ADVERTISEMENT

ഒരു പ്രായം കഴിഞ്ഞാൽ മക്കളുടെ വിവാഹത്തെക്കുറിച്ചോർത്തു ആശങ്കപ്പെടാത്ത മാതാപിതാക്കൾ നമ്മുടെ സമൂഹത്തിലില്ല എന്നുതന്നെ പറയാം. വിവാഹകാര്യങ്ങളെക്കുറിച്ചു ചോദിച്ചറിയാനായി ജ്യോതിഷപണ്ഡിതന്മാരെ സ്ഥിരമായി സമീപിക്കുന്നവരും അനവധിയാണ്. എന്നാൽ പ്രണയ ബന്ധങ്ങൾ മുതൽ ഏതു പ്രായത്തിൽ വിവാഹം നടക്കും, എത്ര വിവാഹം വരെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കും, ദാമ്പത്യജീവിതം വിജയകരമായിരിക്കുമോ  തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മറുപടി നല്കാൻ ഹസ്തരേഖാശാസ്ത്രത്തിനു കഴിയും. എങ്ങനെയെന്നറിയേണ്ടേ?

കൈരേഖകളുടെ നീളം, അഗ്രങ്ങളിലെ പിളർപ്പ്, കെട്ടുപിണഞ്ഞു കിടക്കുന്ന രേഖകൾ, ഒറ്റതിരിഞ്ഞുള്ള  രേഖകൾ തുടങ്ങിയവയെല്ലാം വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്നു. കൈപ്പത്തിയുടെ താഴ്ഭാഗത്തായി ചെറുവിരലിനും ഹൃദയരേഖയ്ക്കും ഇടയിലായി കാണുന്ന ചെറു രേഖകളാണ് വിവാഹകാര്യങ്ങളെക്കുറിച്ചു സൂചനകൾ നൽകുന്നത്.

അല്പം ഇരുണ്ടതും കട്ടികൂടിയതുമായി കാണപ്പെടുന്ന ഒറ്റരേഖ മാത്രമേ ചെറുവിരലിനും ഹൃദയരേഖയ്ക്കും മധ്യത്തിലായി കാണുന്നുള്ളുവെങ്കിൽ ആ വ്യക്തി തന്റെ ഇരുപത്തിയഞ്ചാം വയസിൽ വിവാഹിതനായേക്കുമെന്നാണ് സൂചന.

ഹൃദയരേഖയോടു ചേർന്നാണ് വിവാഹരേഖ കാണപ്പെടുന്നതെങ്കിൽ ആ കൈകളുടെ ഉടമയ്ക്കു വളരെ ചെറുപ്പത്തിൽ തന്നെ മംഗല്യയോഗമുണ്ടെന്നു കണക്കാക്കാം. ഹൃദയരേഖയിൽ നിന്നകന്നും ചെറുവിരലിനോടു ചേർന്നുമാണ് രേഖയെങ്കിൽ വിവാഹം വൈകിയേ നടക്കാനിടയുള്ളു.

ഇരുണ്ടതും കട്ടികൂടിയതുമായ രണ്ടു രേഖകൾ കൈവെള്ളയിൽ ഉണ്ടാകുകയും അവയിലൊന്ന് അല്പം നീളം കുറഞ്ഞതായിരിക്കുകയും ചെയ്യുകയാണെങ്കിൽ അതിലൊരു രേഖ അയാളുടെ വിവാഹസൂചകവും നീളം കുറഞ്ഞ രേഖ തകർന്നുപോയ ഒരു പ്രണയബന്ധത്തെയുമാണ് സൂചിപ്പിക്കുന്നത്.

ഒരേ  നീളത്തിൽ തെളിഞ്ഞു കാണുന്ന സമാന്തരമായ രേഖകളുണ്ടെങ്കിൽ ആ വ്യക്തിയ്ക്കു ഒന്നിലധികം വിവാഹ ബന്ധങ്ങൾക്കു യോഗമുള്ളതായി കണക്കാക്കാം.

ഒരു വ്യക്തിയുടെ വിവാഹരേഖ ചെറുവിരലിനു സമീപം കാണപ്പെടുകയാണെങ്കിൽ അയാൾക്കു  മംഗല്യയോഗം വൈകിയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ അപ്രകാരമല്ലാതെ ആ വ്യക്തി യൗവനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ  വിവാഹിതനായാൽ ആ ദാമ്പത്യബന്ധം കലഹങ്ങൾ നിറഞ്ഞതാകാനും ചിലപ്പോൾ തകർച്ചയുടെ വക്കിലേയ്ക്കു നീങ്ങാനുമിടയുണ്ട്.  

