ADVERTISEMENT

ഒരുപാത്രത്തിൽ ഉണ്ട്, ഒരു പായയിൽ ഉറങ്ങി നടന്നവരാ, ഇപ്പോൾ കണ്ടപരിചയമില്ല. തകർന്ന കൂട്ടുകെട്ടുകളെപ്പറ്റി ആളുകൾ പലപ്പോഴും പറയാറുള്ള വാക്യം. പ്രണയ, വിവാഹബന്ധങ്ങൾ തകരുന്നതുപോലെയുള്ള പ്രാധാന്യം കൂട്ടുകെട്ടുകൾ തകരുന്നതിനു കൊടുത്തുകാണാറില്ല. അതേസമയം വേദനാജനകമായ ഒന്നാണ് ഉറ്റസുഹൃത്തുക്കളെ നഷ്ടപ്പെടുന്നതെന്ന് പലരും പറയാറുണ്ട്. 

ഐതിഹ്യങ്ങൾ നോക്കിയാൽ സൗഹൃദത്തിന്റെ തിളക്കമേറിയ പല ഏടുകൾ കാണാം.അയോധ്യ വിട്ടു യാത്രയായ ഭഗവാൻ ശ്രീരാമനു തന്‌റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ തുണയാകുന്നത് സുഹൃത്ബന്ധങ്ങളാണ്. രാമായണത്തിലെ നിർണായകമായ ഒരു ഘട്ടം ശ്രീരാമനും ഹനുമാനുമായുള്ള സമാഗമമാണ്. ഭക്തിയും സാഹോദര്യവും സമ്മേളിക്കുന്ന മൈത്രീഭാവം രാമ-ഹനുമാൻമാർക്കിടയിൽ കാണാം. ശ്രീരാമനു വേണ്ടി അത്യന്തം അപകടകരമായ ദൗത്യങ്ങൾ ഹനുമാൻ നടത്തുന്നു. രാമായണത്തിന്റെ പിന്നീടുള്ള കഥാഗതിയിൽ ഈ ദൃഢ ബന്ധം നിഴലിച്ചുകാണാം.

ദ്വാരകാധിപനായ ശ്രീകൃഷ്ണന്‌റെ രാജധാനിയിലേക്ക് അർധപട്ടിണിക്കാരനായ കുചേലൻ ഒരുപിടി അവിലുമായി എത്തുന്നുണ്ട്. തന്റെ ബാല്യകാല സുഹൃത്തിനെക്കണ്ട് സന്തോഷത്തിലാകുന്ന ഭഗവാൻ അവലിലെ കല്ലും മണ്ണുമൊന്നും വകവയ്ക്കാതെ അതു വാരിക്കഴിക്കുന്നതും സൗഹൃദത്തിന്റെ മഹത്തായ ഒരു ഉദാഹരണം. മഹാഭാരതകഥയിലെ വില്ലൻമാരാണെങ്കിലും കൗരവരിലും മികവുറ്റ സൗഹൃദത്തിന്‌റെ ഉദാഹരണങ്ങളുണ്ട്. അരക്ഷിതാവസ്ഥകളോടു പടവെട്ടുന്ന കർണൻ ഒരു മഹായോദ്ധാവായി മാറുന്നത് ദുര്യോധനന്‌റെ സൗഹൃദത്തണലിലാണ്. ഒരുവന്റെ ഉള്ളിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരുന്നയാളാണ് യഥാർഥ സുഹൃത്തെന്ന് സംരംഭകനായ ഹെൻറി ഫോർഡ് പറയുന്നു. രണ്ടു ശരീരങ്ങളിൽ ഒരാത്മാവ് സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് സൗഹൃദമെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അരിസ്റ്റോട്ടിലും പറഞ്ഞിട്ടുണ്ട്. എണ്ണത്തിലല്ല നിലവാരത്തിലാണ് യഥാർഥ സൗഹൃദം. ചിലപ്പോൾ ഒരാൾക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നു തോന്നിയേക്കാം. എന്നാൽ ഒരാവശ്യം വരുമ്പോൾ ആരുമുണ്ടാകണമെന്നില്ല. എന്നാൽ ഏതു കാലത്തെയും അതിജീവിക്കുന്ന ചില സൗഹൃദങ്ങളുണ്ട്. അവ എന്തുവില കൊടുത്തും സംരക്ഷിച്ചു നിർത്തണം.

