Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണന്റെ കണിവിശേഷങ്ങൾ

മേടം ഒന്നിനു നമ്മൾ വിഷുദിനമായി ആചരിക്കുന്നു. വിഷമങ്ങൾക്കു വിട നൽകി വിഭവസമൃദ്ധമായ ഐശ്വര്യങ്ങളുമായി വിഷു വീടുകളിലെത്തുന്നു. ശാസ്ത്രീയമായി പ്രാധാന്യമുള്ള ശുഭദിനം കൂടിയാണു വിഷു. രാത്രിയും പകലും സമമായി വരുന്ന കാലത്തെ വിഷുവത് അല്ലെങ്കിൽ വിഷുവെന്നു പറയുന്നു. ദേവന്മാരുടെ പകൽ ആരംഭിക്കുന്നതു വിഷുദിനത്തിലാണെന്നും ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചത് ഈ ദിവസമാണെന്നും പറയുന്നു. അതായത് ദുഷ്ടനായ നരകാസുരനെ വധിക്കുന്നതിന് ഒരു സ്ത്രീക്കു മാത്രമേ കഴിയുകയുള്ളൂ. സത്യഭാമയാണു നരകാസുരനെ വധിച്ചത്. അങ്ങനെ സന്തോഷവാനായി കണ്ണീരിനു വിട നൽകുന്ന കണ്ണൻ സന്തോഷവാനായി കഴിയുന്ന ദിവസമാണു വിഷു. മറ്റൊരു ഐതിഹ്യമുണ്ട്‌‌. ശ്രീരാമൻ രാവണവധം കഴിഞ്ഞു സീതയെ വീണ്ടെടുത്ത ദിവസമാണത്രേ ഇത്.

സൂര്യൻ തലയ്ക്കു നേരെ കിഴക്കുദിക്കുന്നതിൽ‌ അസഹ്യത ഭാവിച്ച രാവണൻ‌ ജീവിച്ചിരുന്ന കാലം മുഴുവൻ ചരിഞ്ഞാണ് ഉദിച്ചത്. രാവണവധം കഴിഞ്ഞപ്പോള്‍ നേരെ കിഴക്കുദിക്കിൽ ഉദിക്കുന്ന ദിവസമാണത്രേ വിഷു. ഈ ദിവസം കണ്ണൻ പൂജിച്ച ശ്രീഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ കല്ലിനെപ്പോലും ഗുരുവായി സ്വീകരിച്ചു ശ്രീകൃഷ്ണ ഭഗവാൻ പൂജിച്ച വിഗ്രഹമാണു ശ്രീഗുരുവായൂരപ്പന്‍.. വയറ്റിൽ വളരുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നൊരു യാദവൻ‌ കുബുദ്ധിയാൽ മഹർഷിയോടു ചോദിച്ചു. അത് ഒരു ഇരുമ്പ് ഉലയ്ക്കയായിരിക്കുമെന്നും അതുകൊണ്ടു യാദവവംശം നശിക്കുമെന്നും അവർക്കു മോക്ഷപ്രാപ്തി ലഭിക്കുമെന്നും അരുളപ്പാട് ഉണ്ടായി. അങ്ങനെ കണ്ണനും മോക്ഷപ്രാപ്തി കിട്ടി. അങ്ങനെയുള്ള കണ്ണന്‍ പൂജിച്ച വിഗ്രഹമാണു ഗുരുവായൂരപ്പൻ.. ഈ ദിവസത്തിൽ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ ഉദയസൂര്യരശ്മികൾ പതിക്കുന്ന രീതിയിലാണു ക്ഷേത്രനിർ‌മാണം നടത്തിയിരിക്കുന്നത്. മാത്രവുമല്ല സാധാരണ സൂര്യോദയത്തോടു കൂടിയാണല്ലോ ഹംസസ്വരൂപികളായ നമ്മൾ നിത്യവൃത്തികൾ തുടങ്ങുന്നത്. വിഷുദിനത്തിൽ കണി കണ്ടുകഴിഞ്ഞാൽ നമ്മുടെ കർ‌മങ്ങളോരോന്നായി ആരംഭിച്ചുതുടങ്ങും. അക്കാരണത്താലാണു സൂര്യോദയത്തിനു പ്രസക്തിയില്ലെന്നു പറയുന്നത്. അതിനു കാരണം ശ്രീപരമേശ്വരൻ ദക്ഷയാഗത്തോടനുബന്ധിച്ചു സൂര്യനെ ശപിച്ചതായി പറയുന്നു. മഹാദേവനെ നിന്ദിച്ചു ദക്ഷന്റെ പക്ഷത്തിൽ നിന്നവരുടെ കൂട്ടത്തിൽ സൂര്യനും ഉൾപ്പെട്ടിരുന്നു. അതു മനസ്സിലാക്കിയ മഹാദേവൻ പുതുവർഷപ്പുലരിയിൽ നിന്നെ കണികാണാൻ‌ ഇടവരാതെ പോട്ടെയെന്നും അങ്ങനെ കാണുന്നവർ‌ക്കു ദുരിതങ്ങളുണ്ടാകട്ടെ എന്നും ആദിത്യനെ ശപിച്ചതായും ആ ശാപത്തിനു മോക്ഷമായി ഗുരുവായൂരപ്പനെ നമിക്കുന്നതായും ഐതിഹ്യം പറയുന്നു.

വിഷുക്കണിയും കണികാണലും

വിഷുപ്പുലരിയിൽ കണി കാണുന്നതിനായി തലേന്നു രാത്രി തന്നെ ഒരുക്കങ്ങൾ നടത്തണം. നല്ലൊരു ഓട്ടുരുളിയിൽ വെളുക്കെ തേച്ച് ആ ഉരുളിയിൽ ഉണക്കലരി, കണിക്കൊന്നപ്പൂവ്, വാൽക്കണ്ണാടി, കസവുവസ്ത്രങ്ങൾ, സ്വർ‌ണം, വെള്ളി നാണയങ്ങൾ, കണിവെള്ളരിക്ക, വെറ്റില, പാക്ക്, ഗ്രന്ഥങ്ങൾ, കൊന്നപ്പൂവ്‌ എന്നിവ വയ്ക്കുന്നു, കൊന്നമരത്തിന്റെ ചുവട്ടിൽ ലക്ഷ്മീസമേതനായി ഭഗവാൻ നിൽക്കുന്നു എന്നാണ്‌ ഐതിഹ്യം.

കത്തിച്ച നിലവിളക്ക് ഐശ്വര്യപ്രദമാണ്. അഷ്ടമംഗലവും താളിയോല ഗ്രന്ഥങ്ങളും, ഉഴുന്ന്, പയറ്, മുതിര, എള്ള്, നവര, നവധാന്യങ്ങൾ‌, കണ്മഷി, ചാന്ത് എന്നിവയും വയ്ക്കണം. നല്ലൊരു പീഠത്തിൽ മഞ്ഞപ്പട്ടു വിരിച്ചു കണ്ണന്റെ കമനീയവിഗ്രഹം, ആടയാഭരണങ്ങൾ, പൂമാലകൾ എന്നിവ ചാർത്തി അലങ്കരിച്ചുവയ്ക്കണം. ഒരു കിണ്ടിയിൽ വെള്ളവും ഒരു തട്ടത്തിൽ കുങ്കുമവും ചന്ദനവും ഭസ്മവും വയ്ക്കുക. ഇരുന്നു കണികാണാനായി പുൽപ്പായ് വിരിക്കുകയോ പീഠം വയ്ക്കുകയോ ചെയ്യാം. വിളക്കിൽ നെയ്യ് ഒഴിച്ച് അഞ്ചു ദിക്കിലേക്കായി അഞ്ചു തിരിയിട്ടു വയ്ക്കണം. കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള തിരികൾ തലേന്നു തന്നെ കത്തിച്ചു വയ്ക്കണം.

പുലർച്ചെ കണി ആദ്യം കാണേണ്ടതാര്?

നറുക്കിട്ടാണിതു തീരുമാനിക്കേണ്ടത്. ആ വ്യക്തിയായിരിക്കണം ആദ്യം കണി കാണേണ്ടത്. എഴുന്നേറ്റ പടി കണ്ണു തുറക്കാതെ നേരെ കണിയൊരുക്കി വച്ചിരിക്കുന്നിടത്ത്‌ എത്തി കണ്ണു തുറക്കണം. നിലവിളക്കിനു മുൻ‌പിൽ‌ മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയെയും മറ്റു സാധനങ്ങളുമെല്ലാം കണ്ണും മനസ്സും നിറയെ കണ്ടുതൊഴണം.. ഉള്ളിലാനന്ദമനുഭവിക്കണം.. എന്നിട്ടു മറ്റുള്ളവരെ വിളിച്ചുണർത്തി മേൽപറഞ്ഞ പ്രകാരം കണ്ണടച്ചുവന്നു കണി കാണിക്കണം.

വിഷുക്കൈനീട്ടം എങ്ങനെ നൽകും?

വിഷുക്കൈനീട്ടം കൊടുക്കുന്നയാൾ കണിക്കൊന്നയും നാണയവും കിണ്ടിയിലെ ജലവും കൂടി വലതുകയ്യിൽ‌ വച്ചുകൊടുക്കണം. മറ്റുള്ളവർക്ക് അനുഗ്രഹം നൽകുന്ന പുണ്യനിമിഷമാണിത്. കൊടുക്കുന്നവന്റെ കൈ ഉയർന്നും വാങ്ങുന്നവന്റെ കൈ താഴ്ന്നുമിരിക്കണം. വാങ്ങുന്നവർ ഉയരങ്ങളിലേക്കു പോകണമെന്നു ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു വേണം നൽകാൻ. നമിച്ചു വാങ്ങുക, നന്ദിപൂർ‌വം വാങ്ങുക. ധനം മഹാലക്ഷ്മിയാണ്‌. കരുണാമയനായ കണ്ണന്റെ കടാക്ഷമുണ്ടെങ്കിൽ മാത്രമേ ലക്ഷ്മിയായ ധനം നമ്മുടെ കൂടെ നിൽക്കുകയുള്ളൂ. ഈ പണം ധനം സൂക്ഷിക്കുന്ന പെട്ടിയിലിട്ട് പവിത്രമായി സൂക്ഷിക്കണം.

ഏതു ഭഗവാനെ പ്രാർ‌ഥിച്ചാൽ കടബാധ്യത ഒഴിവാകും?

നവഗ്രഹത്തെ പ്രാർ‌ഥിച്ച് എന്റെ കടബാധ്യത തീർക്കേണമേ എന്നു പ്രാർ‌ഥിക്കണം.

പ്രായം കുറഞ്ഞവർ കൂടിയവർ‌ക്കു കൈനീട്ടം നൽകാമോ?

പ്രഹ്ലാദൻ, ധ്രുവൻ, ശ്രീമുരുകൻ ഇവരെല്ലാം പ്രായമായവർക്ക് ഉപദേശം നൽകിയവരാണ്. അതുകൊണ്ട് പ്രായം പ്രശ്നമേയല്ല, ആർക്കും കൈനീട്ടം കൊടുക്കാം.

വിഷുനാളിൽ ജനനവും മരണവും നല്ലതാണോ?

അങ്ങനെയൊന്നില്ല. ജനിക്കുന്ന ദിവസത്തെ ഗ്രഹനില അടിസ്ഥാനമായാണു ജീവിതം മുന്നോട്ടു പോകുന്നത്. എന്നാൽ ഉത്തരായണകാലത്തു മരിക്കുന്നത് പുണ്യമാണ്. മരിക്കുന്ന ദിവസത്തെ നക്ഷത്രവും തിഥിയും അനുസരിച്ചാണു മരണാനന്തരം ആത്മാവിനു മോക്ഷപ്രാപ്തി കണക്കാക്കേണ്ടത്.

വിഷുസദ്യയൊരുക്കുമ്പോൾ കാക്കയ്ക്കു കൊടുക്കണോ?

കാക്കയ്ക്കു കൊടുക്കുന്നതു നല്ലതാണ്. കാക്കയ്ക്കെന്നല്ല, എല്ലാ പക്ഷിമൃഗാദികൾക്കും കൊടുക്കണം. പരിചയക്കാർക്കും നൽകണം. കാക്ക പിതൃക്കൾ‌ക്കു തുല്യമാണ്. ഗണപതിയായും കാണണം. ശനിയുടെ വാഹനമായും കാണണം. ബൈബിളിൽ കാക്ക അന്നത്തിനു മുട്ടിയ ഒരാൾക്കു മീൻ കൊണ്ടുവന്നു കൊടുത്തു ജീവൻ രക്ഷിച്ച കഥയുണ്ട്. കാക്ക പക്ഷിയായുള്ള നക്ഷത്രക്കാരുമുണ്ട്. സദ്യ കഴിഞ്ഞ ശേഷം മാത്രമേ തലേദിവസം കൊളുത്തിയ നിലവിളക്ക്‌ അണയ്ക്കാൻ‌ പാടുള്ളൂ.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: