ADVERTISEMENT

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് ....,

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം....

ചന്ദ്രകാന്തം എന്ന സങ്കൽപം കവിമനസ്സിനെ തരളിതമാക്കിയിട്ടുണ്ട്. ആ ചന്ദ്രകാന്തത്തെ കുറിച്ച് നിരവധി അനുഭവങ്ങളും കഥകളും കേൾക്കാറുണ്ട്. ജ്യോതിഷത്തിലെ പ്രധാന ഗ്രഹമായി ചന്ദ്രനെ കണക്കാക്കുന്നു. മനുഷ്യന്റെയും ജീവികളുടെയും സസ്യങ്ങളുടെയും വളർച്ചയും വികാരവിചാരങ്ങളും നിയന്ത്രിക്കുന്നത് ചന്ദ്രപ്രഭയാണ്. 

ജ്യോതിഷ -രത്നശാസ്ത്രപ്രകാരം ചന്ദ്രന്റെ രത്നമായ മുത്തിന്റെ ഉപരത്നമാണ് ചന്ദ്രകാന്തം അഥവാ മൂൺസ്റ്റോൺ. പലപ്പോഴും മുത്തിനെക്കാൾ ജ്യോതിഷ - പ്രശ്ന പരിഹാരമേഖലയിൽ വലിയ ഗുണം നൽകുന്നതാണ് ചന്ദ്രകാന്തം. മുത്തിനെപ്പോലെ വലിയ തേയ്‌മാനം ചന്ദ്രകാന്തത്തിന് ഇല്ല. രാസപരമായി പൊട്ടാസ്യം അലുമിനിയം സിലിക്കേറ്റ്.

മങ്ങിയ സ്‌ഫടിക പശ്ചാത്തലത്തിൽ പ്രകാശവ്യതിയാനം അനുസരിച്ച് ചലിക്കുന്ന  രേഖയാണ് ചന്ദ്രകാന്തത്തിന്റെ പ്രധാന സവിശേഷത. ഇതിനെ 'ഷീൻ' പ്രതിഭാസം എന്ന് പറയുന്നു. ജ്യോതിഷ രത്നശാസ്ത്രരംഗത്ത്, ചന്ദ്രകാന്തം വലിയ തോതിൽ ഉപയോഗിച്ചു വരുന്നു. ചന്ദ്രന്റെ ജ്യോതിഷപ്രകാരം ഉള്ള ബലക്കുറവിന് പരിഹാരമായിട്ടും, ചന്ദ്രന്റെ ശക്തിയെ ശരീരം കൂടുതലായി ആകർഷിക്കാനും ചന്ദ്രകാന്തം ധരിച്ച് വരുന്നു.

moonstone
ചന്ദ്രകാന്തം . ചിത്രത്തിന് കടപ്പാട് : ആർ. സഞ്ജീവ്കുമാർ PGA

ജ്യോതിഷികളെയും മറ്റും  ഏറ്റവും കൂടുതൽ സന്ദർശിച്ച് കാര്യോപദേശം തേടുന്നവർ പലപ്പോഴും ജാതകത്തിൽ ചന്ദ്രന്റെ ബലം കുറഞ്ഞവരാണ്. ജാതകത്തിലെ ചന്ദ്രന്റെ  കുറയുന്ന ഘടകങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ചന്ദ്രന്റെ പക്ഷബലം കുറയുന്ന സമയം, പൗർണമി കഴിഞ്ഞുള്ള പഞ്ചമി മുതൽ അമാവാസി കഴിഞ്ഞുള്ള പഞ്ചമി വരെയാണ്. ഇത് സപ്തമി മുതൽ സപ്തമി വരെയാണ് എന്ന അഭിപ്രായക്കാരുമുണ്ട്. ഇനി മറ്റൊരു ദോഷം ചന്ദ്രന്റെ രാശിസന്ധിയാണ്. 

