ADVERTISEMENT

പ്രശസ്ത സൂഫി കവിയായ ജലാലുദ്ദീൻ റൂമിയുടെ ഒരു ആപ്തവാക്യമുണ്ട്..ഇന്നലെ വരെ ഞാൻ കൗശലക്കാരനായിരുന്നു, അതിനാൽ ഞാൻ ലോകത്തെ മാറ്റാൻ നോക്കി, ഇന്നു ഞാനൊരു ജ്ഞാനിയായിരിക്കുന്നു, അതിനാൽ എന്നെത്തന്നെ മാറ്റാൻ നോക്കുന്നു. ഈ സ്വയംമാറ്റമാണ് ആദ്യം വേണ്ടത്. മനുഷ്യജീവിതത്തിലെ പല പ്രശ്‌നങ്ങളുടെയും പരിഹാരം 

മനുഷ്യന്റെ മനസ്സ് തന്നെയാണ്. ആൽക്കെമിസ്റ്റ് എന്നതുൾപ്പെടെ വിഖ്യാത കൃതികളിലൂടെ ലോകപ്രശസ്തിയും അനേകമാളുകളുടെ ആരാധനയും കൈവശമാക്കിയ പൗലോ കൊയ്‌ലോ പറഞ്ഞ നല്ലൊരു വാക്യമുണ്ട്. ഹൃദയത്തിൽ നിന്നൊഴിഞ്ഞുമാറാൻ സാധ്യമല്ലെന്നും ഹൃദയം പറയുന്നത് കേൾക്കണമെന്നുമായിരുന്നു അത്. തീർച്ചയായും മനസ്സ് പറയുന്നത് കേൾക്കണം. എന്നാൽ മനസ്സിനെ കയറൂരിവിട്ടാൽ ഒരിക്കലും ശമനമില്ലാത്ത തൃഷ്ണകളിലേക്കും ആഗ്രഹങ്ങളിലേക്കും അതു കൊണ്ടെത്തിച്ചേക്കാം.

പണം സംതൃപ്തിയിലേക്കും സന്തോഷത്തിലേക്കും നയിക്കുമെന്ന വിശ്വാസം പലരിലും ശക്തമാണ്. എന്നാൽ ഇതെല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. പണം ജീവിതത്തിൽ അവശ്യവസ്തുവാണ്. പണം സുരക്ഷിതത്വവും സമാധാനവും നൽകും. എന്നാൽ  പണം കുന്നുകൂടിയാൽ ജീവിതത്തിൽ ആനന്ദം  ലഭിക്കുമെന്നത് മിഥ്യാധാരണ മാത്രമാണ്. ഇവിടെയാണ് സംതൃപ്തിയുടെ ആവശ്യകത. നേപ്പാളിലെ മനോഹരരാജ്യമായ ലുംബിനിയിൽ പിറന്ന സിദ്ധാർഥ ഗൗതമന് എല്ലാമുണ്ടായിരുന്നു. ആ രാജ്യത്തെ രാജാവിന്റെ മകനും യുവരാജാവുമായിരുന്നു സിദ്ധാർഥ. ശാസനകളും ആജ്ഞകളും അനുസരിക്കാൻ അനുചരർ, എങ്ങും സമ്പത്ത്. 29 വയസ്സ് വരെ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ അനുഭവിച്ച അദ്ദേഹം ഒടുവിൽ പൊതുജനങ്ങളിലേക്ക് ഇറങ്ങിയപ്പോഴാണ് കഷ്ടതകൾ കണ്ടത്.

ഒരു സാധാരണക്കാരന്റെ ജീവിത കഷ്ടപ്പാടുകൾ, ഒരു രോഗി, ഒരു മൃതദേഹം..എന്നിവയായിരുന്നു ആദ്യ 3 കാഴ്ചകൾ. നാലാമത്തെ കാഴ്ച സംതൃപ്തമായ മുഖത്തോടെ ധ്യാനിക്കുന്ന ഒരാളുടേതും. ജീവിതത്തിലെ സമ്പത്തും സുഖസൗകര്യങ്ങളും യൗവ്വനവും നശ്വരമാണെന്ന പുതിയ അറിവ് സിദ്ധാർഥയെ അലട്ടി. ഈ നാലു കാഴ്ചകളാണ് സിദ്ധാർഥ ഗൗതമൻ എന്ന രാജകുമാരനിൽ നിന്ന് ബുദ്ധൻ എന്ന ലോകത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയ്ക്ക് ഇന്ധനം നൽകിയത്.സംതൃപ്തി എന്നത് ലാളിത്യമല്ല. ചിലപ്പോൾ വളരെ ലാളിത്യത്തിൽ ജീവിക്കുന്നവരുണ്ടാകാം. പണം ചെലവാക്കാൻ മടിയുള്ളതിനാലാകാം ഈ ലാളിത്യം. എന്നാൽ ധനസമാഹരണത്തോടുള്ള ആസക്തി ഇവർക്ക് കുറയുന്നുമില്ല. കൂടുതൽ ധനം നേടാനായി ഇവരുടെ മനസ്സ് ആഗ്രഹിക്കും, ഓർക്കാതെ വരുന്ന ചെലവുകളില് ആകുലപ്പെടും.

കൂടുതലിനായി പരിശ്രമിക്കുന്നത് തെറ്റല്ല, എന്നാൽ കൂടുതൽ കൂടുതൽ എന്ന് ചിന്ത മുന്നോട്ടു പോകുമ്പോൾ മനസ്സ് സംതൃപ്തിപ്പെടാൻ ഒരുങ്ങുന്നില്ല. ഇതിനിടയിൽ ജീവിതമില്ലാതെ പോകും. കുറെ ആശങ്കകളും ആകുലതകളുമാകും ബാക്കിപത്രം. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് സംതൃപ്തിപ്പെട്ടാൽ അതു സന്തോഷകരവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനു കാരണമാകും. എന്നാൽ ഒരുകാര്യത്തിൽ മാത്രം ഒരിക്കലും സംതൃപ്തരാകരുതെന്ന് പല ആചാര്യൻമാരും പറയുന്നു. ജ്ഞാനം സമ്പാദിക്കുന്നതിലാണ് അത്. ജ്ഞാനമാണ് ഒരു മനുഷ്യന്‌റെ യഥാർഥ സമ്പാദ്യമത്രേ. അറിവുകൾ മനസ്സിനെ സന്തോഷിപ്പിക്കുകയും കൂടുതൽ ഔത്സുക്യം നിറയ്ക്കുകയും ചെയ്യും. അറിവ് തേടുന്ന മനസ്സ് കൂടുതൽ ആത്മവിശകലനത്തിനു തയാറാവുകയും കൂടുതൽ സന്തോഷപ്രദമായതും സംതൃപ്തിയുള്ളതുമായ ജീവിതത്തിലേക്കു നയിക്കുകയും ചെയ്യും.

English Summary:

Discover the Key to a Happy and Fulfilling Life: The Power of Self-Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT