Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസുകളിൽ നിന്നു മോചിപ്പിക്കാൻ‌ ജഡ്ജിയമ്മാവൻ പ്രതിഷ്ഠ

ചെറുവളളി ഭഗവതി ക്ഷേത്രം ചെറുവളളി ഭഗവതി ക്ഷേത്രം

അമൃതസ്വരൂപികൾക്കു വരപ്രസാദം ചൊരിയുന്ന ചെറുവളളിയമ്മയും സത്യത്തിനു സാക്ഷിയായ ജഡ്ജിയമ്മാവനും കേസുകളിൽ നിന്നും മോചിപ്പിക്കുന്നു. കോട്ടയം പൊൻകുന്നത്തു നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെയാണു ചെറുവളളി ഭഗവതി ക്ഷേത്രം. അവിടെ ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം –മണിമല റൂട്ടിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

അമൃതവരദായിനിയായ ചെറുവളളിയമ്മ കേരളക്കരയുടെ പ്രത്യക്ഷരൂപിണിയായ അമ്മ തന്നെയാണ്. ഭദ്രകാളി സ്വരൂപിയായ ശ്രീമൂകാംബികയായ അമ്മയുടെ ഉത്സവം ദൈവവിശ്വാസികളുടെ സംഗമ ഉത്സവം തന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ചെറുവളളിക്കാവുകളുടെ മൂലക്ഷേത്രദേവിയാണു പൊൻകുന്നം കാവിലമ്മ. ആയിരക്കണക്കിനു ഭക്തർ അമ്മയുടെ അനുഗ്രഹത്തിന്റെ അമൃതു നുകരാനായി എത്തിച്ചേരുന്നു. മീനമാസത്തിലെ പൂരത്തിന് ഏഴു ദിവസം മുൻപു കൊടിയേറി പൂരത്തിന്റെ പിറ്റേന്നാണ് ആറാട്ട്. മീനമാസ പൂരദിനത്തിലെ ഉത്സവ ബലിയിലും സമൂഹസദ്യയിലും പങ്കു കൊണ്ട് അമ്മയുടെ ആറാട്ട് ദര്‍ശിച്ചു പുണ്യം നേടുന്നത് ജീവിതത്തിലെ അപൂർവ ഭാഗ്യങ്ങളിലൊന്നായി ഭക്തർ കരുതുന്നു.  

ആയിരത്തിലേറെ വർഷത്തിന്റെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. ശ്രീശങ്കരാചാര്യരുടെ സിദ്ധി വൈഭവത്താൽ ദേവി ഗ്രാമത്തിൽ ഉദ്ഭവിച്ചതായി കണക്കാക്കുന്നു. 1960 ൽ സർക്കാര്‍ ക്ഷേത്രം ഏറ്റെടുത്തു. പുരാതന കാലത്ത് വളരെ സമ്പൽ സമൃദ്ധിയായി കഴിഞ്ഞിരുന്ന ഈ ക്ഷേത്രം ജീർണാവസ്ഥ നേരിട്ട ഘട്ടത്തിലാണു ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കിയത്. ഇപ്പോൾ നിത്യവും അഞ്ചു പൂജയുളള മഹാക്ഷേത്രമായി മാറി. ചെറുവളളിയമ്മയെ കൂടാതെ ദുർഗ, മഹാദേവൻ കുടുംബസമേതമുളള അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീ മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ശാസ്താവ്, ഗണപതി, വീരഭദ്രൻ, കൊടുകാളി, യക്ഷി, രക്ഷസ്സ്, സർപ്പങ്ങൾ എന്നീ ഉപദേവന്മാരുമുണ്ട്. കൂടാതെ ജഡ്ജിയമ്മാവന്‍ എന്ന ഉപദേവപ്രതിഷ്ഠയുമുണ്ട്. ദേവി ചെറിയ വളളിയിലിരുന്ന് ഊഞ്ഞാലാടുന്നതായി ദർശനം നൽകിയതിനാലാണു ചെറുവള്ളി ദേവി എന്ന പേരു വന്നതെന്നു പറയുന്നു. 

