പനെ ദർശിക്കാൻ തീരുമാനിച്ചു. അത്തരത്തിൽ യാത്ര പതിവായെങ്കിലും കുറെക്കാലം കഴിഞ്ഞപ്പോൾ വാർധക്യത്തിന്റെ വിഷമത മൂലം യാത്ര വീണ്ടും തടസ്സപ്പെട്ടു. ഒരു ദിവസം മനമുരുകി പ്രാർഥിച്ച ശേഷം, നമ്പൂതിരി ഇങ്ങനെ പറഞ്ഞു. എന്റെ അപ്പാ, മഹാദേവാ, പ്രായാധിക്യവും ക്ഷീണവും കൊണ്ട് ഈയുള്ളവനു ദിവസേന ഇവിടെ വന്ന്  അങ്ങയെ ദർശിക്കാൻ കഴിയാതെ വന്നിരിക്കുന്നു. അവിടത്തെ ദർശിക്കാതെ ജലപാനം പോലും നടത്താറില്ല. ഞാൻ ഇനി എന്തു ചെയ്യും... ഇങ്ങനെ സങ്കടത്തോടെ അപേക്ഷിച്ച ശേഷം പതിവുപോലെ ഓലക്കുടയെടുത്തപ്പോൾ പതിവിലും ഭാരക്കൂടുതൽ തോന്നി ചാത്തനോടു വിവരം പറഞ്ഞെങ്കിലും, സാരമില്ലെന്നു പറഞ്ഞ് യാത്രയ്ക്കൊരുങ്ങി. 

മനയ്ക്കലെ കടവിലെത്താൻ അരനാഴിക ദൂരം ബാക്കിയുള്ളപ്പോൾ തിരുമേനിക്കു മൂത്രശങ്കയുണ്ടായി. ചാത്തൻ കരിങ്കൽ വഞ്ചി കരയ്ക്കടുപ്പിച്ചു മൂത്രശങ്ക തീർത്ത് ശൗചാദികൾ കഴിഞ്ഞ് കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിരുന്നു. വിവരം ചാത്തനോടു പറഞ്ഞെങ്കിലും എല്ലാറ്റിനും ആശ്വാസം ആകുമെന്നും വിഷമിക്കാനില്ലെന്നും പറഞ്ഞ് തിരുമേനിയെ ആശ്വസിപ്പിച്ചു. ചാത്തൻ മനക്കടവിൽ വഞ്ചിയടുപ്പിച്ച ശേഷം തിരുമേനിയെ ഇറക്കി. ചാത്തൻ കരിങ്കൽ തോണി ഒരു വിളിപ്പാട് അകലെ കമഴ്ത്തിയിടുകയും ചെയ്തു. തോണിയുടെ ആകൃതി ഒരു കല്ലിന് ഇന്നും കാണാം. ചാത്തൻകല്ലെന്ന പേരിലിത് അറിയപ്പെടുന്നു. 

ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥലം കാട്ടുപ്രദേശമായിരുന്നു. അവിടെ പുല്ല് അറുക്കുവാൻ സ്ത്രീകൾ ചെല്ലുമായിരുന്നു. ഒരു ദിവസം ഒരു പുലയസ്ത്രീ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു കല്ലിലുരച്ചു. ആ പാറക്കല്ലിൽ രക്തം പുരളുന്നതു കണ്ട് പുലയസ്ത്രീ ഭയന്നോടി. അവൾ ബുദ്ധിഭ്രമത്താൽ ഓടി നടന്നു. 32 കിലോമീറ്റർ കിഴക്കു ദൂരത്തുള്ള ഒരു പറമ്പിൽ ചെന്നു മുക്തയായി തീർന്നു. സ്ത്രീ ഓടിയ സ്ഥലമെല്ലാം ഉടമസ്ഥർ ക്ഷേത്രത്തിനു വിട്ടുകൊടുത്തു. സ്ത്രീ മുക്തയായ പറമ്പും ദാനമായി നൽകി. ക്ഷേത്രോത്സവകാലത്ത് ഈ പറമ്പിലേക്കാണ് ആദ്യമായി പറയെഴുന്നള്ളിപ്പു നടക്കുന്നത്, ഇവിടെ ദേവന് ഇറക്കിപൂജയും നടന്നുവരുന്നു. ഈ പറമ്പിലും ക്ഷേത്രങ്ങളിലും  ഒഴിച്ച് (ഊരാളന്മാരുടെ മനകളിൽ പോലും) ഇറക്കിപൂജ നടത്താറില്ല. ദേവന് ഈ പറമ്പിനോട് അത്ര താല്പര്യമാണുള്ളത്. പുലയസ്ത്രീക്കു പറ്റിയ സംഭവം ചാത്തൻ തിരുമേനിയെ ധരിപ്പിച്ചു. ആ ശില സാക്ഷാൽ ഐരാണികുളത്തപ്പൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതാണ്. ഐരാണിക്കുളത്തു നിന്നു തിരിഞ്ഞു വന്നതിനാൽ ഈ ക്ഷേത്രം തിരുവൈരാണിക്കുളം ക്ഷേത്രമെന്നു പേരു വന്നു. ഐരാണിക്കുളത്തപ്പനും തിരുവൈരാണിക്കുളത്തപ്പനും ഒന്നാണെന്നു തെളിഞ്ഞതിനാൽ തിരുമേനിയോട് ഇനി ഐരാണികുളത്തു പോകേണ്ട ആവശ്യമില്ലെന്നും മഹാദേവൻ തിരുമേനിക്കൊപ്പം പോന്നെന്നും പറഞ്ഞു. നമ്പൂതിരി സന്തോഷിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തു. കുടയിലേറിപ്പോന്ന മഹാദേവൻ തിരുമേനി മൂത്രശങ്കയ്ക്കു കുട വച്ചപ്പോൾ ഭൂമിക്കടിയിലൂടെ ക്ഷേത്രക്കിണറുള്ള സ്ഥലത്തെത്തുകയും അവിടെ നിന്നു ശ്രീകോവിൽ സ്ഥാനത്തു സ്വയംഭൂവായി ആവിർഭവിക്കുകയും ചെയ്തെന്നാണു കഥ.

1991ൽ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റ് വന്നതിനു ശേഷം അകവൂർ മനയുടെ മാനേജ്മെന്റിൽ നടന്നുവന്നിരുന്ന കേരളവർമ സംസ്കൃത അപ്പർ പ്രൈമറി സ്കൂളും അകവൂർ പ്രൈമറി സ്കൂളും ക്ഷേത്രത്തിന്റെ പേരിൽ വാങ്ങി. ഇപ്പോൾ ട്രസ്റ്റിന്റെ മേൽ‌നോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു. 1000 പേർക്കിരിക്കാവുന്ന കല്യാണമണ്ഡപം പണിതു. 

ക്ഷേത്രത്തിലെത്താനുള്ള വഴി:

1. ദേശീയപാതയിൽ ആലുവയ്ക്കു സമീപം ദേശത്തു നിന്നു ചൊവ്വര–കാലടി റോ‍ഡിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീമൂല നഗരത്തെത്തി വല്ലം റോഡിൽ കൂടി ഒന്നര കിലോമീറ്റർ മുന്നോട്ടു വന്നു വലതുഭാഗത്തുള്ള അകവൂർ – തിരുവൈരാണിക്കുളം റോഡിൽ കൂടി ഒന്നര കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. 

2. എംസി റോഡിൽ കാലടിയിൽ നിന്നു കാലടി–ചൊവ്വര റോഡിലൂടെ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് ശ്രീമൂലനഗരത്തു വന്ന് ഇടതുഭാഗത്തു പോക്കറ്റു റോഡിൽ കൂടി വല്ലം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ ഇടതുഭാഗത്തു വന്ന് തെക്കു ഭാഗത്തുള്ള അകവൂർ– തിരുവൈരാണിക്കുളം റോഡിൽ കൂടി ഒന്നര കിലോ മീറ്റർ കൂടി സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. 

3. ക്ഷേത്രത്തിലേക്ക് ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, എറണാകുളം കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പ്രത്യേക ബസ്‌  സർവീസ് ഉണ്ട്.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.