പവിഴത്തിനു (Red Coral) സംസ്കൃതത്തിൽ ഭൗമരത്നം, പ്രവാളകം, അംഗാരക മണി എന്നും ഹിന്ദിയിൽ മുംഗയെന്നും പറയപ്പെടുന്നു. നവരത്നങ്ങളിൽ ശീതളമായ പവിഴം ചൊവ്വയുടെ രത്നമായാണ് അറിയപ്പെടുന്നത്. നവരത്ന മോതിരത്തിൽ പവിഴം തെക്കു ഭാഗത്തായിട്ടാണ് വരുന്നത്.
ഇത് ധരിച്ചാൽ കുട്ടികൾ മിടുക്കരായി വളരും എന്ന് ധരിച്ചിരുന്നത് കൊണ്ടാകാം പല വലിയ കുടുംബങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളിൽ പവിഴം കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾക്കു വലിയ പ്രാധാന്യം കൊടുത്തിരുന്നത്. ബുദ്ധമതത്തിൽ പ്രതിപാദിച്ചിട്ടുള്ള ഏഴ് നിധികളിൽ ഒന്നായി പവിഴത്തെ പ്രതിപാദിക്കുന്നുണ്ട് എന്നതും ഈ രത്നത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
പവിഴത്തിന്റെ ശാസ്ത്രീയ വശം
സമുദ്രത്തിന്റെ അടിത്തട്ടിൽ ആയിസിസ് നോബഇൻസ് എന്ന ജീവി തനിക്കു താമസിക്കുന്നതിന് വേണ്ടി പാറയില്‍ ഉണ്ടാക്കുന്ന പുറ്റാണ് പവിഴപുറ്റ്. സമുദ്രത്തിലെ തേനീച്ചയാണ് ഈ ജീവി എന്ന് പറയാം. കാരണം തങ്ങളുടെ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന ഒരു തരം പശ കൊണ്ടാണ് ഇവ പുറ്റ് ഉണ്ടാക്കുന്നത്. ഈ വീടുകൾ ഇലയില്ലാത്ത ഒരു തരം വള്ളികൾ പോലെ പടർന്നു പന്തലിക്കുന്നു. ഇവക്കു സാധാരണ ഒരടി പൊക്കവും ഒരിഞ്ചു ഘനവും ഉണ്ടാകും. ഇതിൽ തേനീച്ച കൂട്ടിലെ അറകൾ പോലെ കാണുന്ന അറകളിലാണ് ഈ ജന്തുക്കൾ താമസിക്കുന്നത്. സമുദ്രത്തിനടിയിലുള്ള ഓരോ പാറയിലും ഇതുപോലെ അനേകം പവിഴപ്പുറ്റുകള്‍ ഉണ്ടാകും. ഈ പുറ്റുകളെ യന്ത്രസഹായത്തോടെ വിവിധ ആകൃതികളിൽ മുറിച്ചെടുത്തു ചെത്തി മിനുക്കിയാണ് പവിഴം രത്നമുണ്ടാക്കുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള കെമിക്കൽസ് കാൽസ്യം കാർബണേറ്റ് ആണ്. സമുദ്രത്തിന്റെ നിറഭേദമനുസരിച്ചു പല നിറത്തിലുള്ള പവിഴങ്ങൾ ലഭ്യമാണ്. എങ്കിലും കൂടുതലായി ലഭിക്കുന്നത് ചുവപ്പ്, കുങ്കുമചുവപ്പ്, കാവിചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളിലുള്ളവയാണ്. എല്ലാ സമുദ്രങ്ങളിലും ഇവ ലഭ്യമല്ല. മെഡിറ്ററേനിയൻ, ഇന്ത്യൻ സമുദ്രങ്ങളിലെ പവിഴങ്ങൾ നല്ല ആകൃതിയുള്ളവയാണ്. ചൈന, ഇൻഡോചൈന, ഫിലിപ്പീൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ തീരങ്ങളിൽ നിന്നു ലഭിക്കുന്നവയ്ക്ക് വീതി കുറവായിരിക്കും. ജപ്പാൻ തീരങ്ങളിൽ നിന്നു ലഭിക്കുന്നവ കൂടുതൽ മനോഹരങ്ങളാണ്. അവയ്ക്കു വീതി കൂടുതലും നല്ല ആകൃതിയുമായിരിക്കും.