സത്യസാക്ഷിയായി ജ‍‍‍ഡ്ജിയമ്മാവൻ പ്രതിഷ്ഠ

∙ മറ്റൊരിടത്തും ദർശിക്കാനാവാത്ത പ്രതിഷ്ഠയാണു ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള  ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ. നിരപരാധികളായ ഭക്തരുടെ മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന സത്യത്തിനു സാക്ഷിയായ അദ്ഭുത വരദാനമേകുന്നതാണു ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ എന്നാണു വിശ്വാസം. ഏതു സങ്കീർണമായ പ്രശ്നങ്ങളിലും ഒത്തുതീർപ്പുണ്ടക്കുന്ന ജഡ്ജിയമ്മാവൻ അദ്ഭുതം തന്നെയാണ്. അതിനാല്‍ പ്രശ്നങ്ങളിലകപ്പെടുന്ന നാനാതുറയിലുളള ആൾക്കാരുടെയും എല്ലാവിധ ദുരിതങ്ങൾക്കും ജാതിമതഭേദമെന്യേ ഇവിടെ ദർശനം നടത്തി പ്രാർഥിച്ചു വഴിപാടു നടത്താറുണ്ട്. കേസുകളിൽ‌ അനുകൂല വിധിയുമുണ്ടാകുമെന്നാണ് അനുഭവം.  ജഡ്ജിയമ്മാവന്റെ പേരിലാണു ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. എല്ലാ നടകളും അത്താഴപൂജ കഴിഞ്ഞ് അടച്ച ശേഷമേ ജഡ്ജിയമ്മാവന്റെ നട തുറക്കൂ. രാത്രി എട്ടുമണിയോടെ നടതുറക്കും. 8.45 വരെ മാത്രം നടതുറന്നിരിക്കുകയും ചെയ്യും. അപ്പോഴാണ് തൊഴുത് അനുഗ്രഹം വാങ്ങേണ്ടത്. 

ശ്രീ കാർത്തിക തിരുനാൾ‌ വേണാട് ഭരിച്ചിരുന്ന കാലത്താണു ‍ജ‍‍‍ഡ്ജിയമ്മാവന്റെ ചരിത്രസംഭവം നടന്നത്. ചികിത്സാ വിധികളില്‍ പ്രഗല്‌ഭനായിരുന്ന കൊട്ടാരം വൈദ്യൻ ഗോവിന്ദൻ മേനോൻ ചെമ്പകരാമനോടു വേണാട് അരചനു പ്രത്യേക കമ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവരിലൊരാളായ ഗോവിന്ദപ്പിളളയെ ജഡ്ജിയായി നിയമിച്ചു. സത്യസന്ധമായും നീതിനിഷ്ഠയോടെയും കർത്തവ്യം നിറവേറ്റിയിരുന്നു.  

അന്നത്തെ കാലത്ത് അതതു സ്ഥലത്തു വച്ചാണു കേസുകൾ നടത്തിയിരുന്നത്. ആലപ്പുഴ ജില്ലയിലെ രാമപുരത്തു മഠമായിരുന്നു സ്വന്തം തറവാട്. നാട്ടിലെത്തുമ്പോൾ സ്വന്തം പഠിപ്പുരയിൽ വച്ചും കേസുകൾ കേട്ടിരുന്നു. ജഡ്ജി ഗോവിന്ദപ്പിളളയുടെ പ്രിയപ്പെട്ട അനന്തരവനായിരുന്നു പത്മനാഭപ്പിളള.  അമ്മാവന് അഹിതമായതൊന്നും അനന്തരവൻ‍‌ ചെയ്യില്ല. അത്രയധികം ഭക്തിയാദരവായിരുന്നു അമ്മാവനോട്. ഇതിനിടയിൽ പത്മനാഭപ്പിളള ഒരു പ്രേമത്തിലകപ്പെട്ടു. കുടുംബശാഖയിലെ തന്നെ ദേവകിയായിരുന്നു കാമുകി. ഇരുവീട്ടുകാരും തമ്മിൽ ശത്രുതയിലായിരുന്നു. സ്നേഹിച്ച പെണ്ണിനെ കൈവിടാൻ പത്മനാഭപ്പിളള തയാറല്ലായിരുന്നു. വീട്ടുകാരെ തമ്മിൽ യോജിപ്പിച്ചു വിവാഹം നടത്തണമെന്നു പത്മനാഭപിളള ആഗ്രഹിച്ചു. ഇതിനു പറ്റിയ ആൾ ജഡ്ജി ഗോവിന്ദപ്പിളളയാണെന്നു മനസ്സിൽ കണ്ടു. ജ‍ഡ്‍ജിയുടെ നേരെ നിന്നു സംസാരിക്കാൻ പത്മനാഭപ്പിളളയ്ക്കു ധൈര്യമില്ലായിരുന്നു. പകരം ജഡ്ജിയുടെ ഭാര്യയായ ജാനകിയമ്മയെയാണ് അതിനു കണ്ടെത്തിയത്. ഒടുവിലൊരു ദിവസം  വിവരങ്ങൾ അമ്മായിയെ ധരിപ്പിക്കാൻ പത്മനാഭപ്പിളള അവിടെ ചെന്നു. കേസുകൾ പഠിക്കുന്ന തിരക്കിലായിരുന്ന ഗോവിന്ദപ്പിള്ള. രാത്രി കുറെ ഇരുട്ടിയിരുന്ന സമയം. പുറത്തുവന്നപ്പോൾ അറപ്പുര വാതിലിലിരുന്ന് പത്മനാഭപ്പിളള തന്റെ പ്രണയത്തിലെ ധർമസങ്കടം ജഡ്ജിയുടെ ഭാര്യയായ ജാനകിയമ്മയോടു വിവരിച്ചു. അവരുടെ മനസ്സലിഞ്ഞു. അവനോട് അവർ‌ക്കു വല്ലാത്ത സഹതാപം തോന്നി. ആശ്വസിപ്പിക്കാനായി അവർ പത്മനാഭപ്പിളളയുടെ തലയിൽ അരുമയോടെ തലോടി. ഔദ്യോഗികമുറിയിൽ നിന്നു പുറത്തേക്കിറങ്ങിയ ഗോവിന്ദപ്പിളള ഈ രംഗം കണ്ടു കോപിഷ്ഠനായി. ഭാര്യയും അനന്തരവനും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നു മനസ്സിലുറപ്പിച്ചു. ജഡ്ജിയുടെ തീക്ഷ്ണനോട്ടം കണ്ട് ജാനകിയമ്മ ഭീതിയോടെ പുറകോട്ടു മാറി. ഭയം കൊണ്ട് അന ങ്ങാൻ പോലും സാധിക്കാത്ത പത്മനാഭപ്പിളള ഭയാശങ്കയാൽ സ്തംഭിച്ചു മരവിച്ചു നിന്നു.  വരും വരായ്കകളെക്കുറിച്ചു ചിന്തിക്കാതെ ജഡ്ജി അറപ്പുരഭിത്തിയിൽ തൂക്കിയിരുന്ന വാളൂരി പത്മനാഭപ്പിളളയുടെ നേർക്കു വീശി ആ ക്ഷണത്തിൽ പിളളയുടെ തലയും ഉടലും വേർപെട്ടു വീണു.  ഈ സമയം ആ ക്രൂരകൃത്യം കണ്ട് ജാനകിയമ്മ അലറി വിളിച്ചു. എല്ലാവരും ഓടിക്കൂടി. ജാനകിയമ്മ കരഞ്ഞു വിളിച്ചുകൊണ്ട് നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു. 

