sections
MORE

വജ്രം എല്ലാവർക്കും ധരിക്കാമോ? അറിയേണ്ടതെല്ലാം

HIGHLIGHTS
  • വിവാഹതടസ്സം മാറാനും ദാമ്പത്യസൗഖ്യത്തിനും വജ്രം ഉത്തമമാണ്
  • വജ്രധാരണത്തിന്റെ ഗുണവും ദോഷവും
Diamond
SHARE

മനം മയക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി വലിയ വിലയ്ക്കു വജ്രം വാങ്ങി പുലിവാൽ പിടിക്കുന്നതിനു മുൻപ് വജ്രത്തെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കുന്നതു നല്ലതാണ്. ചെറിയ കുട്ടികൾക്കു പോലും വജ്രം ഒരു അവശ്യവസ്തുവാണ് എന്ന രീതിയിലാണ് പ്രചാരണം. ഭാരതീയ ജ്യോതിഷ–രത്ന ശാസ്ത്രപ്രകാരം വജ്രം (ഡയമണ്ട്) എല്ലാവർക്കും തന്നിഷ്ടത്തിനു ധരിക്കാവുന്ന രത്നമല്ല. വജ്രം ധരിക്കും മുൻപ് അത് ജാതകപ്രകാരം അനുകൂലമാണോ എന്ന് ജ്യോതിഷ രത്ന ശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള ഒരു ജോത്സ്യനെകൊണ്ടു പരിശോധിപ്പിച്ച് ഉറപ്പാക്കണം.

വജ്രം ധരിക്കാൻ സാധിക്കുന്ന ലഗ്നരാശികളിൽ - അതായത് ജനനസമയത്ത് സൂര്യനു നേരെ ഉദിച്ച രാശികളിൽ-  നിങ്ങൾ ജനിച്ചത് ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം എന്നിവയിലൊന്നിലാണെങ്കിൽ നിങ്ങൾക്ക് 3 കാരറ്റ് വരെ വജ്രം ധരിക്കാം. 20 മില്ലിഗ്രാം മുതൽ 40 മില്ലിഗ്രാം വരെ (10 സെന്റ് മുതൽ 20 സെന്റ് വരെ) ആണ് സാധാരണ രീതി.

സാമ്പത്തിക സൗകര്യം ഉള്ളവർക്ക് എത്ര കാരറ്റ് വരെയും ആകാം. മോതിരം. ലോക്കറ്റ്, ബ്രേസ്‌ലറ്റ്, നെക്‌ലേസ്, കമ്മൽ, മൂക്കുത്തി എന്നീ രീതികളിൽ ധരിക്കാം. മോതിരവും ലോക്കറ്റുകളും ആണ് ഫലപ്രദം. മോതിരമാണ് ജ്യോതിഷപരമായി നല്ലത്.

ജാതക–ഗ്രഹനില തയാറാക്കാൻ ആവശ്യമായ ജനിച്ച സമയം, വർഷം, മാസം എന്നിവ അറിയാത്തവർക്ക് ജനനത്തീയതി അറിയാമെങ്കിൽ അവർക്ക് ന്യൂമറോളജി (സംഖ്യാശാസ്ത്രം) പ്രകാരം വജ്രം ധരിക്കാം. അതായത് ഏത് ഇംഗ്ലിഷ് മാസത്തില്‍ ആയാലും 6/15/24 തീയതികളിൽ ജനിച്ചവർക്ക് വജ്രം പൊതുവിൽ ധരിക്കാം. ഇവരുടെ ഭാഗ്യസംഖ്യ 6. സംഖ്യാധിപതി – ശുക്രൻ.

വജ്രത്തിന്റെ ഗുണഫലങ്ങൾ

വിവാഹം വേഗം നടക്കാൻ വജ്രം ധരിക്കാം. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനും ദാമ്പത്യത്തിന്റെ ഊഷ്മളതയും സൗഖ്യവും സംതൃപ്തിയും നിലനിർത്താനും വജ്രം സഹായിക്കും. ആഡംബരപൂർണമായ ജീവിതവും സമ്പത്തും ദാമ്പത്യസുഖവുമാണ് ഈ രത്നം നൽകുന്നത്.

രോഗശമനവുമായി ബന്ധപ്പെട്ടും ഹോർമോണ്‍ തകരാറുകൾ, ലൈംഗിക രോഗങ്ങൾ, ലൈംഗികവിരക്തി എന്നിവ മാറാനും ശരീരം പുഷ്ടിപ്രാപിക്കാനും സൗന്ദര്യം വർധിക്കാനും ഗർഭാശയരോഗങ്ങൾ മൂലം ഉള്ള സന്താന പ്രശ്നങ്ങൾ പരിഹരിക്കാനും വജ്രം ധരിക്കാം. ആഡംബരജീവിതം, കലാപ്രവർത്തന വിജയം എന്നിവയ്ക്കു സഹായകമാകും. ഫാഷൻരംഗത്തെ പ്രവർത്തനങ്ങൾ, ടെലിവിഷൻ–സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ, ബ്യൂട്ടീഷന്മാർ, ബ്യൂട്ടിപാർലർ നടത്തിപ്പുകാർ, വസ്ത്ര–ആഭരണ വ്യാപാരികൾ എന്നിവർക്കും ഗൈനക്കോളജി ഡോക്ടർമാർ, കോസ്മറ്റോളജി ഡോക്ടർമാർ എന്നിവർക്കും ജാതകപ്രകാരം അനുയോജ്യമാകുമെങ്കിൽ വജ്രം ധരിക്കുന്നത് തൊഴില്‍പരമായി നല്ല ഫലം നൽകും.

വജ്രത്തിന്റെ ദോഷഫലങ്ങൾ

ജാതകപ്രകാരം അനുകൂലമല്ലാത്തവർ വജ്രം ധരിച്ചാൽ ദാമ്പത്യജീവിത തകർച്ച, സൗന്ദര്യനാശം, വിരഹം, അലസത, മടി, മന്ദത, ശത്രുശല്യം, ശാരീരികമായ കയ്യേറ്റശ്രമങ്ങൾ തുടങ്ങിയവ അനുഭവിക്കേണ്ടിവരാം. വിദ്യാഭ്യാസകാലത്ത് ഒരു കാരണവശാലും ആൺകുട്ടികളും പെൺകുട്ടികളും വജ്രം ധരിക്കരുത്. വിദ്യാഭ്യാസത്തിൽ ശ്രദ്ധക്കുറവും മറ്റു വിഷയാസക്തികളും വന്ന് വിദ്യാഭ്യാസം കുഴപ്പത്തിലാകാൻ ഇടയാക്കും. ജാതകപ്രകാരം വജ്രം അനുകൂലമല്ലാത്തവർക്ക് അമേരിക്കൻ ഡയമണ്ട് എന്ന കൃത്രിമ വജ്രം ധരിക്കാം. ദോഷമില്ല. വിവാഹദിവസം വജ്രാഭരണം അണിയാന്‍ താൽപര്യമുള്ളവർ ജാതകപ്രകാരം വജ്രം അനുയോജ്യമാണെങ്കിൽ മാത്രം വാങ്ങുക.

വജ്രം എല്ലാവർക്കും ധരിക്കാൻ സാധിക്കും എന്ന വാദം അനുഭവത്തിന്റെ അടിസ്ഥാനത്തിലും ശാസ്ത്രീയടിസ്ഥാനത്തിലും ശരിയല്ല. പുതിയ തലമുറയിലെ ആൾക്കാർക്ക് ജനനവിവരങ്ങൾ ജാതി–മത വ്യത്യാസമില്ലാതെ ലഭ്യമാണ്. ജാതകവിവരങ്ങൾ പ്രകാരം ഗ്രഹനില തയാറാക്കി വജ്രം അനുയോജ്യമെങ്കില്‍ ധരിക്കുക. ശുക്രൻ മീനത്തിൽ നിൽക്കുന്നവർക്ക് വജ്രം അനുയോജ്യമാണെങ്കിൽ 10 സെന്റ് അളവില്‍ ഉള്ളതായാലും ഫലം നൽകും. കാരണം ശുക്രൻ ഇവിടെ ഉച്ചൻ ആണ്. എന്നാൽ കന്നിയിൽ ശുക്രൻ നീചത്തിൽ നിൽക്കുന്ന വ്യക്തിക്ക് രത്നം അനുകൂലമാണെങ്കിൽ 20 മുതൽ 50 സെന്റ് വരെയോ അതിന് മുകളിലോ ധരിക്കുന്നതാവും നല്ലത്. അസുര ഗുരുവായ ശുക്രന്റെ രത്നമാണ് വജ്രം. ലോകത്തിലെ പ്രകൃതിജന്യവസ്തുക്കളിൽ ഏറ്റവും കടുപ്പമേറിയതാണ് ശുദ്ധമായ കാർബൺ. വജ്രത്തിനു വിഷമില്ല. വജ്രം വയറ്റിൽ പോയാൽ അടിയന്തര വൈദ്യസഹായം തേടുക. പോളിഷ്ഡ് അല്ലാത്ത വജ്രം ആമാശയത്തിലും ചെറുകുടലിലും മുറിവുകൾ ഉണ്ടാക്കുകയും ഉള്ളിൽ രക്തം വാർന്ന് മരിക്കുകയും ചെയ്തേക്കാം. വജ്രാഭരണങ്ങൾ ചെറിയ കുട്ടികൾക്ക് കൈകാര്യം ചെയ്യാൻ കൊടുക്കരുത്. വജ്രം വാങ്ങും മുമ്പ് നന്നായി ചിന്തിക്കുക. ജ്യോതിഷ ഉപദേശം തേടുക. ഉത്തരവാദിത്തമുള്ള വ്യാപാരികളിൽനിന്നു വാങ്ങുക.

വജ്രത്തിന്റെ 4 സവിശേഷത

വജ്രത്തിന്റെ മൂല്യം കണക്കാക്കാൻ ഉപയോഗിക്കുന്ന 4സി കൾ ഏതൊക്കെ എന്ന് നോക്കാം.

കാരറ്റ് : വജ്രത്തിന്റെ ഭാരം (Carat weight)

ക്ലാരിറ്റി : സുതാര്യത, തെളിമ (Clarity)

കളർ : നിറത്തിന്റെ വിവിധ ഗ്രേഡുകൾ (Colour)

കട്ട് : കട്ടിങ് രീതികൾ (Cutting)

വജ്രത്തിന്റെ ഭാരം സൂചിപ്പിക്കുന്നതാണ് കാരറ്റ്. സ്വർണത്തെപ്പോലെ ഗുണമേന്മ (ശുദ്ധി) അല്ല.

100 സെന്റ് ആണ് ഒരു കാരറ്റ്. 5 കാരറ്റ് = ഒരു ഗ്രാം. 1 സെന്റ് = 2 മില്ലിഗ്രാം, 200 മില്ലി ഗ്രാം = 1 കാരറ്റ്, 5 സെന്റ് മുതൽ 10 സെന്റ് വരെയാണ് സാധാരണ ഉപയോഗിക്കുന്നത്. 5 കാരറ്റിന് മുകളിൽ ഉള്ള വജ്രങ്ങളും ലഭ്യമാണ്, വില കൂടും. ഒറ്റക്കല്ലിൽ കാരറ്റ് കൂടും തോറും വിലയും കൂടും. വജ്രത്തിന്റെ തെളിച്ചം/ സുതാര്യത ആണ് ക്ലാരിറ്റി കൊണ്ട് സൂചിപ്പിക്കുന്നത്. ഐ.എഫ് (IF- Internally flowless) ഉള്ളിൽ അടയാളങ്ങൾ ‘പൊട്ടൽ’ ചിന്നൽ ഇല്ല എന്ന് സാരം (2) V VS1, VS2- Very Very Slight included) വളരെ വളരെ ചെറിയ അടയാളങ്ങൾ S1 (Slight included) ചെറിയ അടയാളങ്ങൾ ഉണ്ട്, ഈ ഗ്രേഡ് വരെയാണ് ഗുണമേന്മയുള്ള ക്ലാരിറ്റി. വജ്രത്തിന്റെ ഉള്ളിലെ സൂക്ഷ്മമായ പാടുകളുടെ എണ്ണം കൂടുന്നതനുസരിച്ച് വില കുറഞ്ഞ് വരും.