ശുദ്ധപവിഴം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ താഴെ പറയുന്നു:
കൃത്രിമ പവിഴത്തിനു സാധാരണ ശുദ്ധ പവിഴത്തെക്കാൾ ഭാരം കൂടുതലായിരിക്കും. ശുദ്ധ പവിഴത്തെ തറയിൽ ഉരച്ചാൽ കണ്ണാടിയിൽ ഉരക്കുന്നത് പോലെയുള്ള ശബ്ദം പുറപ്പെടുവിക്കും. ശുദ്ധമായ പവിഴത്തെ പശുവിൻ പാലിലിട്ടാൽ ചുവന്ന നിറത്തിലുള്ള പാട പോലെ കാണും. കൃത്രിമ പവിഴമാണെങ്കിൽ യാതൊരു മാറ്റവും കാണാൻ കഴിയില്ല. ഇരുനിറമുള്ളവ, പൊട്ടലുള്ളവ, കുഴിയുള്ളവ, വെളുത്തതോ കറുത്തതോ ആയ പുള്ളികളുള്ളവ, പുഴു അരിച്ചതു പോലെയുള്ളവ, കീറലുള്ളവ, അവിടവിടെ ദ്വാരമുള്ളവ, അരക്കിന്റെ നിറമുള്ളവ തുടങ്ങിയവയൊക്കെ ദോഷയുക്തങ്ങളായ രത്നങ്ങളാണ്.
പവിഴത്തിന്റെ സ്വാധീനം
ചൊവ്വ ആഗ്നേയ ഗ്രഹമാണ്. അതിന് ആചാര്യൻ കൊടുത്തിട്ടുള്ളത് യമന്റെ ദിക്കായ തെക്കാണ്. കൂടാതെ നിറം ചുവപ്പും.
ഇനി കാരകത്വം ശ്രദ്ധിക്കാം. അഗ്നി കൊണ്ട് തേജസ്സ്, ധൈര്യം എന്നിവയും യമൻ വന്നതിനാൽ മരണവും, ചുവപ്പു വന്നതിനാൽ രക്തവും ചിന്തിക്കാവുന്നതാണ്. അതിനാൽ അഗ്നിയിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുവാനും അപകടങ്ങൾ വരുന്നത് മുൻകൂട്ടി കണ്ട് അതിൽ നിന്ന് ഒഴിവാകുവാനും ചുവന്ന പവിഴം ധരിച്ചാൽ കഴിയും.
വലാസുരൻ എന്ന അസുരന്റെ ശരീരഭാഗങ്ങളിൽ നിന്നാണ് രത്നങ്ങൾ ഉണ്ടായതെന്നാണ് പുരാണങ്ങള്‍ പറയുന്നത്. അസുര രാജാവിന്റെ ശരീരത്തിൽ നിന്ന് അടർന്നു വീണ മാംസങ്ങൾ ആണ് ചുവന്ന പവിഴങ്ങളായി മാറിയത്. മനുഷ്യന്റെ സൗന്ദര്യവും ആരോഗ്യവും ശരീര പ്രകൃതിയിലാണ് കൂടുതലായും ദൃശ്യമായിരിക്കുന്നത്. അതിനാൽ സൗന്ദര്യ വർധനയ്ക്കും ശരീര ശോഭയ്ക്കും ആരോഗ്യത്തിനും പവിഴത്തിനും ചൊവ്വയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. കൂടാതെ ചൊവ്വയുമായി ബന്ധപ്പെട്ട രോഗങ്ങൾ – ചിക്കൻ പോക്സ്, പൊക്കൻ പനി തുടങ്ങിയ പനികൾ, ആർത്തവരോഗങ്ങൾ, ലൈംഗിക ശേഷിക്കുറവ്, രക്തം സംബന്ധമായവ, അപകടങ്ങളിൽ ഉണ്ടാവുന്ന മുറിവുകൾ, ചതവ്, നേത്രരോഗങ്ങൾ, തലയ്ക്ക് ഉണ്ടാവുന്ന ക്ഷതങ്ങൾ എന്നിവയ്ക്കും പവിഴം ധരിച്ചാൽ ശമനമുണ്ടാകും. ആലസ്യം മാറി ഉന്മേഷവും ധൈര്യവും വരും. ചുഴലി, ഹൃദ്രോഗം തുടങ്ങിയവയെ നിയന്ത്രിക്കാനും തടയാനും ഈ രത്നം നല്ലതത്രേ.
പെൺകുട്ടികൾക്ക് വേഗം വിവാഹം നടക്കുവാനും ഏവർക്കും ചുറുചുറുക്ക്, ആരോഗ്യവർധന, ധൈര്യം, വീര്യം, ഉന്മേഷം എന്നിവയ്ക്കും പേടി മാറാനും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയിക്കാനും അപകടങ്ങളിൽ പെടാതിരിക്കാനും രക്തശുദ്ധി, അന്തസ്സ്, ആഭിജാത്യം, ദീർഘായുസ്സ്, കായിക വിനോദങ്ങൾ, സാഹസിക കാര്യങ്ങൾ, കുടുംബ സമാധാനം തുടങ്ങി പല കാര്യങ്ങൾക്കും പവിഴം ധരിക്കുന്നത് ഉത്തമമാണ്. വീട്ടിൽ പവിഴം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവിടെ ഭൂതപ്രേതാദികളുടെ ഉപദ്രവം ഉണ്ടാവുകയില്ലെന്നു പറയപ്പെടുന്നു.
വിവിധ ലഗ്നക്കാർക്കു പവിഴം
എല്ലാ ലഗ്നക്കാർക്കും അഥവാ രാശിയിൽ ജനിച്ചവർക്കും പവിഴം ഗുണം ചെയ്യില്ല. ജാതകത്തിൽ ചൊവ്വ അനുകൂലമാണെങ്കിൽ മാത്രം പവിഴം ധരിക്കുക. അല്ലെങ്കിൽ വിപരീത ഫലങ്ങളാവും ഉണ്ടാകുക. അതിനാൽ താഴെ പറയുന്ന ലഗ്നത്തിൽ ജനിച്ചവർ മാത്രം പവിഴം ധരിക്കുക.
മേടം – ചൊവ്വയുടെ സ്വന്തം രാശിയാണ് മേടം. അതിനാൽ പവിഴം ധരിച്ചാൽ ആരോഗ്യം, ദീർഘായുസ്സ്, സദ് വിചാരങ്ങൾ, ഭൗതിക സമ്പത്ത്, സൗന്ദര്യം, നല്ല പെരുമാറ്റം, സമാധാനം, ക്ഷമ, ചുറുചുറുക്ക്, നേതൃത്വം, അപകടങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ് മുതലായവ അനുഭവപ്പെടും.
കർക്കടകം – കർക്കടകത്തിന്റെ അധിപന്‍ ചന്ദ്രനും ചൊവ്വയും ബന്ധുക്കളായതിനാൽ ഇവർ പവിഴം ധരിക്കുന്നത് ഉത്തമമാണ്. സന്താനലബ്ധി, സന്താനഗുണം, മത്സര പരീക്ഷകളിൽ അഥവാ എൻട്രൻസ് പരീക്ഷകളിൽ വിജയം, സ്പോർട്സിൽ വിജയം, തൊഴിൽ ലഭ്യത, അന്തസ്സ്, ബുദ്ധിവികാസം, ഭാഗ്യോദയം, ഊഹക്കച്ചവടങ്ങളിൽ വിജയം തുടങ്ങിയവ ഫലമാകുന്നു.
ചിങ്ങം – ചിങ്ങത്തിന്റെ അധിപനായ രവിയും ചൊവ്വയും മിത്രങ്ങളാകുന്നു. അതിനാൽ പവിഴം ധരിച്ചാല്‍ ഉയർന്ന വിദ്യാഭ്യാസം, സ്പോർട്സിൽ വിജയം, എൻട്രൻസ് പരീക്ഷകളിൽ വിജയം, സാങ്കേതിക അഭിരുചി, ഭാഗ്യം, നല്ല വീട് സ്ഥലം എന്നിവ, വിദേശയാത്ര, തൊഴിൽ ഉയർച്ച, ചുറുചുറുക്ക്, ഭരണ നൈപുണ്യം, ത്മവിശ്വാസം എന്നിവ ഫലമാകുന്നു.
വൃശ്ചികം – വൃശ്ചികം രാശിയുടെ അധിപൻ ചൊവ്വയാകുന്നു. അതിനാൽ പവിഴം ധരിച്ചാൽ ദീർഘായുസ്സ്, ആരോഗ്യം, സദ്:വിചാരങ്ങൾ, ഭൗതിക സമ്പത്, സൗന്ദര്യം, നല്ല പെരുമാറ്റം, മന:സമാധാനം, ക്ഷമ, ചുറുചുറുക്ക്, നേതൃത്വ പാടവം, അപകടങ്ങൾ മുൻകൂട്ടി കാണാൻ കഴിയുക, ഗവേഷണ തത്പരത, ക്ഷമ, വശീകരണശക്തി എന്നിവ അനുഭവപ്പെടും.
ധനു – ധനുവിന്റെ അധിപനായ വ്യാഴവും ചൊവ്വയും മിത്രങ്ങളാണ്. അതിനാൽ ധനു രാശിയിൽ ജനിച്ചവർ പവിഴം ധരിച്ചാൽ സന്താനാനുകൂല്യം, ബുദ്ധിവികാസം, ശരീരബലം, ആരോഗ്യം, വിദേശയാത്ര, ഊഹക്കച്ചവടങ്ങളിൽ വിജയം എന്നിവ ഫലം.
മീനം – മീനത്തിന്റെ അധിപനായ വ്യാഴവും ചൊവ്വയും മിത്രങ്ങളാണ്. കൂടാതെ ഈ രാശിക്കാർക്ക് ചൊവ്വ ഭാഗ്യാധിപനുമാണ്. അതിനാൽ മീനം രാശിയിൽ ജനിച്ചവർ പവിഴം ധരിച്ചാൽ ഭാഗ്യവർധനവ്, നല്ല ഭാവനശക്തി, തൊഴിൽ ഉയർച്ച, ഊഹക്കച്ചവടങ്ങളിൽ വിജയം എന്നിവ ഫലം.
രത്നത്തിന്റെ തൂക്കം, ധരിക്കേണ്ട സമയം, ലോഹം, വിരൽ എന്നിവ
വ്യാഴത്തിന്റെ രത്നം മഞ്ഞ പുഷ്യരാഗം, രവിയുടെ രത്നമായ മാണിക്യം, ചന്ദ്രന്റെ രത്നങ്ങളായ മുത്ത്, ചന്ദ്രകാന്തം എന്നിവ പവിഴത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്നങ്ങൾ പ്രത്യേകിച്ചും വജ്രം, മരതകം, ഇന്ദ്രനീലം എന്നിവ പവിഴത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. പവിഴം മോതിരമായി വലത്തോ ഇടത്തോ കൈയിലെ മോതിര വിരലിൽ അഥവാ ലോക്കറ്റായോ ധരിക്കാം. ഓരോ രത്നങ്ങൾക്കും പ്രത്യേക ലോഹങ്ങൾ നിർദേശിച്ചിട്ടുണ്ട്. ചൊവ്വയുടെ ലോഹം വെള്ളിയാണ് എങ്കിലും സ്വർണത്തിലും ധരിക്കാം. ആദ്യമായി ധരിച്ചു തുടങ്ങുമ്പോൾ ചൊവ്വാഴ്ച രാവിലെ ചൊവ്വയുടെ കാലഹോരയിൽ (സൂര്യനുദിച്ചു ഒരു മണിക്കൂറിനകം) ധരിക്കുന്നതാണ് ഉത്തമം.
രത്നത്തിന്റെ തൂക്കം –
പവിഴത്തിനു തൂക്കം അഥവാ കാരറ്റ് കൂടുംതോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിർദേശ പ്രകാരം തൂക്കം നിജപ്പെടുത്തുക. ചിലർക്ക് ജാതകത്തിൽ ചൊവ്വയ്ക്ക് ആവശ്യത്തിന് ബലം ഉണ്ടെങ്കിൽ 3 കാരറ്റ് തൂക്കം മതിയാകും. ചൊവ്വയ്ക്ക് ബലം കുറയും തോറും കാരറ്റ് വർധിപ്പിക്കണം. കഴിയുന്നതും 2 കാരറ്റിന് താഴെയുള്ള രത്നം ധരിച്ചിട്ടു കാര്യമില്ല. ആർത്തവ സംബന്ധമായ അസുഖങ്ങളുള്ള സ്ത്രീകൾക്ക് വെള്ള പവിഴം ധരിക്കുന്നതു വളരെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
ഉപരത്നങ്ങൾ –
മറ്റു രത്നങ്ങളെ അപേക്ഷിച്ചു പൊതുവേ വില കുറഞ്ഞവയാണ് പവിഴം. അതുകൊണ്ടു തന്നെ ഇവയുടെ ഉപരത്നങ്ങൾക്കു വലിയ പ്രാധാന്യമില്ല. കോർണിലിയം, റെഡ് ജാസ്പർ, ആംബർ, ബ്ലഡ് സ്റ്റോൺ എന്നിവയാണ് പവിഴത്തിന്റെ ഉപരത്നങ്ങൾ. ഇവ നമ്മുടെ മാർക്കറ്റിൽ അത്ര സുലഭവുമല്ല.
ലേഖകന്റെ വിലാസം:
ശിവറാം ബാബുകുമാർ
പ്രശാന്തി, നെടുമ്പ്രം ലെയിൻ, പേരൂർക്കട, തിരുവനന്തപുരം – 695005.
ഫോൺ – 9847187116, 04712430207
Email - sivarambabukumar1955@gmail.com
English Summery : Benefits of Wearing Red Coral Gemstone