ADVERTISEMENT

വിദ്യാഭ്യാസ വിജയത്തിനും, മത്സരപരീക്ഷാവിജയത്തിനും മരതകം ധരിക്കാം. പഠന നിലവാരത്തിന്റെ അളവുകോൽ പ്രധാനമായും ബുധനെ ആശ്രയിച്ചാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. 2–4–5–9 എന്നീ ഭാവ രാശികളും ഈ വിഷയത്തിൽ പ്രധാനമാണ്. ബുധന്റെ സ്വന്തം രാശികൾ മിഥുനവും കന്നിയുമാണ്. അതിൽ കന്നി ബുധന്റെ ഉച്ചരാശിയും, മീനം ബുധന്റെ നീചരാശിയുമാണ്.

 

ശരീരത്തിന്റെ വാർത്താ വിനിമയ സംവിധാനത്തിന്റെയും ചർമ്മത്തിന്റെയും നിയന്ത്രണമാണ് ബുധന് ഉള്ളത്. ജാതകത്തിൽ ബുധന് ഭദ്ര മഹാ യോഗം, മൗഢ്യം വരാതെ ലഭിച്ചാൽ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള വ്യക്തിയാകും. ചന്ദ്രനും – ബുധനും ജാതകത്തിൽ അനുകൂലന്മാരായാൽ കാര്യഗ്രഹണശേഷിയും ഓർമ്മശക്തിയും വർധിക്കും. ബുധന്‍ 2–4 രാശികളിൽ നിന്നാൽ വിജ്ഞാന ശേഖരണ ശേഷി കൂടും.

 

ജാതകത്തിലെ ബുധന്റെ ദോഷവശങ്ങളെ പരിഹരിക്കാൻ ജ്യോതിഷ–രത്ന ശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന രത്നമാണ് മരതകം (Emerald). റെയിൽവേയുടെ പച്ച സിഗ്നലിന്റെ പച്ച നിറമാണ് ഗുണമേന്മ ഏറിയ മരതകത്തിന്റെ നിറം. എന്നാൽ അതിന്റെ വില വളരെ ഉയർന്നതാണ്. പഠന നിലവാരം കുറവുള്ള കുട്ടികൾക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പൊതുവില്‍ മരതകം ധരിക്കാം. ജാതകപ്രകാരം ആയില്യം, തൃക്കേട്ട, രേവതി എന്നീ ബുധന്റെ നക്ഷത്രക്കാർക്കും സംഖ്യാശാസ്ത്ര പ്രകാരം (Numerology) 5 എന്ന ഭാഗ്യസംഖ്യയിൽ വരുന്ന 5–14–23 എന്നീ കലണ്ടർ തീയതികളിൽ ഏത് മാസത്തിൽ ജനിച്ചവരായാലും മരതകം ധരിക്കാം. 5–ാം മാസമായ മെയ് മാസത്തിലെ 5–14–23 ദിവസങ്ങളിൽ ജനിച്ചവർക്കും മരതകം ധരിക്കുന്നത് കൂടുതൽ ഗുണം കിട്ടും.

 

ജാതകത്തിൽ ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം ലഗ്നക്കാർക്ക് മരതകം ധരിക്കാം. കുംഭ ലഗ്നക്കാർക്ക് ബുധൻ അഷ്ടമാധിപൻ ആയതിൽ ജാതക പരിശോധന നടത്തി മാത്രം മരതകം ധരിക്കുക. പൊതുവിൽ മരതകം ദോഷം വരുത്തുന്ന ഒരു രത്നം അല്ല. മരതകം ധരിച്ചാൽ പഠന നിലവാരം ഉയരും. കാര്യഗ്രഹണശേഷി വർധിക്കും. അതി രക്തസമ്മർദ്ദം കുറയും. നാ‍ഡീ സംബന്ധമായ (ന്യൂറോ) രോഗങ്ങൾ ശമിക്കും. ഉണർവും ഉന്മേഷവും ലഭിക്കും. സ്നേഹം, ആർദ്രത, സൗമ്യത എന്നിവ വർധിക്കും. ദേഷ്യം, മുൻകോപം, എടുത്ത് ചാട്ടം എന്നിവ കുറയും. ശരിയായ സ്നേഹവും, പ്രേമവും തിരിച്ചറിയാൻ സാധിക്കും. ചർമ്മ സംബന്ധമായ രോഗങ്ങൾക്ക് ശമനം ലഭിക്കും. ചർമ്മ സൗന്ദര്യം വർധിക്കും. അംഗലാവണ്യം വർധിക്കും. ഓർമ്മശക്തി വർധിക്കും, ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്ന പ്രവണത കുറയും. ശാന്തമായ ഉറക്കം ലഭിക്കും. ബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവ പരിപാലിക്കപ്പെടും. വർത്തമാനകാല ജീവിതത്തിലെ ടെൻഷന്‍ കുറയും. നല്ല വിധത്തിൽ ആശയവിനിമയം നടത്താൻ ശേഷി ലഭിക്കും. മത്സരപരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കാൻ ഇടവരും. ജീവിതത്തോടുള്ള ജാതകന്റെ ആഭിമുഖ്യം വർധിക്കും എന്നിങ്ങനെ വിവിധങ്ങളായ വിശ്വാസങ്ങൾ മരതകവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. തൊഴിൽ ഉന്നതിയ്ക്കായി, പത്രപ്രവർത്തകർ, സിനിമ, ടെലിവിഷൻ, നവമാധ്യമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, അധ്യാപകർ, അഭിഭാഷകർ, വാർത്താവിതരണ സ്ഥാപനത്തിലെ തൊഴിലാളികൾ, സാഹിത്യരംഗം, പ്രസിദ്ധീകരണ രംഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും മരതക രത്നധാരണം ഗുണപ്രദമാണ് എന്ന് വിശ്വാസം.

ജാതകത്തിലെ ബുധന്റെ ശക്തി വർധിപ്പിക്കാൻ നവഗ്രഹ ധാന്യങ്ങളില്‍ പച്ച പയർ (ചെറുപയർ) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഇളംപച്ച കളര്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയും പരിഹാരമാണ്. മരതകം വലത്/ഇടത് കൈയിലെ ചെറുവിരൽ, നടുവിരൽ എന്നിവയിലും ലോക്കറ്റായും ധരിക്കാം. ബുധനാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക. ഏത് പ്രദേശത്താണോ താമസിക്കുന്നത് ആ പ്രദേശത്തെ സൂര്യോദയം കണക്കാക്കി ധരിക്കാനുള്ള സമയം നിശ്ചയിക്കണം. ബുധനാഴ്ച ദിവസം ബുധന്റെ കാലഹോരയില്‍ ധരിക്കുക. ആയില്യം, തൃക്കേട്ട, രേവതി എന്നീ ബുധന്റെ നക്ഷത്രങ്ങൾ വരുന്ന ദിവസവും ധരിക്കാവുന്നതാണ്. 2 കാരറ്റ് മുതൽ 3 കാരറ്റ് വരെയാണ് സാധാരണയായി മരതകം ധരിക്കുക. പതിവ് ജാതകത്തിൽ ബുധന് കാര്യമായ ബലക്കുറവ് ഉണ്ടെങ്കിൽ മരതകത്തിന്റെ ഭാരം 5 കാരറ്റ് വരെയാകാം. അതായത് 1 ഗ്രാം വരെ ധരിക്കാം. മരതകം വാങ്ങാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവർക്ക് മരതകത്തിന്റെ ഉപരത്നമായ പെരിഡോട്ട്, ജേയ്ഡ്, ഗ്രീൻ ഓനിക്സ് എന്നിവ ധരിക്കാം. സ്വർണ്ണം, വെള്ളി എന്നീ ലോഹങ്ങളിൽ രത്ന മോതിരം തയാറാക്കാം. അംഗീകൃത ലാബുകളിൽ നിന്നും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ള മരതക രത്നം ധരിക്കുന്നതാണ് ഉത്തമം. രത്നവ്യാപാരരംഗത്ത് വിശ്വസ്തത പുലർത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ഉത്തരവാദിത്വത്തോടെ രത്നം വാങ്ങുന്നതാണ് നല്ലത്. പച്ചരത്നം ധരിച്ചാൽ പച്ച പിടിക്കും എന്നാണ് വിശ്വാസം.

 

ബുധന്റെ ഈ സ്തോത്രത്തോടൊപ്പം മരതകം ധരിക്കാം.

 

പ്രിയംഗു കലികാശ്യാമം

രൂപേണ പ്രതിമംബുധം

സൗമ്യം സൗമ്യഗുണോപേതം

തം ബുധം പ്രണതോസ്മ്യഹം



ലേഖകൻ

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

മൊ: 8078908087, 9526480571

e-mail: jyothisgems@gmail.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com