Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിടവാങ്ങ‌ിയവർക്കുള്ള സദ്യ

tribute

‘‘കർക്കടകത്തിൽ രണ്ടോണം

ഇല്ലം നിറയും വാവൂട്ടും’’ – എന്നൊരു ചൊല്ലുണ്ട്.

വറുതിയുടെ മാസത്തിലെ പൊന്നോണമാണു കർക്കടക വാവ്. വേർപിരിഞ്ഞുപോയ പിതാമഹന്മാരും മാതാപിതാക്കളും ഉറ്റ ബന്ധുക്കളും ജ്വലിക്കുന്ന ഓർമകളായി എത്തുന്നു.ബലിതർപ്പണം നടത്തിയും ഇഷ്ടഭോജ്യങ്ങൾ ഒരുക്കിയും പരേതാത്മാക്കളുടെ അനുഗ്രഹം തേടുകയാണു മനുഷ്യർ. കൊടിയ ദാരിദ്ര്യമാണ് – ‘‘കർക്കടകത്തിലെ കാക്കകൾ’’ – പാടിയതുപോലെ

‘‘ഒരു വറ്റീല്ലീമുറ്റത്തു, മാനുഷ്യർ–

ക്കരി കൊറ്റിനു കമ്മിയാണിപ്പൊഴും

ചേട്ട ബാധിച്ച ചേലിലായ് വീടുകൾ

നാട്ടിലെങ്ങും നനഞ്ഞൊരസ്വസ്ഥത’’

എങ്കിലും ആ കഷ്ടതകൾക്കിടയിലും അവയെല്ലാം മറന്നു പിതൃക്കളെ പ്രീതിപ്പെടുത്തുകയാണ്. ആ ഓർമകളിലും സ്നേഹത്തിലും ഭക്ഷണം ഒരു പ്രധാന ഘടകംതന്നെ. പണവും പ്രതാപവും മനുഷ്യരെ ഒരിക്കലും തൃപ്തിപ്പെടുത്തുകയില്ല. എന്നാൽ ഭക്ഷണത്തിന് ആരെയും തൃപ്തനാക്കുവാൻ കഴിയും. രുചികരമായ നല്ല ഭക്ഷണം വയറുനിറയെ കഴിക്കുമ്പോൾ ‘മതി’ എന്ന സംതൃപ്തിയുടെ ഭാവം ആരിലുമുണ്ടാകും. പിതൃപ്രീതിക്കായുള്ള ചടങ്ങുകളിലും ഭക്ഷണംതന്നെ മുഖ്യം.

അത്രിവംശത്തിലെ നിമിയെന്ന മഹർഷി അകാലത്തിൽ മരിച്ച ശ്രീമാൻ എന്ന തന്റെ പുത്രനുവേണ്ടി ബലികർമങ്ങൾ ചെയ്തതായി മഹാഭാരതം ‘അനുശാസന പർവ’ത്തിൽ പറയുന്നു. പുത്രവിയോഗത്താൽ ദുഃഖിതനായ നിമി ഏഴു ബ്രാഹ്മണരെ വിളിച്ച് ആഹാരം നൽകിയെന്നും ദർഭപ്പുല്ലുകൾ തെക്കോട്ടുവച്ച്, ഉപ്പു ചേർക്കാത്ത ചാമച്ചോറ് വിളമ്പി പിതൃക്കൾക്കു പിണ്ഡവും വച്ചത്രേ.

കർക്കടക വാവിന്റെ ഒരു പ്രധാന ചടങ്ങാണു ദാഹംവയ്പ്. ജാതി,മത ദേശ ഭേദമനുസരിച്ച് ഇതിനു വ്യത്യാസങ്ങളുണ്ട്. ശർക്കരയും തേങ്ങയും വിളയിച്ചെടുത്ത് അരിപ്പൊടിയിൽ തയാറാക്കുന്ന അടയാണ് ഇതിലെ പ്രധാന നിവേദ്യം.

വറപൊടിയും വറപൊടി പലഹാരങ്ങളുമാണു പിതൃക്കൾക്കു പ്രധാനമെന്നാണു വിശ്വാസം. ദാഹംവയ്പിന് എടുക്കുന്നത് ഓട്ടടയാണ്. (വറുത്തെടുത്ത അട). ലഹരിയുടെ പ്രതീകമായാണ് ഇളനീർ വയ്ക്കുന്നത്. കരിക്കിന്റെ മൂടു വെട്ടിയെടുത്ത് അതിൽ വറുത്തെടുത്ത അരിപ്പൊടിയും തേനും ചേർത്താൽ മധുവായി എന്നാണു സങ്കൽപം. എന്നാൽ ദേവപൂജയ്ക്കെടുക്കുക മുഖം ചെത്തിയ കരിക്കാണ്. അവിൽ, മലർ, ശർക്കര, നവധാന്യങ്ങൾ തുടങ്ങിയവയും ദാഹം വയ്പിനുണ്ടാകും. ചിലർ പുട്ടും കടലയും മുറുക്കാൻ എന്നിവയും പിതൃക്കൾക്കായി കാത്തുവയ്ക്കാറുണ്ട്.

വാവിൻനാളിലെ ഉച്ചയൂണ് വിഭവസമൃദ്ധമായിരിക്കും. രുചികരമായ മീൻകറികൾ, മാംസ വിഭവങ്ങൾ, ഇഷ്ടപ്പെട്ട അരിയുടെ ചോറ്, പലതരം കറികൾ, ചിലർക്ക് മദ്യം...... ഇങ്ങനെ എന്തൊക്കെയായിരുന്നുവോ അവരുടെ ഇഷ്ട ഭോജ്യങ്ങൾ. അതാണു പിതൃക്കളെ ഊട്ടാൻ ഒരുക്കുക. ഭക്ഷണം അങ്ങനെ ഓർമകൾ ഉണർത്തുകയാണ്.

ആണ്ടിൽ നാലു വാവുകളാണു പിതൃപ്രധാനം. കർക്കടക വാവ്, തുലാമാസത്തിലെ വാവ്, കുംഭമാസ ശിവരാത്രി, വൃശ്ചികത്തിലെ വാവ് എന്നിവയാണ് അവ. വേർപിരിഞ്ഞുപോയവർ വീണ്ടും ഓർമകളുടെ രഥമേറി വരികയാണ്.

‘‘നനഞ്ഞ കൈ കൊട്ടുന്ന

ശ്രാദ്ധമുറ്റത്തേക്ക്

പിതൃക്കളുടെ കണ്ണുമായ്’’

എത്തുന്ന ബലികാക്കകളെക്കുറിച്ച് കെ.ജി. ശങ്കരപ്പിള്ള എഴുതിയിട്ടുണ്ട്. (തിരസ്കാരം) – അതേ, ആ ബലിഭുക്കുകൾ പിതൃക്കളുടെ ഒാർ‌മകളുണർ‌ത്തുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.