sections
MORE

നിങ്ങളുടെ ജീവരേഖ ഇങ്ങനെയോ? പ്രശസ്തി തേടി വരും!

jeeva-rekha
SHARE

ജീവരേഖ അഥവാ ആയുർരേഖ സൂചിപ്പിക്കുന്നത് ജീവിത ദൈർഘ്യമല്ല മറിച്ച് ജീവിതത്തിന്റെ മേന്മയും ശൈലിയും രീതിയുമൊക്കെയാണ്.  ജീവരേഖയുടെ ആകൃതിക്കനുസൃതമായി ഫലങ്ങൾ വ്യത്യസ്തമായിരിക്കും. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും.

01

ഗോവണിപ്പടി (staircase) പോലെയുള്ള ജീവ (ആയുർ)രേഖ 

ആത്മാർഥമായ സ്നേഹവും സൗഹൃദവും തേടി അലയുന്ന ഒരാളുടെ കൈയാണിത്. കണ്ടാൽ ഗോവണിപോലെ (staircase അഥവാ ladder)  തോന്നും. നല്ലൊരു കൂട്ടുകാരനെയോ കൂട്ടുകാരിയെയോ തേടിയുള്ള അലച്ചിലിൽ വേദനിപ്പിക്കുന്ന നിരവധി അനുഭവങ്ങൾ ഉണ്ടാകും. അനാവശ്യമായി ജീവിതത്തിലേക്ക് ഇടിച്ചു കയറുന്ന, യാതൊരു നയചാതുരിയുമില്ലാത്ത ചിലർ, അഭ്യുദയകാംക്ഷികളെന്ന പേരിൽ പ്രത്യക്ഷപ്പെട്ട് ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കും. അവരെ സൂക്ഷിക്കണം. അകറ്റി നിർത്തണം. നീലനിറത്തിലുള്ള വസ്ത്രങ്ങൾ, തൂവാല, നീല പെയിന്റടിച്ച ഓഫീസ് ക്യാബിനുകൾ, നീലനിറത്തിലുള്ള പശ്ചാത്തലമുള്ള മുറികൾ, ചിത്രങ്ങൾ എന്നിവ നിങ്ങൾക്ക് വളരെ വളരെ ഊർജ്ജദായകമായി അനുഭവപ്പെടും. ഇന്റർവ്യൂവിനും പെണ്ണുകാണലിനുമൊക്കെ  ഇത്തരം ജീവരേഖയുള്ളവർ നീല വസ്ത്രങ്ങളണിയുക.

02

തള്ളവിരലിനോട് വളരെ അടുത്തു കാണുന്ന ജീവ (ആയുർ)രേഖ 

തള്ളവിരലിനോട് ചേർന്ന് അതിനെ കെട്ടിപ്പിടിക്കുന്നതായി തോന്നുന്ന രീതിയിലുള്ള ജീവരേഖ മറ്റുള്ളവരിൽ നിന്ന് കഴിയുന്നതും വേറിട്ടു നിൽക്കാനുള്ള പ്രവണത കാണിക്കുന്നു. നിങ്ങൾ സുന്ദരനോ സുന്ദരിയോ ഒക്കെ ആയിരിക്കും. പക്ഷെ ബോധപൂർവമല്ലെങ്കിൽ പോലും നമ്മെ ഇഷ്ടപ്പെടുന്നവരിൽ നിന്നും ആരാധകരിൽ നിന്നുമൊക്കെ നിങ്ങൾ അകന്നു നിൽക്കും. മറ്റുള്ളവർക്ക് നിങ്ങളോടുള്ള അടുപ്പവും ഇണക്കവും നിങ്ങൾ അറിയുകയേ ഇല്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു നിസ്സംഗനും മുരടനും നിർഗുണനുമാണെന്ന് ജനം തെറ്റിദ്ധരിച്ചേക്കും. ചെറിയ കാര്യങ്ങൾ മതി നിങ്ങൾ പിണങ്ങാൻ. വളരെ പെട്ടെന്ന് സൗഹൃദം ഉപേക്ഷിക്കുകയും ചെയ്യും. എടുത്തു പറയാനുള്ള വേറൊരു നേട്ടം കലാപരമായ വ്യാപാരങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിൽ നിങ്ങൾക്ക് ലാഭം കിട്ടാൻ സാധ്യതയുള്ള ബന്ധങ്ങൾ വളർന്ന് വികസിക്കും എന്നുള്ളതാണ്; സംഗീതം, ചിത്രകല, നൃത്തം, അഭിനയം എന്നീ രംഗങ്ങളിൽ.

03

കീഴേ ചൊവ്വയ്ക്കു ചുറ്റും താഴെ തുടങ്ങുന്ന ജീവരേഖ 

ഒളിച്ചു വയ്ക്കാത്ത ലൈംഗിക താൽപര്യങ്ങളും വൈകാരിക ആകർഷണവുമൊക്കെ ഈ കൈയുടെ ഉടമയ്ക്ക് കാണും. സത്യം പറഞ്ഞാൽ ലൈംഗികജീവിതമാണ് ഇയാളുടെ ജീവിതത്തിലെ ഏറ്റവും രസമുള്ള നിമിഷങ്ങൾ പ്രദാനം ചെയ്യുക. വെറും ലൈംഗിക സംതൃപ്തിക്കായി ബന്ധങ്ങളെ കാണാതെ അവയിൽ പൂർണ്ണമായും ഹൃദയം സമർപ്പിക്കുക വഴി നിങ്ങളുടെ പ്രവർത്തനമേഖലയിൽ നിന്ന് വഴുതി മാറി നല്ലൊരു ശതമാനം സമയം ഇത്തരം ഹൃദയബന്ധങ്ങൾക്കായി നിങ്ങൾ വിനിയോഗിക്കും. ജോലിയിൽ പരാജയമായിരിക്കും ഫലം. പ്രണയിച്ചും കലഹിച്ചും സമയം പാഴാക്കാതെ നിങ്ങളുടെ വന്യമായ ഊർജ്ജം (animal energy) നിങ്ങളുടെ കരിയർ വികസിപ്പിക്കാൻ ഉപയോഗിക്കുക. നിങ്ങൾ പരമോന്നതിയിലെത്തും.

04

കൈത്തലത്തിന് നടുവിലേക്ക് തള്ളി നിൽക്കുന്ന ജീവരേഖ 

ഇത്തരം ജീവരേഖ കണ്ടാൽ ചുണയും ചുറുചുറുക്കും പരസഹായ തൽപരതയും കൊണ്ട് ജനങ്ങൾക്കിടയിൽ ശ്രദ്ധേയനാകുമെന്ന് പറയണം. കഷ്ടപ്പെടുന്നവർക്കായി എന്തു ത്യാഗവും സഹിക്കാൻ ഇവർ സന്നദ്ധരായിരിക്കും. പക്ഷേ ഇടയ്ക്കിടെ ധ്യാനം, പ്രാണായാമം, ആവശ്യത്തിന് വിശ്രമം എന്നിവയിലൂടെ മറ്റുള്ളവർക്കായി വിനിയോഗിക്കുന്ന ഊർജ്ജം തിരികെ നേടാനായുള്ള ശ്രമങ്ങൾ നടത്തണം. ഇടപെടുന്ന കാര്യങ്ങളിലെല്ലാം നേതൃത്വം വേണമെന്ന് താൽപര്യമുള്ളതിനാൽ അത് നേടിയെടുത്തിട്ടേ നിങ്ങള്‍ വിശ്രമിക്കുകയുള്ളു. വ്യക്തിബന്ധങ്ങളിലായാലും സമൂഹബന്ധങ്ങളിലാണെങ്കിലും ഒരു മേൽക്കൈ നിങ്ങൾക്കുണ്ടായിരിക്കും. ബിസിനസ്സ് കാര്യങ്ങളിൽ പങ്കാളികളുമായി അഭിപ്രായഭിന്നത ഉണ്ടാകുമെങ്കിൽക്കൂടി നിങ്ങളുടെ ബിസിനസ്സിനെ അതു ബാധിക്കുകയില്ല. കഴിഞ്ഞ 40 കൊല്ലത്തെ കൈരേഖാശാസ്ത്ര പഠനങ്ങൾക്കിടയിൽ വളരെ വലിയ നേതൃസ്ഥാനം വഹിക്കുന്നവരുടെ കൈകളിൽ ഇത്തരം ജീവരേഖ ‍ഞാൻ കണ്ടിട്ടുണ്ട്.

05

വ്യാഴത്തിന്റെ ചുവട്ടിൽ നിന്ന് തുടങ്ങുന്ന ജീവരേഖ 

വികാര വിചാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും മുകളിൽ നിങ്ങൾക്ക് നല്ല നിയന്ത്രണമുണ്ടെന്ന് തെളിയിക്കുന്ന ഒരു ജീവരേഖയാണ്. വിഷമസന്ധികൾ തരണം ചെയ്യാൻ ഉപദേശ മാർഗ്ഗദേശങ്ങൾക്കായി മറ്റുള്ളവര്‍ നിങ്ങളെ സമീപിക്കും. വിജയിക്കുവാനും തടസ്സങ്ങൾ തരണം ചെയ്യാനുള്ള നിങ്ങളുടെ അദമ്യമായ അഭിവാഞ്ഛ, മറ്റുള്ളവർ തളർന്ന് പരാജയം സമ്മതിക്കുന്ന സന്ദർഭങ്ങളിൽപ്പോലും നിങ്ങളെ പിടിച്ചു നിർത്തും. നിങ്ങളുടെ ഈ ചലനാത്മകതയും കർത്തവ്യനിർവഹണ ശുഷ്കാന്തിയും അന്തിമ വിജയത്തിന് നിങ്ങളെ അർഹനാക്കും. (എന്റെ കൈത്തലത്തിൽ ഇത്തരത്തിലുള്ള ജീവരേഖയാണുള്ളത് സ്വാനുഭവം സാക്ഷി)

06

വ്യാഴനിൽ നിന്ന് നേരിട്ടു തുടങ്ങുന്ന ജീവരേഖ 

അത്യുന്നതങ്ങളിൽ വിരാജിക്കാൻ വിധിയുള്ളവർക്കാണ് ഇത്തരത്തിൽ വ്യാഴമണ്ഡലത്തിൽ നിന്നുതന്നെ നേരിട്ടാരംഭിക്കുന്ന ജീവരേഖ കാണാറുള്ളത്. വിജയങ്ങൾ സ്വപ്നം കാണുന്ന പ്രകൃതവും അനിതര സാധാരണമായ ഇച്ഛാശക്തിയും കഠിനപ്രയത്നശീലവും ഇവരിൽ ഒരുമിച്ചു കാണും. നിരവധി സവിശേഷതകളുള്ള വ്യക്തിത്വവും ഇവരുടെ പ്ലസ് പോയിന്റാണ്. വളരാനും വികസിക്കാനും അറിയപ്പെടാനുമുള്ള അനിയന്ത്രിതമായ ആഗ്രഹം വച്ചു പുലർത്തുന്ന ഇവർ വിജയത്തിനും, സ്വീകാര്യതയ്ക്കും, പ്രശസ്തിക്കുമായി ഏതറ്റം വരെ പോകാനും സന്നദ്ധരായിരിക്കും. വിജയത്തിന്റെ ഹർഷോന്മാദ ലഹരിയിൽ ഇന്നല്ലെങ്കിൽ നാളെ ഇവർ ആറാടും.

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PALMISTRY
SHOW MORE
FROM ONMANORAMA