ചില സൗഹൃദങ്ങൾ മുതലെടുപ്പിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാകും. കാര്യമെന്തെങ്കിലുമുണ്ടെങ്കിൽ സൗഹൃദം പുതുക്കാനെത്തുന്നവർ കാര്യസാധ്യത്തിനു ശേഷം അവരുടെ വഴിക്കുപോകും. ഇങ്ങനെയുള്ളവർ ഒരിക്കലും നല്ല സുഹൃത്തുക്കളല്ല. സുഹൃത്തുക്കളുടെ നഷ്ടമാണ് പിന്നൊന്ന്. ശിശുവായ കാലം മുതൽ തന്നെ മനുഷ്യരിൽ സൗഹൃദങ്ങൾ ഉടലെടുക്കും. സ്‌കൂൾ, കോളജ് തലങ്ങളിലെത്തുമ്പോൾ ധാരാളം സുഹൃത്തുക്കളുണ്ടാകും. എന്നാൽ പിന്നീട് ജോലിയൊക്കെയായി കുറേക്കാലമാകുമ്പോൾ സൗഹൃദങ്ങളിൽ പലതും അന്യമായിട്ടുണ്ടാകും. ഒറ്റപ്പെടലും വിഷമവും ഉടലെടുക്കാൻ ഇതു കാരണമാകും.

ഇതെല്ലാം സ്വാഭാവികമാണെന്ന് മനസ്സിൽ ഉറപ്പിക്കുക മാത്രമാണ് പരിഹാരം. എല്ലാവർക്കും തിരക്കുകളുണ്ട്. പുതിയ ജോലി മേഖലകളിലെത്തുമ്പോൾ പുതിയ ബന്ധങ്ങളുണ്ടാകും. ശരിയായ കൂട്ടുകാർ ദൂരത്തിൽ അകലെയെങ്കിലും ഹൃദയം കൊണ്ട് എപ്പോഴും അടുത്തായിരിക്കുമെന്നാണു പഴമൊഴി. നിരന്തരം സമ്പർക്കത്തിൽ ഇരുന്നില്ലെങ്കിലും സുഹൃത്ബന്ധം അവർ മനസ്സിൽ സൂക്ഷിക്കുന്നുണ്ടാകും. ചിലപ്പോൾ അവർ നിങ്ങളെ ഇപ്പോൾ ബന്ധപ്പെടാത്തത്, നിങ്ങൾ അവരെ മറന്നുപോയെന്ന് തെറ്റിദ്ധരിച്ചുമാകാം.

ഒരു ഫോൺകോൾ മതിയാകും അത്തരം ബന്ധങ്ങൾ വീണ്ടും സജീവമാകാൻ. ചിലർ പക്ഷേ സൗകര്യപൂർവം അവഗണിക്കും. അവർക്കുവേണ്ടി സമയം കളയേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞ് അവരെ അവരുടെ വഴിക്കുവിട്ടേക്കുക.  സൗഹൃദങ്ങൾ പോഷകനദികൾ പോലെയാണ്. ഒരു മഹാനദിയിലേക്ക് പോഷകനദികൾ വന്നു ചേരും. ചിലത് വഴിപിരിഞ്ഞുപോകും, ചിലത് നിലനിൽക്കും, പുതിയവ വന്നു ചേരും. സൗഹൃദങ്ങൾ എത്രതന്നെ നഷ്ടപ്പെട്ടാലും പുതിയവ ഉടലെടുത്തുകൊണ്ടേയിരിക്കും. അർഥവത്തായ രീതിയിൽ അവയെ പരിപാലിക്കുക മാത്രം ചെയ്താൽ മതി.

English Summary:

Overcoming the Pain of Broken Friendships and Embracing New Bonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com