കൈവെള്ളയിലെ വിവാഹരേഖകൾ ചിലപ്പോൾ അതിനു സമീപമുള്ള മറ്റുരേഖകളെക്കാൾ ദൈർഘ്യമേറിയതോ അതല്ല കുറിയതോ ആണെങ്കിൽ അന്യജാതിയിലോ മതത്തിലോ ഉള്ള വ്യക്തിയുമായി വിവാഹം നടക്കാനുള്ള സാധ്യതകൾ ഏറെയാണ്.

വിവാഹരേഖകൾ മംഗല്യ സമയത്തെക്കുറിച്ചു മാത്രമല്ല, പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ചും ആ വ്യക്തിയുടെ വൈവാഹിക ബന്ധത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ വിവരിക്കുന്നവ കൂടിയാണ്.

വിവാഹരേഖ അവസാനിക്കുന്ന ഭാഗത്തു നിന്നു പകുത്തു മാറി മുഖത്തോടു മുഖം നോക്കി നിൽക്കുന്നതു പോലെയാണ് കാണപ്പെടുന്നതെങ്കിൽ പങ്കാളിയുടെ അനാരോഗ്യത്തെക്കുറിച്ചാണിത് സൂചിപ്പിക്കുന്നത്. വിവാഹരേഖ രണ്ടായി മുറിഞ്ഞു പോയിട്ടുണ്ടെങ്കിൽ അല്പകാലത്തേക്കെങ്കിലും ദമ്പതികൾ പിരിഞ്ഞു താമസിക്കാനിടയുണ്ട്. എന്നാലിത് ശാശ്വതമായ ഒന്നായിരിക്കുകയില്ലെന്നും താൽക്കാലികമായ വേർപിരിയൽ മാത്രമായിരിക്കുമെന്നും ഹസ്തരേഖാശാസ്ത്രം പറയുന്നു.


ബുധമണ്ഡലത്തിൽ നിന്ന് ആരംഭിക്കുന്ന വിവാഹരേഖ, ഭാഗ്യരേഖയെയും ആയുർരേഖയെയും മുറിച്ചു കടന്നു പോകുകയാണെങ്കിൽ വിവാഹം ചെയ്യുന്ന വ്യക്തി സ്വഭാവഗുണമില്ലാത്തവനും ഹൃദയശൂന്യനുമാകാനിടയുണ്ട്.


വിവാഹരേഖയിൽ കറുത്ത കുത്തോ കുറുകെ മുറിച്ചു കടക്കുന്നതുപോലെയുള്ള രേഖയോ ഉണ്ടെങ്കിൽ ആ വ്യക്തിയുടെ വൈവാഹിക ജീവിതം സുഖകരമായിരിക്കുകയില്ല. കൂടാതെ, ആ ദാമ്പത്യബന്ധം മാനഹാനിക്കു ഇടവരുത്താനും വേർപിരിയലിൽ കലാശിക്കാനുമുള്ള സാധ്യതകൾ കൂടുതലാണ്.

ചിലരുടെ കൈകളിൽ വിവാഹരേഖ കാണുവാനിടയില്ല. അല്ലെങ്കിൽ ചെറുവിരലിനെ സ്പർശിച്ചുകൊണ്ടു മുകൾഭാഗം വളഞ്ഞു കാണപ്പെടുന്ന വിവാഹരേഖയാണെങ്കിൽ അത്തരക്കാരെ ആജീവനാന്തം മംഗല്യഭാഗ്യം അനുഗ്രഹിക്കാനിടയില്ല.

ചില വ്യക്തികളിൽ മൂന്നോ നാലോ ചിലപ്പോൾ അതിൽ കൂടുതലോ രേഖകൾ കാണാം.  അതിനർഥം അത്രയും വിവാഹബന്ധത്തിൽ അവർ ഏർപ്പെടുമെന്നല്ല. എന്നാൽ ഹൃദയരേഖയ്ക്കും ചെറുവിരലിനു താഴെയുമായി നാലിലധികം രേഖകൾ ഒരു വ്യക്തിയുടെ കൈപ്പത്തിയിലുണ്ടെങ്കിൽ അയാൾ പ്രണയ ബന്ധങ്ങളിൽ സമ്പന്നനായിരിക്കും എന്നാണ് സൂചന.

 

 

English Summery : Significance of Marriage Lines In Palmistry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com