പാടുകൾ തീരെ ഇല്ലാത്തവയാണ് ഐ.എഫ്. ഇത് കിട്ടാൻ പ്രയാസമാണ്. ആയതിനാൽ തന്നെ വിലയും കൂടും. വജ്രത്തിന്റെ മുഖപ്പിൽ പ്രകാശം പതിക്കുമ്പോൾ ഉണ്ടാകുന്ന നിറത്തിനെയാണ് കളറിലൂടെ സൂചിപ്പിക്കുന്നത്. (Colourless) ഏറ്റവും കൂടുതൽ വെളുത്ത പ്രകാശം തരുന്നതിന് വില കൂടും. D മുതൽ Z വരെയാണ് കളർ ഗ്രേഡിങ് സൂചിക. D,E എന്നിവ എക്സലന്റ് വൈറ്റ് കളറിൽപ്പെടുന്നു. HG എന്നിവ റെയർ വൈറ്റും H വൈറ്റും തുടർന്ന് മഞ്ഞ കലർന്ന വെള്ളയും ആണ്. മഞ്ഞ കൂടുന്നതിന് അനുസരിച്ച് വജ്രത്തിന് വിലയും കുറയും.

ഐഡിയൽ കട്ട് (ഹാർട്ട് ആൻഡ് ആരോസ്), വെരിഗുഡ് കട്ട്, ഗുഡ് കട്ട്, റൗണ്ട് ബ്രില്യന്റ് കട്ട്, ഏമറാൾഡ് കട്ട്, മാർക്വിസ് ബ്രില്യന്റ്, ഹാർട്ട് ബ്രില്യന്റ്, പിയർ ബ്രില്യന്റ്, ക്യൂഷൻ ബ്രില്യന്റ്, റേഡയന്റ് കട്ട്, ഓവൽ ബ്രില്യന്റ് പ്രിൻസസ്സ് കട്ട് എന്നിവയില്‍ വജ്രത്തിന്റെ കട്ടിങ് ആകൃതികൾ.

ഇതിൽ ഐഡിയൽ കട്ടാണ് ഏറ്റവും മികച്ചത്. ഏറ്റവും കൂടുതൽ പ്രകാശം പ്രതിഫലിപ്പിക്കുന്നത് ഇതാണ്. എക്സലന്റ് – എക്സലന്റ് – എക്സലന്റ് – എക്സ് (E-E-E-X) എന്ന പേരിലും ഐഡിയൽ കട്ട് അറിയപ്പെടുന്നു. ഇതിനാണ് ഏറ്റവും വലിയ വില കിട്ടുക. വജ്രത്തിന്റെ 4 സവിശേഷതകൾ മാറുന്നതനുസരിച്ച് വിലയും മാറും. വജ്രത്തോടൊപ്പം കിട്ടുന്ന സര്‍ട്ടിഫിക്കറ്റിൽ ഈ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. സർട്ടിഫിക്കറ്റില്ലാതെ വാങ്ങുന്നത് നല്ലതല്ല. ശരിയായ സർട്ടിഫിക്കറ്റുള്ള വജ്രങ്ങൾക്ക് മാത്രമേ പുനർവിൽപന മൂല്യം കിട്ടുകയുള്ളൂ. ജാതക പരിശോധന പ്രകാരം അനുയോജ്യമാണെങ്കിൽ മാത്രം വജ്രം ശരീരത്തിൽ ധരിക്കുക. വലത്/ഇടത് കൈയിലെ മോതിരവിരലിലോ നടുവിരലിലോ വജ്രം ധരിക്കാം. വെള്ളിയാഴ്ച രാവിലെ ഉദയം മുതൽ 1 മണിക്കൂറിനകം ശുക്രന്റെ കാലഹോരയിൽ വജ്രം ധരിക്കാം.

ശുക്രന്റെ നക്ഷത്രങ്ങൾ ആയ ഭരണി, പൂരം, പൂരാടം എന്നിവ വരുന്ന ദിവസം ശുക്രന്റെ കാലഹോര നോക്കി ധരിക്കുക. സംഖ്യാശാസ്ത്രപ്രകാരം ശുക്രന്റെ തീയതി ആയ 6–15–24 വരുന്ന ദിവസം ശുക്രന്റെ കാലഹോരയിൽ ധരിക്കുക. രത്നം വൃത്തിയായി, ആദരവോടെ ധരിക്കുക. അവരവരുടെ ആരാധന സമ്പ്രദായപ്രകാരം പൂജകൾ നടത്തി ധരിക്കാം.  വിശേഷിച്ചും വജ്രം.

ലേഖകൻ 

ആർ. സ‍ഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

മൊ: 8078908087, 9526480571, e-mail: jyothisgems@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GEMOLOGY
SHOW MORE
FROM ONMANORAMA