സത്യമറിഞ്ഞ് ജഡ്ജി അമ്പരന്നു പോയി.  ഹൃദയം പൊട്ടി കേണ സഹോദരി പാർവതി പിളളയെ സമാധാനിപ്പിക്കാൻ പോലും അദ്ദേഹത്തിനായില്ല. സത്യം മനസ്സിലാക്കാതെ ജീവിതത്തിലാദ്യമായി സംഭവിച്ച തെറ്റാണു ജഡ്ജി നടപ്പിലാക്കിയ ആദ്യ ശിക്ഷാവിധി. പിറ്റേ ദിവസം പത്മനാഭപിളളയുടെ കാമുകിയായ ദേവകിയെ കണ്ട് വിവരങ്ങളാരാഞ്ഞു. അവള്‍ എല്ലാം തുറന്നു സമ്മതിച്ചു. തന്റെ പ്രിയപ്പെട്ടവന്‍ കൊല്ലപ്പെട്ടു എന്ന വാർത്ത അവളെ തളർത്തി. അഴിച്ചിട്ട മുടിയുമായി പമ്പാനദിയിൽ ചാടി ദേവകി ജീവനുപേക്ഷിച്ചു. നീതിനിഷ്ഠനും സത്യസന്ധനുമായ ജ‍ഡ്ജി തന്റെ നിരപരാധിത്വം മഹാരാജാവിന്റെ മുമ്പിൽ അവതരിപ്പിച്ചു. തനിക്കുളള ശിക്ഷ വിധിക്കാൻ പറഞ്ഞു. അറിയാതെ ചെയ്ത തെറ്റല്ലേ അതിനു  ശിക്ഷയില്ല, നാം ക്ഷമിച്ചിരിക്കുന്നു എന്ന്‌ ആശ്വസിപ്പിച്ചു. ഇനി പ്രത്യേകമായി ശിക്ഷ വേണ്ട എന്നും പറഞ്ഞു. പാടില്ലെന്നു ജഡ്ജിയും പറഞ്ഞു. കൊലക്കുറ്റം ചെയ്ത എനിക്ക് ശിക്ഷ കിട്ടിയാലേ മതിയാകൂ എങ്കിൽ നിങ്ങൾ  സ്വയം ശിക്ഷ വിധിക്കാൻ രാജാവും പറഞ്ഞു. നീതി ശാസ്ത്രത്തിന്റെ കലവറയായ താങ്കൾക്ക് എന്തായാലും നടത്തിത്തരാമെന്ന് രാജാവും പറഞ്ഞു. എന്നെ മരിക്കും വരെ തൂക്കിലിടണമെന്നു ‍ജഡ്ജി പറ‍ഞ്ഞു.  അതിനു മുൻപു കാലുകൾ മുറിച്ചുമാറ്റണം. ജഡം മൂന്നു ദിവസം തൂക്കിലിട്ട ശേഷം സംസ്കരിച്ചാൽ മതി. എന്റെ ദേശമായ തലവടിയിലെ കിഴക്കേ അതിര്‍ത്തിയിലെ മുകളടി പുരയിടത്തിൽ വച്ച് ശിക്ഷ നടപ്പിലാക്കണം. 

ദുർമരണം നടന്ന ജഡ്ജിയുടെ ആത്മാവ് മോക്ഷം ലഭിക്കാതെ അലയുകയും അനർഥങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ദേവപ്രശ്നവിധി പ്രകാരം കുടുംബ ദേവതയായ ചെറുവളളിയമ്മയുടെ സന്നിധിയിൽ കുടിയിരുത്തി. അങ്ങനെയാണ് ഇപ്പോൾ ചെറുവളളിയിൽ കാണുന്ന ജഡ്ജിയമ്മാന്റെ പ്രതിഷ്ഠ ഉണ്ടായത് എന്നാണ് ഐതിഹ്യം. 

പ്രമുഖ വ്യക്തികൾ പലരും അന്നു മുതൽ ക്ഷേത്രത്തിലെത്തി തന്നോടു സത്യം പറയുന്ന വാദിയോ പ്രതിയോ ആരുമായിക്കൊളളട്ടെ സത്യന്മാരുടെ  വശത്താണെന്നു മനസ്സിലായാൽ  ജ‍ഡ്‍ജിയമ്മാവൻ സഹായിക്കും എന്നാണു വിശ്വാസം. ആദ്യം കരിക്കഭിഷേകവും പിന്നെ അട നിവേദ്യവും അതാണു പ്രധാന വഴിപാട്. ഈ അട ഭക്തർക്കു തന്നെ പ്രസാദമായി തിരികെ നൽകും. ഇതോടൊപ്പം തന്നെ അനന്തരവൻ പത്മനാഭപ്പിളളയെ തിരുവല്ല പനയന്നാർ കാവിലും പ്രതിഷ്ഠിച്ചു. 

ഫോൺ– 04828– 22033, 9947014560.

Your Rating: