Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംകുല മരണമന്ത്രം

ജ്യോതിഷം

എനിക്ക് ഒരു ശീലമുണ്ട്... ഒരു ദിവസം ഒരു പദ്യം വച്ച് ഞാൻ പഠിയ്ക്കും. ഒരു എ–4 സൈസ് പേപ്പര്‍ മടക്കി അതിന്റെ എല്ലാ ഭാഗത്തും ഓരോ കാര്യങ്ങള്‍ എഴുതി കൊണ്ടുനടന്ന് പഠിക്കുന്ന ശീലം എനിക്കുണ്ട്. ഒരു ദിവസവും ആ പദ്യം പഠിയ്ക്കാതെ ഞാൻ ഉറങ്ങാറില്ല. അതിൽ പദ്യവും ബൈബിളിലെയും ഖുർ ആനിലെയും വചനങ്ങളും ഒക്കപ്പെടും. അങ്ങനെ പഠിക്കുന്ന കാര്യങ്ങള്‍ ജീവിതത്തിൽ ഒരിക്കലും മറക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. സുഹൃത്തുക്കൾ ഒത്തു ചേരുമ്പോഴും ആഹാരം കഴിക്കുമ്പോഴും എല്ലാ സന്ദർഭത്തിലും ഞാൻ ഇത് പഠിച്ചുകൊണ്ടേയിരിക്കും. എന്റെ സുഹൃത്തുക്കൾക്കെല്ലാം ഈ വിവരം അറിയുകയും ചെയ്യാം.

വർഷങ്ങളായി എനിക്കുള്ള ചില സുഹൃത്തുക്കൾ ഉണ്ട്. അവരാണ് ഇപ്പോഴും എന്റെ സുഹൃദ്‌വലയം. എത്ര തിരക്കിനിടയിലും അവരുമായുള്ള സൗഹൃദബന്ധത്തിന് കോട്ടം വരാതെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഏറ്റവും പ്രാധാന്യമുള്ള രണ്ട് പേരാണ് പത്തനാപുരത്തെ മുൻ മനോരമ ലേഖകൻ സുനിൽകുമാർ, ഇപ്പോഴത്തെ മാതൃഭൂമി ലേഖകൻ ഗോപകുമാർ പട്ടാഴി എന്നിവർ... 

പത്തനാപുരത്തുനിന്നും ഏകദേശം 10 കിലോമീറ്റർ അകലെ പട്ടാഴിയിലാണ് ഇരുവരും താമസം. സൂര്യൻ അസ്തമിച്ച് അൽപം കഴിഞ്ഞാൽ പിന്നെ യാത്ര ബുദ്ധിമുട്ടിലാക്കുന്ന സ്ഥലം. ചിലപ്പോള്‍ ജോലിത്തിരക്കുകൊണ്ട് സുനിലും ഗോപനും താമസിച്ചാൽ ഇരുവരും ചേർന്ന് ഓട്ടോറിക്ഷ വിളിച്ച് പോകയാണ് പതിവ്. ഞാൻ കൊണ്ടുവിടാം എന്നു പറഞ്ഞാലും ദുരഭിമാനം കാരണമാകാം ഇരുവരും സമ്മതിക്കാറില്ല.. അങ്ങിനെ ഒരു ദിവസം രാത്രി 10 മണിയോടെ ജി.സി.എൻ ചാനലിൽ നിന്നും ബൈക്കിൽ ഞാൻ വരുമ്പോൾ പത്തനാപുരം ടൗണിൽ ഇരുവരും നിൽപ്പുണ്ട്. അന്ന് പത്തനാപുരത്തു നടന്ന രാഷ്ട്രീയ സമ്മേളനം അവസാനിച്ചപ്പോൾ ഒമ്പതു മണി ആയത്രെ.. വാർത്ത എഴുതി അയച്ചു കഴിഞ്ഞപ്പോള്‍ സമയം 10. രാഷ്ട്രീയക്കാർക്ക് അറിയണ്ടല്ലോ ഇവരുടെ ബുദ്ധിമുട്ട്. ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞെങ്കിലും ഇരുവരും അത് സമ്മതിച്ചില്ല. ഒടുവിൽ പെട്രോൾ അടിച്ചു തന്നോളൂ എന്ന് ഞാൻ പറഞ്ഞത് ഇവർ അർദ്ധമനസ്സോടെ സമ്മതിച്ചു. അങ്ങനെ എന്റെ ബൈക്കിൽ ഞങ്ങൾ മൂന്നുപേരും പട്ടാഴിയിലേക്ക് തിരിച്ചു.. വലിയ പോലീസ് ചെക്കിംഗ് ആ ഭാഗത്തേയ്ക്ക് ഇല്ലാത്തതിനാൽ ധൈര്യപൂർവ്വം മൂന്നുപേർ ഒരു ബൈക്കില്‍ യാത്ര ചെയ്തു.

വണ്ടി ഓടിക്കൊണ്ടിരുന്നു. പിന്നിൽ സൗഹൃദസംഭാഷണങ്ങളുമായി സുഹൃത്തുക്കളും.

പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു തുടങ്ങി. ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു. യാത്രക്കിടയിൽ ഫോണെടുക്കരുതെന്ന സുഹൃത്തുക്കളുടെ നിർദ്ദേശവും ശാസനയും കാരണം കാൾ സ്വീകരിക്കാതെ ഞാൻ ഫോൺ പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചു. എന്നാൽ എടുക്കൽ വയ്ക്കലുകൾക്കിടയിൽ എന്റെ പോക്കറ്റിൽ കിടന്ന കടലാസ്സുതുണ്ട് പറന്നുപോയി.

കഴിഞ്ഞ നാലഞ്ച് ദിവസം പഠിച്ച പദ്യങ്ങളും അന്ന് പഠിക്കേണ്ടിയിരുന്ന പദ്യവുമൊക്കെ അതിലുണ്ടായിരുന്നു. അത് അടുത്തദിവസം എഴുതി പഠിയ്ക്കാം എന്ന് മനസ്സിലുറപ്പിച്ച് ഞാൻ വീട്ടിലേയ്ക്ക് മടങ്ങി.

പിന്നീട് കുറച്ചു ദിവസത്തിനു ശേഷം ഒരു സ്ത്രീ എന്നെ കാണാൻ എത്തി. ഉറക്കം നഷ്ടപ്പെട്ടതിന്റെ കറുപ്പ് അവരുടെ കൺതടത്തിൽ കാണാമായിരുന്നു. അവർ പറഞ്ഞ കഥ ഇതാണ്. കുറച്ചു ദിവസം മുൻപ്, അവരുടെ വീട്ടിൽ ആരോ ‘കൂടോത്രം’ നിക്ഷേപിച്ചത്രെ. അതുമായി ആരുമറിയാതെ ദൂരെയുള്ള ഒരു ജോത്സ്യനെ സമീപിച്ചു. അതു വായിച്ചു നോക്കിയ ജോത്സ്യൻ ആകെ പരവശപ്പെട്ടത്രെ. ആ വീട്ടിൽ ഒരു മരണം നടക്കുന്നതിനു വേണ്ടി ആരോ കൊണ്ടിട്ട മന്ത്രമാണ്. ‘കൊടുംകുലമരണമന്ത്രം’ എന്നാണത്രെ ആ മന്ത്രസമൂഹത്തിന്റെ പേര്. അത് മാറ്റാൻ 75,000 രൂപ എങ്കിലും ഹോമത്തിനായി മുടക്കണം.

ഒടുവിൽ അവർ ആ തുക മുടക്കി മരണത്തിൽ നിന്നും രക്ഷപ്പെടാൻ തീരുമാനിച്ചു. അപ്പോഴാണ് എന്നേം കൂടി ഒന്നു കണ്ടേയ്ക്കാം എന്ന് ഓർത്തത്. ആ ‘കൂടോത്രം’ ഒന്നു കാണാൻ പറ്റുമോ എന്ന് ഞാൻ അവരോട് ആരാഞ്ഞു. ആ പാവം സ്ത്രീ എടുത്തു തന്ന കൂടോത്രം കണ്ട് ഞെട്ടിയത് ഞാനാണ്. ഞാൻ പദ്യം എഴുതി കൊണ്ടുനടന്ന് പഠിയ്ക്കുന്ന പേപ്പർ ആയിരുന്നു ആ കൂടോത്രം. അന്ന് പട്ടാഴിയിലേക്ക് പോകുമ്പോൾ പോക്കറ്റിൽ നിന്നും തെറിച്ചു വീണത്. കഷ്ടകാലത്തിന് ആ കടലാസ്സുതുണ്ട് പറന്നുവീണത് ഈ പാവം സ്ത്രീയുടെ മുറ്റത്തേക്ക്. കാലത്ത് അടിച്ചു വാരാൻ മുറ്റത്തിറങ്ങിയപ്പോൾ ദേ ഒരു കടലാസു കഷ്ണം. എടുത്തു വായിച്ചപ്പോഴോ അർത്ഥമറിയാത്ത കുറേ വാക്കുകൾ. കടുത്ത വിശ്വാസിയായ ആ സ്ത്രീ ഞെട്ടി. അവർ ജോത്സ്യന്റെ അടുത്തേക്ക് ഓടി. മനഃപൂർവ്വമാണോ വിവരദോഷമാണോ എന്നറിയില്ല ജ്യോതിഷത്തിലെ ചില പദ്യങ്ങൾ കണ്ടാണ് അദ്ദേഹം ‘കൊടുംകുല മരണമന്ത്രം’ എന്ന് പറഞ്ഞത്. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. 

ഞാൻ എന്റെ പോക്കറ്റില്‍ നിന്നും മറ്റൊരു പേപ്പർ പുറത്തെടുത്തു. ഈ കയ്യക്ഷരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. കൂടോത്രത്തിലും എന്റെ കയ്യിലുള്ള പേപ്പറിലും ഒരേ കയ്യക്ഷരം. നഷ്ടപ്പെടുന്ന ദിവസം ഞാൻ പഠിച്ചിരുന്ന പദ്യമടക്കം പുതിയ ചില ‘കൂടോത്ര’ങ്ങളും എന്റെ പേപ്പറിൽ. ഞാൻ അവരോട് സംഭവം വിശദീകരിച്ചു. ചിരിയാണോ.. കരച്ചിലാണോ... അവരുടെ മുഖഭാവം എനിക്ക് വായിച്ചെടുക്കാൻ പറ്റിയില്ല. ഇപ്പോഴും ഒരു സംശയം എന്റെ മനസ്സിൽ ബാക്കി നിൽക്കുന്നു. ആ ജോത്സ്യന് പദ്യത്തിന്റെ അർത്ഥം അറിയാത്തതാണോ? അതോ അയാൾ മനഃപൂർവ്വം ആ പാവം സ്ത്രീയെ പറ്റിക്കുകയായിരുന്നോ?

ഹരി പത്തനാപുരത്തിന്റെ വിശ്വാസം അതല്ലേ എല്ലാം എന്ന പുസ്തകത്തിൽ നിന്ന്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.