ചന്ദ്രന് രാശിസന്ധി വന്നാൽ ആ വ്യക്തി എടുക്കുന്ന തീരുമാനം 'ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക്പുറത്ത്' എന്ന മട്ടിലാകും. തുടർന്ന് ടെൻഷൻ, മാപ്പ് പറയൽ എന്നീ വിധം കാര്യങ്ങൾ വഴിമാറിപ്പോകും. ജാതകൻ ശരിയായ തീരുമാനം എടുക്കാനാകാതെ വിഷമിക്കുന്നത് കാണാം.

ലഗ്നത്തിന്റെ 6, 8, 12 രാശികളിൽ ചന്ദ്രൻ മറഞ്ഞാലും മാനസിക സംഘർഷത്തിന് ഇടയാക്കും. മോഷണസ്വഭാവം ഉണ്ടാകാനും സാധ്യത.

 അമാവാസി, അമാവാസിയുടെ തലേദിവസത്തെ ചതുർദശി, അമാവാസിയുടെ പിറ്റേദിവസത്തെ പ്രഥമ എന്നീ തിഥികൾ ജാതകത്തിൽ ചന്ദ്രന്  ബലക്കുറവുള്ളവരെ വല്ലാതെ വിഷമിപ്പിക്കുന്നത് കാണാം.  അതുപോലെ ജാതകത്തിൽ ചന്ദ്രൻ  നിൽക്കുന്ന നിൽക്കുന്ന  രാശിയുടെ 8 -ൽ  സഞ്ചരിക്കുന്ന ചന്ദ്രൻ (ഗോചര ചന്ദ്രൻ) വരുന്ന രണ്ടര  ദിവസവും ടെൻഷൻ കൂടും. ഈ ദിവസങ്ങളിൽ അനാവശ്യ, അസമയയാത്രകൾ ഒഴിവാക്കുക.

ജാതക ചന്ദ്രന്റെ 6-8-12 -ൽ ചന്ദ്രൻ വരുന്ന കാലത്താണ് പലപ്പോഴും അപകടം, അപമൃത്യു, മുങ്ങിമരണം എന്നിവ ഉണ്ടാകുന്നത്. 

മുങ്ങിമരണവുമായി ചന്ദ്രന്റെ ബലകുറവിന് ബന്ധം ഉണ്ട് എന്ന്  മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

അതുപോലെ ചന്ദ്രന്റെ നീചരാശിസ്ഥിതി വിശാഖം അവസാന പകുതി, അനിഴം, തൃക്കേട്ട ഈ നാളുകാരുടെ ചന്ദ്രന്റെ നീചസ്ഥിതി മൂലം ഇവരുടെ ബാല്യകാലം രോഗദുരിതം, മാതൃവിരഹം, വിയോഗം, ദുരിതം എന്നിവ കാണാറുണ്ട്. ആത്മഹത്യകളിലും ചന്ദ്രന്റെ പങ്ക് വലുതാണ്.

ചന്ദ്രഭഗവാൻ അത്ര സൗമ്യൻ ഒന്നും അല്ല എന്ന് ജ്യോതിഷപണ്ഡിതന്മാർക്കും, പഠിതാക്കൾക്കും അറിയാം. എങ്കിലും ചന്ദ്രനെ അവർ ശുഭഗ്രഹം എന്ന്  പറയും. ചന്ദ്രൻ ചെയ്യുന്ന കുഴപ്പത്തിനും ചീത്ത കേൾക്കുന്നത് ശനിയും രാഹുവുമാണ്. ജാതകത്തിലെ ചന്ദ്രസ്ഥിതിക്ക് ദോഷം കണ്ടാൽ പൊതുവിൽ മുത്തും, ചന്ദ്രകാന്തവും ധരിക്കാം എന്നതാണ് പൊതുവായ രീതി. എന്നാൽ മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം, മീനം ലഗ്നക്കാർക്ക് ജനന തീയതി 2-11-20-20 ആയി വരുന്നവർക്ക്, രോഹിണി, അത്തം, തിരുവോണക്കാർക്കും പൊതുവിൽ ചന്ദ്രകാന്തവും അല്ലെങ്കിൽ മുത്തും ധരിക്കാം.

കുട്ടികൾക്ക് ജാതകലഗ്നം ഏതായാലും 7 വയസ്സുവരെ മുത്തും ചന്ദ്രകാന്തവും ധരിക്കാം. ബാലാരിഷ്ടത മാറാനും അപമൃത്യുദോഷം ഒഴിയാനും മുത്ത് സഹായിക്കും എന്ന് വിശ്വസിച്ച്  പോരുന്നു. മാതൃഭാവമാണ് ചന്ദ്രന് ഉള്ളത്. ആയതിനാൽ ചന്ദ്രന്റെ രത്നം 6 -ആം മാസം മുതൽ കുഞ്ഞുങ്ങൾക്ക് ധരിക്കാം. വെള്ളിയിൽ ധരിക്കുന്നതാണ് ഉത്തമം.

മാനസിക രോഗങ്ങളുടെ പ്രാഥമികാവസ്ഥയിൽ ചന്ദ്രകാന്തം ധരിക്കുന്നത് ഉത്തമമാണ്. ഉറക്കമില്ലായ്‌മ  മാറിക്കിട്ടാനും ചന്ദ്രകാന്തം ധരിക്കാം.

ഗൃഹശണ്ഠ കുറയ്ക്കാനും, ടെൻഷൻ കുറയ്ക്കാനും അസാധാരണമായ കോപം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന്റെ ഉഷ്‌ണസ്ഥിതി കുറയ്ക്കാനും ചന്ദ്രകാന്തം ധരിക്കുന്നത് ഗുണപ്രദമാണ് എന്ന് വിശ്വസിച്ചു പോരുന്നു.  

വിവാഹപ്രായം അതിക്രമിച്ച പുരുഷന്മാരുടെ വിവാഹം നടക്കാനും വേഗത്തിൽ വിവാഹം നടക്കാനും, വിവാഹം കഴിഞ്ഞശേഷമുള്ള സംശയരോഗശാന്തിക്കും ചന്ദ്രകാന്തം ധരിക്കാവുന്നതാണ്.

ചന്ദ്രകാന്തം, വെള്ളിയിൽ മോതിരമായോ ലോക്കറ്റായോ തയ്യാറാക്കി ധരിക്കാം. തിങ്കളാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ചന്ദ്രന്റെ കാലഹോരയിൽ ചന്ദ്രകാന്തം ധരിക്കാം. (ചന്ദ്രഹോര =തിങ്കളാഴ്ച ഉദയം മുതൽ ഉള്ള ഒരു മണിക്കൂർ ) മോതിരമായി ധരിക്കുമ്പോൾ മോതിരവിരലിലും, ചൂണ്ടു വിരലിലും ധരിക്കാം.

ചന്ദ്രകാന്തത്തിന് ഒപ്പം, ഇന്ദ്രനീലം, മരതകം, വജ്രം, വൈഡൂര്യം, ഗോമേദകം എന്നീ രത്നങ്ങൾ ധരിക്കുന്നത് ദോഷകരമാണ്. വിലകുറവുള്ള രത്നമാണ് ചന്ദ്രകാന്തം. 3 മുതൽ 7 കാരറ്റ് വരെ ചന്ദ്രന്റെ ബലാബലം കണക്കാക്കി ധരിക്കാം. ചന്ദ്രകാന്തം ധരിച്ച് ചന്ദ്രകലാധരന്റെ അനുഗ്രഹം നേടാം.

 ലേഖകൻ

ആർ. സഞ്ജീവ്കുമാർ PGA

ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ .

തിരുവനന്തപുരം 695014

ഫോൺ : 8078908087, 9526480571

E-mail:jyothisgems@gmail.com

 

English Summary : Benefits of Moonstone in Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com